മാർക്ക് കിട്ടാൻ എന്തുചെയ്യണം?

ഇംഗ്ലീഷ് പരീക്ഷയുടെ മാർക്ക് അറിഞ്ഞ ദിവസം ജോനാഥിന്റെ സന്തോഷം മുഴുവൻ പോയി. മാർക്ക് കുറവായിരിക്കുമെന്ന് അവന് മുൻപേ അറിയാമായിരുന്നു. പക്ഷേ അക്കാര്യം അമ്മയോടു പറയുന്നതോർത്തിട്ടാണ് അവനു വിഷമം. അമ്മ വീട്ടിൽനിന്ന് അവനെ നന്നായി പഠിപ്പിച്ചുകൊടുത്തിട്ടുണ്ടായിരുന്നു.

പക്ഷേ എന്താണെന്നറിയില്ല. ഇംഗ്ലീഷിന് മാർക്ക് എപ്പോഴും കുറഞ്ഞുപോവുന്നു. ടീച്ചറിന്റെ വഴക്ക് കിട്ടിയത് ഓർക്കുമ്പോഴേ അരിശവും സങ്കടവുമെല്ലാം വരും. സ്‌കൂളിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിൽ ഇതൊക്കെ മനസ്സിലോർത്ത് തനിയെ നടക്കുകയായിരുന്നു ജോനാഥ്. തൊട്ടു പിന്നിൽ നടന്നുവന്ന ജീവച്ചേച്ചിയെ അതുകൊണ്ടുതന്നെ അവൻ കണ്ടതുമില്ല.
”എന്താ ജോനുക്കുട്ടാ ആലോചിക്കണേ?” ജീവച്ചേച്ചിയുടെ ചോദ്യം കേട്ട് അവൻ തിരിഞ്ഞുനോക്കി.
”ഒന്നുമില്ല, ഓരോന്നോർത്തു നടന്നതാ”

”ആ, അതെന്താണെന്നാ ചോദിച്ചേ” ജീവച്ചേച്ചി വിട്ടില്ല.
തന്നെ പലപ്പോഴും സഹായിക്കാറുള്ള ചേച്ചിയല്ലേ എന്നു കരുതി ജോനാഥ് കാര്യം തുറന്നു പറഞ്ഞു. എന്നിട്ടു ചോദിച്ചു, ”ചേച്ചിക്ക് ഇംഗ്ലീഷിൽ നല്ല മാർക്കുണ്ടോ?”
പത്താംക്ലാസുകാരിയായ ജീവച്ചേച്ചിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ”എനിക്ക് എട്ടാം ക്ലാസുവരെയും ഇംഗ്ലീഷിൽ മാർക്ക് കുറവായിരുന്നു ജോനുക്കുട്ടാ. ഒമ്പതാം ക്ലാസിലെ ഞങ്ങളുടെ ടീച്ചർ ഇംഗ്ലീഷ് പഠിപ്പിച്ചപ്പോഴാ എനിക്ക് കൂടുതൽ മാർക്ക് കിട്ടാൻ തുടങ്ങിയത്.”
”അതെങ്ങനെയാ?” ജോനാഥിന് ആകാംക്ഷയായി.
”അതോ, എനിക്ക് ആ ടീച്ചറിനെ നല്ല ഇഷ്ടമായിരുന്നു. അതുകൊണ്ട് ടീച്ചർ പഠിപ്പിച്ചതും ഇഷ്ടായി”
”അതുകൊണ്ടാണല്ലേ?” ജോനാഥ് ചെറിയൊരു വിഷമത്തോടെയാണത് ചോദിച്ചത്.
”അല്ലാ, അതെന്താ ജോനുക്കുട്ടന് ടീച്ചറിനെ ഇഷ്ടമില്ലേ?”
ഈ ജീവച്ചേച്ചി തന്റെ മനസ്സിലുള്ളത് കണ്ടുപിടിച്ചല്ലോ എന്നോർത്ത് ജോനാഥ് ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ടു പറഞ്ഞു, ”മാർക്ക് കുറയുമ്പോൾ ടീച്ചർ വഴക്കു പറയും, അതുകൊണ്ടാ”
”എന്റെ ജോനുക്കുട്ടാ, ടീച്ചറിന് ജോനുക്കുട്ടനെ ഇഷ്ടമുള്ളതുകൊണ്ടല്ലേ വഴക്കു പറയണേ, നല്ല മാർക്ക് കിട്ടാൻ.”
”പക്ഷേ വഴക്കു പറയുമ്പോ എനിക്ക് വിഷമമാവില്ലേ?”

”അതു സാരമില്ല. ഇനിമുതൽ ടീച്ചറിന് ജോനുക്കുട്ടനെ ഇഷ്ടമുള്ളതുകൊണ്ടാ വഴക്കു പറയുന്നതെന്നോർക്കണം. അപ്പോൾ ടീച്ചറിനെ ഇഷ്ടാവും. അപ്പോ ഇംഗ്ലീഷും ഇഷ്ടാവും. പിന്നെ മാർക്ക് കുറയില്ല”
ജീവച്ചേച്ചി പറഞ്ഞതു കേട്ടപ്പോൾ ജോനാഥിന് പിന്നെയും ചെറിയൊരു സംശയം, ”ഉറപ്പാണോ?”
”ജീവച്ചേച്ചിയല്ലേ പറയണേ. ഞാൻ ജോനുക്കുട്ടനുവേണ്ടി ഈശോയോട് പ്രാർത്ഥിക്കേം ചെയ്യാം. അപ്പോൾ ഉറപ്പായും നല്ല മാർക്ക് കിട്ടും. ഓകെ?”

”ഓകെ!” ജോനാഥ് ജീവച്ചേച്ചിക്ക് കൈകൊടുത്തുകൊണ്ട് പറഞ്ഞു. പിന്നെ സന്തോഷത്തോടെ വീട്ടിലേക്കു നടന്നു. ഇപ്പോഴത്തെ മാർക്ക് കുറഞ്ഞതിന് സോറി പറഞ്ഞിട്ട് അടുത്ത തവണ നല്ല മാർക്ക് മേടിക്കുമെന്ന് അമ്മയോട് ഉറപ്പു പറയണം- അതായിരുന്നു അപ്പോഴവന്റെ മനസ്സിൽ. ന്മ

Leave a Reply

Your email address will not be published. Required fields are marked *