വിജയം ഉറപ്പാക്കണമെങ്കിൽ…

വിശുദ്ധ ബൈബിളിലെ വ്യക്തികളെല്ലാം ദൈവത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നല്കിയവരും തങ്ങളുടെ ഇഹലോകജീവിതത്തെ സർവശക്തനായ ദൈവത്തിനുവേണ്ടി ഉഴിഞ്ഞുവച്ചവരുമാണ്. പ്രകാശം പരത്തിനില്ക്കുന്ന അവരുടെ നിരയിൽ നമ്മുടെ സവിശേഷശ്രദ്ധ ആകർഷിക്കുന്ന ഒരാളാണ് നെഹെമിയാ. സുവിശേഷപ്രഘോഷകർക്ക് പ്രത്യേകിച്ചും വലിയൊരു പ്രചോദനമാണ് അദ്ദേഹം.

ദൈവത്തിനുവേണ്ടി, ദൈവരാജ്യത്തിനുവേണ്ടിമാത്രം തുടിച്ചിരുന്ന ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് നമുക്ക് തോന്നും അദ്ദേഹത്തിന്റെ തീക്ഷ്ണത കണ്ടാൽ. നമ്മുടെയൊക്കെ ഹൃദയങ്ങളിൽ സുവിശേഷത്തിന്റെ അഗ്നി ആളിക്കത്തിക്കുവാൻ ഇടയാക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് നമുക്കൊന്ന് ഇറങ്ങിച്ചെല്ലാം.
ഒരു സുവിശേഷകന്റെ എല്ലാ കാലത്തെയും സ്വപ്നം, അത് യാഥാർത്ഥ്യമാക്കുവാൻ അദ്ദേഹം സഹിച്ച ത്യാഗങ്ങൾ, എടുത്ത ഉറച്ച തീരുമാനങ്ങൾ, വഴിയിൽ നേരിട്ട പ്രതിബന്ധങ്ങൾ ഇതൊക്കെ അവിടെ നമുക്ക് വായിച്ചെടുക്കുവാനാകും. എല്ലാറ്റിനുമുപരി ദൈവത്തിനുവേണ്ടി എല്ലാം ത്യജിച്ച് ഇറങ്ങിപ്പുറപ്പെടുന്ന ഒരുവനെ എപ്രകാരമാണ് ദൈവം തന്റെ ഉള്ളംകൈയിൽ സൂക്ഷിക്കുന്നതെന്നും എങ്ങനെയാണ് അവനെ ഏല്പിച്ച ദൗത്യം പൂർത്തിയാക്കുവാൻ അവിടുന്നുതന്നെ ഇടപെടുന്നതെന്നും നമുക്ക് അറിയുവാൻ സാധിക്കും.

