വീട്ടിൽനിന്നും മൂന്നരമണിക്കൂർ യാത്രാദൂരമുള്ള സ്ഥലത്താണ് എനിക്കു ജോലി. അവിടെച്ചെന്ന് മൂന്നോ നാലോ ദിവസം അടുപ്പിച്ച് ജോലി ചെയ്ത് തിരികെപ്പോരുകയാണ് പതിവ്.
ഒരിക്കൽ ജോലിക്കു ചെന്ന ആദ്യദിവസംതന്നെ കടുത്ത പല്ലുവേദന തുടങ്ങി. ആ സമയത്ത് രോഗം നിമിത്തമുള്ള അവധി എടുക്കാൻ സാധിക്കുകയില്ല. വേദനയാകട്ടെ ദിവസങ്ങൾ നീണ്ടുനില്ക്കുന്നതുമാണ്. അന്നു രാത്രി ഞാനേറെ വിഷമിച്ചു.
രാവിലെ കുർബാനയ്ക്കു പോയപ്പോൾ ഒരു തോന്നൽ. രക്തസ്രാവക്കാരി സ്ത്രീ ഈശോയെ തൊട്ടപ്പോൾ സുഖപ്പെട്ടല്ലോ. ഓസ്തിയിൽ ഈശോ ഉണ്ടെന്നല്ലേ പറയുന്നത്, ഒന്നു പരീക്ഷിക്കാം. ഓസ്തി വേദനയുള്ള ഭാഗത്തു വച്ച് പറഞ്ഞു, ”ഈശോയേ നിന്നെ തൊട്ടവരെല്ലാം സുഖപ്പെട്ടല്ലോ. ഞാനും നിന്നെ തൊടുന്നു. സൗഖ്യം തരണമേ”
തിരികെ താമസസ്ഥലത്തെത്തി. സമയമായപ്പോൾ ജോലിക്കു പോയി. നേരം കിട്ടിയപ്പോഴാണ് തിരക്കിനിടയിൽ ഞാൻ ശ്രദ്ധിക്കാതെ പോയ ആ വലിയ സൗഖ്യം തിരിച്ചറിയുന്നത്. വേദന മാറിയിരിക്കുന്നു! ഈശോയ്ക്ക് നന്ദി പറഞ്ഞ് വീണ്ടും ജോലിയിലേക്കു കടന്നപ്പോൾ തിരുവോസ്തിയിൽ വാഴുന്ന ജീവനുള്ള നാഥനെ ഞാൻ ആരാധിച്ചുകൊണ്ടിരുന്നു.
സിജി മാത്യു, സാൻ അന്റോണിയോ