ദൈവമക്കൾക്ക് ഒരു സ്‌നേഹസന്ദേശം

നമ്മുടെയൊക്കെ ഉള്ളിൽ ചിലപ്പോൾ ഉയരുന്ന ചോദ്യമിതാണ്. ദൈവം സർവജ്ഞാനിയാണ്. എങ്കിൽപ്പിന്നെ നമ്മുടെ ആവശ്യങ്ങൾ, ലോകത്തിന്റെ കാര്യങ്ങൾ ഒക്കെ ദൈവത്തെ ഓർമിപ്പിച്ച് പ്രാർത്ഥിക്കേണ്ട ആവശ്യമുണ്ടോ? ദൈവം സർവശക്തനാണ്. എന്നാൽ, ദൈവത്തിന് മനുഷ്യന്റെ സഹായം ആവശ്യമുണ്ടോ? എന്തിനാണ് ഓരോ കാര്യങ്ങൾ ചോദിച്ചും പറഞ്ഞും ദൈവത്തെ ബുദ്ധിമുട്ടിക്കുന്നത്?

യേശു വെളിപ്പെടുത്തിയ ദൈവപിതാവിന്റെ സ്വഭാവം മനസിലാക്കുകയാണെങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കാണുക എളുപ്പമാണ്. ഒരു പിതാവിന്റെ ചിത്രമാണ് യേശു ദൈവത്തെക്കുറിച്ച് നല്കിയത്. ദൈവം യജമാനനും മനുഷ്യർ അടിമകളുമല്ല. അവിടുന്ന് പിതാവാണെങ്കിൽ നാം മക്കളാണ്. ഒരു പിതാവ് മക്കളെ തന്നെപ്പോലെ സ്‌നേഹിക്കുകമാത്രമല്ല, ബഹുമാനിക്കുകകൂടി ചെയ്യുന്നുണ്ട്. അവിടുത്തെ വചനംതന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ”നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്ക് പകരമായി മനുഷ്യരെയും നിന്റെ ജീവന് പകരമായി ജനതകളെയും ഞാൻ നല്കുന്നു” (ഏശ. 43:4) എന്ന വചനം മനസിൽ കൊണ്ടുവരിക.

പിതാവ് എങ്ങനെയാണ് മക്കളോട് പെരുമാറുന്നത്? അവർ പ്രായമാകുമ്പോൾ എല്ലാ കാര്യങ്ങളും അവരോട് ആലോചിക്കും. കൃഷി, ബിസിനസ് എന്നുവേണ്ട ഒരു അപ്പൻ ഏതൊക്കെ കാര്യങ്ങളിൽ ഇടപെടുന്നുണ്ടോ അതിലൊക്കെ മക്കളോടും ആലോചന ചോദിക്കും. ഇതൊക്കെ ചെയ്യുമ്പോൾ അവരുടെ സഹായവും സഹകരണവും നിർബന്ധമായും തേടും. കാരണം അവരെ തനിക്ക് തുല്യരായി, തന്റെ പിൻഗാമികളായി, അഭിമാനമുള്ളവരായിട്ടാണ് ഒരു നല്ല അപ്പൻ കാണുന്നത്. എങ്കിൽ ദൈവപിതാവും ഇതുപോലെതന്നെയാണ് ചെയ്യുന്നത്.

