വീട്ടമ്മമാർക്കൊരു സമ്മാനപദ്ധതി

ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറന്ന ദിവസം. ഒത്തിരി പാരവശ്യത്തോടെയാണ് ആ വീട്ടമ്മ പ്രാർത്ഥിക്കുവാൻ വന്നത്. പ്രാർത്ഥിക്കാനായി ഇരുന്നപ്പോൾ ഞാൻ വെറുതെ കുശലം ചോദിച്ചു. എന്തുണ്ട് സെലിൻ വിശേഷങ്ങൾ? കുട്ടികളുടെ ക്രിസ്മസ് അവധിക്കാലം എങ്ങനെയായിരുന്നു? ഒന്നും പറയേണ്ട എന്റെ ചേച്ചീ, ഇതുപോലുള്ള ക്രിസ്മസും ഈസ്റ്ററുമൊന്നും ഇനി ഉണ്ടാകരുതേയെന്നാണ് എന്റെ പ്രാർത്ഥന. ഒന്നു നിർത്തിയിട്ട് അവൾ സാരി കാലിൽനിന്ന് നീക്കി അവളുടെ കാലുകൾ കാണിച്ചുതന്നു. ഇപ്പോൾ പൊട്ടും എന്ന രീതിയിൽ തടിച്ച് വിങ്ങിക്കിടക്കുന്ന ഞരമ്പുകൾ! സെലിൻ ഒരു വെരിക്കോസ് വെയിൻ രോഗിയാണ്. ആ കാലുകൊണ്ട് അധികസമയം നിന്ന് ജോലി ചെയ്യാൻ വയ്യ. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ഞരമ്പുകൾ കോച്ചി വലിക്കും. പ്രശ്‌നമതല്ല. ക്രിസ്മസ് അവധിക്ക് സ്‌കൂളടച്ചപ്പോൾ മക്കളെല്ലാം വീട്ടിൽ വന്നു. രാവിലെ നാലുമണിക്ക് ആരംഭിക്കും സെലിന്റെ ക്രിസ്മസ് ദിവസങ്ങൾ. പഠനവും പരീക്ഷയുമെല്ലാം കഴിഞ്ഞെത്തിയ കുട്ടികൾക്ക് ഇഷ്ടത്തിനനുസരിച്ച് ഭക്ഷണസാധനങ്ങൾ മൂന്നുനേരവും പാകം ചെയ്തുകൊടുക്കണം.

ഭർത്താവിനും സ്വന്ത അഭീഷ്ടത്തിനൊത്ത ഭക്ഷണം പാകം ചെയ്യണം. എത്ര നന്നായി പാകം ചെയ്തു വിളമ്പിയാലും ഭർത്താവിന്റെ വായിൽനിന്ന് ഒരു നല്ല വാക്ക് കേൾക്കാൻ കഴിയില്ല. എന്നാൽ, തന്റെ സുഹൃത്തുക്കളുടെ വീട്ടിൽനിന്ന് കിട്ടിയ സൽക്കാരത്തെക്കുറിച്ചും അവരുടെ ഭാര്യമാരുടെ കൈപ്പുണ്യത്തെക്കുറിച്ചുമൊക്കെ ധാരാളം പറയുകയും ചെയ്യും. മക്കളും അപ്പന്റെ വഴിതന്നെ. മമ്മി വയ്ക്കുന്ന ഭക്ഷണസാധനങ്ങൾക്ക് അവർ പുറത്തുനിന്നും കഴിച്ചിട്ടുള്ള ഭക്ഷണംപോലെ ടേസ്റ്റ് ഒക്കുന്നില്ലെന്ന് പറയും. അവസാനം ഒരു നിർദേശവും കൊടുക്കും. സമയം കിട്ടുമ്പോൾ മമ്മി വല്ല കുക്കിങ്ങ് ക്ലാസിനും പോക് എന്ന്. അതു കേൾക്കുമ്പോൾ സെലിന്റെ കണ്ണുകൾ നിറയും.

വീട്ടിൽ അടുക്കളജോലിക്ക് സഹായിക്കാൻ ആരുമില്ല. വീട് അടിച്ചുവാരി തുടയ്ക്കുവാൻ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു സ്ത്രീ വരും. പക്ഷേ, അവർ മറ്റു ജോലികളൊന്നും ചെയ്യില്ല. മാത്രമല്ല, ക്രിസ്മസ് അവധി പ്രമാണിച്ച് അവരും ലീവെടുത്തു. അതുകൊണ്ട് ക്ലീനിങ്ങും സെലിൻതന്നെ ചെയ്യേണ്ടതായി വന്നു. നീരുവച്ച കാലും വലിച്ചുകൊണ്ട് കരഞ്ഞുകൊണ്ടാണ് ഞാൻ ജോലികളെല്ലാം തീർത്ത് ഏറെ വൈകി ഉറങ്ങാൻ പോകുന്നത്. യാതൊരുവിധ ജോലികൾക്കും ഭർത്താവോ മക്കളോ സഹായിക്കുകയില്ല എന്നു മാത്രമല്ല, രാത്രിയിൽ ഞരങ്ങിയും മൂളിയും കിടക്കാൻ ചെല്ലുമ്പോൾ ചിലപ്പോൾ ശകാരവും കേൾക്കേണ്ടിവരും. നിനക്കിത്തിരി നേരത്തേ കിടക്കാൻ വന്നാലെന്താ? പന്ത്രണ്ടുമണിവരെ ഞാൻ നിന്നെ കാത്ത് ഉറങ്ങാതിരിക്കണോ? ഇത്തരം വാക്കുകൾ കേട്ട് മനസിടിഞ്ഞുപോയി ചേച്ചി. വല്ലയിടത്തും പോയി ചത്താലോയെന്ന് പലവട്ടം മനസിൽ തോന്നിപ്പോയി.

ഇത് ഒരു കുടുംബത്തിലെ മാത്രം സ്ത്രീയുടെ അവസ്ഥയല്ല. ഇതുപോലുള്ളതോ ഇതിന് തുല്യമായതോ ആയ അരക്ഷിതത്വങ്ങളും സങ്കടാവസ്ഥകളും സ്ത്രീകൾ അനുഭവിക്കുന്നു. ആദ്യമെല്ലാം അവർ സഹിക്കും. ചിലപ്പോൾ മറുത്തു പറയുകയും പൊട്ടിത്തെറിച്ച് സംസാരിച്ചുപോവുകയും ചെയ്‌തെന്നിരിക്കും. പിന്നെ നിസഹായതയിൽ അവൾ പറഞ്ഞ വാക്കിനെയും സംസാരത്തിനിടയിൽ വന്നുപോയ പ്രതിഷേധം പ്രകടിപ്പിക്കുന്ന ടോണിനെയും പിടിച്ചാവും അടുത്ത കലഹം. അങ്ങനെയങ്ങനെ നീറിപ്പുകയുന്ന എത്രയോ വീട്ടമ്മമാർ! സമാധാനം നഷ്ടപ്പെടുന്ന എത്രയോ ഭവനങ്ങൾ!
ഒരു സ്ത്രീയെ, പ്രത്യേകിച്ചും ഒരു കുടുംബിനിയെ എങ്ങനെ കരുതണമെന്ന് പത്രോസ് ശ്ലീഹാ പറയുന്നതിപ്രകാരമാണ്: ”സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്കു തുല്യ അവകാശിനിയെന്ന നിലയിൽ അവളോട് ബഹുമാനം കാണിക്കുവിൻ” (1 പത്രോ. 3:7). സ്ത്രീയെ ഒരു ബലഹീനപാത്രമായി കരുതിയിരുന്ന അന്നത്തെ കാലത്തുപോലും ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിയായതിനാൽ അവളോട് തുല്യബഹുമാനം കാണിക്കുവാൻ മാർപാപ്പ സഭാതനയരോട് ആവശ്യപ്പെടുന്നു. ഇന്ന് കാലം മാറി. സ്ത്രീ വിദ്യാസമ്പന്നയായി. അവളുടെ കഴിവുകളും സാധ്യതകളുമെല്ലാം വിപുലീകരിക്കപ്പെട്ടു. ചില വേദികളിൽ പുരുഷന്മാരുടേതിനെക്കാൾ സമർത്ഥമായ സംഭാവനകൾ സഭയ്ക്കും ലോകത്തിനും കുടുംബത്തിനുമെല്ലാം നല്കുന്നവളായി സ്ത്രീ രൂപാന്തരപ്പെട്ടു. എന്നിട്ടും സ്ത്രീത്വം ഇന്നും വേണ്ട രീതിയിൽ ആദരിക്കപ്പെടുന്നില്ല. പ്രത്യേകിച്ചും കുടുംബപശ്ചാത്തലത്തിൽ.

സെലിൻ അത്രയും പറഞ്ഞ് കുറെനേരം കരഞ്ഞു. കരഞ്ഞു കഴിഞ്ഞപ്പോൾതന്നെ അവൾക്ക് വലിയൊരാശ്വാസമായി. ഞാൻ അവളുടെ കൈ എന്റെ കൈയിൽ എടുത്തുപിടിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. സാരമില്ല സെലിൻ. ഒത്തിരി വേദനിപ്പിക്കുന്ന അനുഭവമാണ് സെലിന് കുടുംബത്തിൽ ഉള്ളത്. പക്ഷേ, നമ്മെ സ്‌നേഹിക്കുന്ന നമ്മുടെ ദൈവം അറിയാതെയല്ല നമ്മുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അവിടുന്ന് നമ്മുടെ ഓരോ നൊമ്പരങ്ങളെയും വലിയ നന്മയ്ക്കായി പരിണമിപ്പിക്കും. ഈ വചനം ഒന്ന് ഓർത്തുനോക്കൂ. ”ദൈവത്തെ സ്‌നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28). ഇപ്പോൾ സെലിൻ പറഞ്ഞ (ഇവിടെ പറയാത്തതും) കാര്യങ്ങൾ പ്രത്യേകിച്ച് സെലിൻ കടന്നുപോകുന്ന സഹനങ്ങൾ ഒരിക്കലും അതിൽത്തന്നെ നന്മയല്ല. എന്നാൽ, ദൈവതൃക്കരങ്ങളിൽനിന്ന് സെലിനിത് സ്വീകരിച്ചുകഴിയുമ്പോൾ അത് വലിയ നന്മയ്ക്കായി പരിണമിക്കും. ഓരോ നൊമ്പരങ്ങളും അനേകരുടെ മാനസാന്തരത്തിനായി യേശുവിന്റെ തിരുക്കുരിശിനോടും അവിടുത്തെ തിരുമുറിവുകളോടും ചേർത്ത് കാഴ്ചവയ്ക്കുമ്പോൾ അത് തീർച്ചയായും ഏറ്റം വലിയ നന്മയായി പരിണമിക്കും. വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അതേക്കുറിച്ച് ഈശോയ്ക്ക് നന്ദി പറയണം. പിന്നീട് ഇപ്രകാരം ഈശോയോട് പറയണം.

എന്റെ ഈശോയേ, എനിക്ക് നന്നായിട്ടു നൊന്തു. പക്ഷേ, ഞാനീ നൊമ്പരത്തെ അങ്ങയുടെ തിരുമുറിവുകളോട് ചേർത്ത് കാഴ്ചവയ്ക്കുന്നു. ഈ നൊമ്പരം കർത്താവേ അനേക പാപികളുടെ ആത്മരക്ഷയ്ക്കും ശുദ്ധീകരണ സ്ഥലത്തെ ആരും പ്രാർത്ഥിക്കാനില്ലാത്ത ആത്മാക്കളുടെ മോചനത്തിനുംവേണ്ടി കാഴ്ചവയ്ക്കുന്നു. ഈശോയേ നന്ദി, ഈശോയേ സ്തുതി.

