കിരീടം നേടിയവർ

1572 ജൂലൈ ആറാം തിയതി. കാൽവനിസ്റ്റ് തീവ്രവാദികൾ പിടിച്ചുകൊണ്ടുവന്ന 19 തടവുകാരെ ഹോളണ്ടിലെഗോർക്കം തടവറയിൽനിന്ന് ഡോഷ്‌ട്രെയിലെ തടവറയിലേക്ക് മാറ്റുകയാണ്. ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സാന്നിധ്യം തള്ളിപ്പറഞ്ഞില്ല എന്നതാണ് ഈ 19 പേരുടെയുംമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. കാൽവരിയാത്രയെ അനുസ്മരിപ്പിക്കുന്ന ആ യാത്രയിൽ യേശുവിന്റെ പുരോഹിതരായിരുന്നു കുറ്റാരോപിതരായി അവിടുത്തെ സ്ഥാനത്ത് നിന്നത്. 18 പേരാണ് യഥാർത്ഥത്തിൽ ആ സംഘത്തിൽ ഉണ്ടായിരുന്നത്. എന്നാൽ സഹപുരോഹിതർ തടവിലായ വിവരം അറിഞ്ഞ് കൂദാശകളിലൂടെ അവരെ ശക്തിപ്പെടുത്തുന്നതിനായി ഡൊമിനിക്കൻ വൈദികനായ ജോൺ അവരുടെ ഇടയിലേക്ക് രഹസ്യത്തിൽ കടന്നുവന്നു. സ്വന്തം ഇടവകയുടെ സുരക്ഷിതത്വം വെടിഞ്ഞ് സഹവൈദികരെ തേടിവന്ന ജോണിന്റെ ശുശ്രൂഷയ്ക്ക് പക്ഷേ ആയുസുണ്ടായില്ല. ജോൺ കണ്ടുപിടിക്കപ്പെട്ടു. 19-ാമത്തെ തടവുകാരനായി ജോൺ മാറി. ക്രൂരമായ മർദനം… ശേഷം ദിവ്യകാരുണ്യത്തെ തള്ളിപ്പറയുന്നോ എന്ന ചോദ്യം. ‘ഇല്ല’ എന്ന ഉത്തരം ഉയരുന്ന മാത്രയിൽ വീണ്ടും മർദനം… പത്ത് ദിവസമായി തടുരുന്ന ഈ പീഡനത്തിന്റെ പരമപദമായിരുന്നു ആ ‘കാൽവരിയാത്ര’.

പുരോഹിതരെ പീഡിപ്പിക്കുന്ന രംഗം അടുത്ത് നിന്ന് കണ്ട് രസിക്കാനായി ജനങ്ങൾ തിക്കിത്തിരക്കി. പലരും പണം കൊടുത്താണ് ആ ‘ഷോ’ കണ്ടത്. പീഡനങ്ങൾതന്നെയാണ് ഡോഷ്‌ട്രെ തടവറയിലും പുരോഹിതരെ കാത്തിരുന്നത്. ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും മാർപാപ്പയോടുള്ള വിധേയത്വവും ഉപേക്ഷിക്കണമെന്ന് ശത്രുക്കൾ ആവശ്യപ്പെട്ടു. വഴങ്ങുന്നില്ലെന്ന് കണ്ടെപ്പോൾ പീഡനം തുടർന്നു. ക്ഷമയോടുള്ള ആ സഹനം പീഡകരെ കൂടുതൽ പ്രകോപിതരാക്കി. കർത്താവിന്റെ കിരീടത്തിനായുള്ള ജോണിന്റെയും സഹവൈദികരുടെയും ഓട്ടം ജൂലൈ ഒൻപതാം തിയതി അവസാനിച്ചു. ക്രൂരമായ രീതിയിൽ അംഗഭംഗം വരുത്തിയശേഷം ജോണിനെയും സഹവൈദികരെയും ശത്രുക്കൾ തൂക്കിലേറ്റി. രക്തസാക്ഷിത്വത്തിലൂടെ മകുടം ചൂടിയ ആ ജീവിതങ്ങൾ വിശുദ്ധമായി 1865-ൽ പയസ് ഒൻപതാമൻ മാർപാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പ്രശസ്തമായ കൊളോൺ സർവകലാശാലയിലാണ് പഠിച്ചതെന്നതൊഴികെ ജോണിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് അധികം കാര്യങ്ങൾ അറിവായിട്ടില്ല. എന്നാൽ ബൗദ്ധിക വിജ്ഞാനത്തോടൊപ്പം എല്ലാ സത്യത്തിന്റെയും അടിസ്ഥാനമായ യേശുക്രിസ്തുവിനെ ജോൺ പഠനകാലത്ത് കണ്ടുമുട്ടി. വിശുദ്ധപദവിയിലേക്കുള്ള യാത്രയിൽ രക്തസാക്ഷിത്വം പ്രധാന വഴിത്തിരിവായിരുന്നെങ്കിലും ജീവിതകാലം മുഴുവൻ ദൈവത്തോട് പുലർത്തിയ വിശ്വസ്തതയാണ് അവസാനംവരെ സഹിച്ചു നിൽക്കുവാനുള്ള ശക്തി ജോണിന് നൽകിയത്. വിശുദ്ധ ജോണിന്റെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ അറിവില്ലെങ്കിലും ധീരമായ രക്തസാക്ഷിത്വം വഴി ‘തിരുനാളായി’ മാറ്റപ്പെട്ട ജൂലൈ ഒൻപതാം തിയതി അദ്ദേഹത്തിന്റെ ഓർമതിരുനാൾ തിരുസഭ ആചരിക്കുന്നു.

അത്ര മാതൃകാപരമായ ജീവിതം നയിക്കാത്ത രണ്ട് വൈദികരും ആ സംഘത്തിലുണ്ടായിരുന്നുവെന്നും എന്നാൽ പീഡനങ്ങൾക്ക് നടുവിൽ അവസാനം വരെയും സന്തോഷത്തോടെ സഹിച്ചുകൊണ്ട് യേശുവിന് സാക്ഷ്യം വഹിച്ച അവർ ‘ഗോർക്കണിലെ രക്തസാക്ഷികൾ’ എന്ന ആ വിശുദ്ധസംഘത്തിൽ അംഗങ്ങളായി എന്നതും പലപ്പോഴും പാപത്തിൽ വീണു പോകുന്ന സാധാരണ വിശ്വാസികൾക്ക് പ്രത്യാശയുടെ ദൂത് പകരുന്നു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *