കൊടുക്കാൻ മറന്നുപോയ ‘ഒന്ന് ‘

”ഈ അന്യരാജ്യത്ത് മക്കളെ വളർത്താൻ ഞാൻ ഒരുപാടു കഷ്ടപ്പെട്ടു. ഭർത്താവിന് വീട്ടുകാര്യങ്ങളിൽ വലിയ താല്പര്യമോ ഉത്തരവാദിത്വമോ ഉണ്ടായിരുന്നില്ല. എങ്കിലും രാത്രിയും പകലും വിശ്രമമില്ലാതെ ഞാൻ ജോലി ചെയ്തു. ഏറ്റവും നല്ല സ്‌കൂളുകളിൽത്തന്നെയാണ് കുട്ടികളെയെല്ലാവരെയും പഠിപ്പിച്ചത്. പക്ഷേ, സ്വന്തം കാലിൽ നില്ക്കാറായപ്പോൾ കുട്ടികളോരോരുത്തരും വീടുവിട്ടുപോയി. അവരാരും ഇപ്പോൾ വീട്ടിൽ വരാറില്ല. എന്നെ വിളിക്കാറില്ല. ഞാൻ ഫോൺ ചെയ്താൽ അത്യാവശ്യം മറുപടി പറഞ്ഞതിനുശേഷം ഫോൺ താഴെ വയ്ക്കും. ഞാനെങ്ങനെയാണ് ജീവിക്കുന്നതെന്ന് അവരാരും അന്വേഷിക്കുകപോലും ചെയ്യുന്നില്ല.” ഇത്രയും പറഞ്ഞപ്പോഴേക്കും അവരുടെ വാക്കുകൾ ഇടറി, കണ്ണിൽനിന്നു കണ്ണുനീർ പ്രവഹിക്കുവാൻ ആരംഭിച്ചു. കുറെനേരം കരഞ്ഞപ്പോൾ ശാന്തത വീണ്ടെടുത്ത അവർ വീണ്ടും പറഞ്ഞുതുടങ്ങി.

”ഒരു വിധത്തിൽ പറഞ്ഞാൽ ഞാൻതന്നെയാണ് അവരെ വീട്ടിൽനിന്നും ഓടിച്ചത്.” ആ വാക്കുകൾ കേട്ടപ്പോൾ ആശ്ചര്യവും ആകാംക്ഷയും ഒരുമിച്ച് എന്നിലുണർന്നു. മക്കൾക്കുവേണ്ടി ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച ഒരമ്മയ്ക്ക് എങ്ങനെയാണ് അവരെ സ്വന്തം വീട്ടിൽനിന്നും ഓടിക്കാൻ കഴിയുക?

”ഞാനവർക്ക് നല്ല ഭക്ഷണം കൊടുത്തു, വസ്ത്രം കൊടുത്തു, വിദ്യാഭ്യാസം കൊടുത്തു. പക്ഷേ, സന്തോഷംമാത്രം കൊടുത്തില്ല. എപ്പോഴും അരിശപ്പെടുന്ന സ്വഭാവമായിരുന്നു എന്റേത്. എന്റെ മുൻകോപം, പൊട്ടിത്തെറി, നിരന്തരമായ ശകാരം ഇവയെല്ലാം കാരണം വീട്ടിലൊരിക്കലും സന്തോഷകരമായ അന്തരീക്ഷം ഉണ്ടായിരുന്നില്ല. അതിനാലായിരിക്കാം അവർ വീടിനെ വെറുത്തുപേക്ഷിച്ചത്.” തിരിച്ചറിവിന്റെ വെളിച്ചം അവരുടെ കണ്ണുകളിൽ നിറഞ്ഞു.

എല്ലാ ഹൃദയങ്ങളും സ്വാഭാവികമായി തേടുന്ന ഒന്നാണ് സന്തോഷം. സന്തോഷമില്ലാത്ത സാഹചര്യങ്ങളിൽനിന്നും സന്തോഷം നല്കാത്ത വ്യക്തികളിൽനിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണതയും സാധാരണ മനുഷ്യരിൽ പ്രബലമാണ്. അതിനാൽ നമ്മുടെ ജീവിതസാഹചര്യങ്ങളിൽ സന്തോഷം പകരുന്നവരായി നാം മാറേണ്ടത് അത്യാവശ്യമാണ്.
കുടുംബത്തിനുവേണ്ടി രാത്രിയും പകലും കഷ്ടപ്പെട്ടാലും കുടുംബങ്ങളിൽ സന്തോഷം കൊടുക്കാനായില്ലെങ്കിൽ നാം ഒരു പരാജയമായി മാറും. നമ്മുടെ ഓഫിസുകളിലും സമൂഹങ്ങളിലും കുടുംബങ്ങളിലും സന്തോഷം പകരുന്നവരാണോ നാം എന്ന് ആത്മപരിശോധന നടത്തുന്നത് പ്രയോജനകരമായിരിക്കും. എപ്പോഴുമുള്ള പരാതിയും കുറ്റപ്പെടുത്തലും ഏതന്തരീക്ഷത്തെയും നരകതുല്യമാക്കി മാറ്റും. ഒരാളുടെ മുൻകോപം ചുറ്റുമുള്ളവരുടെ ഹൃദയങ്ങളെ മുറിപ്പെടുത്തുന്നതിനാൽ, അന്തരീക്ഷത്തിലെ ആഹ്ലാദം വറ്റിച്ചുകളയാം.

