ഗർഭച്ഛിദ്രം: പുതിയ ബിൽ മനുഷ്യാവകാശലംഘനം

കൊച്ചി: ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ബിൽ -1971 പരിഷ്‌കരിക്കുന്നതിന് അടുത്തു നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പുതിയ ബിൽ കൊണ്ടുവരാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി(കെ.സി.ബി.സി) പ്രസ്താവിച്ചു. അജാതശിശുവിനെ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഇടയാക്കുന്ന ബില്ലാണിത്. ബില്ലിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞ് ഏതാനും മാസങ്ങൾക്കുമുമ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റിലൂടെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

പ്രത്യേക സാഹചര്യത്തിൽ 20 ആഴ്ച വരെ ഗർഭച്ഛിദ്രം നടത്താമെന്ന 1971-ലെ ബിൽ 24 ആഴ്ച വരെ നീട്ടാനും ശ്രമിക്കുന്നു. ഈ പ്രായത്തിൽ കുഞ്ഞിന് പ്രത്യേക സൗകര്യം കൊടുത്താൽ പുറത്തുപോലും ജീവിക്കാൻ കഴിയുമെന്ന് ഓർക്കണം. കുട്ടിയുടെയോ അമ്മയുടെയോ അനാരോഗ്യം പരിഗണിച്ച് ഗർഭാവസ്ഥയുടെ ഏതവസരത്തിലും ഗർഭച്ഛിദ്രമാകാമെന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഭീകരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മെത്രാൻസമിതി കുറ്റപ്പെടുത്തി.

അണ്ഡബീജ സങ്കലനനിമിഷം മുതൽ ഒരു മനുഷ്യജീവിയുടെ വളർച്ച ആരംഭിക്കുന്നുവെന്ന് ഇന്ന് ശാസ്ത്രം വ്യക്തമായി പറയുന്നു. അതിനാൽ ഭ്രൂണഹത്യയും ഗർഭച്ഛിദ്രവും നരഹത്യ തന്നെയാണ്. ഗർച്ഛിദ്രം വഴി സംഭവിക്കുന്നത് ബലഹീനരുടെ മേലുള്ള ശക്തരുടെ കടന്നാക്രമണമാണ്. ജനിച്ചവർക്കു മാത്രമേ അവകാശമുള്ളൂ എന്നു പറയുന്നത് യുക്തിരഹിതമാണ്. ആയുർവേദ, ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഗർഭച്ഛിദ്രത്തിന് അനുമതി നല്കുന്ന ബിൽ വർദ്ധിച്ച ദുരുപയോഗത്തിനും കെടുകാര്യസ്ഥതയ്ക്കും ഇടയാകുമെന്നതിലും യാതൊരു സംശയവുമില്ല. ഗവൺമെന്റ് ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ നടപടിയിൽനിന്ന് പിൻതിരിയണമെന്ന് കെ.സി.ബി.സി. ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *