വീഴ്ച എന്തിനുവേണ്ടി?

ഒരു ഇടവകയിൽ ഒരാഴ്ച നീുനിന്ന തിരുനാളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. വൈകുന്നേരങ്ങളിൽ ആഘോഷമായ ദിവ്യബലി ക്രമീകരിച്ചിരുന്നു. പുറത്തുനിന്ന് വൈദികർ വന്ന് ജനങ്ങളുടെ ആധ്യാത്മികതയെ തൊട്ടുണർത്തുന്ന തരത്തിലുള്ള പ്രസംഗവും നടത്തുന്നു. ഇടവക വൈദികൻ തിരുനാളിനോടനുബന്ധിച്ച് വൈകുന്നേരങ്ങളിൽ കുമ്പസാരവും ക്രമീകരിച്ചിട്ടുണ്ട്. കുമ്പസാരിക്കാത്ത പലരും ആരുടെയും നിർബന്ധംകൂടാതെ കുമ്പസാരിക്കുന്നു. വിശുദ്ധ ബലിയിൽ പങ്കുകൊള്ളുന്നു. വിശുദ്ധ കുർബാന സ്വീകരിക്കുന്നു. വികാരിയച്ചന് വളരെ സന്തോഷം.

എന്നാൽ ആ ഇടവകയിലെ ഒരു വ്യക്തി ജീവൻപോയാലും കുമ്പസാരിക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ ജീവിക്കുന്നു. പക്ഷേ അദ്ദേഹം നാട്ടുകാർക്കും വൈദികർക്കും സിസ്റ്റേഴ്‌സിനുമൊക്കെ വളരെ ഉപകാരിയാണ്. എപ്പോൾ ഏതു നിമിഷം വിളിച്ചാലും അദ്ദേഹം സ്ഥലത്തുാകും. എല്ലാവർക്കും പ്രിയപ്പെട്ടവൻ. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ വിശുദ്ധ ബലിയിൽ പങ്കുകൊള്ളും. എന്നാൽ കുമ്പസാരിക്കില്ല, വിശുദ്ധ കുർബാന സ്വീകരിക്കില്ല. ഇത് നാട്ടുകാർക്കൊക്കെ അറിയുകയും ചെയ്യാം. അദ്ദേഹം ഒരു ടാക്‌സി ഡ്രൈവറാണ്. തിരുനാളിന്റെ ദിവസങ്ങളിൽ വൈദികരെ കൊുവരുന്നതും കൊുപോയാക്കുന്നതും അദ്ദേഹത്തിന്റെ വാഹനത്തിൽ.

വീണുകിടക്കുന്ന പക്ഷി

അദ്ദേഹം ഒരിക്കലും കുമ്പസാരിക്കില്ല എന്ന് പലരും പറഞ്ഞറിയാൻ ഇടയായി. അതിനാൽ ആ വ്യക്തിക്കായി മാതാവിനോട് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. കുമ്പസാരിക്കുന്ന യാതൊരു ലക്ഷണവും കാണുന്നില്ല. എന്തു ചെയ്യും? ഒരു ദിവസം വൈകുന്നേരം കുമ്പസാരിപ്പിക്കാനുള്ള വൈദികനെ തന്റെ വാഹനത്തിൽ കൂട്ടിക്കൊണ്ട് ദേവാലയത്തിലേക്ക് പോകുന്നത് കണ്ടു. തിരിച്ചുവരുമ്പോൾ ഇദ്ദേഹത്തെ കണ്ടുമുട്ടണം എന്ന് മനസിൽ തീരുമാനിച്ചു.

അദ്ദേഹത്തെ പരിചയമുള്ള വേറൊരു സഹോദരിയെയും വിളിച്ചുകൊണ്ടുപോയി. അദ്ദേഹം ഓടിച്ചുകൊണ്ടിരുന്ന വാഹനത്തിന് കൈ കാണിച്ചു. നിർത്തി. ഒന്നിറങ്ങിവരാമോ എന്ന് ഞാൻ ചോദിച്ചു. ”അയ്യോ, സിസ്റ്ററേ എനിക്ക് സമയമില്ല. ഞാൻ വണ്ടിയുമായി ടാക്‌സി സ്റ്റാൻഡിൽ കിടന്നാലേ പത്തുരൂപാ സമ്പാദിച്ച് എനിക്ക് എന്റെ കുടുംബത്തെ സംരക്ഷിക്കാൻ പറ്റുകയുള്ളൂ.” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതിനെന്താ കുടുംബത്തെ തീർച്ചയായും സംരക്ഷിക്കണമെന്ന് ഞാനും പറഞ്ഞു. എന്നിട്ട് തുടർന്നു, ”നമ്മൾ തമ്മിൽ യാതൊരു പരിചയവുമില്ല. കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. എന്നാൽ താങ്കളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എല്ലാവർക്കും ധാരാളം സഹായം ചെയ്യുന്ന ഒരു വ്യക്തി. പ്രത്യേകിച്ച് അച്ചന്മാർക്കും സിസ്റ്റേഴ്‌സിനും.” ഇത് കേട്ടപ്പോൾ അദ്ദേഹത്തിന് സന്തോഷം, മുഖത്തൊരു ചിരി.