ആലോചന ചോദിക്കുന്ന പിതാവ്

ദൈവം മനുഷ്യനോട് ആലോചന ചോദിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ നാം കാണുന്നുണ്ട്. സോദോം-ഗൊമോറ ദേശങ്ങളിലെ അശുദ്ധിയും തിന്മയും അത്ര വലുതായതിനാൽ ആ നഗരങ്ങളെ നശിപ്പിക്കുവാൻ ദൈവം തീരുമാനിച്ചു. എന്നാൽ അതിനുമുൻപ് അക്കാര്യം ദൈവം തന്റെ പ്രിയപ്പെട്ടവനായ, താൻ ബഹുമാനിക്കുന്ന തന്റെ പ്രിയമകൻ അബ്രാഹത്തിനോട് പറയുകയാണ്. കർത്താവ് ആലോചിച്ചു: ”അബ്രാഹം മഹത്തും ശക്തവുമായ ഒരു ജനതയായിത്തീരുമെന്നും ഭൂമിയിലെ ജനപദങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നും അറിഞ്ഞിരിക്കേ, ഞാൻ ചെയ്യാൻ പോകുന്ന കാര്യം അവനിൽനിന്ന് മറച്ചുവയ്ക്കണമോ?” (ഉല്പ. 18:17-18). തുടർന്ന് ദൈവവും അബ്രാഹവും തമ്മിൽ നടക്കുന്ന ഒരു സ്‌നേഹസംവാദമാണ് നാം വായിക്കുന്നത്. ഒരു പിതാവ് മകനോട് കാര്യങ്ങൾ സംസാരിക്കുന്നു. മകൻ വളരെ സ്വാതന്ത്ര്യത്തോടെ തന്റെ സംശയങ്ങൾ ചോദിക്കുന്നു.

ഇത് ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് നടന്ന ഒരു സംഭവമല്ല. ഇന്നും ദൈവം ഇത് ചെയ്തുകൊണ്ടിരിക്കുന്നു. നടക്കുവാൻ പോകുന്ന കാര്യങ്ങൾ, അപകടങ്ങൾ ഇവയൊക്കെ ദൈവം ഇന്നും തന്റെ പ്രിയപ്പെട്ട മക്കൾക്ക് വെളിപ്പെടുത്തുന്നുണ്ട്. എന്തിനുവേണ്ടി? മക്കൾ പിതാവിന്റെ പക്കൽ, അബ്രാഹത്തെപ്പോലെ മധ്യസ്ഥത വഹിക്കുവാൻ. തന്റെ പ്രിയപ്പെട്ട മക്കൾ ചോദിക്കുമ്പോൾ, അവരെ ആദരിച്ചുകൊണ്ട് അത് ചെയ്തുകൊടുക്കുന്നതിൽ അഭിമാനിക്കുന്ന ഒരു പിതാവാണ് സ്വർഗത്തിലെ നമ്മുടെ പ്രിയപ്പെട്ട ദൈവം. അതുകൊണ്ട് ദൈവത്തിന് എല്ലാം അറിയാമെങ്കിലും അവിടുത്തോട് കാര്യങ്ങൾ നാം പറയണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

ഒരു വീട്ടിലെ കാര്യമെടുക്കുക. അപ്പന് പ്രായമായി. ഇപ്പോൾ മകനാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. അപ്പൻ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്. എങ്കിലും മകൻ സന്ധ്യാസമയത്ത്, കുളിയൊക്കെ കഴിഞ്ഞ് അപ്പന്റെ അടുത്തുവന്ന് ഇരിക്കുന്നു. അന്നത്തെ എല്ലാ കാര്യങ്ങളും അപ്പനോട് പറയുന്നു. ഇത് അപ്പനെ എത്രമാത്രം സന്തോഷിപ്പിക്കുകയില്ല. അതുപോലെതന്നെ മക്കളുടെ കാര്യങ്ങൾ കേൾക്കുവാൻ സ്വർഗത്തിലെ പിതാവ് തീവ്രമായി ആഗ്രഹിക്കുന്നു. അതേസമയംതന്നെ അപ്പന്റെ പരിപാലനയിൽ വിശ്വാസമില്ലാതെ, ആധിപിടിച്ച്, ഉത്ക്കണ്ഠ പൂണ്ട് കാര്യങ്ങൾ അപ്പനോട് പറയേണ്ടതില്ല. ആകുലപ്പെടുന്നത് മക്കളുടെ സ്വഭാവമല്ല, അത് പിതാവിനെ അറിഞ്ഞിട്ടില്ലാത്ത വിജാതീയരുടെ രീതിയാണ്. അതിനെ ഈശോ കുറ്റപ്പെടുത്തുന്നുണ്ടുതാനും (മത്താ. 6:25-34). ”പ്രാർത്ഥിക്കുമ്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്” (മത്താ. 6:7) എന്ന വചനവും മനസിൽ സൂക്ഷിക്കുക.