വിജയയാത്രക്കുമുൻപ്

ആരായിരുന്നു നെഹെമിയാ? ഹക്കാലിയായുടെ പുത്രൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. യഹൂദനായ അദ്ദേഹം വിദേശത്ത് വളരെ ഉന്നതമായ, സ്വാധീനശക്തിയുള്ള ഒരു ജോലിയിലായിരുന്നു. അർത്താക്‌സെർക്‌സെസ് രാജാവിന്റെ പാനപാത്രവാഹകനായിരുന്നു നെഹെമിയാ. എന്നുപറഞ്ഞാൽ രാജാവിന്റെ ഒരു പേഴ്‌സണൽ അറ്റൻഡ്‌പോലെ രാജാവുമായി അടുത്ത ബന്ധം ഉള്ളയാൾ. ലോകത്തിന്റെ സ്വപ്നങ്ങൾ താലോലിക്കുന്ന ഒരു വ്യക്തിക്ക് തന്റെ ഭൗതികവളർച്ചയ്ക്കുവേണ്ടി ഈ വലിയ സ്വാധീനശക്തി ഉപയോഗിക്കാവുന്ന ഒരു നല്ല സാഹചര്യം.
പക്ഷേ നെഹെമിയാ വ്യത്യസ്തനായിരുന്നു. തന്നെക്കാളുപരി, ദൈവത്തെക്കുറിച്ചും ദൈവജനത്തെക്കുറിച്ചും വേവലാതിപ്പെടുന്ന ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ കാണുവാൻ സഹോദരനായ ഹനാനി വന്നപ്പോൾ കുടുംബകാര്യങ്ങളല്ല നെഹെമിയാ അന്വേഷിച്ചത്. ദൈവജനമായ എല്ലാ യഹൂദരെയുംകുറിച്ചും വിശുദ്ധ നഗരമായ ജറുസലേമിനെക്കുറിച്ചുമാണ് അദ്ദേഹം ചോദിച്ചത്. അവർ കഷ്ടതയിലും അപമാനത്തിലുമാണ് ജീവിക്കുന്നതെന്നും ജറുസലേം മതിലുകൾ തകർന്ന്, കവാടം അഗ്നിക്കിരയായി കിടക്കുകയാണെന്നും അദ്ദേഹം അറിഞ്ഞു.
നെഹെമിയായെ സംബന്ധിച്ച് ഹൃദയഭേദകമായ ഒരു വാർത്തയായിരുന്നു അത്. തന്റെ കുടുംബത്തിൽ ഒരു വലിയ അത്യാഹിതം സംഭവിച്ചതുപോലെ അദ്ദേഹത്തിനത് അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം അത് വെളിവാക്കുന്നുണ്ട്. ഈ വാർത്തകേട്ട് അദ്ദേഹം നിലത്തിരുന്ന് കരഞ്ഞു. ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു.

പ്രതിസന്ധിക്കു മുന്നിൽ

ഒരു പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് നെഹെമിയാ നമ്മെ പഠിപ്പിക്കുന്നുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സ്ഥാപനങ്ങളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ ദൈവത്തിലേക്ക് പൂർണ ആശ്രയമനോഭാവത്തോടെ തിരിയുക. ദൈവമേ, ഈ പ്രതിസന്ധിയിൽ ഞങ്ങളെ സഹായിക്കുവാൻ മറ്റാരുമില്ല എന്ന് കണ്ണീരോടെ ഏറ്റുപറയുക.

അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഇടപെടുവാൻ തടസമായ നമ്മുടെ ജീവിതത്തിലെ നിരവധിയായ വീഴ്ചകളെ ഓർത്ത് അനുതപിക്കുകയും കരുണയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, ദൈവം നമ്മെ ഏറ്റെടുത്ത് വഴിനടത്തുന്ന അനുഭവം തീർച്ചയായും ഉണ്ടാകും. ഏതെങ്കിലും അധികാരികളിലൂടെയാണ് നമ്മുടെ പ്രശ്‌നം പരിഹരിക്കപ്പെടേണ്ട തെങ്കിൽ ‘ആ മനുഷ്യന് എന്നോട് കരുണ തോന്നുവാൻ ഇടയാക്കണമേ’ എന്ന് പ്രാർത്ഥിക്കാം. കാരണം, നമ്മുടെ വാക്കുകൾക്ക് പരിമിതിയുണ്ട്, മനസിനെ സ്വാധീനിക്കുവാൻ ദൈവത്തിനുമാത്രമേ സാധിക്കൂ.

നെഹെമിയാ ഇതുതന്നെ ചെയ്തു. ദൈവത്തിലൂടെ കൃപയ്ക്കുവേണ്ടി, ശക്തമായ ഇടപെടലിനുവേണ്ടി പ്രാർത്ഥിച്ചു. മാത്രവുമല്ല, രാജാവിന് തന്നോട് കരുണ തോന്നുവാൻ ഇടയാക്കണമേയെന്നും പ്രാർത്ഥിച്ചു. അടുത്ത ദിവസം അദ്ദേഹം ധൈര്യപൂർവം രാജസന്നിധിയിൽ കടന്നുചെന്നു. രാജാവിന് വീഞ്ഞ് പകർന്നുകൊടുത്തു. നെഹെമിയായുടെ മുഖം രാജാവ് ശ്രദ്ധിച്ചു. അത് പതിവില്ലാത്തവിധം മ്ലാനമായിരുന്നു.

