പിണക്കം മാറ്റാനുള്ള സൂത്രങ്ങൾ

മിന്ന വീടിന്റെ പൂമുഖത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി. സമയം നോക്കിയപ്പോൾ എട്ടേകാൽ. സാധാരണ രാത്രി എട്ടു മണിയാവുമ്പോഴാണ് അപ്പ വീട്ടിലെത്താറുള്ളത്. ഇന്ന് എട്ടേകാൽ ആയിട്ടും എത്തിയില്ലല്ലോ എന്നവൾ ഓർത്തു. പെട്ടെന്നാണ് ബൈക്കിന്റെ സ്വരം കേട്ടത്. ”അതാ അപ്പ വരുന്നുണ്ടമ്മേ” മിന്ന ഉറക്കെ വിളിച്ചു പറഞ്ഞു. അമ്മ വേഗം പുറത്തേക്കു വന്നു. ”അതേ, അപ്പ വരുമ്പോഴേ സയന പിണങ്ങിയ കാര്യം പറയരുത്, കേട്ടോ. അപ്പ ചായയൊക്കെ കുടിച്ച് വർത്തമാനം തുടങ്ങുമ്പോൾമാത്രമേ പറയാവൂ.”

”ശരി, അമ്മേ.” മിന്ന അല്പം വിഷമത്തോടെ തലയാട്ടി. സത്യത്തിൽ അപ്പ വന്നുകയറുമ്പോഴേ പറയാമെന്നു കരുതിയാണ് അവൾ കാത്തിരുന്നത്. ”സാരമില്ല, ചായ കുടിച്ചുകഴിഞ്ഞാൽ പറയാമല്ലോ” അവൾ ആശ്വസിച്ചു.
നാലാം ക്ലാസിലാണ് മിന്ന പഠിക്കുന്നത്. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് സയന. പഠിക്കാനും കളിക്കാനുമെല്ലാം അവർ ഒപ്പമുണ്ടാകും. വീടുകളും അടുത്താണ്. പക്ഷേ ഇന്നൊരു സംഭവമുണ്ടായി. ക്ലാസ് പരീക്ഷക്ക് ടീച്ചർ നല്കിയ ഒരു ചോദ്യത്തിന്റെ ഉത്തരം സയനക്ക് അറിയില്ലായിരുന്നു.

പക്ഷേ മിന്നക്ക് അതറിയാമെന്ന് അവൾക്കറിയാമായിരുന്നു. അതിനാൽ മിന്ന എഴുതിയ ഉത്തരം കാണിച്ചുകൊടുക്കാൻ അവൾ ആവശ്യപ്പെട്ടു. എന്നാൽ കോപ്പിയടിക്കുന്നതും കോപ്പിയടിക്കാൻ സഹായിക്കുന്നതുമൊന്നും ഈശോക്ക് ഇഷ്ടമല്ല എന്ന് അപ്പ പറഞ്ഞുകൊടുത്തിരുന്നതുകൊണ്ട് മിന്ന കാണിച്ചുകൊടുത്തില്ല. അതിന്റെ പേരിൽ സയന പിണങ്ങി. സയനയെന്നല്ല ആരും പിണങ്ങുന്നത് മിന്നക്കിഷ്ടമല്ല.

അപ്പ ചായ കുടിച്ചു കഴിഞ്ഞെന്നു കണ്ടതേ അവൾ ഇക്കാര്യം അപ്പയോട് പറഞ്ഞു. സയനയോട് വീണ്ടും കൂട്ടുകൂടാൻ എന്താണ് വഴിയെന്നായിരുന്നു അവൾക്കറിയേണ്ടത്. കാര്യമെല്ലാം കേട്ടപ്പോൾ അപ്പ പറഞ്ഞു.

”മോൾ ചെയ്തത് ശരിതന്നെയാണ്, കേട്ടോ. പക്ഷേ ഒരു കാര്യം ചെയ്യണം. നാളെ സയനയെ കാണുമ്പോൾ സോറി പറയണം. കോപ്പിയടിക്കുന്നത് തെറ്റായതുകൊണ്ടാണ് ഉത്തരം കാണിച്ചുതരാതിരുന്നത് എന്നും പറയണം. എന്നിട്ട് സ്‌നേഹസമ്മാനമായി ഒരു കുഞ്ഞു കഥാപുസ്തകം കൊടുക്കണം. പുസ്തകം അപ്പ തരാം. മോൾക്ക് കുറേയെണ്ണം അവധിക്കാലത്ത് തന്നില്ലേ, അതുപോലത്തെ നല്ല കഥകളുള്ള ഒരു പുസ്തകം. അത് വായിക്കുമ്പോൾ സയന കൂടുതൽ നല്ല കുട്ടിയാകും. അത് കൊടുകുകകൂടി ചെയ്യുമ്പോൾ സയനയുടെ പിണക്കമൊക്കെ മാറിക്കോളും.”

അപ്പയുടെ വാക്കുകൾ കേട്ടപ്പോൾ മിന്നക്ക് സന്തോഷമായി. പിന്നെ അവൾ എല്ലാവർക്കുമൊപ്പം പ്രാർത്ഥിച്ച് അത്താഴം കഴിച്ചു. ഉറങ്ങാൻ പോകുമ്പോൾ നാളത്തെ നല്ല ദിവസമായിരുന്നു മിന്നയുടെ മനസുനിറയെ.

2 Comments

  1. Elsy says:

    good moral

  2. Elsy says:

    good story for the kids

Leave a Reply to Elsy Cancel reply

Your email address will not be published. Required fields are marked *