ഈ വാക്കുകൾ കേട്ടപ്പോൾ അവൾ എന്നോട് സംശയരൂപത്തിൽ ഇങ്ങനെ ചോദിച്ചു. എന്റെ സ്വന്തം ആത്മരക്ഷയ്ക്കുവേണ്ടിപോലും പ്രാർത്ഥിക്കാൻ സമയമില്ലാത്ത എനിക്കെങ്ങനെ അനേകരുടെ ആത്മരക്ഷയ്ക്കായി പ്രാർത്ഥിക്കാൻ സമയം കണ്ടെത്തുവാൻ കഴിയും? ഞാൻ പറഞ്ഞു, ഈ പ്രാർത്ഥനയ്ക്കായി സെലിൻ പ്രത്യേകം സമയമൊന്നും കണ്ടെത്തേണ്ട ആവശ്യമില്ല. ജീവിതം മുഴുവനും നമുക്ക് പ്രാർത്ഥനയാക്കാൻ കഴിയും. രാവിലെ നിദ്രവിട്ടുണരുന്ന സമയം മുതൽ തുടങ്ങുകയായി നമ്മുടെ പ്രാർത്ഥനാജീവിതം. ഉണരുമ്പോഴേ ഈശോയോട് ഇപ്രകാരം പറയുക. കർത്താവേ, നിന്റെ കരങ്ങളിൽ താങ്ങി നീയെന്നെ ഉണർത്തിയല്ലോ. ദൈവമേ സ്തുതി, ദൈവമേ നന്ദി. ഇന്നത്തെ എന്റെ എല്ലാ പ്രവൃത്തികളെയും എനിക്ക് നേരിടേണ്ട ചെറുതും വലുതുമായ എല്ലാ അനുഭവങ്ങളെയും ദൈവമേ അങ്ങയുടെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടി കാഴ്ചവയ്ക്കുന്നു. അവിടുന്നിത് സ്വീകരിച്ച് വലിയ നന്മയ്ക്കായി പരിണമിപ്പിക്കണമേ.
അനന്തരം മുഖം കഴുകി പല്ലു തേക്കുന്ന സമയത്ത് ഇപ്രകാരം പ്രാർത്ഥിക്കാം. കർത്താവേ, അറിഞ്ഞും അറിയാതെയും എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും ജീവിതത്തിൽ വന്നുപോയിട്ടുള്ളതും വരാനിടയുള്ളതുമായ എല്ലാ പാപങ്ങളിലുംനിന്ന് അങ്ങയുടെ തിരുരക്തം ഞങ്ങളെ കഴുകി വിശുദ്ധീകരിക്കട്ടെ.

അനന്തരം കുടുംബത്തിനുവേണ്ടി പ്രഭാതഭക്ഷണം ഒരുക്കുമ്പോൾ തിബേരിയൂസ് കടൽക്കരയിൽ ശിഷ്യന്മാർക്കുവേണ്ടി പ്രാതലൊരുക്കി, അവരെ കാത്തിരുന്ന് വിളമ്പിക്കൊടുത്ത യേശുവിന്റെ സ്‌നേഹത്തെ ധ്യാനിക്കാം. ഈശോയേ അവർക്കുവേണ്ടി പ്രാതലൊരുക്കി വിളമ്പിയ അങ്ങയുടെ സ്‌നേഹത്താൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കാം. ഈശോയെ അങ്ങയോടുള്ള സ്‌നേഹത്തെപ്രതി ഇത് അനേകരുടെ ആത്മരക്ഷയ്ക്കായി സമർപ്പിക്കുന്നു എന്നും പറയാം.

