ഭൂമിയെ വിറപ്പിക്കുകയും രാജ്യങ്ങളെ ഇളക്കുകയും ലോകത്തെ മരുഭൂമിയാക്കുകയും അതിന്റെ നഗരങ്ങളെ കീഴടക്കുകയും തടവുകാരെ വീട്ടിലേക്ക് വിടാതിരിക്കുകയും ചെയ്തത് ഇവൻ തന്നെയല്ലേ? ഏശയ്യാ 14:17

”ഇസ്രായേൽജനം പാപം ചെയ്ത് ദൈവത്തിൽനിന്ന് അകന്നുപോയ ഒരുപാട് അവസരങ്ങളുണ്ട്. പ്രവാചകന്മാർവഴിയും മറ്റും ദൈവം അവരെ തിരുത്തുവാൻ ശ്രമിച്ചു. ചിലപ്പോൾ അവർ മാനസാന്തരപ്പെട്ടു. എന്നാൽ, മറ്റു ചിലപ്പോൾ മാനസാന്തരപ്പെട്ടില്ല. അപ്പോൾ അവരെ പലവിധത്തിൽ ദൈവം ശിക്ഷിച്ചു. ഇത്തരം ശിക്ഷാവിധികളിൽ ഒന്നായിരുന്നു അടിമത്തം.

അങ്ങനെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേലിന്റെ ആത്മനൊമ്പരം വിവരിക്കുന്ന 137-ാം സങ്കീർത്തനത്തിന്റെ തുടക്കം നോക്കുക: ബാബിലോൺ നദിയുടെ തീരത്ത് ഇരുന്ന് സീയോനെ ഓർത്ത് ഞങ്ങൾ കരഞ്ഞു. അവിടെയുള്ള അലരിവൃക്ഷങ്ങളിൽ ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു. ഞങ്ങളെ തടവിലാക്കിയവർ, അവിടെവച്ച് പാട്ടുപാടാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ മർദകർ, സീയോനെക്കുറിച്ചുള്ള ഗീതങ്ങൾ ആലപിച്ച് തങ്ങളെ രസിപ്പിക്കുവാൻ ഞങ്ങളോട് പറഞ്ഞു. വിദേശത്തുവച്ച് ഞങ്ങൾ എങ്ങനെ കർത്താവിന്റെ ഗാനം ആലപിക്കും?

ദൈവത്തിന്റെ കൈയിലെ ഒരു ഉപകരണം മാത്രമായിരുന്നു ബാബിലോൺ രാജാവ്. ഇസ്രായേൽ രാജ്യത്തെ തോൽപിച്ച് ജനത്തെ അടിമകളാക്കുവാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മിടുക്കുകൊണ്ട് ആയിരുന്നില്ല. എന്നാൽ, ബാബിലോൺ രാജാവ് അഹങ്കരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുക: ഞാൻ സ്വർഗത്തിലേക്ക് കയറും. ഉന്നതത്തിൽ ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുപരി എന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും. ഉത്തര ദിക്കിന്റെ അതിർത്തിയിലെ സമാഗമ പർവതത്തിന്റെ മുകളിൽ ഞാനിരിക്കും. ഉന്നതമായ മേഘങ്ങൾക്കുമീതെ ഞാൻ കയറും. ഞാൻ അത്യുന്നതനെപ്പോലെയാകും (ഏശ. 14:13-14).

ഇങ്ങനെ അഹങ്കരിച്ചിരിക്കെ ദൈവം രാജാവിനെ കൈവിട്ടു. ഇസ്രായേലിന്റെമേൽ കാരുണ്യം കാണിച്ച ദൈവം അവരെ സഹായിച്ച് സ്വന്തം ദേശത്തേക്ക് തിരിച്ചുകൊണ്ടുവന്നു. തങ്ങളെ അടിമപ്പെടുത്തിയവരെ അവർ അടിമകളാക്കി. തങ്ങളെ മർദിച്ചവരുടെമേൽ അവർ ഭരണം നടത്തി. പാതാളത്തിന്റെ അഗാധഗർത്തത്തിലേക്ക് തള്ളിയിടപ്പെട്ടിരിക്കുന്ന (ഏശ. 14:15) ബാബിലോൺ രാജാവിനെ പരിഹസിച്ചുകൊണ്ട് ഇസ്രായേൽജനം പറയുന്ന ചില വചനങ്ങൾ ശ്രദ്ധിക്കുക: നിന്നെ കാണുന്നവർ തുറിച്ചുനോക്കി ചിന്തിക്കും: ഭൂമിയെ വിറപ്പിക്കുകയും രാജ്യങ്ങളെ ഇളക്കുകയും ലോകത്തെ മരുഭൂമിയാക്കുകയും അതിന്റെ നഗരങ്ങളെ കീഴടക്കുകയും തടവുകാരെ വീട്ടിലേക്ക് വിടാതിരിക്കുകയും ചെയ്തത് ഇവൻതന്നെയല്ലേ?…. തിന്മ പ്രവർത്തിക്കുന്നവരുടെ പിൻഗാമികളുടെ പേര് നിലനില്ക്കാതിരിക്കട്ടെ! (ഏശ. 14:16-21).

നമുക്ക് പറ്റാവുന്ന ഒരു അബദ്ധമാണ് ബാബിലോൺ രാജാവിന് പറ്റിയത്. എല്ലാം സ്വന്തം മിടുക്ക് ആണെന്ന് തെറ്റിദ്ധരിച്ചു. അപ്പോൾ അഹങ്കാരവും ഉണ്ടായി. എല്ലാ അഹങ്കാരവും നാശത്തിലാണ് അവസാനിക്കുന്നത്. ഇവിടെയും അങ്ങനെ സംഭവിച്ചു.

നമ്മെയും ദൈവം പലതിനും ഉപയോഗിക്കും. അതിനാവശ്യമായ കൃപയും തരും. അതിനെക്കുറിച്ച് തിരിച്ചറിവ് ഇല്ലാതെപോയാൽ അഹങ്കരിക്കും. അത് നാശത്തിന് കാരണമാകുകയും ചെയ്യും. ദൈവം തരാത്തതായി ഒന്നുമില്ല. ദൈവം കൈവിട്ടാൽ ജീവിതത്തിൽ വിലപ്പെട്ടതായി കരുതുന്ന ഒന്നും ഉണ്ടാവില്ല. അഹങ്കാരത്തിലൂടെ നാശം വരുത്തിവയ്ക്കാതിരിക്കാൻ ശ്രമിക്കാം.
ഫാ. ജോസഫ് വയലിൽ CMI

Leave a Reply

Your email address will not be published. Required fields are marked *