അഞ്ചുമിനിട്ട്, ഒന്നിറങ്ങിവരാമോ എന്ന് ഞാൻ ചോദിച്ചു. ‘വരാം, പക്ഷേ എന്നെ വേഗം വിടണം’ എന്ന വ്യവസ്ഥയോടെ അദ്ദേഹം ഇറങ്ങിവന്നു. നല്ല ഉയരമുള്ള ഒരു വ്യക്തി. പേര് പറഞ്ഞു, ”കൊള്ളാം നല്ല പേര്. താങ്കൾ പറഞ്ഞില്ലേ, പത്തുരൂപ ഉണ്ടാക്കി കുടുംബത്തെ സംരക്ഷിക്കണമെന്ന്. അതുപോലെ ആത്മാവിനെ സംരക്ഷിക്കേണ്ടേ?”

വീണുപോയെന്നറിയാതെ

അതിനെന്താ ഞാൻ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്നുണ്ടല്ലോ എന്ന മറുപടി. അതുമാത്രം മതിയോ എന്ന് ചോദിച്ചപ്പോൾ സിസ്റ്റർ പറയുന്നതിന്റെ കാര്യം എനിക്ക് മനസിലായി. എന്നോട് കുമ്പസാരിക്കണം എന്ന് പറയാനല്ലേ സിസ്റ്റർ എന്നെ വിളിച്ചത് എന്നു തിരിച്ചു ചോ ദിച്ചു. ഞാൻ പറഞ്ഞു, ”അതെ, തീർച്ചയായും കുമ്പസാരിക്കണം.” അദ്ദേഹത്തിന്റെ ശബ്ദം ഉയർന്നു. ”തീർച്ചയായും കുമ്പസാരിക്കില്ല.” തന്റെ നീളമുള്ള കൈ എന്തുമാത്രം മുകളിലേക്ക് ഉയർത്താമോ അത്രയും ഉയർത്തി അതേ കൈ നിലത്ത് കുത്തിക്കൊണ്ട് പറഞ്ഞു, ”സിസ്റ്ററേ, ഇന്ന് കർത്താവീശോമിശിഹാ മുകളിൽനിന്ന് താഴേക്ക് ഇറങ്ങിവന്നെന്നു പറഞ്ഞാൽപോലും ഞാൻ കുമ്പസാരിക്കില്ല.” അത്രമാത്രം അദ്ദേഹം കുമ്പസാരത്തെ വെറുക്കുന്നു.

ഞാൻ മനസിൽ പ്രാർത്ഥിച്ചു, ‘ദൈവമേ, ഈ വ്യക്തിയെ ഒന്നു സ്പർശിക്കണമേ.’ എന്നിട്ട് പറഞ്ഞു, ”കുമ്പസാരിക്കേണ്ടാ. പത്ത് മിനിട്ട് എന്നോടൊന്ന് സം സാരിച്ചാൽ മാത്രം മതി.” അദ്ദേഹം അതിന് സമ്മതിച്ചു. ‘ചിറകൊടിഞ്ഞ് താഴെ കിടക്കുന്ന പക്ഷിക്ക് പറക്കാനൊരു ആഗ്രഹം കൊടുക്കണമേ’ എന്ന് മനസിൽ ഉരുവിട്ട്, അദ്ദേഹത്തെ കൂട്ടിക്കൊണ്ട് ആ ഇടവകയിലെ സിസ്റ്റേഴ്‌സിന്റെ മഠത്തിലേക്ക് പോയി. അവിടെയിരുന്ന് കുറച്ചുസമയം സംസാരിച്ചു. കുമ്പസാരിക്കാത്തതിന്റെ കാരണം അന്വേഷിച്ചു. എന്തിനാ കുമ്പസാരിക്കുന്നത്, എല്ലാം ദൈവത്തോട് നേരിട്ട് പറഞ്ഞാൽ പോരേ? അത് ഞാൻ ചെയ്യുന്നുണ്ട്. ഈ ഇടവകയിലെ കുമ്പസാരിക്കുന്നവരെക്കാൾ നല്ലവനാണ് ഞാൻ. കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആരും നല്ലവരല്ല. അവരൊക്കെ എത്രയോ തെറ്റുകൾ ചെയ്യുന്നു. എന്നൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞ കാരണങ്ങൾ.
അവസാനം ഞാൻ പറഞ്ഞു, ”കുമ്പസാരിക്കില്ല എന്ന തീരുമാനത്തിലാണല്ലോ. നമുക്ക് അല്പം പ്രാർത്ഥിച്ച് നമ്മുടേതായ വഴിക്ക് പോകാം.” പ്രാർത്ഥിക്കാൻ താല്പര്യം കാണിച്ച് അദ്ദേഹം കണ്ണടച്ചു. ഞാൻ കർത്താവിനോട് പറഞ്ഞു, ദൈവമേ ഇദ്ദേഹം കുമ്പസാരിക്കാൻ അങ്ങ് തിരുമനസാകുന്നുവെങ്കിൽ ബൈബിളിലെ ധൂർത്തപുത്രന്റെ ഉപമ കാണിച്ചുതരണമേയെന്ന്. ബൈബിൾ എടുത്തു തുറന്നു.

അതിശയമല്ലാതെ എന്തു പറയാൻ – ധൂർത്തപുത്രന്റെ ഉപമ. അദ്ദേഹത്തെ ആ ഭാഗം വായിച്ചു കേൾപ്പിച്ചു. കുമ്പസാരിച്ചിട്ട് എത്രനാളായി എന്ന് ചോദിച്ചു. അറിയില്ല, വർഷങ്ങൾ കഴിഞ്ഞു. കുമ്പസാരിക്കേണ്ടതെങ്ങനെയെന്നും മറന്നു. അദ്ദേഹത്തോട് ഞാൻ പറഞ്ഞു, ധൂർത്തപുത്രന്റെ ഉപമ വായിച്ചുകേട്ടല്ലോ. രണ്ടുമിനിട്ട് കണ്ണടച്ച് പ്രാർത്ഥിച്ചുനോക്ക് കുമ്പസാരിക്കണമോ വേണ്ടയോ എന്ന്. അദ്ദേഹം അങ്ങനെതന്നെ ചെയ്തു.

പറക്കാൻ കൊതിക്കുമ്പോൾ

എന്നിട്ട് കണ്ണു തുറന്നപ്പൾ എന്നോട് മനസും തുറന്നു. ”എനിക്ക് എന്റെ മാതാപിതാക്കളോട് ദേഷ്യമാണ്. അവർ എന്നോടും ഞാൻ അവരോടും മിണ്ടാറില്ല. അവർക്കുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്തുകൊടുക്കുന്നുണ്ട്. എനിക്ക് എന്റെ അമ്മയുടെ ജീവിതരീതി ഇഷ്ടമില്ല. എന്റെ പേരിൽ ഒന്നും തന്നിട്ടില്ല. എല്ലാം മറ്റുള്ളവർക്ക് കൊടുത്തിരിക്കുന്നു. എനിക്കുള്ളതെല്ലാം ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്.” അങ്ങനെ പല കാര്യങ്ങളും അദ്ദേഹം പറഞ്ഞുതീർത്തു.

അവസാനം അദ്ദേഹം ഇരുന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റു. ഞാൻ മനസിൽ പറഞ്ഞു, ദൈവമേ ഇദ്ദേഹം കുമ്പസാരിക്കാതെ പോകുകയാണല്ലോ എന്ന്. എഴുന്നേറ്റുനിന്ന അദ്ദേഹം എന്നോട് ചോദിച്ചു, ”എനിക്ക് ഇഷ്ടപ്പെട്ട രണ്ടുകാര്യം എന്താണെന്ന് അറിയാമോ?”
എന്താണതെന്നു ഞാൻ അന്വേഷിച്ചു. ”ഞാൻ എഴുന്നേറ്റ് പിതാവിന്റെ അടുത്തേക്ക് പോകും” (ലൂക്കാ 15:18), ”അവൻ മനസലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു” (ലൂക്കാ 15:20). ഇതുപോലെ ഞാൻ എഴുന്നേറ്റ് ചെന്നാൽ പിതാവ് എന്നെ സ്വീകരിക്കുമോ?
”തീർച്ചയായും സ്വീകരിക്കും. അതിന് യാതൊരു സംശ യവുമില്ല.”

