ഇലപൊഴിയും കാലങ്ങൾക്കപ്പുറം…

എന്തിന് എനിക്ക് ഈ ജന്മം? ഞാൻ ജനിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്റെ അമ്മ എന്നെ ചെറുപ്പത്തിലേ കൊന്നു കളഞ്ഞിരുന്നെങ്കിൽ!
ഇവയെല്ലാം അനുഭവിച്ചുതീർക്കാൻ ദൈവമെന്തിന് എനിക്കിത്രയും ആയുസുതന്നു…? നിരന്തരമായ കഷ്ടപ്പാടുകളിലൂടെയും കഷ്ടാനുഭവങ്ങളിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കുന്ന ചിലരുടെയെങ്കിലും ആന്തരികവിലാപങ്ങളാണിത്.

സഹനത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ജോബ് ഇപ്രകാരം വിലപിച്ചു ”ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു. അവിടുന്ന് എന്നെ തകർത്തു. അവിടുന്നെന്റെ കഴുത്തിന് പിടിച്ച് നിലത്തടിച്ചു ചിതറിച്ചു. അവിടുന്ന് എന്റെ നേരെ ഉന്നം വച്ചിരിക്കുന്നു. അവിടുത്തെ വില്ലാളികൾ എന്നെ വലയം ചെയ്തിരിക്കുന്നു. അവിടുന്ന് എന്റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളർക്കുന്നു. അവിടുന്ന് എന്റെ പിത്തനീര് ഒഴുക്കിക്കളയുന്നു. അവിടുന്ന് എന്നെ ആവർത്തിച്ച് മർദിച്ചു തകർക്കുന്നു. പടയാളിയെപ്പോലെ അവിടുന്ന് എന്റെമേൽ ചാടി വീഴുന്നു. ശരീരത്തിന് ഞാൻ ചാക്കുവസ്ത്രം തുന്നിയിരിക്കുന്നു. എന്റെ നെറ്റി പൊടിയിൽ ആണ്ടിരിക്കുന്നു. കരഞ്ഞുകരഞ്ഞ് എന്റെ മുഖം ചെമന്നു; എന്റെ കൺപോളകളിൽ അന്ധകാരം കുടിയിരിക്കുന്നു” (ജോബ് 16:12-16).

എല്ലാം ഭംഗിയായി നടക്കുമ്പോൾ ദൈവമേ നീയാണ് എന്റെ അഭയം എന്ന് വിളിച്ചുപറയാൻ എളുപ്പമാണ്. എന്നാൽ നമുക്ക് വെളിച്ചം തരാൻ പ്രകാശത്തിന്റെ ഒരു കൈത്തിരിപോലും തെളിയാത്ത വേളകളിലും എന്റെ ദൈവമേ നീയാണ് എന്റെ പ്രകാശമെന്ന് പറയാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും ഉന്നതമായ വിശ്വാസം. അത്തരം വിശ്വാസികളെയാണ് ദൈവപിതാവ് തേടുന്നത്. ”നിങ്ങളിലാരാണ് കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ വാക്ക് അനുസരിക്കുകയും ചെയ്യുന്നത്? പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവൻ തന്നെ” (ഏശ. 50:10).

”എത്ര നാളായി ഈ ബൈബിളും കക്ഷത്തിൽവച്ച് നടക്കുന്നു? വല്ല ഗുണവും ഉണ്ടായോ? അതൊരേറുവച്ചു കൊടുത്തിട്ട് സുഖമായി ജീവിക്കണമെങ്കിൽ വേറെ വല്ല മാർഗവും നോക്ക്…” ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ ഒരു വചനപ്രഘോഷകൻ കേൾക്കേണ്ടിവന്ന ഉപദേശമാണിത്.

”ഞാൻ നിന്നോട് അന്നേ പറഞ്ഞില്ലേ മഠത്തിലെ ജീവിതം നീ വിചാരിക്കുന്നതുപോലെ സുഖകരമൊന്നുമല്ല എന്ന്. അന്ന് നീയതു കേട്ടില്ല. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒന്നല്ല രണ്ടുവട്ടം ഉടുപ്പൂരി പുറത്തുവന്നേനെ. ഇനിയെങ്കിലും ഗുണം പിടിക്കണമെങ്കിൽ ആ വഴിക്ക് വല്ലതും ചിന്തിക്ക്.” വലിയൊരു പ്രതിസന്ധിയിൽപെട്ട് വിശ്വാസംപോലും നഷ്ടപ്പെടും എന്ന് ഭയപ്പെട്ടു തേങ്ങുന്ന ഒരു സന്യാസിനിക്ക് തന്റെ മൂത്ത സഹോദരി നല്കിയ ഉപദേശമാണിത്.

