ജീവൻ പണയം വച്ച് അപരിഷ്‌കൃതമായ ആ ഗ്രാമത്തിൽ എത്തിയ ഒരു വൈദികനും കൂട്ടരുമാണ് ഗ്രാമവാസികൾക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തിയത്. അവരിൽനിന്ന് പലരും ക്രിസ്തുവിനെ സ്വീകരിച്ചു. ഇതിൽ രോഷം പൂണ്ട ചിലർ ക്രിസ്തുവിശ്വാസം സ്വീകരിച്ച ഒരു സാധുമനുഷ്യന്റെ വീട്ടിലെത്തി.
ബൈബിളും യേശുവിന്റെ ചിത്രങ്ങളുമൊക്കെ അവർ കത്തിച്ചു. അടുത്തതായി അയാളോടും കുടുംബത്തോടും അവരുടെ ആവശ്യം ഉന്നയിച്ചു, ‘യേശുവിനെ തള്ളിപ്പറയണം.’ വിദ്യാഭ്യാസം ലഭിച്ചിട്ടുപോലുമില്ലാത്ത സാധുവായിരുന്നു കുടുംബനാഥൻ. തന്റെ സർവ്വസ്വവുമെന്നവണ്ണം യേശുവിനെ നെഞ്ചിലേറ്റിക്കൊണ്ട് ആ മനുഷ്യൻ അചഞ്ചലനായി നിന്നു, ‘എന്തു വന്നാലും യേശുവിനെ തള്ളിപ്പറയില്ല’.
കോപവെറി പൂണ്ട് ആ മനുഷ്യർ അയാളെ നിർദ്ദയം തല്ലിച്ചതച്ചു. എന്നാൽ അയാൾ അവരെ എതിർക്കാതെ ആ അടികളേറ്റുവാങ്ങി. എന്നിട്ട് തീർച്ചയോടെ ഇങ്ങനെ പറഞ്ഞു: ”നിങ്ങൾ എന്നെ എന്തുവേണമെങ്കിലും ചെയ്‌തോളൂ. പക്ഷേ എന്റെ ശരീരം നശിച്ചാലും എനിക്ക് ഒരു ആത്മാവുണ്ട്. അതിനെ നിങ്ങൾക്ക് ഒരിക്കലും നശിപ്പിക്കാൻ കഴിയില്ല.” അയാളുടെ വാക്കുകൾ കേട്ട് ആത്മാവെന്നാൽ എന്താണെന്ന് അവർ ആശ്ചര്യപ്പെട്ടു. പിന്നെ അസ്വസ്ഥതയോടെ മടങ്ങിപ്പോയി.
ആത്മാവിൽ ക്രിസ്തുവിനെ സ്വീകരിച്ച ആ സാധുമനുഷ്യൻതന്നെ സംഭവം വിവരിച്ചപ്പോൾ അയാൾക്ക് ക്രിസ്തുവിനെ നല്കിയ വൈദികന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം സ്വയം ചോദിച്ചു, ”ഇത്രയും നിറവുള്ള ക്രിസ്തുസ്‌നേഹം എനിക്കുണ്ടോ?”