”എങ്കിൽ കുമ്പസാരിക്കേണ്ടത് എങ്ങനെയാണെന്ന് സിസ്റ്റർ എനിക്ക് പറഞ്ഞുതാ!” പറഞ്ഞുകൊടുത്തതനുസരിച്ച് ഒരുങ്ങി അദ്ദേഹം ദേവാലയത്തിലേക്കു നടന്നു. അവിടെ ചെന്ന് പ്രാർത്ഥിച്ച് വേണ്ടത്ര സമയമെടുത്ത് കുമ്പസാരിച്ചു. പന്നിക്കൂട്ടിൽ കിടന്നവൻ എഴുന്നേറ്റു. തന്റെ ഓരോ പാപങ്ങളും ഏറ്റുപറയുമ്പോൾ ചിറകുവിരിച്ച് അദ്ദേഹം പറക്കുകയായിരുന്നു. ഒപ്പം സ്വർഗസ്ഥനായ പിതാവ് പ്രിയമകനെ വാരിപ്പുണരുന്ന സമയവും.

കുമ്പസാരത്തിനുശേഷം വൈദികൻ കൊടുത്ത പ്രായശ്ചിത്തം നിറവേറ്റി ദിവ്യകാരുണ്യസന്നിധിയിൽ മുട്ടുകുത്തിനിന്ന് പ്രാർത്ഥിക്കുകയും ചെയ്തു. കണ്ടുനിന്നവർക്കും വികാരിയച്ചനും സന്തോഷം തോന്നി. നല്ല ദൈവത്തിന് ഞാൻ പ്രത്യേകം നന്ദി പറഞ്ഞു. അദ്ദേഹം തന്റെ വാഹനം എടുത്തുകൊണ്ടുവന്ന് കുമ്പസാരിപ്പിച്ച വൈദികനെ കൊണ്ടുപോയാക്കി. തിരിച്ചുവന്ന് എന്നോട് പ്രത്യേകം നന്ദി പറഞ്ഞു. എന്നിട്ട് ഇപ്രകാരം പറഞ്ഞു, ”എന്റെ മാതാപിതാക്കളോട് ഇന്നു ഞാൻ സംസാരിക്കും. അവരോടൊപ്പം ഭക്ഷണം കഴിക്കും. സന്തോഷത്തോടെ മുമ്പോട്ടു ജീവിക്കാൻ പരിശ്രമിക്കും.” അങ്ങനെ അന്നത്തെ ദിവസം അവസാനിച്ചു, അദ്ദേഹം വീട്ടിലേക്ക് പോയി.

പിറ്റേദിവസം ഞായറാഴ്ച പള്ളിയിൽ വിശുദ്ധ ബലിക്ക് മണി മുഴങ്ങി. എല്ലാവരും വിശുദ്ധ ബലിക്ക് ആഗതരായി. അദ്ദേഹവും ദിവ്യബലിയിൽ ഭക്തിപൂർവം പങ്കുകൊണ്ടു. വർഷങ്ങൾക്കുശേഷം കർത്താവീശോമിശിഹായുടെ ‘തിരുശരീരവും തിരുരക്തവും’ ഉൾക്കൊണ്ടു. കുടുംബാംഗങ്ങൾക്ക് സന്തോഷം.

നാളുകൾക്കു മുൻപ് ഒരു സന്യാസഭവനത്തിൽ ചെന്നപ്പോൾ അവിടെ ഇപ്രകാരം ഒരു വാക്യം കാണാൻ ഇടയായി. അത് ഈ അനുഭവത്തോടു ചേർത്തു വായിക്കാം. അദ്ദേഹം”ഉണരുന്നതിനുവേണ്ടിയാണ് ഉറക്കം. വിജയിക്കുന്നതിനുവേണ്ടിയാണ് തോൽവി. എഴുന്നേൽക്കുന്നതിനുവേണ്ടിയാണ് വീഴ്ച.” അതെ, ഈ വാക്യം നേരത്തേ പറഞ്ഞ വ്യക്തിയിൽ നിറവേറിയതായി എനിക്ക് അനുഭവപ്പെട്ടു. ചിറകൊടിഞ്ഞു വീണു കിടന്നിരുന്ന പക്ഷിയെപ്പോലിരുന്ന അദ്ദേഹം, സുഖം പ്രാപിച്ച് എഴുന്നേറ്റ് ചിറകുകൾ വീശി ഉയർന്നു പറന്നു.

സിസ്റ്റർ ദീപ ആശാംപറമ്പിൽ എസ്.ഡി.

5 Comments

 1. Thomas KM says:

  Very Nice Thank you Sister to gain a Soul.

 2. JOLLY says:

  Great work of Holy Spirit!!

 3. JENCY says:

  very nice

 4. Juny Thomas says:

  Inspiring..

 5. Santhosh C.A says:

  See the power of pray rosary….Thank u Jesus for gives us a Holy Mother

Leave a Reply

Your email address will not be published. Required fields are marked *