ഓരോ വ്യക്തിയെയും മനുഷ്യനാക്കുന്നതെന്തോ അതാണ് ആത്മാവ്. അത് അവന്റെ ആധ്യാത്മിക ജീവിതതത്വമാണ്. അത്യഗാധമായ സത്തയാണ്. ആത്മാവ് ഭൗതികമായ ശരീരം സജീവമാനുഷിക ശരീരമാക്കിത്തീർക്കുന്നു. മനുഷ്യൻ തന്റെ ആത്മാവിലൂടെ ‘ഞാൻ’ എന്നു പറയാൻ കഴിയുന്ന സൃഷ്ടിയാകുന്നു. ദൈവതിരുമുൻപാകെ പകരംവയ്ക്കാനാവാത്ത വ്യക്തിയായിത്തീരുകയും ചെയ്യുന്നു (362365, 382). മനുഷ്യർ ശരീരവും ആത്മാവുമുള്ള സൃഷ്ടികളാണ്.
മനുഷ്യന്റെ ചൈതന്യം അവന്റെ ശരീരത്തിന്റെ ഒരു ധർമമെന്നതിനെക്കാൾ കൂടുതലായിട്ടുള്ളതാണ്. മനുഷ്യന്റെ ഭൗതികഘടനയുടെ ഭാഷയിൽ അതിനെ വിശദീകരിക്കാനാവുകയില്ല. ശരീരത്തോട് ഐക്യപ്പെട്ടിരിക്കുന്നതും എന്നാൽ ശരീരമല്ലാത്തതുമായ ഒരു ആത്മീയ തത്വം ഉണ്ടായിരിക്കണമെന്ന് ബുദ്ധിശക്തി നമ്മോടു പറയുന്നു. നാം അതിനെ ‘ആത്മാവ്’ എന്നു വിളിക്കുന്നു. ആത്മാവിന്റെ അസ്തിത്വം ശാസ്ത്രീയമായി ‘തെളിയിക്കാൻ’ സാധിക്കുകയില്ല. എന്നാലും, ഭൗതികപദാർത്ഥത്തെ അതിശയിക്കുന്ന ഈ ആത്മീയതത്വം അംഗീകരിക്കാതെ മനുഷ്യനെ ആത്മീയനോ ബൗദ്ധികനോ ആയ സത്തയായി മനസിലാക്കാൻ കഴിയുകയില്ല.
യുകാറ്റ്