അനന്തരം ഭക്ഷണം പാകം ചെയ്ത പാത്രങ്ങൾ കഴുകാനായി നിങ്ങൾ നില്ക്കുന്നു എന്നിരിക്കട്ടെ. കഴുകാനായി തുടങ്ങുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കാം: ഈശോയേ അങ്ങയോടുള്ള സ്‌നേഹത്തെപ്രതി അനേകം ആത്മാക്കളുടെ രക്ഷയ്ക്കായി ഞാനിത് ചെയ്യുന്നു. നമ്മുടെ പാട്ടിന്റെ പേരിൽ ആരും പരാതിപ്പെടാനില്ലെങ്കിൽ പാത്രം കഴുകുന്നതിനിടയിൽ ചെറിയ സ്വരത്തിൽ ഇങ്ങനെ പാടാം ”തിരുരക്തത്താലെന്നെ കഴുകണേയെൻ യേശുവേ, മലിനമാമെൻ ജീവിതത്തെ കുരിശിനോടു ചേർക്കണേ.” ഈ വരികൾ തന്നെ വേണമെന്ന് നിർബന്ധമില്ല. ഇതേ അർത്ഥം വരുന്ന മറ്റേതെങ്കിലും ഈരടികളാണെങ്കിലും മതി. ചെറിയ സ്വരത്തിൽ ആവർത്തിച്ചുപാടി അരൂപിയിൽ നമുക്ക് ദൈവത്തെ ആരാധിക്കാം. ഹൃദയംകൊണ്ട് പാടിയാലും മതിയാകും. ഭക്ഷണം പാകം ചെയ്യുമ്പോൾ ഇപ്രകാരം ഈശോയോട് പറയാം, ഈ ഭക്ഷണത്തെ ദിവ്യകാരുണ്യഭോജനമാക്കി രൂപാന്തരപ്പെടുത്തണേയെന്ന്. ഭക്ഷണം വിളമ്പുമ്പോൾ അന്ത്യഅത്താഴവേളയിൽ ഈശോ കാണിച്ച സ്‌നേഹത്തിന്റെ മുറിച്ചുവിളമ്പൽ നമുക്കോർമിക്കാം. ഞാൻ വിളമ്പുന്ന ഭക്ഷണവും അങ്ങനെയുള്ള ആത്മീയഭോജനമാക്കി മാറ്റണമേയെന്ന് പ്രാർത്ഥിക്കാം. കുട്ടികൾ എതിർവാക്കു പറയുകയും അനുസരണക്കേടു കാണിക്കുകയും ബഹുമാനമില്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്യുമ്പോൾ ആ വേദന വളരുന്ന തലമുറയുടെ മാനസാന്തരത്തിനും വിശുദ്ധീകരണത്തിനുംവേണ്ടി ഈശോയുടെ മുറിവുകളോട് ചേർത്തുവച്ച് പ്രാർത്ഥിക്കാം. ”ആകാശമേ കേൾക്ക, ഭൂമിയെ ചെവിതരിക, ഞാൻ മക്കളെ പോറ്റി വളർത്തി, അവർ എന്നോട് മത്സരിക്കുന്നു” എന്ന ഗാനത്തിന്റെ ഈരടികൾ പാടിക്കൊണ്ടോ ആ വരികൾ ധ്യാനിച്ചുകൊണ്ടോ നമുക്ക് ജോലികൾ ചെയ്യാം. മക്കൾമൂലം വേദനിക്കുന്ന മാതാപിതാക്കൾക്ക്, മനുഷ്യമക്കൾമൂലം വേദനിക്കുന്ന ദൈവപിതാവിന്റെ മുറിയുന്ന ഹൃദയത്തെ ഓർത്ത് ആ പിതാവിന്റെ ഹൃദയവ്യഥയോടുചേർത്ത് മക്കളുടെ മാനസാന്തരത്തിനും വിശുദ്ധീകരണത്തിനുംവേണ്ടി പ്രാർത്ഥിക്കാം.

തുടർച്ചയായി നില്ക്കുന്നതുമൂലം രോഗബാധിതമായ കാലുകൾക്ക് വേദന അനുഭവിക്കേണ്ടിവരുമ്പോൾ ഭാരമേറിയ കുരിശും താങ്ങി, കാലുകൾ വേച്ചുവേച്ച് കാൽവരി കയറിയ ഈശോയോടൊപ്പം നമ്മുടെ വേദനകൾ കാഴ്ചവച്ച് സെലിന്റെ കുടുംബാംഗങ്ങളുടെ വിശുദ്ധീകരണത്തിനും രക്ഷയ്ക്കും അനേകം കഠിനപാപികളുടെ മാനസാന്തരത്തിനുംവേണ്ടി പ്രാർത്ഥിക്കാം. ഭർത്താവിന്റെ കുറ്റപ്പെടുത്തലും മക്കളുടെ നിന്ദനവുമെല്ലാം കേൾക്കേണ്ടി വരുമ്പോൾ കുറ്റമില്ലാതിരിക്കേ കുറ്റക്കാരനായി വിധിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്ത ഈശോയുടെ പാടുപീഡകളെ ഓർത്ത് അതിൽ പങ്കുചേരാൻ അനുവദിച്ചതിന് ഈശോയേ നന്ദി എന്ന് പറയണം. ആ കുറ്റാരോപണങ്ങളും നിന്ദനങ്ങളുമെല്ലാം നന്ദിപൂർവം സ്വീകരിച്ച് ആത്മാക്കളുടെ രക്ഷയ്ക്കും സുവിശേഷവേലയുടെ ഉന്നമനത്തിനുംവേണ്ടി കാഴ്ചവയ്ക്കാം. അങ്ങനെ സെലിന് അടുക്കളയിൽ വച്ചുതന്നെ വിശുദ്ധയായ ഒരു സുവിശേഷകയാകാൻ കഴിയും. വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായിത്തീർന്നതും പ്രേഷിതപ്രവർത്തനങ്ങളുടെ ആഗോളമധ്യസ്ഥയായിത്തീർന്നതും വലിയ വലിയ കാര്യങ്ങൾ ചെയ്തുകൊണ്ടല്ല പിന്നെയോ, കൊച്ചുകൊച്ചു കാര്യങ്ങൾ ഒത്തിരി വലിയ സ്‌നേഹത്തോടെ ഈശോയെപ്രതി ചെയ്തുകൊണ്ടാണ്.