”നിനക്കൊരു നല്ല ജോലിയില്ലേ, പിന്നെന്തിനാണ് നീയിങ്ങനെ കരഞ്ഞുകരഞ്ഞു കാലം കഴിക്കുന്നത്? കാലാകാലത്തോളം അവന്റെ ആട്ടും തുപ്പും കൊണ്ട് അടീം മേടിച്ച് അടിമയെപ്പോലെ ജീവിക്കാനാണോ നിന്റെ ഭാവം? അവനോടുപോയി പണിനോക്കാൻ പറയെടീ. നീ ഒരു വാക്കു പറഞ്ഞാൽമതി ഡിവോഴ്‌സിനുവേണ്ട കടലാസുകളെല്ലാം ഞാൻ റെഡിയാക്കിത്തരാം… ഇനിയെങ്കിലും വിവരമുള്ളവരെപ്പോലെ ചിന്തിക്ക്.” ഒരു വല്ല്യാങ്ങള കുഞ്ഞനുജത്തിക്ക് കൊടുത്ത ജ്ഞാനോപദേശം!

അഗ്നിപരീക്ഷണങ്ങളുടെ എരിതീയിൽ വെന്തുരുകുമ്പോഴായിരിക്കും എരിതീയിൽ എണ്ണ പകരുന്നതുപോലെയുള്ള ഇത്തരം ഉപദേശങ്ങൾ ലഭിക്കുക. തന്റെ തിരുവിലാവിലെ തിരുമുറിവിൽ വിരൽ ഇടാൻ അനുവദിച്ചുകൊണ്ട് യേശു തോമാശ്ലീഹായോട് പറഞ്ഞു: തോമസേ, നീയിതു കണ്ടതുകൊണ്ട് വിശ്വസിച്ചു. എന്നാൽ കാണാതെ വിശ്വസിക്കുന്നവർ അനുഗൃഹീതർ. ദൈവസ്‌നേഹത്തിന്റെയും ദൈവികസാന്ത്വനത്തിന്റെയും ദൈവപരിപാലനയുടെയും പ്രകടമായയ തെളിവുകൾ നമുക്ക് മുൻപിലുള്ളപ്പോൾ ദൈവത്തിൽ വിശ്വസിക്കുക വളരെ എളുപ്പമാണ്. എന്നാൽ, ഇവയുടെയെല്ലാം അഭാവത്തിലും പറയാൻ കഴിയണം ”തീ കൊളുത്തുകയും തീക്കൊള്ളികൾ മിന്നിക്കുകയും ചെയ്യുന്നവരേ നിങ്ങൾ കൊളുത്തിയ തീയുടെയും മിന്നിച്ച തീക്കൊള്ളിയുടെയും പ്രകാശത്തിൽ സഞ്ചരിച്ചുകൊള്ളുവിൻ” (ഏശ. 50:11) എന്ന്. എല്ലാ പ്രതിസന്ധികൾക്കുമപ്പുറം ആശ്വാസത്തിന്റെ ഒരു പ്രഭാതം ദൈവം നിരന്തരം സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്കായി നിശ്ചയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വലിയ സഹനങ്ങളും ഉണ്ടാകുമ്പോൾ അതിനുള്ള പരിഹാരത്തിനായി ക്ഷമയോടെ ദൈവതിരുസന്നിധിയിൽ എത്താത്തവർ അവയെ കൂടുതൽ രൂക്ഷമാക്കും. ദൈവാശ്രയവും ദീർഘക്ഷമയും എളിമയും ഉള്ളവർക്ക് പ്രതിസന്ധികളെയും സഹനങ്ങളെയും തരണം ചെയ്യാനുള്ള കൃപയും ദൈവം നല്കും. കാസിയായിലെ വിശുദ്ധ റീത്തയുടെ ജീവിതം ഇതിനുള്ള ഉത്തമ ഉദാഹരണമാണ്.

നിരന്തരസഹനങ്ങളിൽ പ്രത്യാശയോടെ

കാസിയായിലെ വിശുദ്ധ റീത്ത തന്റെ മാതാപിതാക്കൾക്ക് വാർധക്യത്തിൽ പിറന്ന ഏകസന്താനമായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ ജനനം ആ നാടിന്റെ മൊത്തത്തിലുള്ള സന്തോഷവും അത്ഭുതവുമായിരുന്നു. റീത്ത പുണ്യപൂർണരായ തന്റെ മാതാപിതാക്കളുടെ നല്ല ശിക്ഷണത്തിൽ പുണ്യവതിയായിത്തന്നെ വളർന്നുവന്നു. കൗമാരത്തിലേക്ക് പ്രവേശിച്ചതോടെ റീത്തക്ക് ഒരു കന്യാസ്ത്രീ ആകുവാൻ മോഹമുണർന്നു. അവൾ തന്റെ കന്യാത്വം ദിവ്യമണവാളനായ യേശുവിന് സമർപ്പിച്ചു. എന്നാൽ, റീത്തയുടെ മാതാപിതാക്കൾ അതിന് വിസമ്മതിച്ചു. വാർദ്ധക്യത്തിന്റെ പീഡകളിൽ എത്തിനിന്ന അവർക്ക് ഏക ആശ്രയം താനാണെന്ന് തിരിച്ചറിഞ്ഞ അവൾ കന്യാമഠത്തിൽ ചേരാതെ ഏകസ്ഥയായി ജീവിച്ചുകൊണ്ട് തന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കാം എന്ന് ആഗ്രഹിച്ചു. എന്നാൽ അവളുടെ മാതാപിതാക്കളാകട്ടെ അതിനും സമ്മതിച്ചില്ല. തങ്ങളുടെ മകളുടെ ജീവിതം തങ്ങളുടെ കണ്ണുകൾ അടയുന്നതിനുമുമ്പേ കരുത്തനായ ഒരുവനെ കണ്ടുപിടിച്ച് അവന്റെ കൈകളിൽ ഏല്പിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. മാതാപിതാക്കളുടെ ഹിതത്തിനുമുന്നിൽ അവൾ തന്റെ സ്വന്തം ഹിതം ബലിയർപ്പിച്ചു. വിശുദ്ധയായ ഒരു കന്യാസ്ത്രീ ആകണമെന്ന അവളുടെ അന്തരാത്മാവിന്റെ മോഹം അവൾ ബലിയായി സമർപ്പിച്ചു. തന്റെ മാതാപിതാക്കളുടെ ഇഷ്ടപ്രകാരം ഫെർഡിനാൻഡോ എന്ന ഉന്നതകുലജാതനും പേരും പ്രശസ്തിയുമുള്ളവനുമായ ഒരു യുവാവിനെ അവൾ തന്റെ ഭർത്താവായി സ്വീകരിച്ചു.

അവളുടെ കുരിശുയാത്ര അവിടെ തുടങ്ങുകയായിരുന്നു. റീത്തയുടെ മാതാപിതാക്കളും റീത്തയും ആഗ്രഹിച്ചതുപോലെ സൽസ്വഭാവിയായ ഒരാളായിരുന്നില്ല ഫെർഡിനാൻഡോ. അയാൾ തികഞ്ഞ ആഡംബരപ്രേമിയും ധൂർത്തനും മദ്യപാനിയും ചില വഴിപിഴവുകൾ ഉള്ള വ്യക്തിയും ആയിരുന്നു. പ്രാർത്ഥിച്ച് കാത്തിരുന്നതിനുശേഷം സ്വന്തമാക്കിയ ഭർത്താവ് അവളുടെ പ്രതീക്ഷകൾകൊത്ത് ഉയർന്നില്ല എന്നു മാത്രമല്ല, ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത യാതനകളിലേക്ക് അവളുടെ ജീവിതത്തെ കൊണ്ടെത്തിക്കുകയും ചെയ്തു.

”ചൂതുകളിയിലും മദ്യപാനത്തിലും തന്റെ പണം മുഴുവൻ ധൂർത്തടിച്ച ഫെർഡിനാൻഡോ വീട്ടുചെലവുകൾ വർധിക്കുവാൻ കാരണം റീത്തയുടെ ധാരാളിത്തമാണെന്ന് പഴി പറയുമായിരുന്നു. മദ്യപിച്ച് വീട്ടിലെത്തുന്ന അദ്ദേഹത്തോടൊപ്പം കഴിയുക തീർത്തും ദുഷ്‌കരമായിരുന്നു. പലപ്പോഴും ദുസഹമായ ചീത്തവിളികളും ക്രൂരമായ പെരുമാറ്റങ്ങളും അവൾക്ക് നേരിടേണ്ടതായി വന്നു. രാവും പകലും തന്റെ ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തിന് സ്വയം നിന്നുകൊടുക്കുവാനല്ലാതെ അവൾക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല” (കാസിയായിലെ വിശുദ്ധ റീത്ത).
”പ്രായമായ മാതാപിതാക്കളും ദരിദ്രമായ കുടുംബവും…. അവൾക്കുവേണ്ടി വാദിക്കുവാൻ ആരും ഉണ്ടായിരുന്നില്ല. ജോബിനെപ്പോലെ ദൈവം അവളെയും പീഡനത്തിന് വിട്ടുകൊടുത്തു. യേശുവിന്റെ മണവാട്ടിയാകാൻ അതിയായി ആഗ്രഹിച്ച അവൾക്ക് ആ സ്ഥാനം നിഷേധിക്കപ്പെട്ടു എന്നുമാത്രമല്ല, ക്രൂരനായ തന്റെ ഭർത്താവിൽനിന്നും പീഡനവും ഏല്‌ക്കേണ്ടിവന്നു. അവളുടെ ജീവിതം ദുഃസഹവും ദുരിതപൂർണവുമായിരുന്നു.”

ഈ സമയങ്ങളിലെല്ലാം ജീവിതം ദുഃഖപൂർണമായി എന്നതിനെക്കാൾ മനസിന്റെ ആഗ്രഹങ്ങളെല്ലാം തകർന്നടിയുന്ന അനുഭവം അവൾക്കുണ്ടായി. എങ്കിലും സന്യാസജീവിതം തനിക്ക് നിഷേധിക്കുകയും ക്രൂരനായ ഒരു ഭർത്താവിനെ തിരഞ്ഞെടുത്ത് തരികയും ചെയ്ത തന്റെ മാതാപിതാക്കളെ അവൾ കുറ്റപ്പെടുത്തിയില്ല. പരാതിയും പരിഭവവുമില്ലാതെ അവൾ എല്ലാവരെയും സ്‌നേഹിച്ചു. എല്ലാം സഹിച്ചു. ക്ഷമിക്കുവാനും കൂടുതൽ ആഴത്തിൽ സ്‌നേഹിക്കുവാനും പഠിക്കുന്നതിനുള്ള അവസരങ്ങളായി അവൾ സഹനങ്ങളെ കണ്ടു. പുണ്യങ്ങൾ അഭ്യസിക്കുവാൻ സഹനങ്ങൾ എത്രയോ അനിവാര്യമാണെന്ന് അവൾ മനസിലാക്കി.

അവസാനം അതു സംഭവിച്ചു

അവസാനം അതു സംഭവിച്ചു. ക്രൂരനായ ഫെർഡിനാൻഡോ മാനസാന്തരപ്പെട്ടു. റീത്തയുടെ ശരീരത്തിലും മനസിലും ഏറ്റ മുറിവുകൾ ഫെർഡിനാൻഡോക്ക് ശാപമായി തീരുകയല്ല ചെയ്തത്. അതിൽ നിന്നൊഴുകിയ പുണ്യത്തിന്റെ സുഗന്ധം അയാളെ മാനസാന്തരത്തിലേക്ക് നയിച്ചു. നാളുകളായി തന്റെ എല്ലാ ക്രൂരതകളും പരാതികൂടാതെ സഹിക്കുകയും അതിലേറെ തന്നെ സ്‌നേഹിക്കുകയും ചെയ്ത റീത്തയുടെ വിശുദ്ധി ഫെർഡിനാൻഡോയെ ആകർഷിച്ചുതുടങ്ങി. വർഷങ്ങളായി തന്റെ പീഡനം ഏല്‌ക്കേണ്ടിവന്നിട്ടും സ്വന്തം ഭവനത്തിലോ നാട്ടുകാരുടെ ഇടയിലോ അതു സൂചിപ്പിക്കുകപോലും ചെയ്യാതെ ആ നാട്ടിലെ ഏറ്റവും സന്തോഷവതിയായ യുവതിയായി ജീവിക്കുന്ന തന്റെ ഭാര്യയുടെ ആത്മീയ ശക്തിയെക്കുറിച്ച് അദ്ദേഹത്തിന് അത്ഭുതം തോന്നിത്തുടങ്ങി. ഇത്രയേറെ ദ്രോഹങ്ങൾ ചെയ്തിട്ടും തന്നെ തിരിച്ചു സ്‌നേഹിക്കുകമാത്രം ചെയ്തിരുന്ന തന്റെ ഭാര്യയിൽ വസിക്കുന്ന സ്വർഗീയശക്തിയെക്കുറിച്ച് അദ്ദേഹം ബോധവാനായി. തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ അയാൾ കുമ്പസാരക്കൂട്ടിലേക്ക് ഓടി. കണ്ണുനീരോടെ തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞു. അദ്ദേഹം തന്റെ ഭാര്യയെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണാൻ തുടങ്ങി. ”ഭാര്യമാരേ, നിങ്ങൾ ഭർത്താക്കന്മാർക്ക് വിധേയരായിരിക്കുവിൻ. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരെ വാക്കുകൊണ്ടല്ല പെരുമാറ്റംകൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കുവാൻ ഭാര്യമാർക്ക് കഴിയും. അവർ നിങ്ങളുടെ ആദരപൂർവകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇത് സാധ്യമാവുക” (1 പത്രോ. 3:1-2) എന്ന തിരുവചനം റീത്തയുടെയും ഫെർഡിനാൻഡോയുടെയും ജീവിതത്തിൽ യാഥാർത്ഥ്യമായി.

അവരുടെ പുണ്യദാമ്പത്യവല്ലരിയിൽ രണ്ടു പൂമൊട്ടുകൾ വിടരാൻ ദൈവം ഇടവരുത്തി. അങ്ങനെ ഭർത്താവും മക്കളും ഒന്നിച്ചുള്ള പുണ്യജീവിതത്തിന്റെ മനോഹാരിത ആസ്വദിച്ചുതുടങ്ങിയപ്പോഴേക്കും മറ്റൊരു മഹാദുരിതം അവളുടെ ജീവിതത്തിലേക്ക് ചേക്കേറി. ഫെർഡിനാൻഡോയെ ഏതോ മുൻവൈരാഗ്യക്കാർ ദാരുണമായി വധിച്ചു. സ്‌നേഹവതിയായ ഒരു ഭാര്യയ്ക്ക് താങ്ങാൻ ആവുന്നതിൽ അധികമായിരുന്നു ആ ആഘാതം. എങ്കിലും അവൾ ദൈവകരങ്ങളിൽനിന്നും നന്ദിയോടെ ആ മരണത്തെ സ്വീകരിച്ചു.

നാളുകൾ പിന്നിട്ടു. തന്റെ പ്രിയപ്പെട്ടവന്റെ വേർപാടിൽ റീത്ത തീവ്രമായ മാനസികദുഃഖം സഹിച്ചിരുന്നെങ്കിലും അവൾ ദൈവത്തിന്റെ കൃപ യാചിച്ചുകൊണ്ട് അവസരത്തിനൊത്ത് ഉയർന്നു. കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ എല്ലാം ഏറ്റെടുത്തു നടത്തി. മക്കളെ നല്ല വഴിയിൽ നടത്തി. അവിടെയും സഹനം അവളെ വെറുതെ വിട്ടില്ല. ക്രൂശിതൻ വീണ്ടുമവളെ മാറോടുചേർത്ത് പുല്കി. പ്രായപൂർത്തിയായ തന്റെ മക്കളുടെ സംസാരം റീത്ത ഒരവസരത്തിൽ കേൾക്കുവാനിടയായി. അവർ തങ്ങളുടെ പിതാവിന്റെ ഘാതകരെ വധിച്ച് പകരംവീട്ടുവാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. ഒരമ്മയെന്ന നിലയിൽ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം അവൾ തന്റെ പുത്രന്മാരെ കൊലപാതകത്തിൽനിന്നും രക്ഷിക്കുവാൻവേണ്ടി ചെയ്തിട്ടും അവളുടെ മക്കൾ തങ്ങളുടെ ഗൂഢോദ്ദേശ്യത്തിൽനിന്നും പിന്തിരിഞ്ഞില്ല. തന്റെ മക്കളെ നരകത്തിന്റെ നിത്യശിക്ഷയിൽനിന്ന് രക്ഷിക്കുന്നതിനുള്ള അവസാന മാർഗമെന്നവണ്ണം അവൾ തന്റെ പൊന്നോമന പുത്രന്മാരുടെ മരണത്തിനുവേണ്ടി കർതൃസന്നിധിയിൽ പ്രാർത്ഥിച്ചു. പിതാവിന്റെ ഘാതകരെ വധിച്ച് മക്കൾ നിത്യശിക്ഷ ഏറ്റുവാങ്ങുന്നതിൽ ഭേദം അതിനുമുമ്പ് തന്റെ മക്കളുടെ ജീവൻ തിരിച്ചെടുക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് അവൾ ദൈവത്തോട് വാദിച്ചു. ദൈവമവളുടെ പ്രാർത്ഥന കേട്ടു. മക്കൾ രണ്ടുപേരും രോഗം പിടിപെട്ട് മരിച്ചു. അവൾ പ്രാർത്ഥിച്ചു മേടിച്ച മരണമായിരുന്നെങ്കിലും മക്കളുടെ വേർപാട് അവളെ കുറച്ചൊന്നുമല്ല തളർത്തിയത്. സ്വന്തമായി കരുതാൻ ആരുമില്ലാത്ത അവസ്ഥ ഭീകരമായ ഏകാന്തതയിലേക്കും കഠോരമായ ദുഃഖത്തിലേക്കും അവളെ തള്ളിയിട്ടു. റീത്തയുടെ മാതാപിതാക്കളും ഇതിനോടകം സ്വർഗത്തിലേക്ക് യാത്രയായിരുന്നു.