കർത്താവ് ഇടപെടുമ്പോൾ

‘നിനക്കൊരു രോഗവുമില്ലല്ലോ. എന്തുകൊണ്ടാണ് നീ ഇപ്രകാരം ദുഃഖിതനായിരിക്കുന്നത്?’ നെഹെമിയായുടെ പ്രാർത്ഥന ദൈവം കേട്ടിരുന്നു. അതിനാൽ വളരെ താല്പര്യത്തോടെയാണ് രാജാവ് സംസാരിച്ചത്. നെഹെമിയാ തന്റെ ദുഃഖകാരണം വെളിപ്പെടുത്തി. അതിനുശേഷം രാജാവ് ചോദിച്ചു: ”എന്താണ് നിന്റെ അപേക്ഷ? ദൈവത്തോടു പ്രാർത്ഥിച്ചതിനുശേഷം ജറുസലെം നഗരം പുനരുദ്ധരിക്കുവാൻ ഒരു അവധി അനുവദിച്ചു നല്കണമേയെന്ന് രാജാവിനോട് അപേക്ഷിച്ചു. സാധാരണഗതിയിൽ രാജാവ് അങ്ങനെ അനുവദിക്കാറില്ല. പക്ഷേ, ഇപ്രാവശ്യം അനുവദിച്ചു. കാരണം ദൈവത്തോട് ചേർന്നാണല്ലോ നെഹെമിയായുടെ പ്രവർത്തനം.

അവധി അനുവദിക്കുക മാത്രമല്ല, ഏറ്റവും എളുപ്പവഴിയിൽ യൂദായിൽ എത്തുവാനുള്ള പാസും ദേവാലയത്തിന്റെ കോട്ടവാതിലുകൾക്കും നഗരഭിത്തിക്കും നെഹെമിയായ്ക്ക് താമസിക്കുവാനാവശ്യമായ വീടിനും ഉള്ള തടി കൂടി നല്കുവാൻ രാജാവ് ഉത്തരവിടുന്നു. നോക്കണമേ, ദൈവത്തിന്റെ സമൃദ്ധി. അല്പം ചോദിച്ചാൽ അധികം നല്കുന്നവനാണ് അവിടുന്ന്. അതിനാൽ വിശുദ്ധ ഗ്രന്ഥം പറയുന്നതുപോലെ നമുക്കും നമ്മോടുതന്നെ പറയാം: ”കർത്താവാണ് എന്റെ സഹായകൻ, ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?” (ഹെബ്രാ. 13:6).

വിജയം ഉറപ്പിക്കാൻ

അദ്ദേഹം ജറുസലെമിലെത്തി. നെഹെമിയാ ചെയ്ത ഒരു കാര്യം ശ്രദ്ധേയമാണ്. ”ജറുസലെമിനുവേണ്ടി ചെയ്യാൻ എന്റെ ദൈവം മനസിൽ തോന്നിച്ചത് ഞാൻ ആരെയും അറിയിച്ചില്ല.” ദൈവികദർശനം സ്വീകരിച്ച ഒരു വ്യക്തി സൂക്ഷിക്കേണ്ട ഒരു ജാഗ്രതയാണിത്. അദ്ദേഹത്തിന് ലഭിച്ച ദർശനം അതിനെ വിലമതിക്കാത്തവരുമായി ഒരിക്കലും പങ്കുവയ്ക്കരുത്. അവർ അതിനെ നിരുത്സാഹപ്പെടുത്തുകയേ ഉള്ളൂ. ‘ഇതൊരിക്കലും നടക്കുവാൻ പോകുന്നില്ല’ എന്ന് പറഞ്ഞ് നൂറ് തടസവാദങ്ങൾ ഉന്നയിക്കും. ഫലമോ, ദർശനം ലഭിച്ച വ്യക്തിയുടെ തീക്ഷ്ണത കുറഞ്ഞുപോകും. മുത്തുകൾ പന്നികളുടെ മുമ്പിൽ വിതറരുത് എന്ന വചനം ഓർക്കുക.

ദർശനം സ്വീകരിച്ച ഒരു വ്യക്തി ചെയ്യേണ്ടത് അത് ഹൃദയത്തിൽ സ്വീകരിക്കുന്നവരുമായി പങ്കുവയ്ക്കുകയും അവരുടെ വിശ്വാസത്തെയും തീക്ഷ്ണതയെയും ഉണർത്തുകയും ചെയ്യുക എന്നതാണ്. ദൈവോന്മുഖരായി ചരിക്കുന്ന, ദൈവത്തിൽ പൂർണമായും ശരണപ്പെടുന്ന ഒരു ഗണത്തെ രൂപപ്പെടുത്തിക്കഴിഞ്ഞാൽ അദ്ദേഹത്തിന്റെ പകുതി ജോലി പൂർത്തിയായി. നെഹെമിയാ അതുതന്നെയാണ് ചെയ്തത്. ദൈവത്തിന്റെ കരം തന്നോടൊപ്പമുള്ളതും രാജാവ് സഹായിച്ചതുമെല്ലാം അദ്ദേഹം അവരെ അറിയിച്ചു. അവർ ജോലിക്ക് തയാറാവുകയും ജോലി ആരംഭിക്കുകയും ചെയ്തു.

ഏത് നല്ല സംരംഭത്തിനും പ്രത്യേകിച്ച് ദൈവികശുശ്രൂഷകൾക്ക്, എതിർപ്പുണ്ടാകുമെന്നത് തീർച്ചയാണ്. ഇവിടെയും അതുതന്നെ സംഭവിക്കുന്നു. ഹെറോബ്യനായ സൻബല്ലാത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം എതിർപ്പും പരിഹാസവുമായി കടന്നുവന്നു. ദൈവത്തിൽ ഉറച്ച വിശ്വാസവും ശരണവുമുള്ളവന് എതിർപ്പിനെ തൃണവൽഗണിക്കാനേ കഴിയൂ. നെഹെമിയാ പറഞ്ഞു: ”സ്വർഗത്തിലെ ദൈവം ഞങ്ങൾക്ക് വിജയം നല്കും.”

നേതാവാകുമ്പോൾ

മതിൽനിർമാണ ജോലി പുരോഗമിക്കുകയാണ്. അത് പൂർത്തീകരണത്തിലെത്താറായി. വീണ്ടും ശത്രു തല പൊക്കുന്നു. എപ്പോഴും ഒരു ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്ന നേതാവിനെയാണ് ശത്രു ലക്ഷ്യംവയ്ക്കുന്നത്. അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കുക അല്ലെങ്കിൽ മാനസികമായി തളർത്തുക, ഭയത്തിനടിമയാക്കുക – ഇതാണ് ശത്രുവിന്റെ എല്ലാകാലത്തെയും നീക്കം. ഇവിടെ നെഹെമിയാക്കെതിരെ ഒരു ഗൂഢാലോചന ഒരുക്കുന്നു. ഒരു സംഭാഷണത്തിനായി ഒരു കൂടിക്കാഴ്ച നടത്തുവാൻ അദ്ദേഹത്തെ ക്ഷണിക്കുമ്പോൾ ശത്രുതന്ത്രം തിരിച്ചറിഞ്ഞ നെഹെമിയാ മറുപടി പറഞ്ഞു: ”ഞാനൊരു വലിയ കാര്യം ചെയ്യുകയാണ്. എനിക്ക് വരിക സാധ്യമല്ല.”

അതു നടക്കാതെ വന്നപ്പോൾ അടുത്ത ആയുധം ഉപയോഗിക്കുകയാണ്. അദ്ദേഹത്തിനെതിരെ ഏഷണിക്കഥകൾ പ്രചരിപ്പിക്കുന്നു. നേതാവിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുകവഴി അദ്ദേഹത്തിന്റെ സല്‌പ്പേര് നശിപ്പിക്കുകയാണ് ലക്ഷ്യം. നെഹെമിയാ യൂദായിലെ രാജാവാകുവാൻ ആഗ്രഹിക്കുന്നുവെന്നും അത് ജനങ്ങളെ അറിയിക്കുവാൻ പ്രവാചകന്മാരെ നിയോഗിച്ചിരിക്കുന്നുവെന്നും ശത്രുക്കൾ പറഞ്ഞുപരത്തി. ഈ കെണിയിലും നെഹെമിയാ വീണില്ല. തന്റെ ഉദ്ദേശ്യശുദ്ധി തീർത്തും അറിയാവുന്ന, തന്റെ സല്‌പ്പേര് കാത്തുസൂക്ഷിക്കുവാൻ കെല്പുള്ള സർവശക്തനിലേക്ക് അദ്ദേഹം തിരിഞ്ഞു. അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു: ”ദൈവമേ, അവിടുന്ന് ഇപ്പോൾ എന്റെ കരങ്ങൾ ശക്തിപ്പെടുത്തണമേ” (നെഹെ. 6:9). അടുത്തതായി കൂടുതൽ ശക്തമായ ഒരു ആയുധമാണ് ശത്രു എടുക്കുന്നത്. നെഹെമിയായുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ ഒളിവിൽ പോകുന്നതാണ് നല്ലതെന്നുമുളള ഉപദേശം നല്കുന്നു. ഒറ്റനോട്ടത്തിൽ ഒരു സുഹൃത്തിന്റെ നല്ല ഉപദേശം! നേതാവ് ഒളിവിൽ പോയാൽ, അണികളും പോകുമല്ലോ.

നെഹെമിയാ ഗൂഢോദ്ദേശ്യം മനസിലാക്കി. ഉപദേശം നല്കുന്നവന്റെ വാക്കുകൾ ദൈവപ്രചോദിതമല്ലെന്ന് നെഹെമിയാ തിരിച്ചറിഞ്ഞു. ഒരു ആത്മീയനേതാവിന് വിവേചനവരം വളരെ പ്രധാനപ്പെട്ടതത്രേ. ഈ ഉപദേശം നല്കിയത് ഷെമയാ എന്ന വ്യക്തിയായിരുന്നു. ശത്രുക്കൾ കൈക്കൂലി കൊടുത്തതുകൊണ്ടാണ് അയാൾ ഇപ്രകാരം പറഞ്ഞതെന്ന് വിവേചിച്ചറിയുവാൻ നെഹെമിയാക്ക് കഴിഞ്ഞു. ഇവിടെയും ഭയപ്പെട്ടു പിന്മാറാതെ, തന്നെ വിളിച്ച ദൈവത്തിലേക്ക് അദ്ദേഹം ശക്തിക്കായി തിരിയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

തന്റെ വിളിയെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരു നേതാവിനെ ഒരു ശക്തിക്കും പിന്തിരിപ്പിക്കുവാൻ സാധിക്കുകയില്ല. ദൈവം തന്നെ നിയോഗിച്ചതാണെന്ന ബോധ്യം വലിയ ആത്മവിശ്വാസം അദ്ദേഹത്തിന് നല്കും. അയാൾ തളർന്നുവീണേക്കാം. എന്നാൽ വീണ്ടും എഴുന്നേല്ക്കാൻ ദൗത്യം നല്കിയ ദൈവം ശക്തി നല്കും. ദൈവവുമായി ഒരു പൊക്കിൾകൊടി ബന്ധം സ്ഥാപിക്കാത്ത ഒരു വ്യക്തിക്ക് ഒരിക്കലും ഒരു ആത്മീയശുശ്രൂഷ നയിക്കുവാൻ സാധിക്കുകയില്ല. പ്രതിസന്ധികളിലെല്ലാം ദൈവത്തിലേക്ക് തിരിയുകയും ദൈവത്തോട് ആലോചന ചോദിക്കുകയും ചെയ്യുന്ന പ്രാർത്ഥനയുടെ മനുഷ്യനായിരിക്കണം അദ്ദേഹം.

അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് നേതാവിന് നല്‌കേണ്ട സംരക്ഷണം. ഭൗതികനേതാക്കന്മാർക്ക് സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉണ്ടല്ലോ. അതുപോലെ പ്രാർത്ഥനാവീരന്മാരുടെ സംരക്ഷണവലയം ഒരു ആത്മീയ നേതാവിനും അനിവാര്യമത്രേ. അദ്ദേഹത്തിനുവേണ്ടി ദൈവസന്നിധിയിൽ നിരന്തരം കരങ്ങളുയർത്തുന്ന ഒരു ഗ്രൂപ്പ്. നേതാവിനോടുള്ള നിർമലമായ സ്‌നേഹത്തെപ്രതി പ്രാർത്ഥിക്കുമ്പോൾ മാത്രമേ, അത് ശക്തമാവുകയുള്ളൂ. അങ്ങനെയൊരു സമൂഹത്തെ ഒരുക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ വിജയം.

കറപറ്റാതിരിക്കാൻ

അവസാനമായി നെഹെമിയാ നല്കുന്ന ഒരു സന്ദേശം – ഒരു ആത്മീയനേതാവ് ശുശ്രൂഷ ചെയ്യുന്നത് പ്രതിഫലം ആഗ്രഹിക്കാതെ ആയിരിക്കണം. ദൈവമായിരിക്കണം അദ്ദേഹത്തിന്റെ പ്രതിഫലം. അല്ലെങ്കിൽ പ്രതിഫലത്തിനായി അദ്ദേഹം നോക്കേണ്ടത് തന്നെ വിളിച്ചവനിലേക്കാണ്. അതാണല്ലോ ന്യായവും നീതിയും. ജോലിക്ക് വിളിച്ചവനാണല്ലോ പ്രതിഫലം കൊടുക്കുവാനുള്ള കടമ. ദൈവം എന്നെ വിളിച്ചു. എനിക്കും എന്റെ കുടുംബത്തിനും ആവശ്യമുള്ളത് വിളിച്ചവനായ ദൈവം യഥാസമയം നല്കുമെന്ന ബോധ്യം അദ്ദേഹത്തിന്റെ മനസിനെ കറയില്ലാതെ കാത്തുസൂക്ഷിക്കും. ഒരിക്കലും ലക്ഷ്യത്തിൽനിന്ന് അദ്ദേഹം വഴിമാറിപ്പോവുകയില്ല.

മനുഷ്യന് അവന്റെ പ്രവൃത്തിക്കൊത്ത് പ്രതിഫലം നല്കുന്നവനാണ് ദൈവം (സങ്കീ. 62:12). ആ ദൈവത്തിലുള്ള യഥാർത്ഥശരണം നഷ്ടപ്പെട്ടുപോകുമ്പോഴാണ് മറ്റുള്ള പ്രതിഫലം ഒരാൾ അന്വേഷിക്കുന്നത്. നെഹെമിയാ ദൈവത്തിൽ പൂർണമായും ശരണപ്പെട്ട ഒരു നേതാവായിരുന്നു. അതിനാൽ ഒരു ദേശാധിപതി എന്ന നിലയിൽ അദ്ദേഹത്തിന് ന്യായമായും അവകാശപ്പെട്ട ഭക്ഷണവേതനംപോലും അദ്ദേഹം കൈപ്പറ്റിയില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ലക്ഷ്യത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്രകാരമാണ് അദ്ദേഹം അതിനെക്കുറിച്ച് പറയുന്നത്: ”ഞാൻ മതിൽ പണിയിൽ ദത്തശ്രദ്ധനായിരുന്നു. ഞാൻ വസ്തുവകകൾ സമ്പാദിച്ചില്ല” (നെഹെ. 5:16). എത്ര ഉദാത്തമായ ഒരു സമീപനരീതി!

”നീതിമാന്മാർ വിശപ്പ് അനുഭവിക്കുവാൻ കർത്താവ് അനുവദിക്കുകയില്ല” (സുഭാ. 10:3). ദൈവത്തിനുവേണ്ടി പൂർണമായും ഇറങ്ങിത്തിരിച്ച ഒരു വ്യക്തിയെയും അയാളുടെ കുടുംബത്തെയും സംരക്ഷിക്കേണ്ട ചുമതല ദൈവത്തിന്റേതാണ്. അവിടുന്ന് അത് നിറവേറ്റുകതന്നെ ചെയ്യും. അതിനാൽ ദൈവത്താൽ നിയോഗിക്കപ്പെട്ട ഓരോ വ്യക്തിയും തന്നോടുതന്നെയും മറ്റുള്ളവരോടും അഭിമാനത്തോടെ ഇങ്ങനെതന്നെ പറയട്ടെ: ”കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്” (സങ്കീ. 16:5). ഇത്തരത്തിലുള്ള ഒരു പൂർണമായ വിട്ടുകൊടുക്കൽ
ദൈവദത്തമാകയാൽ, അതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

സ്‌നേഹനിധിയും കരുണാവാരിധിയുമായ എന്റെ നല്ല ദൈവമേ, നെഹെമിയായെ എനിക്ക് ഒരു മാതൃകയായി ഇന്ന് നല്കിയല്ലോ. അങ്ങയെക്കുറിച്ചും അങ്ങയുടെ ജനത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചുമുള്ള തീക്ഷ്ണതയാൽ എന്നെ നിറയ്ക്കുവാൻ തിരുമനസാകണമേ. ജറുസലെമിന്റെ മതിലുകൾ തകർന്ന് കിടക്കുന്നതുകണ്ട് കരഞ്ഞ നെഹെമിയായുടെ ഹൃദയഭാരം, ആത്മാക്കൾക്കുവേണ്ടിയുള്ള ദാഹം, എനിക്കും നല്കിയാലും. ജറുസലെം മതിലുകൾ തകർന്നു കിടക്കുമ്പോൾ ഞാൻ എങ്ങനെ സ്വസ്ഥമായി ഉറങ്ങും? ദൈവമേ, അങ്ങയുടെ ആത്മാവിനെ അയച്ച് എന്നെ ഉണർത്തണമേ. ലക്ഷ്യബോധം നല്കി എന്നെ അനുഗ്രഹിക്കുവാൻ കൃപ തോന്നണമേ. അങ്ങയിൽ നിന്നുമാത്രം പ്രതിഫലം സ്വീകരിക്കുന്ന വിധത്തിൽ എന്റെ ഹൃദയത്തെ വിശുദ്ധീകരിച്ചാലും. ഞാൻ സങ്കീർത്തകനോടൊപ്പം ഏറ്റുപറയുന്നു: ‘കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.’ അങ്ങയിൽമാത്രം ആനന്ദിക്കുവാൻ എന്റെ മനസിനെ പരിശീലിപ്പിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എന്റെ ജീവിതം ദൈവനിയോഗത്തിനായി പൂർണമായും വിട്ടുകൊടുക്കുവാൻ കൃപ ലഭിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ.മാത്യു

4 Comments

 1. Priyan George says:

  Very Good Message..

 2. claramma joseph says:

  Praise the Lord !

  The above article is deeply touched my heart. Yes we believe in the word of God it can make wonders in our life.
  May Holy Spirit give you the wisdom to write more and more powerful articles in future.

  claramma

 3. Shaji says:

  ‘Praise the Lord”

 4. Davis Attokaran says:

  Praise Jesus!

  Thanking you for your blissful article. It’s really touched my life and it is really happened in my office too. As you said only God can change the mind of a person. May you be blessed.

  Davis, Bahrain.

Leave a Reply

Your email address will not be published. Required fields are marked *