നോർവേയിലെ സ്പിറ്റ്‌സ്‌ബെർഗൻ ദ്വീപിലുള്ള സ്വാൽബാർഡ് എന്ന തണുത്തുറഞ്ഞ സ്ഥലത്ത് 2008 ഫെബ്രുവരി 26-ന് ഒരു പ്രത്യേകസംഭവം നടന്നു. ലോകത്തെമ്പാടുമുള്ള ഭക്ഷ്യവിളകളുടെ സാമ്പിൾ വിത്തുകൾ സൂക്ഷിക്കാൻവേണ്ടി 90 ലക്ഷം ഡോളർ ചെലവാക്കി നിർമിച്ച ഭൂഗർഭസംഭരണി ലോകനന്മയ്ക്കായി അന്ന് തുറന്നു. മണൽക്കല്ലിന്റെ ഒരു പർവതത്തിനുള്ളിലേക്ക് 120 മീറ്റർ തുരന്നുണ്ടാക്കിയ ഈ സംഭരണി പ്രകൃതിക്ഷോഭങ്ങളെയും ആണവയുദ്ധങ്ങളെയും അതിജീവിക്കാൻ തക്കവിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ലോകത്തിലാകെ വിവിധ തരത്തിലുള്ള 15 ലക്ഷം വിത്തുകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഓരോ വിത്തിന്റെയും 500 സാമ്പിളുകൾവീതം സൂക്ഷിച്ചുവയ്ക്കാൻ പോന്ന സ്ഥലം സംഭരണിയ്ക്കകത്തുണ്ട്. മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ വെളിച്ചവും ഊർജവും തട്ടാതെ സൂക്ഷിച്ചുവയ്ക്കുന്ന വിത്തുകൾ നൂറുകണക്കിന് വർഷങ്ങൾ കേടുകൂടാതെയിരിക്കും എന്നാണ് പ്രതീക്ഷ. ഇതിനോടകം പത്തുലക്ഷം വിത്തുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്വാൽബാർഡിലെ സംഭരണിയിൽ എത്തിക്കഴിഞ്ഞു. ഇന്ത്യയിൽനിന്നുള്ള തുവരപ്പരിപ്പ് ഇടംനേടിയിട്ടുണ്ടവിടെ.
പണ്ടുമുതലേ…
ധാന്യങ്ങളുടെ വിത്തുകൾ പത്തായത്തിൽ സൂക്ഷിച്ചുവച്ച് വിതക്കാലത്ത് പുറത്തെടുക്കുന്ന ശീലം പുരാതന കാലംമുതൽക്കേ ഉണ്ടായിരുന്നു. പക്ഷേ, കളകളുടെ വിത്തുകൾ സൂക്ഷിച്ചുവയ്ക്കുന്ന പാരമ്പര്യം മനുഷ്യർക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരാളെ നാം മത്തായി എഴുതിയ സുവിശേഷത്തിൽ കണ്ടെത്തുന്നു.
യേശു പറഞ്ഞ ഉപമകളിലധികവും അന്നത്തെ ജനജീവിതത്തിന്റെ നിറവും മണവും ഉൾക്കൊണ്ടവയായിരുന്നു. അയല്ക്കാരനെ ഉപദ്രവിക്കാൻ വേണ്ടി അല്ലെങ്കിൽ വെറുതെ ഒരു രസത്തിനുവേണ്ടി കളവിത്തുകൾ ശേഖരിച്ചുവച്ചിട്ട് രഹസ്യത്തിൽ വിതറുന്ന ചില ദുർബുദ്ധിക്കാർ അന്നുണ്ടായിരുന്നിരിക്കണം. അങ്ങനെ ഒരു ‘കുസൃതിത്തര’ത്തിന് വക നല്കിയിരുന്ന സാഹചര്യങ്ങൾ അന്നുണ്ടായിരുന്നുതാനും.
നെൽകൃഷിയും ഗോതമ്പുകൃഷിയും തമ്മിൽ സാരമായ ചില വ്യത്യാസങ്ങളുണ്ട്. നെൽകൃഷിക്ക് വേണ്ടതുപോലെ ഗോതമ്പുവയലിൽ വെള്ളം കെട്ടിനില്‌ക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ, നിരപ്പുവ്യത്യാസം നോക്കാതെ ഗോതമ്പുകൃഷി ചെയ്യാം. യേശുവിന്റെ കാലത്ത് ഗതാഗതസൗകര്യം കുറവായിരുന്നതുകൊണ്ട് ആൾക്കാർ കാൽനടയായി അല്ലെങ്കിൽ കഴുതപ്പുറത്തിരുന്നാണ് യാത്ര ചെയ്തിരുന്നത്. സ്വാഭാവികമായും വയലുകളുടെ കുറുകെ നടന്ന് യാത്രാദൂരം കുറയ്ക്കാൻ അവർ ശ്രമിച്ചിരുന്നു. അങ്ങനെ ജനങ്ങൾ നടന്നുനടന്ന് രൂപംകൊണ്ട ഇടവഴികളിൽ വീണ വിത്തുകളെപ്പറ്റി യേശു വിതക്കാരന്റെ ഉപമയിൽ പരാമർശിക്കുന്നുണ്ടല്ലോ.