കഠിനദുഃഖത്തിന്റെ തടവിൽനിന്ന് പരിശുദ്ധാത്മാവ് വീണ്ടും അവളെ താങ്ങിയെഴുന്നേല്പ്പിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ നിർബന്ധിതമായി തന്നിൽനിന്നും വേർപെടുത്തപ്പെട്ട അവളുടെ ആദ്യസ്വപ്‌നം, ഒരു സന്യാസിനിയാവുക എന്നത് വീണ്ടും അവളുടെ ഹൃദയത്തിലേക്ക് കടന്നുവന്നു. ഏറെ ഉപവസിച്ചും പ്രാർത്ഥിച്ചും തന്നെത്തന്നെ എളിമപ്പെടുത്തുവാൻ പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്തും റീത്ത അവസാനം കാസിയായിലെ മഡലേന സന്യാസഭവനത്തിലെത്തി. അവൾ തന്റെ ഹൃദയാഭിലാഷം സന്യാസഭവനത്തിലെ അധികാരിയെ അറിയിച്ചു. വിധവകളെ സ്വീകരിക്കുവാൻ അനുമതി ഉണ്ടായിരുന്നിട്ടും സന്യാസാധികൃതർ അവളെ സ്വീകരിച്ചില്ല. കാസിയായിൽ താമസിച്ചുകൊണ്ട് വീണ്ടും രണ്ടുതവണകൂടി അവൾ അപേക്ഷിച്ചു. പക്ഷേ, വീണ്ടും വീണ്ടും തിരസ്‌കരിക്കപ്പെട്ടു. മാത്രമല്ല വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന നിർദേശവും കിട്ടി. എന്നിട്ടും അവൾ പതറിയില്ല. നിരാശയ്ക്കടിമപ്പെട്ടുമില്ല. നിരാശയ്ക്ക് പകരം അവളിൽ ദൈവാശ്രയബോധമാണ് വളർന്നുവന്നത്. അവൾ കൂടുതലായി എളിമപ്പെട്ടു. ദൈവത്തിൽ ശരണംവച്ചു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നവൾ വിശ്വസിച്ചു. എല്ലാ വഴികളും അവൾക്കുമുൻപിൽ അടഞ്ഞപ്പോൾ ദൈവം തന്റെ വഴി അവൾക്കായി തുറന്നു. സ്വർഗം അവൾക്കുവേണ്ടി ചിറകു വിരിച്ചു. ഒരു രാത്രിയിൽ വിശുദ്ധ സ്‌നാപകയോഹന്നാനും വിശുദ്ധ അഗസ്തീനോസും വിശുദ്ധ നിക്കോളാസും ചേർന്ന് സന്യാസഭവനത്തിന്റെ വാതിലുകൾ തുറന്ന് റീത്തയെ അതിനുള്ളിലേക്ക് നയിച്ചു. പിറ്റേദിവസം പ്രഭാതത്തിൽ റീത്തയിൽനിന്നും വിവരങ്ങൾ ഗ്രഹിച്ച സന്യാസാധികൃതർ റീത്തയുടെ അപേക്ഷപ്രകാരം അവളെ ആ മഠത്തിൽ അംഗമായി സ്വീകരിച്ചു.

മഠത്തിലും ക്രൂശിതന്റെ ആലിംഗനം

മഠത്തിനുള്ളിലെ അവളുടെ ജീവിതവും സഹനവിമുക്തമായിരുന്നില്ല. കൂടുതൽ കൂടുതൽ വേദനകളിലേക്ക് അവളുടെ ജീവിതം എടുത്തെറിയപ്പെട്ടു. അതിനുംപുറമേ അവൾ ക്രൂശിതനിൽനിന്നും സഹനങ്ങൾ ചോദിച്ചുവാങ്ങി. ഈശോയുടെ തലയിൽ തറച്ചുകയറിയ എഴുപത്തിരണ്ട് മുള്ളുകളിൽ ഒന്നിന്റെ വേദന അവൾ ഈശോയിൽനിന്നും ചോദിച്ചുവാങ്ങി. സ്വർഗത്തിൽനിന്നും പുറപ്പെട്ട ഒരു പ്രകാശരശ്മി അവളുടെ നെറ്റിത്തടത്തിൽ ആഴത്തിലുള്ള ഒരു മുറിവുണ്ടാക്കി. ആദ്യമായി ആ മുറിവ് പ്രത്യക്ഷപ്പെട്ട നിമിഷം വേദനയുടെ ആധിക്യംകൊണ്ട് അവൾ മരണത്തോളമെത്തി. പക്ഷേ, മുറിവു കൊടുത്തവൻ അവളെ മരിക്കാതെ താങ്ങി. ആ മുറിവിൽനിന്നും പുറപ്പെട്ട രൂക്ഷമായ ദുർഗന്ധം അവളെ മഠത്തിനുള്ളിലുള്ള സമൂഹജീവിതത്തിൽനിന്നും അകറ്റിനിർത്തി. മഠത്തിന്റെ ഒരു കോണിൽ ഒരു മുറിയിൽ ഒറ്റയ്ക്ക് താമസിക്കേണ്ടിവന്ന അവളുടെ മുറിവിൽനിന്നും പുറപ്പെട്ട ദുർഗന്ധം സഹസന്യാസിനികൾക്ക് സഹിക്കവയ്യാത്തതായതുകൊണ്ട് ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ഭീകരതയിലേക്ക് അവളെ തള്ളിയിട്ടു. സകല വേദനകളും സഹിച്ചുകൊണ്ടുതന്നെ ചാരിത്ര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങൾ കാത്ത് ഉത്തമസന്യാസിനിയായി അവൾ ജീവിച്ചു. ജീവിച്ചിരുന്നപ്പോൾതന്നെ നിരവധി അത്ഭുതങ്ങൾ അവളുടെ പ്രാർത്ഥനയും സാന്നിധ്യവുംമൂലം സംഭവിച്ചു. 46 വർഷത്തെ സന്യാസജീവിതം അതികഠിനമായ വേദനകളുടെയും സഹനങ്ങളുടെയും നിരന്തര സമ്മേളനമായിരുന്നു.

യേശുവിന് അവൾ സ്വയം സമർപ്പിച്ച തന്റെ കന്യാത്വം അവിടെനിന്നും പറിച്ചെടുത്ത് അനുസരണത്തിന്റെ ബലിവേദിയിൽ ബലിയർപ്പിച്ച നാൾമുതൽ മകൾ, ഭാര്യ, അമ്മ, വിധവ, സന്യാസിനി ഈ നാലു തലങ്ങളിലും നിരന്തരമായ സഹനത്തിലൂടെ അവൾ പിന്നിട്ട തന്റെ ഇഹലോകജീവിതം 1457 മെയ് 22-ന് എഴുപത്തിയാറാമത്തെ വയസിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഓരോ തലങ്ങളിലും ജീവിതത്തിൽ നേരിടുന്ന നിരന്തര സഹനങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നതിന് ഉത്തമ മാതൃക നല്കിക്കൊണ്ടാണ് അവൾ ഈ ലോകത്തിൽനിന്നും യാത്രയായത്. മരണസമയത്ത് അവളുടെ നെറ്റിയിലുണ്ടായിരുന്ന മുറിവിലെ ദുർഗന്ധം മാറി അതു സ്വർഗീയമായ സുഗന്ധമായി കിലോമീറ്ററുകൾക്കപ്പുറത്തേക്ക് വ്യാപിച്ചു. ആ മഹാസുഗന്ധത്തിന്റെ ഉത്ഭവസ്ഥലം തേടി ആളുകൾ ഓടിക്കൂടി. കാസിയ പട്ടണത്തിലെ പള്ളിമണികൾ സ്വയം മുഴങ്ങാൻ തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും ഓടിക്കൂടിയവർ റീത്ത ഒരു മഹാവിശുദ്ധയാണെന്ന് തിരിച്ചറിഞ്ഞു. നിരന്തരമായ സഹനങ്ങളിലൂടെ കടന്നുപോയെങ്കിലും റീത്തയുടെ ജീവിതം സദാ വിഷാദമൂകമായ ഒന്നായിരുന്നില്ല. സഹനങ്ങളിലും കർത്താവിൽ ആനന്ദിക്കുന്ന ജീവിതമായിരുന്നു റീത്തയുടേത്. തിരുവചനങ്ങൾ പറയുന്നതുപോലെ ”അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും ഒലിവുമരത്തിൽ കായ്കൾ ഇല്ലാതായാലും വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിൻകൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും. കർത്താവായ ദൈവമാണ് എന്റെ ബലം” (ഹബ. 3:17-18).