നമ്മുടെ സഹായം ആവശ്യമുള്ള ദൈവം

ഇനി മറ്റൊരു കാര്യം. ദൈവം സർവശക്തനാണ്. അതിനാൽ ഒരു കാര്യം ചെയ്യുവാൻ മനുഷ്യന്റെ സഹായം ഒട്ടും ആവശ്യമില്ല. എന്നാൽ ദൈവം പിതാവായതിനാൽ മക്കളുടെ സഹകരണം തേടുന്നു. അവർ പ്രാർത്ഥിക്കുന്നതനുസരിച്ച് മക്കൾക്ക് വിജയമുണ്ടാകുന്നു, പ്രാർത്ഥന കുറയുമ്പോൾ പരാജയമുണ്ടാകുന്നു. ഇതിന് കേൾവികേട്ട ഒരു ഉദാഹരണം വിശുദ്ധ ബൈബിളിലുണ്ട്.

ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേൽക്കാരും അമലേക്യരുമായി യുദ്ധം നടക്കുകയാണ്. ദൈവത്തിന് വേണമെങ്കിൽ ഒറ്റയടിക്ക് ഇസ്രായേൽക്കാർക്ക് വിജയം നല്കാമായിരുന്നു. പക്ഷേ, സംഭവിക്കുന്നത് അങ്ങനെയല്ല. ഇസ്രായേൽക്കാരുടെ വിജയത്തിനായി തന്റെ മുൻപിൽ പ്രാർത്ഥിക്കുവാൻ ദൈവം മോശയ്ക്ക് പ്രചോദനം നല്കുന്നു. യുദ്ധം കൊടുമ്പിരികൊണ്ട് നടക്കുകയാണ്. വിജയത്തിന്റെ മാനദണ്ഡം മോശയുടെ പ്രാർത്ഥനയാണ്. ”മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങൾ താഴ്ത്തിയപ്പോൾ അമലേക്യർക്കായിരുന്നു വിജയം” (പുറ. 17:11).
ഒരു മനുഷ്യന് എത്രനേരം ഇങ്ങനെ കൈകൾ വിരിച്ച് പ്രാർത്ഥിക്കുവാൻ സാധിക്കും? സ്വാഭാവികമായും മോശയുടെ കൈകൾ കുഴഞ്ഞു. എന്നാൽ പ്രാർത്ഥന നിർത്താൻ ദൈവം ആവശ്യപ്പെട്ടില്ല. മക്കളുടെ പ്രാർത്ഥന പിതാവ് എത്ര വിലമതിക്കുന്നു എന്ന് ഈ സംഭവം കാണിക്കുന്നു. അവസാനംവരെ അവിടുന്ന് നമ്മുടെ സഹകരണം ആഗ്രഹിക്കുന്നു. വിശുദ്ധ ഗ്രന്ഥം ആ രംഗം ഇപ്രകാരം വിവരിക്കുന്നു: ”മോശയുടെ കൈകൾ കുഴഞ്ഞു. അപ്പോൾ അവർ ഒരു കല്ല് നീക്കിയിട്ടുകൊടുത്തു. മോശ അതിന്മേൽ ഇരുന്നു. അഹറോനും ഹൂറും അവന്റെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയംവരെ അവന്റെ കൈകൾ ഉയർന്നുതന്നെ നിന്നു” (പുറ. 17:12).