എപ്പോഴും സ്വന്തം വേദനകളുടെയും ദുരിതങ്ങളുടെയും കഥ മാത്രം പറയുന്ന വ്യക്തിയും നിരന്തരം സ്വന്തം നേട്ടങ്ങളും മേന്മകളും മാത്രം സംസാരിക്കുന്നവരും മറ്റുള്ളവരിൽ അസ്വസ്ഥത ജനിപ്പിക്കുന്ന സ്വയംകേന്ദ്രീകൃത മനുഷ്യരാണ്. ഇവിടെയെല്ലാം മാറ്റം വരുത്തിയാലേ സന്തോഷം പകരുന്നവരാകാൻ നമുക്കു കഴിയൂ. മറ്റുള്ളവർക്ക് സന്തോഷം പകരുന്ന കാര്യങ്ങൾ പറയുവാൻ നാം ബോധപൂർവം ശ്രമിക്കണം. പ്രശംസ, പ്രോത്സാഹനം, അംഗീകാരം ഇവയൊക്കെ സന്തോഷം വളർത്തുന്ന കാര്യങ്ങൾതന്നെയാണ്. അപരനെ ക്ഷമയോടെ ശ്രവിക്കാൻ കഴിയുന്ന സ്വഭാവവും സന്തോഷവർധകമാണ്.
നമ്മുടെ വേദനകളുടെയും ദുരിതങ്ങളുടെയും നടുവിലും സന്തോഷം പകരുന്നവരായി മാറാൻ നമുക്കാവും. നമ്മുടെ ഹൃദയത്തിൽ ദൈവമുണ്ടായാൽ മതി. കാരണം, ദൈവമാണ് സന്തോഷത്തിന്റെ ഉറവിടം. സങ്കീർത്തനം 16:11-ൽ ഇങ്ങനെ പറയുന്നു:

”അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്. അങ്ങയുടെ വലതുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.” പരിശുദ്ധാത്മാവിന്റെ ഫലങ്ങളിലൊന്ന് ‘ആനന്ദം’ തന്നെയാണ്. അതിനാൽ കൂടുതൽ പ്രാർത്ഥിക്കുന്നവരും ദൈവത്തോട് ചേർന്ന് ജീവിക്കുന്നവരും സന്തോഷം പകരാൻ കൂടുതൽ കഴിവുള്ളവരാകും, കഴിവുള്ളവരാകണം. നമുക്കതിന് കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ തീക്ഷ്ണതയോടെ പ്രാർത്ഥിക്കാം.

”കർത്താവേ, അങ്ങയുടെ സന്തോഷംകൊണ്ട് എന്നെ നിറയ്‌ക്കേണമേ. ഞാനുമായി ബന്ധപ്പെടുന്നവരുടെ സന്തോഷം കെടുത്തിക്കളയുന്ന സ്വഭാവരീതികളെ എ ന്നിൽനിന്നും എടുത്തു നീക്കിയാലും. എന്റെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം പകരുവാൻ അങ്ങുതന്നെ എന്നെ പഠിപ്പിക്കണമേ – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

4 Comments

  1. claramma joseph says:

    Praise the Lord

    I really noticed your articles are wonderful and touching the hearts.

    Thanks be to God for pouring Holy Spirit upon you.

    claramma

  2. DETTYJUSTIN says:

    very useful article. what is present situation you maked me thing how i have to change my life. Hope i can be a good mother as well as wife. PLEASE PRAY FOR ME

  3. Poly Abudhabi says:

    Dear Brother,

    Your Editorials have a prophetic effect in the society.

    Praise God!

  4. Babu says:

    The real situation many are facing who run for money without caring kids.

Leave a Reply to Poly Abudhabi Cancel reply

Your email address will not be published. Required fields are marked *