ഒരു വിവാഹാലോചന

പ്രാർത്ഥിച്ചിട്ടും കാത്തിരുന്നിട്ടും ആഗ്രഹിച്ച സമയത്തൊന്നും വിവാഹം നടക്കാതെ വരുന്ന അവസ്ഥ അനേകരുടെ ജീവിതത്തിലു്. അങ്ങനെയൊരവസ്ഥയിൽ ഏതൊക്കെ രീതിയിൽ നമുക്കു പ്രതികരിക്കാം? തന്റെ കാര്യത്തിൽ മാതാപിതാക്കളും വേപ്പെട്ടവരും മതിയായ താത്പര്യമെടുക്കുന്നില്ലെന്നു ചിന്തിച്ച് അവരോട് പരിഭവിക്കാം. ഒരുപാട് പ്രാർത്ഥിച്ചിട്ടും ഇങ്ങനെ സംഭവിക്കുകയാണല്ലോ എന്നോർത്ത് പ്രാർത്ഥനകൾ അവസാനിപ്പിക്കാം. ആളുകളെ നേരിടുന്നതൊഴിവാക്കാൻ, ദേവാലയത്തിൽപ്പോകുന്നതും ചടങ്ങുകളിൽ പങ്കെടുക്കുന്നതും മതിയാക്കാം. ജീവിതംതന്നെ അവസാനിപ്പിച്ചുകളയുന്നതിനെക്കുറിച്ചും ചിന്തിക്കാം. എന്നാൽ ആഗ്രഹിക്കുന്ന വിധത്തിലുള്ള പ്രശ്‌നപരിഹാരം നല്കാൻ ഈ വഴികളിൽ ഏതിനെങ്കിലുമാകുമോ? ഇല്ലെന്നുതന്നെയാണ് ഉത്തരം.

രണ്ടണ്ടു കല്യാണക്കഥകൾ

ഒരു പെൺകുട്ടിയുടെ കഥ പറയാം. ഉയർന്ന സാമ്പത്തികസ്ഥിതിയൊന്നുമില്ലാത്ത കുടുംബത്തിലെ അംഗമാണവൾ. സാമാന്യം വണ്ണമുണ്ട്. വെളുത്ത നിറമുള്ളവരോട് താത്പര്യം കൂടുതലുള്ള സമൂഹമായതിനാൽ അക്കാര്യത്തിലും പ്രതീക്ഷ പുലർത്താനാവില്ല. കാരണം അവൾക്ക് അല്പം ഇരുണ്ട നിറമാണ്. എന്നിരുന്നാലും അവൾ നിരാശപ്പെടാൻ തയാറായിരുന്നില്ല. മുൻകാലങ്ങളിൽ തനിക്കായി അത്ഭുതങ്ങളൊരുക്കിയ കർത്താവുണ്ടെന്ന് അവൾ ഓർമ്മിച്ചു. അവിടുന്നിൽ ആശ്രയിച്ചു. പരിചയമുള്ളൊരു സന്യാസിനി നല്കിയ കരുണയുടെ ജപമാല ചൊല്ലുന്നത് ഒരു പതിവാക്കി. മറ്റുള്ളവർ കേട്ടാൽ പുച്ഛിച്ചേക്കാമെങ്കിലും തന്റെ സ്വകാര്യ ആഗ്രഹവും അവൾ ദൈവസന്നിധിയിൽ സമർപ്പിച്ചു, ”ദൈവഹിതമെങ്കിൽ എനിക്ക് ഉദ്യോഗമുള്ള ഒരാളെ ഭർത്താവായി വേണം”

നല്ലൊരു വിവാഹബന്ധം ലഭിക്കാൻ സാധ്യത കുറവെന്നു പലരും വിധിയെഴുതിയ അവളുടെ ജീവിതത്തിൽ സംഭവിച്ചത് കരുണാമയനായ ദൈവത്തിന്റെ വലിയ ഇടപെടലാണ്. സാമാന്യം നല്ലൊരു ഉദ്യോഗസ്ഥനും സത്‌സ്വഭാവിയുമായ യുവാവിനെ അവൾക്ക് വരനായി ലഭിച്ചു. സൗന്ദര്യമാകട്ടെ അവളെക്കാൾ കൂടുതലായിരുന്നു ഭർത്താവിന്, എന്നാൽ അവളെ സ്‌നേഹിക്കുന്നവനും. വർഷങ്ങൾക്കുശേഷവും അവർ സംതൃപ്തമായി ജീവിക്കുന്നു.

വിവാഹജീവിതം ലഭിക്കാത്തതിൽ വേദനിക്കുന്ന ഒരു പെൺകുട്ടിയെയും അവളുടെ ജീവിതത്തിലുണ്ടായ ദൈവിക ഇടപെടലിനെയും കുറിച്ച് ബൈബിളിലും വായിക്കുന്നുണ്ട്. സാറാ എന്നാണ് അവളുടെ പേര്. സത്‌സ്വഭാവമുള്ള യുവതി. ഏഴുപ്രാവശ്യം അവൾ വിവാഹിതയായി. പക്ഷേ ഏഴുതവണയും വിവാഹരാത്രിയാകുമ്പോഴേ ഭർത്താക്കൻമാർ മരിക്കുകയാണ്. അതിനാൽ തീർച്ചയായും ഒരു യുവതിക്ക് താങ്ങാനാവാത്ത ഹൃദയഭാരത്തോടെയാണ് അവൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. ആയിടക്ക് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലൊരനുഭവം അവൾ നേരിടേണ്ടിവരുന്നു. പിതാവിന്റെ പരിചാരികമാർ ഈ വിധിയെപ്രതി അവളെ അധിക്ഷേപിക്കുന്നു. സാറായെ ആകെ ഉലച്ചുകളഞ്ഞു ഈ അധിക്ഷേപം. അപമാനഭാരം താങ്ങാനാകാതെ തൂങ്ങിമരിച്ചുകളഞ്ഞാലോ എന്നവൾ ചിന്തിക്കുകയാണ്.

ആധുനികലോകത്തെ ഏതൊരു പെൺകുട്ടിയും സഞ്ചരിക്കാവുന്ന വഴികളിലൂടെയാണ് അതുവരെയും അവളുടെ ചിന്തകൾ സഞ്ചരിക്കുന്നത്. പക്ഷേ അധികം വൈകാതെ അതിന്റെ ഗതി മാറുന്നു. അവൾ പുനർവിചിന്തനം ചെയ്തു എന്നാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് അവൾ ചെയ്യുന്നത് കിളിവാതിലിനടുത്തുനിന്ന് പ്രാർത്ഥിക്കുകയാണ്. ആ പ്രാർത്ഥനയുടെ ഘടന ഏറെ ശ്രദ്ധേയമാണ്. ആദ്യം അവൾ കർത്താവിനെ സ്തുതിക്കുന്നു. തന്റെ ജീവിതത്തിൽ ഇത്രമാത്രം ദുഃഖങ്ങൾ അനുവദിക്കുന്ന ദൈവത്തെ അവൾ സ്തുതിക്കാതിരിക്കുന്നില്ല. അതിനുശേഷം തന്റെ ദുഃഖത്തിന്റെ അവസ്ഥ സാറാ ദൈവത്തോടു തുറന്നു പറയുകയാണ്. തനിക്ക് തുടർന്നു ജീവിക്കണമെന്നില്ല. എന്നാൽ ഇനി അധിക്ഷേപങ്ങൾ കേൾക്കേണ്ടല്ലോ എന്നൊക്കെയാണ് അവൾ പറയുന്നത്. പ്രാർത്ഥന തുടരുന്നത് തന്റെ നിഷ്‌കളങ്കതയെക്കുറിച്ച് ദൈവത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ്. സ്വന്തം നാടു വിട്ട് മറ്റൊരു ദേശത്തേക്ക് കുടിയേറിപ്പാർത്ത തന്റെ കുടുംബത്തിന് താനൊരിക്കലും അപമാനം വരുത്തിയിട്ടില്ല. ഒരു പുരുഷനുമായും താൻ പാപം ചെയ്തിട്ടില്ല. തനിക്ക് നല്ലൊരു വിവാഹജീവിതം അതുവരെയും ലഭിക്കാത്തതിനു കാരണം തന്റെ ഭാഗത്തുനിന്നുള്ള ഒരു തെറ്റുമല്ലെന്ന് അവൾക്കുറപ്പാണ്. അതിനാൽ ഇനി ജീവിക്കുന്നതിനെന്തർത്ഥമാണുള്ളത്? അതാണ് സാറായുടെ ചോദ്യം.

എങ്കിലും അവൾ ഒടുവിൽ ദൈവഹിതത്തിന് തന്നെത്തന്നെ വിട്ടുകൊടുക്കാൻ തയാറാകുന്നു. ”ഞാൻ ജീവിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കിൽ എന്നെ കാരുണ്യപൂർവം കടാക്ഷിക്കണമേ! ഇനി അധിക്ഷേപങ്ങൾ കേൾക്കാൻ ഇടവരാത്ത വിധം എനിക്കു മാന്യത നല്കണമേ!” അപ്രകാരം പറഞ്ഞുകൊണ്ട് അവൾ തന്റെ പ്രാർത്ഥന ദൈവസന്നിധിയിലേക്കുയർത്തി. പിന്നീട് ദൈവത്തിന്റെ മഹനീയസന്നിധിയിൽനിന്ന് ഉണ്ടായ ഇടപെടലിനെക്കുറിച്ചാണ് നാം വായിക്കുന്നത്. സാറായുടെ ദുഃഖമകറ്റുംവിധം അവൾക്ക് നല്ലൊരു വിവാഹജീവിതം നല്കാൻ സ്വർഗത്തിൽനിന്ന് ഒരു മാലാഖ, റഫായേൽ, നിയുക്തനാവുന്നു. ആ ദുഃഖമകറ്റാനുള്ള വഴികളിൽ കർത്താവിന്റെ അനന്തമായ ജ്ഞാനം നമുക്ക് കാണാനാവും. അവിടുത്തെ പദ്ധതികൾ എപ്പോഴും സമഗ്രമാണ്.

കാരണങ്ങളും പരിഹാരങ്ങളും

വിവാഹം വൈകുന്നത് പല കാരണങ്ങൾകൊണ്ടാകാം. ചിലപ്പോഴെല്ലാം സാമ്പത്തികമായി എല്ലാം ഒരുക്കി വച്ചിട്ടുണ്ടെങ്കിലും മാനസികമായി തയാറെടുത്തിട്ടുണ്ടെങ്കിലും ആത്മീയമായി ജീവിതപങ്കാളിയെ സ്വീകരിക്കാവുന്ന അവസ്ഥയിലല്ലെങ്കിൽ വിവാഹം വൈകാനിടയുണ്ട്. അങ്ങനെയുള്ളവർ തനിക്കായുള്ള ജീവിതപങ്കാളിയെ ഹൃദയപൂർവം സ്വീകരിക്കാൻ തയാറെടുത്ത് പ്രാർത്ഥിക്കുമ്പോൾ വിവാഹം നടക്കുന്നത് കാണാം.

വിവാഹമെന്നത് ദൈവകൃപയാൽ സംഭവിക്കേണ്ട ഒന്നാണ്. ദൈവകൃപ സ്വീകരിക്കുന്നതിന് എന്തെങ്കിലും തടസങ്ങളുണ്ടെങ്കിൽ വിവാഹം വൈകിയേക്കാം. അതിനാൽ അപ്രകാരം എന്തെങ്കിലുമുണ്ടെങ്കിൽ സ്വയം വിശുദ്ധീകരണം തേടി പ്രാർത്ഥിക്കുകയാണ് പരിഹാരം. ഇനിയും ചിലരെ സംബന്ധിച്ച് അവർതന്നെയോ ഉത്തരവാദിത്തപ്പെട്ടവരോ വച്ചുപുലർത്തുന്ന നിർബന്ധങ്ങൾ തടസമായിത്തീരാം. ദൈവം ഒരുക്കിയിരിക്കുന്ന ജീവിതപങ്കാളി ഒരു കർഷകനായിരിക്കേ എൻജിനീയറെമാത്രംമതി എന്നു കരുതുമ്പോൾ വിവാഹം വൈകാനിടയുണ്ട്. അതിനാൽ ആഗ്രഹങ്ങൾ പാടില്ലെന്നല്ല, അവ ദൈവസന്നിധിയിൽ സമർപ്പിച്ച് ദൈവഹിതത്തിനായി വിട്ടുകൊടുക്കുന്നതാണ് ഉചിതം.

ചിലപ്പോൾ ഒരു വ്യക്തിയെ ദൈവവുമായുള്ള ഒരു നല്ല ബന്ധത്തിലേക്ക് നയിക്കാനും അവിടുന്ന് ഇപ്രകാരം അനുവദിച്ചെന്നു വരാം. തന്റെ ആ മകൻ അഥവാ മകൾ വിവാഹം വൈകുന്നതുവഴിയായി തന്നോട് കൂടുതൽ അടുക്കാനിടവരുന്നത് അവിടുത്തേക്ക് സന്തോഷജനകമായിരിക്കുകയില്ലേ? അതൊരിക്കലും ആത്യന്തികമായി ദോഷകരമായിരിക്കുകയില്ല. ഇനിയും ചിലരുടെ കാര്യത്തിൽ കുടുംബത്തിലെയോ തന്റെതന്നെയോ മേലുള്ള ഏതെങ്കിലും തിന്മയുടെ സ്വാധീനംനിമിത്തമാണ് (ഉദാഹരണം- സാറാ) അങ്ങനെ സംഭവിക്കുന്നതെങ്കിൽ യേശുവിന്റെ പീഡാസഹനങ്ങളുടെയും തിരുരക്തത്തിന്റെയും യോഗ്യതയാൽ പ്രാർത്ഥിക്കുന്നതും കരുണക്കുവേണ്ടി പ്രാർത്ഥിക്കുന്നതും ഫലം ചെയ്യും.
ചിലരുടെ കാര്യത്തിൽ അവരോട് ഏതെങ്കിലും വിധത്തിൽ വിദ്വേഷം പുലർത്തുന്നവരോ അസൂയക്കാരോ നിരന്തരം അവരുടെ വിവാഹം മുടക്കിക്കൊണ്ടിരിക്കും. എന്നാൽ ഒരു കാര്യം ഓർക്കുക. കർത്താവ് നിങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്ന വിവാഹം തടയാൻ അവർക്കാർക്കും സാധിക്കുകയില്ല. ഏതെങ്കിലും വിവാഹം മുടങ്ങുന്നുണ്ടെങ്കിൽ അത് നിങ്ങൾക്കുള്ളതല്ലാത്തതുകൊണ്ടുമാത്രമാണ് മുടങ്ങാൻ അവിടുന്ന് അനുവദിക്കുന്നത്. പ്രശസ്തനായ ഒരു വചനപ്രഘോഷകന്റെ ജീവിതാനുഭവം കേട്ടത് ഇതിന് നല്ലൊരു ഉദാഹരണമായി തോന്നി. അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്ന വ്യക്തിയെ മുൻപ് വിവാഹം കഴിക്കാൻ ആഗ്രഹിച്ച പുരുഷൻ ആ യുവതിക്കു വരുന്ന എല്ലാ വിവാഹാലോചനകളും മുടക്കും. അപ്രകാരം പ്രസ്തുത വചനപ്രഘോഷകനും ഊമക്കത്തുകൾ ലഭിച്ചു. ഭാവിവധുവിനെക്കുറിച്ചുള്ള അപവാദങ്ങളായിരുന്നു അവയിൽ. എന്നാൽ അദ്ദേഹം അതെല്ലാം അവഗണിച്ച് ദൈവഹിതപ്രകാരം ആ യുവതിയെത്തന്നെ വിവാഹം കഴിച്ചു.

ഇതോടൊപ്പം ഭാവിജീവിതപങ്കാളിക്കുവേണ്ടണ്ടി പ്രാർത്ഥിക്കേണ്ടണ്ടതും ആവശ്യമാണ്. ഉദാഹരണത്തിന് വരൻ തന്റെ വീടിന്റെ നി ർമ്മാണജോലികൾ പൂർത്തിയായിട്ടേ വിവാഹം കഴിക്കൂ എന്ന് തീരുമാനമെടുത്തിട്ടുണ്ടെണ്ടന്നു കരുതുക. ഭവനനിർമ്മാണം പൂർത്തിയാകാത്തതിനാൽ വിവാഹം വൈകിയേക്കാം. അതിനാൽ താൻ വിവാഹം ചെയ്യേണ്ടണ്ട ആളിനുവേണ്ടണ്ടി പ്രാർത്ഥിക്കുമ്പോൾ അയാളുടെ/ അവളുടെ ജീവിതത്തിലും വേണ്ടണ്ട ക്രമീകരണങ്ങൾ കർത്താവ് ചെയ്തുകൊള്ളും.

വിവാഹത്തിലേക്കുള്ള വഴികൾ

സാറായുടെ കഥയിലേക്ക് തിരികെവരാം. മേദിയായിലെ എക്ബത്താനാ എന്ന സ്ഥലത്തുനിന്ന് സാറാ ഈ പ്രാർത്ഥനയുയർത്തിയപ്പോൾ നിനവേ പട്ടണത്തിലിരുന്ന് തന്റെ ദുരവസ്ഥയോർത്ത് ദൈവത്തോട് പ്രാർത്ഥിച്ച മറ്റൊരു മനുഷ്യനാണ് വൃദ്ധനായ തോബിത്. പരസ്‌നേഹപ്രവൃത്തികൾ ചെയ്യാൻ ഉത്സുകതയുണ്ടായിരുന്ന തോബിത് അങ്ങനെയൊരു പ്രവൃത്തി ചെയ്തതിനു തൊട്ടു പിന്നാലെ കണ്ണിൽ കുരുവിക്കാഷ്ഠം വീണ് അന്ധനായിത്തീർന്നു. അങ്ങനെയിരിക്കുന്ന ഒരവസരത്തിൽ സ്‌നേഹിക്കുന്ന ഭാര്യപോലും തന്നെ മനസിലാക്കാതെ വന്നു. അവളുടെ വാക്കുകൾ കേട്ട് മനം നൊന്ത തോബിത് കർത്താവിനോടു പ്രാർത്ഥിച്ചു. തന്റെയും തന്റെ പിതാക്കൻമാരുടെയും പാപങ്ങൾക്കു മാപ്പപേക്ഷിച്ചുകൊണ്ട് തന്നോട് കാരുണ്യം കാണിക്കണമേ എന്ന് അദ്ദേഹം യാചിച്ചു; തുടർന്നും മിഥ്യാപവാദങ്ങൾ കേൾക്കാനിടയാകാതെ തന്റെ ജീവൻ എടുത്തുകൊള്ളണമെന്നും. അതായിരുന്നു ആ പ്രാർത്ഥനയുടെ ഘടന. നന്മ ചെയ്തിട്ടും വേദനകൾ ലഭിച്ചവന്റെ ദുഃഖമായിരുന്നു അത്.

ആ പ്രാർത്ഥനക്കുശേഷം തന്റെ ജീവിതത്തിൽ ചെയ്തുതീർക്കാനുള്ള ചില കാര്യങ്ങൾ അദ്ദേഹം ഓർത്തെടുക്കുന്നു. അങ്ങനെ, നാളുകൾക്കുമുൻപ് മേദിയായിലെ റാഗെസിൽ ഗബായേൽ എന്ന സുഹൃത്തിനെ താൻ സൂക്ഷിക്കാനേല്പിച്ച വെള്ളി തിരികെ വാങ്ങുന്നതിനായി മകൻ തോബിയാസിനെ അദ്ദേഹം പറഞ്ഞയക്കുന്നു. കൂടെപ്പോകാനായി തോബിയാസിന് ലഭിക്കുന്നത് അസറിയാസ് എന്നു സ്വയം പരിചയപ്പെടുത്തിയ ദൈവദൂതൻ റഫായേലിനെയാണ്. അത് ഒരു ദൈവദൂതനാണെന്ന് അവരാരും അറിഞ്ഞുമില്ല. റഫായേൽ തോബിയാസിനെ എക്ബത്താനായിൽ സാറായുടെ പിതാവ് റഗുവേലിനടുത്തെത്തിക്കുന്നു. തന്റെ വധുവാകേണ്ടവളാണ് സാറാ എന്നു തോബിയാസിനെ ബോധ്യപ്പെടുത്തി അവരെ വിവാഹത്തിലേക്കു നയിക്കുന്നു. സാറായുടെ മുൻപത്തെ ഏഴു ഭർത്താക്കൻമാരെയും വിവാഹത്തിന്റെ ആദ്യദിനത്തിൽത്തന്നെ വധിച്ച അസ്‌മോദേവൂസ് എന്ന ദുഷ്ടഭൂതത്തിൽനിന്ന് മോചനം നേടാൻ സഹായിക്കുന്നു. റഫായേലിന്റെ നിർദേശപ്രകാരം തോബിയാസ് സൂക്ഷിച്ച മത്സ്യത്തിന്റെ ചങ്കും കരളും വിവാഹരാത്രി ധൂപകലശത്തിലെ തീക്കനലിൽ ഇട്ടു പുകച്ചപ്പോഴാണ് പിശാച് അവരെ വിട്ട് ഓടിപ്പോയത്.

പിന്നീട് അസറിയാസ് എന്ന റഫായേൽതന്നെ ഗബായേലിന്റെ അടുത്തുനിന്ന് തോബിയാസിനുവേണ്ടി പണം തിരികെ വാങ്ങി. പിന്നീട് സാറാക്കൊപ്പം തിരികെ മാതാപിതാക്കൾക്കടുത്തേക്കും തോബിയാസിനെ അനുഗമിക്കുന്നു. സാറായ്ക്കുമുമ്പേ വേണ്ട ഒരുക്കങ്ങൾ ചെയ്യാനായി അവരിരുവരും വീട്ടിലേക്ക് പോകുന്നു. നേരത്തേ സൂക്ഷിച്ചിരുന്ന മത്സ്യത്തിന്റെ കയ്പയെടുത്ത് റഫായേലിന്റെ നിർദേശപ്രകാരം തോബിത്തിന്റെ കണ്ണുകളിൽ പുരട്ടിയപ്പോൾ തോബിത്തിന് കാഴ്ച തെളിഞ്ഞു. പിന്നീട് വിവരങ്ങളറിയിച്ചപ്പോൾ ഏറെ സന്തോഷത്തോടെ നഗരവാതിൽക്കൽച്ചെന്ന് സാറായെ അദ്ദേഹം സ്വീകരിക്കുന്നു. തോബിയാസിനെ പിരിയുംമുൻപ് റഫായേൽ സ്വയം വെളിപ്പെടുത്തുകയും ദൈവത്തെ സ്തുതിക്കാനും നന്ദി പറയാനും അവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. തോബിത്താകട്ടെ കീർത്തനമാലപിച്ച് കർത്താവിനു നന്ദി പറയുകയും ചെയ്യുന്നു.
തോബിത്തിന്റെ പുസ്തകത്തിൽ വിവരിക്കുന്ന തോബിത്തിന്റെയും സാറായുടെയും പ്രാർത്ഥനകൾ ഹൃദയഹാരികളാണ്. എന്തെന്നാൽ ദൈവത്തോടു നടത്തുന്ന അത്രയേറെ സത്യസന്ധമായ ഹൃദയപകർച്ചയാണ് ഈ രണ്ടു പ്രാർത്ഥനകളും. അതിനു ദൈവം കൊടുക്കുന്ന മറുപടിയുടെ വിശദമായൊരു വിവരണം നമുക്ക് വായിക്കാനാകും. എത്ര മനോഹരമാണ് കർത്താവിന്റെ വഴികൾ!

അത്ഭുതങ്ങളെന്നുപോലും തോന്നിപ്പിക്കാതെ നമുക്കായി അവിടുന്ന് അത്ഭുതങ്ങൾ ചെയ്തുകൊള്ളും. അതിനാൽ സാറായെപ്പോലെ, തോബിത്തിനെപ്പോലെ, ഹൃദയവിചാരങ്ങൾ സത്യസന്ധമായി അവിടുത്തെ മുന്നിൽ പകരുകമാത്രം ചെയ്യുക. എന്നിട്ട് കാത്തിരിക്കുക, അനുഗ്രഹവർഷങ്ങൾക്കായി….

സിജി ബിനു

9 Comments

  1. Sangeeth Joy says:

    Amen

  2. Bincy Shiju says:

    This article so touching.. thank u Jesus…

  3. charles says:

    his blesings will come at right time ..

  4. Anoop Neppoliyan says:

    Amen

  5. Deepak says:

    Amen…. Hope the above said reasons applicable for all problems in human life… The article is an eye opener….. Thanks Shalom team…

  6. Sumy sebastian says:

    Amen…….thanks shalom team………

  7. Shijo Joseph says:

    Amen

Leave a Reply to Sangeeth Joy Cancel reply

Your email address will not be published. Required fields are marked *