ശാലോം ടെലിവിഷൻ – ദൈവത്തിന്റെ സ്വന്തം ചാനലാണോ? മറ്റ് ക്രിസ്തീയ ചാനലുകളൊക്കെ ദൈവത്തിന്റെയല്ലേ? എന്തുകൊണ്ടാണ് ശാലോം ടി.വിയെ ‘ഗോഡ്‌സ് ഓൺ ചാനൽ’ എന്ന് വിശേഷിപ്പിക്കുന്നത്? ചിലരുടെയെങ്കിലും മനസിൽ ഇത്തരം ചിന്തകൾ ഉണ്ടാകാൻ ഇടയുണ്ട്.
ഏതെങ്കിലും വ്യക്തിയുടെ മനസിൽ ഉണ്ടായ ഒരു ആശയം, മറ്റുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനമെടുത്ത് രൂപീകരിച്ച ഒരു ടി.വി ചാനൽ അല്ല ശാലോം. അപ്രകാരം ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ മാത്രം സാങ്കേതിക പരിജ്ഞാനമോ മാധ്യമപരിശീലനമോ സാമ്പത്തികശേഷിയോ ശാലോം ടി.വിയുടെ പിന്നിൽ പ്രവർത്തിച്ചവർക്കുണ്ടായിരുന്നില്ല. ”എനിക്കുവേണ്ടി ഒരു ടി.വി ചാനൽ തുടങ്ങുക” എന്ന് 2003 ജൂലൈ മൂന്നാം തിയതി കർത്താവ് നല്കിയ സന്ദേശം അനുസരിച്ചാണ് ഇത് രൂപംകൊണ്ടത്. ഇതിന് വേണ്ടിയുള്ള സാമ്പത്തിക സമാഹരണത്തിനുള്ള വഴികളും കർത്താവ് തന്നെയാണ് പറഞ്ഞുതന്നത്. ശാലോം ടി.വിയിലെ പ്രോഗ്രാമുകൾ എന്തൊക്കെയായിരിക്കണം എന്നതും പ്രാർത്ഥനയിലൂടെ ദൈവഹിതം കണ്ടെത്തിയാണ് തീരുമാനമെടുത്തത്. കഴിഞ്ഞ പതിനൊന്നു വർഷമായി, പരസ്യവരുമാനമില്ലാതെ, ജനങ്ങളുടെ സ്വയംപ്രേരിത സംഭാവനകളിലൂടെ ഈ ചാനൽ നിലനില്ക്കുന്നതുതന്നെ ഒരു അത്ഭുതമല്ലേ? പരിശുദ്ധാരൂപി മനുഷ്യഹൃദയങ്ങളിൽ പ്രവർത്തിക്കുന്നതുകൊണ്ടല്ലേ ഇത്രയും ദീർഘകാലമായിട്ടും ജനങ്ങൾ ഇതിനെ പിന്താങ്ങുന്നത്. ദൈവം തന്നെ മുൻകൈയെടുത്ത്, അവിടുന്നുതന്നെ ജനങ്ങളെ ഒരുമിച്ചുചേർത്ത്, അവിടുത്തെ ഹിതമനുസരിച്ച് മുന്നോട്ടുപോകുന്ന ഈ ടി.വി ചാനലിന്റെ ഉടമസ്ഥത തീർച്ചയായും ദൈവത്തിന്റെ തന്നെയല്ലേ? അതിനാൽ ‘ദൈവത്തിന്റെ സ്വന്തം ചാനൽ’ എന്ന വിശേഷണം ശാലോം ടി.വി തീർച്ചയായും അർഹിക്കുന്നു.
മാള സി.യു.സി ഓഡിറ്റോറിയത്തിൽ 2010-ൽ നടന്ന ശാലോം ഫെസ്റ്റിവലിൽ ശാലോം ടി.വിയെ ‘ദൈവത്തിന്റെ സ്വന്ത’മെന്ന് പറയുന്നതിന്റെ കാരണം വിവരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ദൈവാരൂപി ഓഡിറ്റോറിയം മുഴുവൻ നിറഞ്ഞു. മാള, നെയ്ത്തുകുടിയിൽ പത്തുവർഷമായി എഴുന്നേറ്റു നില്ക്കാൻ കഴിയാതെ രോഗിയായി കഴിഞ്ഞിരുന്ന ഡോളി എന്ന പെൺകുട്ടി വീൽചെയറിൽനിന്നും സ്വന്തമായി എഴുന്നേറ്റുനിന്ന് 45 മിനിറ്റുനേരം ദൈവത്തെ സ്തുതിച്ചു. ദൈവത്തിന്റെ മുമ്പിൽ വിശ്വസ്തരാണെങ്കിൽ, ദൈവം തരുന്ന നിയോഗങ്ങളെയും വെല്ലുവിളികളെയും ഏറ്റെടുക്കാൻ മടിക്കേണ്ട എന്ന് ശാലോം ടി.വിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
മാളയിലെ ഫെസ്റ്റിവലിനുശേഷം ഒരാഴ്ച കഴിഞ്ഞു. പരിശുദ്ധ കുർബാനയുടെ മുന്നിലിരുന്നപ്പോൾ ദൈവാത്മാവ് ഒരു ചിന്ത എന്നിലേക്ക് കൊണ്ടുവന്നു. ശാലോം ദൈവത്തിന്റെ സ്വന്തം ചാനലാണെങ്കിൽ, ലോകാവസാനംവരെ ഇതു നിലനില്ക്കണ്ടേ. അതിനാൽ എന്റെ മരണശേഷവും ഈ ചാനലിനുവേണ്ടി എനിക്കെന്തു ചെയ്യുവാൻ കഴിയും? ഞാൻ വീട്ടിൽവന്ന് ഭാര്യ റോസിയുമായി ഇക്കാര്യം പങ്കുവച്ചു. അങ്ങനെ ഞങ്ങളുടെ സ്വത്തിന്റെ പത്തുശതമാനം ഈ ചാനലിനുവേണ്ടി കൊടുക്കാമെന്ന തീരുമാനത്തിലെത്തി. അപ്രകാരം ഞങ്ങൾ വിൽപത്രം തയാറാക്കുകയും ചെയ്തു.
ദൈവം നല്കുന്ന പ്രചോദനങ്ങളെ സ്വീകരിച്ച് അനുസരിക്കുമ്പോൾ അത് വലിയ അനുഗ്രഹങ്ങൾക്ക് കാരണമാകും. ശാലോമിന്റെ ചരിത്രം മുഴുവൻ അതാണ് നമ്മെ പഠിപ്പിക്കുന്നത്. എങ്ങനെയാണ് ദൈവസ്വരം കേൾക്കുന്നത്, ദൈവഹിതത്തിന് കീഴ്‌വഴങ്ങേണ്ടത് എപ്രകാരമാണ് ഈ വിഷയത്തിൽ ആഴമായ അറിവ് നല്കുന്ന ഗ്രന്ഥമാണ് ബെന്നി പുന്നത്തറയുടെ പ്രലോഭനങ്ങളേ വിട. സഭയിൽ എല്ലാവരും അതു വായിക്കാൻ ഇടയായാൽ ദൈവാരൂപിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അനുകൂലമായ പശ്ചാത്തലം ഒരുക്കപ്പെടും. ന്മ
പൗലോസ് പേങ്ങിപറമ്പിൽ
1 Comment
god bless you