”എന്തിനാ അതു കളഞ്ഞത്?”

നാളുകൾക്കുമുൻപ് ഞാനൊരു മൊബൈൽ ഫോൺ വാങ്ങി. ഏറ്റവും വിലകുറഞ്ഞ ഫോൺ. അധികം സൗകര്യങ്ങളൊന്നുമില്ല. പക്ഷേ, ഒരു കുഴപ്പം എഫ്.എം റേഡിയോ ഉണ്ട് അതിൽ. 24 മണിക്കൂറും പാട്ടു കേൾക്കാം. മൊബൈൽ കൈയിൽ കിട്ടിയതോടെ മക്കൾക്ക് വലിയ സന്തോഷം. ഇയർഫോൺ ചെവിയിൽ കുത്തിക്കയറ്റി പാട്ടുംകേട്ട് പിള്ളേർ നടക്കുകയാണ്. എന്തെങ്കിലും പറഞ്ഞാൽ ‘പൊട്ടൻ വെടിക്കെട്ടു കാണുന്നതുപോലെ’ ആദ്യം ഒന്ന് അന്തിച്ചുനോക്കും. അതിനുശേഷം ചെവിയിൽനിന്ന് ഈ സാധനം വലിച്ചൂരി ‘പപ്പാ വല്ലതും പറഞ്ഞായിരുന്നോ?’ എന്നു ചോദിക്കും.

ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് കാര്യം മനസിലായി. ഇങ്ങനെ പോയാൽ ഇത് അവരുടെ പഠനത്തെ ബാധിക്കും. ഇയർഫോൺ ഒളിച്ചുവച്ചാലോ എന്നു ഞാൻ ചിന്തിച്ചു. ഒളിച്ചുവച്ചാൽ അവർ അത് തപ്പിനടന്ന് സമയം കളയും. അതുകൊണ്ട് ഒരു ഉപായം തോന്നി. ഇയർഫോണിന്റെ വയർ വലിച്ചുപൊട്ടിച്ച് കഷണങ്ങളാക്കി. അങ്ങനെ ഇട്ടാലും അവർ അത് പിരിച്ചുകൂട്ടി ഒന്നിപ്പിച്ചെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് അതിന്റെ സ്പീക്കർ ഇടിച്ചുപൊട്ടിച്ചു കളഞ്ഞ് കാണാവുന്നിടത്തുതന്നെ വച്ചു.
രാത്രി കിടന്നുകഴിഞ്ഞപ്പോൾ ദൈവാത്മാവിന്റെ സ്വരം എന്റെ ഹൃദയത്തിൽ കേട്ടു. ‘അത് പൊട്ടിച്ചുകളഞ്ഞല്ലേ?’ ഞാൻ മനസിൽ പറഞ്ഞു ‘കളഞ്ഞു. കുറെക്കൂടെ വിലയുള്ളതാണെങ്കിലും ഞാൻ കളയുമായിരുന്നു.’
‘എന്തിനാ അതു കളഞ്ഞത്?’

‘അല്ലെങ്കിൽ അവരുടെ പഠനത്തെ ബാധിക്കും. ഇപ്പോൾ പഠിക്കുകയെന്നതാണ് പ്രധാന കടമ. അതിലൂടെ അവർക്ക് ഒരു ഭാവിയുണ്ടാകണം.’
‘നല്ല കാര്യം. ഇതുപോലെ ഞാനും ചിലതൊക്കെ പൊട്ടിച്ചുകളഞ്ഞിട്ടുണ്ട്. അത് നിന്റെ നിത്യമായ ഭാവിയെ കരുതിയാണ്. അപ്പോഴൊക്കെ പിറുപിറുത്തിട്ടില്ലേ…?’

സംഗതി ശരിയാണ്. ചിലപ്പോൾ രോഗം വരുമ്പോൾ, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവപ്പെടുമ്പോൾ, അങ്ങനെ പല കാര്യങ്ങളിലും ഞാൻ പിറുപിറുത്തിട്ടുണ്ട്. ഞാൻ സമ്മതിച്ചു.

‘നീ ഒരു പിതാവാണ്. നിന്റെ മക്കളുടെ നന്മയെ കരുതി, ഭാവിയെ കരുതി, നീയിത് ചെയ്തു. ഞാനും നല്ല പിതാവാണ്. നിനക്കാവശ്യമുള്ളത്, നിത്യരക്ഷയ്ക്കുതകുന്നത് ഞാൻ തരും. മറ്റുള്ളവ ഞാൻ പൊട്ടിച്ചുകളയും. അതോർത്ത് ദുഃഖിക്കരുത്. എന്റെ അനന്തസ്‌നേഹമോർത്ത് സന്തോഷിക്കുക.’

‘വടി കൊടുത്ത് അടി മേടിച്ചല്ലോ’ എന്ന സന്തോഷത്തോടെ ഞാനും കിടന്നുറങ്ങി.

കുന്നേൽ അപ്പച്ചൻ

1 Comment

 1. sophia says:

  I like it .
  I love shalom and all activities
  Once I visited Shalom.
  with payers
  All the way from Saudi Arabia

Leave a Reply

Your email address will not be published. Required fields are marked *