അവകാശത്തെക്കുറിച്ച് അറിയുക

ഒരിക്കൽ ഒരു വചനപ്രഘോഷകൻ പ്രായംചെന്ന ഒരു മനുഷ്യനോട് ചോദിച്ചു: താങ്കൾ ക്രിസ്ത്യാനിയായിട്ട് എത്രനാളായി? അയാൾ പറഞ്ഞു: അമ്പതുവർഷം. സന്തോഷത്തോടെ വചനപ്രഘോഷകൻ പറഞ്ഞു: അമ്പതുവർഷം വിശ്വാസം കാത്തുസൂക്ഷിച്ച് ജീവിച്ചതുകൊണ്ട്, അവസാനംവരെ പിടിച്ചുനിൽക്കാമെന്നുള്ള ഉറപ്പുണ്ടായിരിക്കുമല്ലോ? വിശ്വാസദാർഢ്യമുണ്ടായിരുന്ന ആ മനുഷ്യൻ അതിന് കൊടുത്ത മറുപടി ഏറെ ശ്രദ്ധേയമായിരുന്നു: ഞാൻ സ്വയം പിടിച്ചുനില്ക്കുകയല്ല, കർത്താവാണ് എന്റെ കൈയ്ക്ക് പിടിച്ചിരിക്കുന്നത്. അവിടുന്ന് എന്നെ സ്വന്തമാക്കിയിരിക്കുകയാണ്. അവിടുത്തെ വചനമാണ് എനിക്ക് ഈ ഉറപ്പു നല്കുന്നത്. അവിടുന്ന് പ്രത്യാശയുടെ സാക്ഷാത്ക്കാരകനാണ്.

ദൈവത്തിന്റെ സ്വന്തമാകാൻ

സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ (ഉല്പ. 1:27) ഹൃദയാർജവത്വമാണ് അവനെ സ്വന്തമാക്കുക. പ്രവാചകവചനം ശ്രദ്ധിക്കൂ: ”യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കർത്താവ് അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ട ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ ഞാൻ പേരുചൊല്ലി വിളിച്ചിരിക്കുന്നു, നീ എന്റേതാണ്” (ഏശ. 43:1). മനുഷ്യമഹത്വത്തിന്റെ ഉദാത്ത രൂപമാണ് ഈ പ്രവാചകവചനത്തിൽ തെളിഞ്ഞുനില്ക്കുക. ‘നീ എന്റേതാണ്’ എന്ന വെളിപ്പെടുത്തലിലൂടെ ദൈവം ഇസ്രായേലിനെ അനുസ്മരിപ്പിക്കുന്നത് ‘നീ ഞാനുമായി വ്യക്തിപരമായ ബന്ധത്തിൽ കഴിയേണ്ടവനാണ്’ എന്ന സത്യമാണ്.
എന്നാൽ ദൈവത്തിന്റെ ഈ നിർവ്യാജസ്‌നേഹം തിരിച്ചറിയാനും അംഗീകരിക്കാനും മനുഷ്യൻ പലപ്പോഴും പരാജയപ്പെട്ടുപോകുന്നു. ‘സീയോൻ പറഞ്ഞു: കർത്താവ് എന്നെ ഉപേക്ഷിച്ചു; എന്റെ കർത്താവ് എന്നെ മറന്നുകളഞ്ഞു” (ഏശ. 49:14). എന്നാൽ, ദൈവം അരുളിച്ചെയ്യുന്നു: ”മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ, നിന്നെ ഞാൻ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശ. 49:15-16).

