ഗുരു പറഞ്ഞത്

യുവാവ് സംശയവുമായി ഗുരുവിനടുത്തെത്തി. ”ഗുരോ, പരിശുദ്ധാത്മാവിനെ സ്വീകരിക്കണമെങ്കിൽ പാപമാലിന്യത്തിൽനിന്ന് ശുദ്ധരായിരിക്കണമെന്ന് പറയുന്നു. എന്നാൽ അതിന് ഏറ്റവും ആവശ്യമായത് അനുതാപമാണല്ലോ. അനുതാപം നല്കുന്നതാകട്ടെ പരിശുദ്ധാത്മാവാണെന്നും പറയുന്നു. അങ്ങനെയാണെങ്കിൽ എനിക്കൊരിക്കലും പരിശുദ്ധാത്മാവിനെ ലഭിക്കുകയില്ലെന്നു വരുമല്ലോ?”
ഗുരു വാത്സല്യപൂർവം ഒന്നു പുഞ്ചിരിച്ചു. ”മകനേ, ഈ സംശയത്തിനുത്തരമായി ലളിതമായ ഒരു പ്രാർത്ഥന ഞാൻ പറഞ്ഞുതരാം.

കർത്താവായ ഈശോയേ, എന്നോട് കരുണയായിരിക്കണമേ. അങ്ങേ തിരുരക്തംകൊണ്ട് കഴുകി എന്നെ വിശുദ്ധീകരിക്കണമേ. അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ദൈവസ്‌നേഹത്താൽ എന്നെ നിറക്കണമേ”
ഗുരു തുടർന്നു. ”മകനേ, യേശു നമുക്കുവേണ്ടി തന്റെ തിരുരക്തം വിലയായി നല്കിയിട്ടുണ്ട്. ആ തിരുരക്തത്തിന്റെ യോഗ്യതയാലാണ് നമുക്ക് പാപമോചനമുള്ളത്. അവിടുന്ന് അതു ചെയ്തത് പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ നാം യോഗ്യരായിത്തീരുന്നതിനുവേിയാണ്. അതിനാൽ നാം അവിടുത്തെ പീഡാസഹനം വഴി നേടിത്തന്ന പാപമോചനം വിശ്വസിച്ച് ഏറ്റുപറയുകയും ഏറ്റവും വിലപ്പെട്ട സമ്മാനമായ പരിശുദ്ധാത്മാവിനെ ചോദിക്കുകയും വേണം. അതാണ് അവിടുത്തേക്ക് ഏറെ ഇഷ്ടം.”

”സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശു ദ്ധാത്മാവിനെ നൽകുകയില്ല” (ലൂക്കാ11 :13)

1 Comment

  1. JOLLY says:

    Good Msg!

Leave a Reply

Your email address will not be published. Required fields are marked *