ഈ ആനന്ദം ലോകം തരുന്ന ആനന്ദമല്ല. പിന്നെയോ ആത്മാവിനാൽ നിറയുന്ന ഒരു വ്യക്തിയിൽ പരിശുദ്ധാത്മാവ് ചൊരിയുന്ന ഫലമാണ്. ഈ സന്തോഷം, ഈ ആനന്ദം നമുക്ക് നല്കണമേയെന്ന് നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം. അപ്പോൾ സഹനമുള്ളപ്പോഴും ആനന്ദിക്കുവാനുള്ള കൃപ ദൈവം തരും. അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ മുതൽ മരണംവരെ കയ്‌പ്പേറിയ സഹനങ്ങളിലൂടെ കടന്നുപോയവളാണ് വിശുദ്ധ അൽഫോൻസ. സഹനങ്ങളെ ആഘോഷങ്ങളാക്കി മാറ്റിയവൾ! ജീവിതത്തിലൊരിക്കൽപോലും നിരാശയുടെ ഒരു വാക്ക് വായിൽനിന്നും ഉതിർന്നുവീണില്ല. സഹനങ്ങളിൽ അവൾ ആനന്ദിച്ചു. ദൈവമേ എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഇങ്ങനെ എന്നവൾ ഒരിക്കലും ദൈവത്തോട് ചോദിച്ചില്ല. മറിച്ച് ഓരോ വേദനകൾ വന്നപ്പോഴും ഇതാ ഞാൻ കർത്താവിന്റെ ദാസി എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ ഹിതത്തിന് കീഴ്‌വഴങ്ങി. എല്ലാറ്റിനുമുപരി യേശു സഹിച്ചതുപോലെ സഹിക്കാൻ നമുക്ക് പഠിക്കാം. ”അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച് അപമാനം വകവയ്ക്കാതെ കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാൽ മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കുവാൻവേണ്ടി, അവൻ തന്നെ എതിർത്ത പാപികളിൽനിന്നും എത്രമാത്രം സഹിച്ചുവെന്ന് ചിന്തിക്കുവിൻ” (ഹെബ്രാ. 12:2-3).

യേശുവിനെ മരിച്ചവരിൽനിന്നും ഉയിർപ്പിച്ച പരിശുദ്ധാത്മാവ് നമ്മുടെ ജീവിതങ്ങളെയും പുനരുത്ഥാനത്തിന്റെ മഹിമയിലേക്ക് നയിക്കട്ടെ.

സ്റ്റെല്ല ബെന്നി

9 Comments

  1. pratheesh mathew says:

    Very nice & very beautiful life of st.reetha. Thankyou jesus

  2. claramma joseph says:

    Praise the Lord !

    Thanks a lot for Narrating the life of Saint Reeta. This article may help lot of people to lead their life happily even though they are leading a miserable life now by holding the hand of Jesus according to the will of God.

    May Holy Spirit guide you to write more and more powerful articles in future.

    claramma

  3. Thomas KM says:

    Thank you very much Stella Sister for such a good article, May Holy Spirit inspire you to write more

  4. Smitha tijo says:

    I need shalom messages

  5. Sr. Maria C M C says:

    Thank you for the inspiring and spirit filled words.
    Sr. Maria C M C

  6. Sr. Maria C M C says:

    I never fail to read each pages of Shalom

  7. Vimal Vincent says:

    Thank you Chechi for this wonderful letter. It helps me a lot and I believe you wrote it for me. God bless you for the this initiative.

  8. george m o says:

    Thank for your articles
    that help me a lot

  9. GISHA SIBI says:

    stella teacher i am reading ur article since when i was in high school period.u r a gift of God.Thanks be to God forever.

Leave a Reply to Sr. Maria C M C Cancel reply

Your email address will not be published. Required fields are marked *