ഷാറ്റോവിലെ പ്രഭുവും സമാധാനത്തിന്റെ പ്രഭുവും

പാദുവായിലെ വിശുദ്ധ ആന്റണിയുടെ പക്കൽ എത്തിയ ഷാറ്റോവിലെ പ്രഭു സങ്കടത്തോടെ പറഞ്ഞു:”ഞാൻ പ്രാർത്ഥിക്കുന്നുണ്ട്, മുറതെറ്റാതെ ഉപവസിക്കുന്നുമുണ്ട്. ദാനധർമങ്ങൾ ചെയ്യുന്നതിലും ഉപേക്ഷ വിചാരിക്കാറില്ല. കഴിയുന്നത്ര തെറ്റുകൾ ഒഴിവാക്കി ജീവിക്കുന്നുമുണ്ട്. എങ്കിലും പിതാവേ… എന്റെ മനസിനൊരു സമാധാനവും ഇല്ല. എപ്പോഴും വല്ലാത്തൊരു അസ്വസ്ഥതയും പിരിമുറുക്കവും ആണ്. ഞാനിനി എന്താണ് ചെയ്യേണ്ടതെന്നറിയില്ല.”

വിശുദ്ധ ആന്റണി അദ്ദേഹത്തിന് നല്കിയ മറുപടി ഇപ്രകാരമായിരുന്നു. ജറെമിയ 48:8-ൽ പ്രവാചകൻ പറയുന്നതിങ്ങനെയാണ്. ”മൊവാബ് നിവാസികളേ, നഗരങ്ങൾ വിട്ടകലുവിൻ. പാറക്കെട്ടുകളിൽ വാസമുറപ്പിക്കുവിൻ. ഗുഹാപാർശ്വങ്ങളിൽ കൂടുകെട്ടി പ്രാവുകളെപ്പോലെ കഴിയുവിൻ.” മൊവാബ് ഈ ലോകത്തിന്റെ പ്രതീകമാണ്. ദൈവതിരുമനസിന് കീഴ്‌പ്പെടാനുള്ള എളിമ ബുദ്ധിക്കോ മനസിനോ ഇന്ദ്രിയങ്ങൾക്കോ ഇല്ലാത്തതിനാൽ ലോകം മുഴുവൻ അഹങ്കാരമയമായിരിക്കുന്നു. നഗരങ്ങൾ ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ കഴിവ് നഷ്ടപ്പെടുത്തുന്ന പാപങ്ങളും ജീവിതവ്യഗ്രതകളുമാണ്. അവയെല്ലാം ഉപേക്ഷിച്ച് ഉയർന്ന പാറക്കെട്ടുകളിൽ കൂടുകൂട്ടാൻ പഠിക്കണം. ക്രിസ്തുവാണ് ആ പാറ. അവിടെയാണ് നാം കൂടുകൂട്ടേണ്ടത്. ഹൃദയം ക്രിസ്തുവിൽ വയ്ക്കുന്നില്ലെങ്കിൽ പ്രാർത്ഥനകളും ധ്യാനങ്ങളും ഹൃദയസമാധാനം നല്കാൻ പര്യാപ്തമല്ലാതായിത്തീരും. മോവാബും നഗരങ്ങളും ഉപേക്ഷിച്ചതും വെറുതെയാകും. പ്രഭുവിന്റെ മനസിൽ തിരിച്ചറിവിന്റെ വെളിച്ചം പടർന്നു.

”ശരിയാണ്, തന്റെ മനസെപ്പോഴും കണക്കുപുസ്തകങ്ങളിലാണ്. പാട്ടക്കാരുടെ വിഹിതം ശരിയായി കിട്ടുന്നുണ്ടോ എന്ന വേവലാതി വീണ്ടും വീണ്ടും കണക്കുപുസ്തകങ്ങൾ പരിശോധിക്കാൻ പ്രേരിപ്പിക്കും. ജോലിക്കാരെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള വേവലാതികൾ മനസിനെ എപ്പോഴും മഥിച്ചുകൊണ്ടിരിക്കും. പ്രാർത്ഥനാമുറിയിൽ മനസ് ക്രിസ്തുവിനോടൊപ്പമാണെങ്കിലും പുറത്തിറങ്ങുമ്പോൾ മനസിൽ ക്രിസ്തുവില്ലാതാകും.”

”ക്രിസ്തുവിനെ ചാപ്പലിൽ ഉപേക്ഷിക്കുന്നതാണ് താങ്കളുടെ അസ്വസ്ഥതകളുടെ കാരണം.”
നമ്മുടെ അസ്വസ്ഥതകളുടെയും കാരണം അതുതന്നെയല്ലേ? ദൈവാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും കൺവൻഷൻ പന്തലുകളിലുംമാത്രം നാം ക്രിസ്തുവിന്റെ സാന്നിധ്യം തേടുന്നു. പ്രാർത്ഥനാവേളകൾക്കപ്പുറത്തേക്കുള്ള ക്രിസ്തുവിന്റെ സൗഹൃദം നാം ഗൗരവമായിട്ടെടുക്കുന്നില്ല. എന്നാൽ പൗലോസ് അപ്പസ്‌തോലൻ പറയുന്നതിപ്രകാരമാണ്: ”ഉറക്കത്തിലും ഉണർവിലും നാം അവനോട് ഒന്നിച്ച് ജീവിക്കേണ്ടതിനാണ് അവൻ നമുക്കുവേണ്ടി മരിച്ചത്” (1 തെസ. 5:10).

മനസ് എപ്പോഴും ദൈവത്തിൽ വയ്ക്കാൻ ശ്രമിക്കാത്തതാണ് നമ്മുടെ ആത്മീയ ശുഷ്‌കതയുടെ യഥാർത്ഥ കാരണം. മനസ് എവിടെ വച്ചിരിക്കുന്നോ അവിടേക്ക് ജീവിതം മുഴുവൻ നയിക്കപ്പെടും. മഗ്ദലനമറിയത്തിന്റെ മനസ് മുഴുവൻ കല്ലറയിൽ അടക്കം ചെയ്യപ്പെട്ട ക്രിസ്തുവിലായിരുന്നു. അതിനാൽ അതിരാവിലെ അവൾ കല്ലറയിലേക്ക് ഓടി. തന്മൂലം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യദർശനം ലഭിക്കാൻ യോഗ്യതയുള്ളവളായി.

അപ്പസ്‌തോലന്മാരുടെ മനസ് തങ്ങളിൽതന്നെ വച്ചതുകൊണ്ട് അവർ സ്വന്തം സുരക്ഷിതത്വം അന്വേഷിച്ച് ഒതുങ്ങിക്കൂടി. അടുത്തയിടെ ഒരു എയർപോർട്ടിൽ കണ്ട പരസ്യം ഓർമ വരുന്നു. Your Sacred space is where you can find yourself again and again- നീ കൂടെക്കൂടെ നിന്നെ കണ്ടെത്തുന്നതെവിടെയാണോ, അതാണ് നിന്റെ വിശുദ്ധ സ്ഥലം. നിന്റെ മനസ്, ചിന്ത, ഭാവന ഇതെല്ലാം കൂടെക്കൂടെ എവിടെയാണ് ഓടിയെത്തുന്നത്. അതാണ് നിന്റെ ദൈവാലയം. അതാണ് നിന്റെ പുണ്യതീർത്ഥം. നിരന്തരം ക്രിസ്തുവിൽ വസിക്കാൻ ഹൃദയം തുടിക്കുമ്പോൾ സമാധാനത്തിന്റെ രാജാവായ ക്രിസ്തു സമാധാനമായി ജീവിതത്തിൽ നിറയും.

നമുക്ക് പ്രാർത്ഥിക്കാം

കർത്താവേ, എപ്പോഴും എവിടെയും അങ്ങയോടൊത്തായിരിക്കുവാൻ എന്നെ പഠിപ്പിക്കണമേ. അധ്വാനത്തിലും ഉല്ലാസത്തിലും സ്വകാര്യതകളിലും കൂട്ടായ്മകളിലും രാത്രിയിലും പകലിലും എന്റെ ഹൃദയം അങ്ങയെ തേടട്ടെ. നീർച്ചാലു തേടുന്ന മാൻപേടയുടെ ഹൃദയം മറ്റൊന്നിനുംവേണ്ടി ദാഹിക്കാത്തതുപോലെ ഞാൻ അങ്ങയെമാത്രം ആഗ്രഹിക്കട്ടെ. അങ്ങനെ എന്റെ ഹൃദയം സമാധാനം കണ്ടെത്താൻ ഇടവരുത്തിയാലും – ആമ്മേൻ.

4 Comments

  1. J Alex says:

    Very Good message.Thank you.

  2. Shivgo says:

    It is real great

  3. Anoop Abraham says:

    Amen

Leave a Reply

Your email address will not be published. Required fields are marked *