പലസ്തീനായിൽ ആദ്യമഴയുടെ വരവോടെ ഒക്‌ടോബർ മാസത്തിലാണ് വിത തുടങ്ങുന്നത്. രണ്ടു രീതിയിലാണ് വിത നടത്തിയിരുന്നത്. ഉഴുതുപാകമാക്കിയ മണ്ണിൽ വിത്തു വിതറുന്നതാണ് ഒരു മാർഗം. കഴുതപ്പുറത്തേറ്റിയ ചാക്കിൽനിന്ന് വിതക്കാരൻ തന്റെ തോളത്തു തൂക്കിയിട്ട തുകൽ സഞ്ചിയിലേക്ക് വിത്തുകൾ പകർന്നെടുക്കുന്നു. കൈകൊണ്ടു വാരി വിത്തുകൾ വിതറുന്നു. രണ്ടാമത്തെ മാർഗം, ഉഴവു നടക്കുമ്പോൾതന്നെ കലപ്പയോടു ചേർത്തുവച്ച ചോർപ്പുവഴി വിത്തുകൾ നേരിട്ട് ഉഴവുചാലിലേക്ക് നിക്ഷേപിക്കുന്നതാണ്. വിത്തുകൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഈ മാർഗമാണ് നല്ലത്. യേശു സൂചിപ്പിച്ച ‘വൈരി’ ആദ്യത്തെ മാർഗമാണ് സ്വീകരിച്ചത്. അല്ലെങ്കിൽത്തന്നെ, അയാളുടെ കൈവശമുണ്ടായിരുന്നത് കളയുടെ വിത്തുകളായിരുന്നല്ലോ! അപ്പോൾപ്പിന്നെ, വിത്തുകൾ നഷ്ടപ്പെട്ടുപോകുന്നതിനെപ്പറ്റി അയാൾക്ക് ഉത്ക്കണ്ഠയുണ്ടായിരുന്നിരിക്കാൻ വഴിയില്ല.
‘സിസാനിയാ’ എന്ന ഗ്രീക്കുപദമാണ് കളയെ സൂചിപ്പിക്കാൻ സുവിശേഷങ്ങളുടെ മൂലഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിരുന്നത് ഘീശtuാ ഠലാൗഹലിൗോ എന്ന ശാസ്ത്രീയനാമമുള്ള ൃ്യലഴൃമ ൈഎന്ന ചെടിയാണ് ഉപമയിലെ കള എന്നാണ് നിഗമനം. കാഴ്ചയിൽ ഗോതമ്പുചെടിയോട് സാമ്യമുള്ള ഈ പുല്ലിന്റെ കതിരുപോലും തുടക്കദിശയിൽ ഗോതമ്പുകതിരിനോട് സാമ്യമുള്ളതാണ്. ഈ കളയെ ഗോതമ്പുചെടിയിൽനിന്ന് തിരിച്ചറിഞ്ഞു മാറ്റുക എന്നത് കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം അസാധ്യമായ ജോലിയായിരുന്നു. അതുകൊണ്ടുതന്നെ കളകളെ ഗോതമ്പുചെടിയോടൊപ്പം വളരാൻ അയാളനുവദിച്ചു. വിളവെടുപ്പു കഴിഞ്ഞ് ബാക്കിവന്ന വൈക്കോലിനോടൊപ്പം കളകൾ കത്തിച്ചുകളയുവാൻ, അതെ അവയുടെ വിത്തോടുകൂടിത്തന്നെ നശിപ്പിക്കാൻ അയാൾ കല്പന കൊടുക്കുന്നു (മത്തായി 13:30).
കളവിത്തുകൾ എവിടെനിന്ന്?