ദൈവത്തിന്റെ സ്വന്തമാകുക എന്നത് വളരെ പ്രധാനപ്പെട്ട രഹസ്യമാണ്. ഈ സ്വന്തമാക്കൽ പ്രക്രിയക്ക് ദൈവമാണ് ആരംഭം കുറിക്കുന്നത്. വിശുദ്ധ പൗലോസ് പറയുന്നു: ”നിങ്ങളിൽ സത്പ്രവൃത്തി ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂർത്തിയാക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്” (ഫിലി. 1:6). ‘യേശുക്രിസ്തുവിന്റെ ദിനമാകുമ്പോഴേക്കും’ എന്ന അപ്പസ്‌തോലന്റെ പദപ്രയോഗം യുഗാന്ത്യോന്മുഖ ചിന്തയിലേക്ക് നമ്മെ നയിക്കുന്നു.
ഈശോയുടെ വെളിപ്പെടുത്തൽ വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നു: എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു. അവ എന്നെ അനുഗമിക്കുന്നു. അവ ഒരിക്കലും നശിച്ചുപോകുകയില്ല. ഞാൻ അവയ്ക്ക് നിത്യജീവൻ നല്കുന്നു. അവയെ എനിക്ക് നല്കിയ പിതാവിന്റെ കൈയിൽനിന്ന് അവയെ പിടിച്ചെടുക്കാൻ ആർക്കും സാധിക്കുകയില്ല. (യോഹ. 10:27-39). ദൈവം ആരംഭിച്ചത് അവിടുന്ന് പൂർത്തിയാക്കുന്നു എന്ന സത്യമാണ് ഇവിടെ തെളിഞ്ഞു നില്ക്കുക. വിശുദ്ധ പത്രോസ് പറയുന്നു: ”അവസാനകാലത്ത് വെളിപ്പെടുത്താനായി തയാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാൽ വിശ്വാസംവഴി നിങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നു” (1 പത്രോ. 1:5). പിതാവായ ദൈവത്തിന്റെ രക്ഷാപദ്ധതി പുത്രനിലൂടെ സാക്ഷാത്കരിക്കപ്പെടുകയും പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നു.

ദൈവസ്‌നേഹത്തിന്റെ പാരമ്യം അവർണനീയമാണ്. നമ്മുടെ എല്ലാവരുടെയും പേരുകൾ തന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്‌നേഹം. ഈ സ്‌നേഹം തിരിച്ചറിഞ്ഞ് നമ്മുടെ ജീവിതം അതിന് ഉദാത്ത പ്രത്യുത്തരമാകുമ്പോഴാണ് നാം വിശുദ്ധരാകുക. ക്രിസ്തുവിൽ പൂർണമായി വിശ്വാസമർപ്പിക്കുന്നതിലൂടെയാണ് നമ്മുടെ നിത്യജീവൻ ഉറപ്പാക്കപ്പെടുന്നത്. വിശുദ്ധ പൗലോസ് പറയുന്നു: ആരുടെ പണി നിലനില്ക്കുന്നുവോ, അവൻ സമ്മാനിതനാകും. നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾതന്നെ. നിങ്ങൾ ക്രിസ്തുവിന്റേതാണ്. ക്രിസ്തു ദൈവത്തിന്റേതും. (1 കോറി. 3:14-17, 23).

കൂട്ടവകാശികൾ നമ്മൾ

നാം ദൈവപിതാവിന്റെ സ്വന്തം, ദിവ്യ ഈശോയുടെ സ്വന്തം, പരിശുദ്ധാത്മാവിന്റെ സ്വന്തം എന്ന ബോധ്യത്തിന്റെ സമുന്നതമാനങ്ങൾ ആവിഷ്‌കരിക്കുന്ന സത്യമാണ് ദൈവം നമുക്ക് നല്കിയിരിക്കുന്ന ദത്തുപുത്രസ്ഥാനം. വിശുദ്ധ പൗലോസിന്റെ ഉദീരണം ശ്രദ്ധിക്കൂ: ”നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച് പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം ആബാ-പിതാവേ എന്നു വിളിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവ് നമ്മുടെ ആത്മാവിനോട് ചേർന്ന് സാക്ഷ്യം നല്കുന്നു. നാം മക്കളെങ്കിൽ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും” (റോമാ 8:15-17).

