സന്തോഷിച്ചുല്ലസിക്കുന്ന ദിവസം: വാഴ്ത്തപ്പെട്ട മാർക്ക് ബാർക്ക്വർത്ത്

”കർത്താവൊരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം” ആനന്ദകീർത്തനം പാടിക്കൊണ്ടുള്ള മാർക്ക് ബാർക്ക്വർത്തിന്റെ യാത്ര ഒരു ഉല്ലാസയാത്രയായിരുന്നില്ല.
മരണശിക്ഷക്കായി അദ്ദേഹത്തെ പടയാളികൾ ടൈബേണിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്പോഴും ദൈവസ്തുതികളും സ്‌തോത്രഗീതവുമാണ് അദ്ദേഹത്തിന്റെ നാവിൽനിന്നുയർന്നുകൊണ്ടിരുന്നത്.
വിധി നടപ്പാക്കേണ്ട സ്ഥലമെത്തിയപ്പോൾ അദ്ദേഹത്തിനു മുമ്പ് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിശുദ്ധ ആനി ലൈനിന്റെ മൃതശരീരമാണ് അദ്ദേഹം കണ്ടത്. ഭീതിജനിപ്പിക്കുന്ന ആ ദൃശ്യത്തിന് മുമ്പിലും മാർക്ക് പതറിയില്ല. മൃതശരീരത്തിനടുത്ത് ചെന്ന് വസ്ത്രത്തിൽ ചുംബിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു- ”ഓ പ്രിയ സഹോദരീ, സാധിക്കുന്നിടത്തോളം വേഗത്തിൽ ഞങ്ങളും നിന്റെ കൂടെ എത്താം”. കാത്തിരിക്കുന്ന പീഡനങ്ങൾക്ക് ശേഷം ദൈവത്തോടൊപ്പം നിത്യമായ ജീവിതത്തെക്കുറിച്ച് ഉറപ്പുള്ള വൈദികന്റെ വാക്കുകളായിരുന്നു അത്. വിശുദ്ധ ബനഡിക്ട് സ്വപ്നത്തിൽ അദ്ദേഹത്തിന് വെളിപ്പെടുത്തിയതുപോലെ ബനഡിക്ടൻ സന്യാസിയുടെ വേഷത്തിൽത്തന്നെ അദ്ദേഹത്തിന്റെ വധശിക്ഷ അവർ നടപ്പാക്കി.

1572-ൽ ലിങ്കൺഷെയറിനടുത്തുള്ള സിയർബിയിലാണ് മാർക്ക് ബാർക്ക്വർത്തിന്റെ ജനനം. ഓക്‌സ്‌ഫോർഡ് വിദ്യാഭ്യാസത്തിന് ശേഷം ഈശോസഭാ വൈദികനായ ജോർജിന്റെ പ്രേരണയാലാണ് അദ്ദേഹം കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്നത്. തുടർന്ന് വൈദികാനാകാനുളള ആഗ്രഹത്തോടെ അദ്ദേഹം സെമിനാരി പഠനം ആരംഭിച്ചു. ദൗവൈ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ മാർക്ക് റോമിലും സ്‌പെയിനിലും തുടർവിദ്യാഭ്യാസം നടത്തി.

സ്‌പെയിനിലേക്കുള്ള യാത്രാമധ്യേയാണ് വിശുദ്ധ ബനഡിക്ടിന്റെ ദർശനം മാർക്കിനുണ്ടാകുന്നത്. ബനഡിക്ടൻ സന്യാസവേഷത്തിൽ രക്തസാക്ഷിയായി തീരുമെന്നുള്ളതായിരുന്നു ആ ദർശനത്തിൽ ലഭിച്ച വെളിപ്പെടുത്തലിന്റെ ഉള്ളടക്കം.