ഒരു സംശയം അവശേഷിക്കുന്നു: കളകൾ കത്തിച്ചുകളയുന്നത് പതിവായിരുന്നെങ്കിൽ, ‘ശത്രു’വിന് അവയുടെ വിത്തുകൾ എവിടെനിന്നു കിട്ടി? തീർച്ചയായും കഴിഞ്ഞ വിളവുകാലത്ത് അയാൾ കളവിത്തുകൾ സംഭരിച്ചുവച്ചിരുന്നു. കൃഷിക്കാരൻ തന്റെ വയലിൽ ഗോതമ്പുവിത്തുകൾ വിതയ്ക്കുന്ന സമയം വളരെ മുൻകൂട്ടി കണ്ട് അയാൾ കളവിത്തുകൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ചിലരെങ്കിലും അയാൾ അങ്ങനെ ചെയ്യുന്നത് കണ്ടുകാണണം. കാരണം ചോദിച്ചു കാണണം. അയാളുടെ മറുപടി എന്തായിരുന്നോ ആവോ?
നാമോരോരുത്തർക്കും ഈ ഉപമ മനഃപരിശോധനയ്ക്ക് വക നല്കുന്നുണ്ട്. നാമെപ്പോഴെങ്കിലും കളവിത്തുകൾ ശേഖരിക്കുവാനും സൂക്ഷിച്ചുവയ്ക്കുവാനും പരിശ്രമിച്ചിട്ടുണ്ടോ? വിദ്വേഷത്തിന്റെ, അസൂയയുടെ, അഹങ്കാരത്തിന്റെ, സംശയത്തിന്റെ, സ്വയം ന്യായീകരണത്തിന്റെ ഒക്കെ കളവിത്തുകൾ നമ്മുടെ മനസാകുന്ന പത്തായപ്പുരയിൽ കിടപ്പുണ്ടോ? മറ്റൊരുവനെതിരെ പ്രയോഗിക്കാൻ തക്കവിധം സമയമാകുമ്പോൾ പുറത്തെടുത്തു വിതയ്ക്കാൻ പരുവത്തിൽ നാം വിഷവിത്തുകൾ കരുതിവച്ചിട്ടുണ്ടോ?
മനോഹരമായ ഒരു കായലിന്റെ തുരുത്തിൽ താമസിച്ചിരുന്ന ഒരു ചെറുപ്പക്കാരന്റെ കഥ കേട്ടിട്ടുണ്ട്. തന്റെ ഗ്രാമത്തിലെ ഒരു പെൺകുട്ടിയോട് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അയാൾക്ക് ഇഷ്ടം തോന്നിയിരുന്നു. പിന്നീട് വിദ്യാഭ്യാസംപോലും പൂർത്തിയാക്കാതെ, തൊഴിൽരഹിതനായി അലഞ്ഞ അയാൾക്ക് ആ പെൺകുട്ടിയെ ഭാര്യയായി നല്കാൻ അവളുടെ വീട്ടുകാർ വിസമ്മതിച്ചു.
ആ കുട്ടിക്ക് വിവാഹാലോചന തുടങ്ങിയതറിഞ്ഞപ്പോൾ ആ യുവാവ് തുരുത്തിന്റെ കടവിൽത്തന്നെ പകൽ മുഴുവൻ ചെലവഴിക്കാൻ തുടങ്ങി. കടവിൽ ഓരോ വഞ്ചിയടുക്കുമ്പോഴും അയാൾ അടുത്തുചെല്ലും. ആ നാട്ടുകാരല്ലാത്ത ആരെങ്കിലും വള്ളത്തിൽ നിന്നിറങ്ങിയാൽ അവരെ പരിചയപ്പെടും. താനാഗ്രഹിച്ചിരുന്ന പെൺകുട്ടിയെ കാണാൻ പോകുന്ന കുടുംബക്കാരാണ് അവരെന്നറിഞ്ഞാലുടൻ അയാൾ തെറ്റിദ്ധാരണയുടെ കളവിത്തുകൾ അവരിൽ വിതയ്ക്കും. അങ്ങനെ പല കല്യാണാലോചനകളും മുടക്കാൻ അയാൾക്ക് സാധിച്ചു. ഒടുവിൽ, പെൺകുട്ടിയുടെ വീട്ടുകാർ അവളുമായി ആ തുരുത്തുവിട്ട് മാറിത്താമസിച്ചത്രേ.
നാമാരും കളവിത്തുകളുടെ സൂക്ഷിപ്പുകാരാവാതിരിക്കട്ടെ. നമ്മുടെ മനസാകുന്ന പത്തായപ്പുരകളിൽ പരസ്‌നേഹത്തിന്റെയും നന്ദിയുടെയും ഉപവിയുടെയും വിശുദ്ധിയുടേതുമായ നല്ല വിത്തുകൾ മാത്രം സൂക്ഷിക്കാൻ വിളവുകളുടെ നാഥൻ കൃപ തരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
കെ.ജെ.സിബിച്ചൻ
1 Comment
Thank you brother, for publishing my article. Let all the glory be to Him.