ഈ സംഭവം രണ്ട് സന്ദേശങ്ങൾ നമുക്ക് നല്കുന്നുണ്ട്. ഒന്ന്: അന്തിമവിജയം നേടുന്നതുവരെ, മടുപ്പുകൂടാതെ നാം ദൈവസന്നിധിയിൽ പ്രാർത്ഥന തുടരണം. ഇടയ്ക്കുവച്ച് പ്രാർത്ഥന നിർത്തുന്നവന് വിജയം കാണുവാൻ സാധിക്കുകയില്ല. രണ്ട്, തന്നെ ഏല്പിച്ച ജനത്തിനുവേണ്ടി ദൈവസന്നിധിയിൽ കരങ്ങളുയർത്തി പ്രാർത്ഥിക്കുന്നവനാണ് യഥാർത്ഥ മോശ, ശരിയായ നേതാവ്. ജനത്തിന് പരാജയമുണ്ടായാൽ, ജനം നഷ്ടപ്പെട്ടാൽ ദൈവം കണക്ക് ചോദിക്കുന്നത് നേതാക്കന്മാരോടായിരിക്കും. ഒരു നേതാവാകാൻ വിളിക്കപ്പെടുക എന്നത് അത്ര സുരക്ഷിതമായ ഒരു കാര്യമല്ല.

ദൈവതീരുമാനം മാറ്റാൻ കെല്പുള്ളവർ

ദൈവത്തിന്റെ തീരുമാനത്തെപ്പോലും മാറ്റുവാൻ മനുഷ്യന് സാധിക്കും. കാരണം ദൈവം സ്‌നേഹപിതാവും മനുഷ്യൻ പ്രിയപ്പെട്ട മകനുമാണ്. തന്റെ പ്രിയപ്പെട്ട മകനെ അവിടുന്ന് അത്രമാത്രം ബഹുമാനിക്കുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാകും ഇത്. വിശുദ്ധ ബൈബിളിൽ ഉദാഹരണങ്ങൾ അനവധി. നന്ദികെട്ട ഇസ്രായേൽജനത്തെ നശിപ്പിക്കുവാൻ ദൈവം തീരുമാനിക്കുന്നു. എന്നാൽ മോശയുടെ മാധ്യസ്ഥ്യംവഴി അത് മാറ്റുന്നു (സംഖ്യ 14:11-20).
മറ്റൊന്ന് ഹെസക്കിയായുടെ അത്ഭുതരോഗശാന്തിയാണ്. അല്ലെങ്കിൽ ആയുസ് നീട്ടിക്കിട്ടിയതാണ്. രാജാവിന്റെ ആയുസ് തീർന്നുവെന്നും മരിക്കുവാൻ തയാറാവുക എന്നും ഏശയ്യാ പ്രവാചകൻവഴി ദൈവം അറിയിക്കുന്നു. ഹെസക്കിയ വേദനയോടെ കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ ദൈവം തീരുമാനം മാറ്റുന്ന അത്ഭുതമാണ് നാം പിന്നീട് കാണുന്നത് (ഏശ. 38:1-5).
എന്നാൽ എന്റെ നിത്യരക്ഷയ്ക്കും മനുഷ്യരക്ഷയ്ക്കും അത്യാവശ്യമായ കാര്യങ്ങൾ പിതാവ് തീരുമാനിച്ചാൽ അത് തീരുമാനംതന്നെ. മകൻ പ്രാർത്ഥിച്ചാലും പിതാവ് മാറ്റുകയില്ലായെന്ന് ഗത്‌സെമനിയിലെ പ്രസിദ്ധമായ പ്രിയപുത്രന്റെ പ്രാർത്ഥന നമ്മെ ഓർമിപ്പിക്കുന്നു (മർക്കോ. 14:32-36).

ദൈവപിതാവിന്റെ മറ്റൊരു പ്രത്യേകത അവിടുന്ന് മനുഷ്യന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുവെന്നതാണ്. മനുഷ്യന് പ്രാർത്ഥിക്കുവാനോ പ്രാർത്ഥിക്കാതിരിക്കുവാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്. പ്രാർത്ഥന ദൈവവുമായുള്ള ഒരു സംഭാഷണമാണെന്ന വീക്ഷണത്തിലും ഇത് പ്രസക്തമാണ്. ഏത് പിതാവാണ് മക്കൾ തന്റെ അടുത്തുവന്ന് സംസാരിക്കണമെന്ന് ആഗ്രഹിക്കാത്തത്? അത് അവിടുത്തെ ഹൃദയത്തെ എന്തുമാത്രം സന്തോഷിപ്പിക്കുന്നു! മക്കൾ കരയുമ്പോൾ അപ്പൻ അത് ശ്രവിക്കാതിരിക്കുമോ? വിശുദ്ധ ഗ്രന്ഥം ഇപ്രകാരം നമ്മെ ഓർമിപ്പിക്കുന്നു: ”നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ എന്ന് അവിടുന്ന് മറുപടി തരും” (ഏശ. 58:9).

പ്രാർത്ഥിച്ചാലാണ് ദൈവം ഉത്തരം തരുന്നത്. പ്രാർത്ഥിച്ചില്ലെങ്കിൽ ദൈവം ഉത്തരം തരുകയില്ല എന്ന അർത്ഥത്തിൽ കാണേണ്ടതില്ല. മക്കൾക്ക് ആവശ്യമുള്ളത് പിതാവ് യഥാസമയം തരും. എങ്കിലും തന്റെ സന്നിധിയിൽ പ്രാർത്ഥിക്കുന്നത് അവിടുന്ന് ഇഷ്ടപ്പെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പ്രാർത്ഥിക്കുമ്പോൾ പിതാവിന്റെ ഉത്തരം ‘റെഡി’യാണ്.
മനുഷ്യന് ആവശ്യമുള്ളതെന്താണെന്ന് ദൈവം അറിയുന്നു. എങ്കിലും നാം ചോദിക്കണം എന്ന് പറയുവാൻ മറ്റൊരു കാരണമുണ്ട്. ദൈവപുത്രനായ ഈശോതന്നെ അത് പറഞ്ഞിട്ടുണ്ട്. ”ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും” (മത്താ. 7:7). അതിന്റെ കാരണവും അവിടുന്ന് പറഞ്ഞിട്ടുണ്ട്. ”ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന് തുറന്നുകിട്ടുകയും ചെയ്യുന്നു.” അതിനാൽ ചോദിക്കണമെന്നും അന്വേഷിക്കണമെന്നും മുട്ടണമെന്നും ദൈവം ആഗ്രഹിക്കുന്നു.

വിലപ്പെട്ടത് ചോദിക്കുക

പക്ഷേ, ഇവിടെ ഒരു കുഴപ്പമുണ്ട്. ഭൗതിക അനുഗ്രഹങ്ങൾ കിട്ടുവാനാണ് മനുഷ്യന് എപ്പോഴും വ്യഗ്രത. അതിനാൽ അവന്റെ പ്രാർത്ഥനയിൽ എപ്പോഴും മുൻഗണന ലൗകിക അനുഗ്രഹങ്ങൾക്കാണ്. ഏറ്റവും വിലപ്പെട്ടതിനുവേണ്ടി ചോദിക്കുവാൻ മനുഷ്യൻ വ്യഗ്രതപ്പെടുന്നില്ല എന്നത് യേശുവിനെ സങ്കടപ്പെടുത്തുന്നുണ്ട്. ഈ ലോകത്തിൽ ഒരു ദൈവപൈതലായി ജീവിക്കുവാൻ കൃപ നല്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി നമ്മളിൽ എത്രപേർ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്? മീനും മുട്ടയും കിട്ടുവാൻ എന്നും പ്രാർത്ഥിക്കും. അതിന് മുകളിലേക്ക് കണ്ണ് പോകാറില്ല. ഇതാണ് നമ്മുടെ പ്രശ്‌നം. അതിനാൽ ഇന്നുമുതൽ പ്രാർത്ഥിക്കുമ്പോൾ എല്ലാ നിമിഷവും ഏറ്റവും വിലപ്പെട്ടതിനുവേണ്ടി പ്രാർത്ഥിക്കാം.