1599-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. ഫാ. തോമസ് ഗാർനെറ്റുമൊത്ത് ഇംഗ്ലീഷ് മിഷനിൽ പ്രവർത്തിക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. അതിനുവേണ്ടിയുള്ള യാത്രാമധ്യേ നവാരെയിലുള്ള ബനഡിക്ടൻ ആശ്രമത്തിൽ അദ്ദേഹം എത്തിച്ചേർന്നു. ബനഡിക്ടൻ സഭയിൽ അംഗമാകാൻ ആ യാത്ര നിമിത്തമായി മാറി.

കത്തോലിക്കാവിശ്വാസികൾക്കെതിരെ, വിശിഷ്യാ, വൈദികർക്കെതിരെ ക്രൂരമായ മതമർദ്ദനം നടന്നുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹം ഇംഗ്ലണ്ടിലെത്തുന്നത്. ഇംഗ്ലണ്ടിലെത്തിയ മാർക്കിനെ അറസ്റ്റ് ചെയ്ത് ന്യൂഗേറ്റിൽ ആറുമാസം ജയിലിലടച്ചു. തുടർന്ന് ബ്രൈഡ്വെല്ലിലേക്ക് സ്ഥലം മാറ്റി. ജയിൽ മോചനത്തിനുവേണ്ടിയുള്ള അപ്പീലിൽ ഭയലേശമന്യേ സാക്ഷ്യം നൽകാനുള്ള കൃപ ദൈവമദ്ദേഹത്തിന് നൽകി. വിധി വന്നശേഷം കുപ്രസിദ്ധ ഭൂഗർഭതടവറയായ ലിമ്പോയിലാണ് അദ്ദേഹത്തെ പാർപ്പിച്ചത്. അവിടെയും മരണശിക്ഷ നടപ്പാക്കുന്ന ദിവസം വരെ സന്തോഷത്തോടെയായിരിക്കാനുള്ള അസാധാരണ കൃപ മാർക്കിന് ലഭിച്ചു.

ഈശോസഭാവൈദികനായ റോജർ ഫിൽകോക്കിനും വിശുദ്ധ ആനി ലൈനിനുമൊപ്പം 1601 ഫെബ്രുവരി 27-ാം തിയതി അദ്ദേഹം വധിക്കപ്പെട്ടു. വധശിക്ഷ കാണാൻ കാത്തുനിന്ന ജനക്കൂട്ടത്തോട് അദ്ദേഹം ഇപ്രകാരം വിളിച്ചു പറഞ്ഞു- ”ഒരു കത്തോലിക്കാ വൈദികനും സന്യസ്തനും വിശുദ്ധ ബനഡിക്ടിന്റെ സഭാംഗവുമായതുമൂലം എനിക്ക് വിധിക്കപ്പെട്ട മരണം വരിക്കുവാനാണ് ഞാൻ വന്നിരിക്കുന്നത്”.

അന്ന് പിന്തുടർന്ന് വന്നിരുന്ന ശിക്ഷാരീതി പ്രകാരം അദ്ദേഹത്തിന്റെ ശരീരം നാലായി വിഭജിച്ചു. വിഭജിക്കപ്പെട്ട അദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് കാൽമുട്ടിന്റെ ഭാഗം ഉയർത്തിപ്പിടിച്ചുകൊണ്ട് കാണികളിൽ ഒരാൾ ഇപ്രകാരം ചോദിച്ചു- ”ഇത്രയധികം തഴമ്പിച്ച കാൽമുട്ട് നിങ്ങളിലാർക്കെങ്കിലും കാണിക്കുവാൻ സാധിക്കുമോ?” നീണ്ട മണിക്കൂറുകൾ മുട്ടിൻമേൽ നിന്ന് പ്രാർത്ഥിച്ചിരുന്ന ബാർക്ക്വർത്തിന്റെ ദൈവത്തോടുള്ള ബന്ധത്തിന്റെ സാക്ഷ്യമായിരുന്നു അത്.

1929 ഡിസംബർ 15-ാം തിയതി പീയൂസ് പതിനൊന്നാമൻ മാർപാപ്പ ബാർക്ക്വർത്തിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *