ആ ആഴ്ച ജോലിക്കു പോകാൻ സാധിക്കാഞ്ഞതിനാൽ ശനിയാഴ്ച മാറ്റിന് പണം ലഭിച്ചില്ല. കൂട്ടുകാരുടെ കൈയിൽനിന്ന് പണം വാങ്ങിച്ച് മദ്യപിക്കാമെന്നു കരുതിയെങ്കിലും ആരും അവനെ പരിഗണിച്ചതുമില്ല. നിവൃത്തിയില്ലെന്നു കണ്ടതിനാൽ ആദ്യമായി ഒരു ശനിയാഴ്ച അവൻ മദ്യപിച്ച് ലക്കു കെടാതെ വീട്ടിലെത്തി.
അന്നു വൈകിട്ട് സുബോധത്തോടെയിരുന്ന മാറ്റിന് തീവ്രമായൊരാഗ്രഹം, മദ്യപാനത്തിൽനിന്ന് തനിക്കൊരു മോചനം വേണം. അവൻ അടുത്തുള്ള ദേവാലയത്തിലേക്ക് നടന്നു. മൂന്നു മാസത്തേക്ക് മദ്യപിക്കില്ലെന്നു വൈദികന്റെ സാന്നിധ്യത്തിൽ ദൈവതിരുമുൻപിൽ പ്രതിജ്ഞ ചെയ്തു. പക്ഷേ മദ്യപരായ കൂട്ടുകാരുടെ നടുവിൽ മദ്യത്തിന്റെ പ്രലോഭനത്തെ അതിജീവിച്ച് മുന്നോട്ടുപോകാൻ വിഷമമായിരുന്നു. എങ്കിലും മാറ്റ് ആവുന്നതു ശ്രമിച്ചു. വിശുദ്ധ കുർബാനയർപ്പണമാണ് അവന് ശക്തി പകർന്നത്.
എന്നാൽ ഒരു ദിനം വിശുദ്ധ കുർബാന സ്വീകരിക്കാൻ പോകുമ്പോൾ അവന്റെ ഉള്ളിൽ ഒരു സ്വരം. ”നിന്റെ ഉള്ളിലിപ്പോഴും മദ്യത്തോട് ആസക്തിയുണ്ട്. അതിനാൽ വിശുദ്ധ കുർബാനയിൽ യേശുവിന്റെ ശരീരവും രക്തവും സ്വീകരിക്കാൻ നിനക്ക് യോഗ്യതയില്ല” മാറ്റ് ആകെ വിഷമത്തിലായി. ആ ദിവ്യബലിയിൽ വിശുദ്ധ കുർബാന സ്വീകരിക്കാതെ വേദനയോടെ പുറത്തേക്കിറങ്ങി.
വീണ്ടും മറ്റൊരു ദേവാലയത്തിൽ ദിവ്യബലിക്കായി പോയി. എന്നാൽ വർധിച്ചുവന്ന കുറ്റബോധത്തിന്റെ സംഘർഷം നിമിത്തം വീണ്ടും അവന് വിശുദ്ധ കുർബാന സ്വീകരിക്കാൻ കഴിയാതെ വന്നു. ഒടുവിൽ നിരാശനായി പുറത്തിറങ്ങി നടന്ന മാറ്റ് ‘നന്മ നിറഞ്ഞ മറിയമേ’ എന്നു വിളിച്ച് പരിശുദ്ധ മാതാവിന്റെ സഹായം തേടാൻ തുടങ്ങി. എത്രനേരം പ്രാർത്ഥിച്ചുവെന്നറിയില്ല. മുന്നിലൊരു ദേവാലയത്തിൽ ദിവ്യബലിക്ക് മണി മുഴങ്ങുന്നതുകേട്ട മാറ്റ് അവിടെപ്പോയി ബലിയർപ്പിച്ച് വിശുദ്ധ കുർബാന സ്വീകരിച്ചു. മൂന്നു മാസത്തേക്കെന്നല്ല എന്നെന്നേക്കുമായി മദ്യം ഉപേക്ഷിക്കാമെന്ന് പ്രതിജ്ഞയെടുക്കാൻ ധൈര്യവും ലഭിച്ചു.
ഇദ്ദേഹമാണ് പിന്നീട് മദ്യപാനത്തിൽനിന്ന് മോചനം നേടാനാഗ്രഹിക്കുന്നവരുടെ മധ്യസ്ഥനായിത്തീർന്ന പുണ്യവാൻ, വിശുദ്ധ മാറ്റ് ടാൽബോത്ത്.
”പശ്ചാത്തപിക്കുന്നവർക്കു തിരിച്ചു വരാൻ അവിടുന്ന് അവസരം നൽകും; ചഞ്ചലഹൃദയർക്ക് പിടിച്ചുനിൽക്കാൻ അവിടുന്ന് പ്രോത്സാഹനം നൽകും”
(പ്രഭാഷകൻ 17:24)