അതിനാൽ ദൈവത്തിന് എല്ലാം അറിയാം എന്ന നിസംഗതയിൽ പ്രാർത്ഥിക്കാതെ ഇരിക്കരുത്. പിതാവിന്റെ സന്നിധിയിൽ സ്വാതന്ത്ര്യത്തോടെ വ്യാപരിക്കുന്ന മക്കളായി നമുക്ക് മാറാം. അതിന്റെ ആത്മസന്തോഷം നമുക്ക് അനുഭവിച്ചുകൊണ്ടിരിക്കാം. അപ്പോൾ നമ്മുടെ ഐഹികജീവിതം സ്വർഗത്തോട് മുട്ടിനില്ക്കുന്നതായി രൂപാന്തരപ്പെടും. അതിനുള്ള കൃപയ്ക്കായി

നമുക്ക് ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം:

ദൈവമേ, എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാം അവിടുന്ന് അറിയുന്നു. എന്നാൽ അവിടുന്ന് എന്റെ പിതാവാണെന്ന് പലപ്പോഴും ഞാൻ മറന്നുപോകുന്നു. അതിനാൽ അങ്ങയുടെ സന്നിധിയിൽ വരുവാൻ ഞാൻ ശ്രമിക്കാറില്ല. അങ്ങയോട് ഞാൻ സംസാരിക്കുന്നത് അവിടുന്ന് ഇഷ്ടപ്പെടുന്നുവല്ലോ. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അങ്ങയോട് പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് നല്കിയാലും. അങ്ങയുടെ പരിശുദ്ധാത്മാവിനായി തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിക്കുവാൻ എല്ലാ നിമിഷവും എനിക്ക് കൃപ നല്കണമേ. ഓ, പ്രിയ പരിശുദ്ധാത്മാവേ, ആ പ്രാർത്ഥന എന്നെ എല്ലാ നിമിഷവും ഓർമിപ്പിക്കണമേ. എന്റെ ഈശോയേ, അങ്ങയെപ്പോലെ തിരക്ക് എന്റെ ജീവിതത്തിലില്ല. പക്ഷേ, പ്രാർത്ഥിക്കാതിരിക്കുവാൻ ഞാൻ കാരണം പറയുന്നത് എന്റെ തിരക്കാണ്. എത്ര തിരക്കുണ്ടെങ്കിലും എത്ര ക്ഷീണിച്ചിട്ടാണെങ്കിലും അവിടുന്ന് അങ്ങയുടെ പിതാവിന്റെ സന്നിധിയിൽ ആയിരിക്കുവാൻ എന്നും സമയം കണ്ടെത്തിയിരുന്നല്ലോ. എനിക്ക് ഒരു മാതൃക നല്കുവാൻകൂടി വേണ്ടിയാണല്ലോ അങ്ങ് അപ്രകാരം ചെയ്തത്. അങ്ങയുടെ മാതൃക എന്നെ പ്രചോദിപ്പിക്കട്ടെ. നിരന്തരം ദൈവികസാന്നിധ്യം അനുഭവിച്ചിരുന്ന പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എന്നെ ഒരു പ്രാർത്ഥനയുടെ മനുഷ്യനാക്കി രൂപാന്തരപ്പെടുത്തുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ. ജെ. മാത്യു

5 Comments

 1. JOSY MATHEW says:

  inspiring article Sir……..

 2. Noyal says:

  Nice article with lots of insights about Prayer

 3. Juny Thomas says:

  Good article..

 4. Bastian says:

  My heavenly father,help me to spent time with you without any failure.

 5. Jayachan says:

  Fantastic and marvelous article..!!

Leave a Reply

Your email address will not be published. Required fields are marked *