ഒരിക്കൽ പ്രൊവാൻസിൽ ആര്യനിലെ പ്രഭുവായിരുന്ന എൽസിയറിന് തന്റെ ശുശ്രൂഷകൾക്ക് വേണ്ടി വീട്ടിൽനിന്നും ദൂരെ മാറി കുറെ നാൾ താമസിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡെൽഫി ഭക്തയും പതിവ്രതയുമായിരുന്നു. ഭർത്താവിനെ പിരിഞ്ഞതിൽ ദുഃഖിച്ചിരുന്ന അവർ അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് ഒരു കത്ത് അയച്ചു. അതിന് എൽസിയർ നൽകിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു, ”പ്രിയപത്‌നീ, ഞാൻ സുഖമായിരിക്കുന്നു. നിനക്ക് എന്നെ കാണണമെന്നുണ്ടെങ്കിൽ കരുണാമയനായ നമ്മുടെ യേശുക്രിസ്തുവിന്റെ പാർശ്വത്തിലെ മുറിവിലേക്ക് നോക്കുക. ഞാൻ വസിക്കുന്നത് അവിടെയാണ്. നീ അവിടെ എന്നെ കണ്ടെത്തും.” സ്വയം ക്രിസ്തുവിന്റെ തിരുമുറിവിൽ സമർപ്പിച്ചിരുന്ന എൽസിയറിന്റെ ആത്മവിശ്വാസമായിരുന്നു ആ വാക്കുകളിൽ തെളിഞ്ഞുകണ്ടത്. പില്ക്കാലത്ത് എൽസിയർ വാഴ്ത്തപ്പെട്ടവനെന്ന് പേർ വിളിക്കപ്പെട്ടു.