എഫേസോസുകാർക്കുള്ള ലേഖനത്തിൽ അപ്പസ്‌തോലൻ പറയുന്നു: ”യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്ന് തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുൻകൂട്ടി തീരുമാനിച്ചു. അവിടുന്ന് ഇപ്രകാരം ചെയ്തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മിൽ ചൊരിഞ്ഞ തന്റെ കൃപയുടെ മഹത്വത്തിനും പുകഴ്ച്ചയ്ക്കും വേണ്ടിയാണ്” (എഫേ. 1:5-6). ഹാഡൻ റോബിൻസൺ, തന്റെ ഒരു പുസ്തകത്തിൽ പറയുന്നു: ദൈവം നമ്മെ സ്‌നേഹിക്കുന്നത് നമ്മിലെ നന്മ കണ്ടുകൊണ്ടല്ല. പ്രത്യുത നമ്മൾ അവിടുത്തെ ദൃഷ്ടിയിൽ ഏറെ വിലപ്പെട്ടവരായതുകൊണ്ടാണ്. അവിടുന്ന് നമുക്കുവേണ്ടി മരിച്ചതുകൊണ്ടാണ് നാം വിലപ്പെട്ടവരായത്.

വിശ്വാസികൾ ദൈവമക്കളാണ് എന്നതിന്റെ അവശ്യഫലമാണ് അവർ ദൈവത്തിന്റെ അവകാശികളുമാണ് എന്നത്. ദൈവത്തിന്റെ അവകാശികളും ഏകദൈവപുത്രനായ മിശിഹായോടൊപ്പം കൂട്ടവകാശികളും. ഈശോമിശിഹായിൽ വിശ്വസിക്കുന്നവർക്ക് ദൈവപുത്രത്വത്തിന്റെ വാഗ്ദാനം ഇപ്പോൾത്തന്നെ സാക്ഷാത്കൃതമായിരിക്കുന്നു. അവിടുത്തെ സഹനങ്ങളിൽ ഇപ്പോൾ പങ്കുപറ്റുന്നവർ അവിടുത്തെ മഹത്വത്തിലും പങ്കുപറ്റും. മാമോദീസ സ്വീകരിക്കുന്നവർ അവിടുത്തെ ഭാഗധേയത്തിൽ സഹകാരികളാകും (റോമാ 6:4-6). ഈശോയുടെ ദൈവപുത്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിരുന്നു സഹനം. അതിന്റെ തുടർച്ചയും ഫലവുമായിരുന്നു മഹത്വീകരണം. അതിനാൽ ഇപ്രകാരമുള്ള സഹന-മഹത്വീകരണങ്ങളിലൂടെ വിശ്വാസികളും കടന്നുപോകണം.

വഴിതെളിക്കുന്ന ദൈവം

നാം ദൈവത്തിന്റെ സ്വന്തമാകുന്നതിനും അവിടുന്ന് നമ്മുടെ സ്വന്തമാകുന്നതിനും പരിശുദ്ധാത്മാവാണ് നമുക്ക് വഴിതെളിച്ചുതരിക. ദൈവാത്മ ജ്ഞാനത്തിന്റെ അനിവാര്യത ഇവിടെ സ്പഷ്ടമാണ്. അതിന് പൂർണഹൃദയത്തോടെ നാം കർത്താവിൽ വിശ്വാസം അർപ്പിക്കണം.

കല്പിതമായ ഒരു ഗുണപാഠകഥ വായിച്ചതോർക്കുന്നു: ഒരു കഴുത റോഡിലൂടെ കടന്നുപോകുമ്പോൾ ഒരിടത്ത് റോഡിന്റെ വലതുവശത്തും ഇടതുവശത്തും ഓരോ ചെറിയ വൈക്കോൽകൂന കണ്ടു. നന്നായി വിശപ്പുണ്ടായിരുന്ന കഴുത ഒരു കൂനയിൽനിന്ന് വൈക്കോൽ തിന്നുവാൻ തീരുമാനിച്ചു. അപ്പോൾ അതിന് ചിന്ത വന്നു: ഏതു കൂനയിലെ കച്ചി തിന്നണം? ഒരു കൂനയിലെ കച്ചി തിന്ന് വയർ നിറഞ്ഞുകഴിഞ്ഞാൽ മറ്റേത് ഉപേക്ഷിക്കണം. ഒരുപക്ഷേ, ആ കച്ചിക്കായിരിക്കും കൂടുതൽ രുചി. തീരുമാനമെടുക്കാൻ പറ്റാതെ സമയം നീണ്ടുനീണ്ടുപോയി. അവസാനം പട്ടിണി കിടന്ന് കഴുത ജീവൻ വെടിഞ്ഞു.
ഈ കെട്ടുകഥ വിരൽചൂണ്ടുന്നത് തീരുമാനമെടുക്കാൻ നമ്മെ പ്രയാസപ്പെടുത്തുന്ന സാഹചര്യത്തിലേക്കാണ്. തിരഞ്ഞെടുപ്പു നടത്തേണ്ടത് നന്മയും തിന്മയും തമ്മിലാണെങ്കിൽ, കാര്യങ്ങൾ നമുക്കെളുപ്പമാണ്. തിന്മ ഉപേക്ഷിച്ച് നന്മ തിരഞ്ഞെടുക്കാം. എന്നാൽ, എല്ലാം നന്മയായി കാണപ്പെടുമ്പോൾ നാം ചിന്താക്കുഴപ്പത്തിലാകാം. സോളമന്റെ നിർദേശങ്ങൾ ഇവിടെ സ്മർത്തവ്യമാണ്. സുഭാഷിതങ്ങളിൽ അദ്ദേഹം പറയുന്നു: ”കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്ന് നിനക്ക് വഴിതെളിച്ചുതരും” (സുഭാ. 3:5-6).

ഈ വഴിതെളിക്കൽ പ്രക്രിയയിൽ നാം ചെയ്യേണ്ടതിനെക്കുറിച്ച് ‘ദൈവത്തെ അറിയുക’ എന്ന ഗ്രന്ഥത്തിൽ ജെ.ഐ.പാക്കർ നല്കുന്ന നിർദേശങ്ങൾ ശ്രദ്ധിക്കൂ: 1) ചിന്തിക്കുക 2) മുന്നോട്ടു ചിന്തിക്കുക. 3) ഉപദേശം സ്വീകരിക്കുക. 4) നമ്മിലെ പ്രേരകശക്തിയെന്തെന്ന് തിരിച്ചറിയുക. 5) കർത്താവിനെ കാത്തിരിക്കുക. 6) ഈ കാത്തിരിപ്പിൽ, ദൈവമഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കും ഏറ്റം ഉതകുന്ന ചിന്തകളും വാക്കുകളും പ്രവൃത്തികളും നമ്മിൽ സമന്വയിക്കപ്പെടാൻ, പരിശുദ്ധാത്മാവിന് നമ്മെത്തന്നെ പൂർണമായി അർപ്പിക്കുക.

എഫേസോസുകാർക്കുള്ള ലേഖനത്തിൽ വിശുദ്ധ പൗലോസ് പറയുന്നു: രക്ഷയുടെ സദ്‌വാർത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്ത നിങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാൽ അവനിൽ മുദ്രിതരായിരിക്കുന്നു. അവിടുത്തെ മഹത്വം പ്രകീർത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ് (എഫേ. 1:13-14).

അപ്പസ്‌തോലന്റെ ഈ വെളിപ്പെടുത്തൽ, നാം ദൈവമഹത്വത്തിനായി ജീവിക്കുവാൻ വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാൽ മുദ്രിതരാണ് എന്ന സത്യമാണ്. ഈ മുദ്രണംവഴി, നാം ദൈവത്തിന്റെ സ്വന്തവും അവകാശികളും ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളുമായിത്തീരുന്നു. പരിശുദ്ധാത്മാവ് ഉടമസ്ഥതയുടെയും സംരക്ഷണത്തിന്റെയും മുദ്രയും വരാനിരിക്കുന്ന നിത്യജീവന്റെ അച്ചാരവുമാണ്.

റവ. ഡോ. ഐസക് ആലഞ്ചേരി

1 Comment

  1. Sunil Joseph says:

    Beautiful speech

Leave a Reply

Your email address will not be published. Required fields are marked *