ഭർത്താവിന്റെയും മകന്റെയും മാനസാന്തരത്തിനും വിശുദ്ധീകരണത്തിനുംവേണ്ടി കണ്ണീരൊഴുക്കി ത്യാഗം സഹിച്ചുപ്രാർത്ഥിച്ച മോനിക്കാപുണ്യവതി അവരെ രണ്ടുപേരെയും യേശുവിനായി നേടി. ദൈവവിശ്വാസികളല്ലായിരുന്ന ഭർത്താവും മകനും മാനസാന്തരപ്പെട്ടു എന്നുമാത്രമല്ല, മകനായിരുന്ന അഗസ്റ്റിൻ വിശുദ്ധ അഗസ്റ്റിനായി മാറുകയും ചെയ്തു. ഇന്ന് സഭയ്ക്ക് പ്രേഷിതവേല ചെയ്യാൻ പ്രാർത്ഥനയും പരിത്യാഗവുമുള്ള ഒരുപാട് മോനിക്കമാരുടെ ആവശ്യമുണ്ട്. അതിലൊരു മോനിക്കയായി സെലിൻ മാറണം. പരാതിയില്ലാത്ത സഹനം, പരിഭവമില്ലാത്ത സ്‌നേഹം, സഹനങ്ങൾ ലാഭമായി കരുതുന്ന മനസ്. അതു തരാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണം. അവിടുന്നത് തരും. സെലിനിതിന് സമ്മതമാണോ? സമ്മതമെങ്കിൽ സമ്മാനം കിട്ടും. സ്വർഗത്തിൽ ചെല്ലുമ്പോൾ മാത്രമല്ല ഇവിടെവച്ചും വീട്ടമ്മയായ സെലിൻ സമ്മാനിതയാകും. ഭാര്യയും അമ്മയും ഉദ്യോഗസ്ഥയുമായ സെലിൻ സമ്മാനിതയാകും. അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പൂത്തിരി കത്തി. ഞാനവൾക്കുവേണ്ടി പ്രാർത്ഥിച്ച് യാത്രയാക്കി.

ഒരാഴ്ച കഴിഞ്ഞ് സെലിൻ വിളിച്ചു. ഒത്തിരി സന്തോഷത്തോടെ, ഒരുപാട് നന്ദിയോടെ അവൾ പറഞ്ഞു: ഞാനാകെ മാറിപ്പോയി ചേച്ചീ. ആത്മാക്കളുടെ രക്ഷയ്ക്കും സുവിശേഷവൽക്കരണത്തിനും കുടുംബാംഗങ്ങളുടെ വിശുദ്ധീകരണത്തിനുംവേണ്ടി പ്രാർത്ഥിക്കുകയും എല്ലാ കാര്യത്തിനും കർത്താവിന് നന്ദി പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തുതുടങ്ങിയതോടെ എന്റെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞു. സമാധാനം എനിക്കനുഭവിക്കാൻ കഴിയുന്നു. പ്രാർത്ഥനയിൽ പരിശുദ്ധാത്മാവിന്റെ സഹായം തേടിയതോടെ നിരന്തരം പ്രാർത്ഥിക്കാൻ കഴിയുന്നു. മക്കളും അതുതന്നെ പറയുന്നു, മമ്മിയാകെ മാറിപ്പോയി എന്ന്. എനിക്കുറപ്പുണ്ട് ചേച്ചി, സാവധാനത്തിൽ എന്റെ ഭർത്താവും മക്കളും മാറും. വൈപരീത്യങ്ങളുടെമേലുള്ള ആധിപത്യം എന്റെ കർത്താവെനിക്ക് തന്നു. അവൾ പറഞ്ഞുനിർത്തി.

വീട്ടപ്പന്മാർ എന്തുചെയ്യും?

ക്രിസ്തുവിന്റെ സമ്മാനമായ സമാധാനവും സന്തോഷവും വീട്ടമ്മമാർക്കു മാത്രമല്ല, വീട്ടപ്പന്മാർക്കുമുള്ളതാണ്. ഞാൻ ഒരു കുടുംബനാഥനെ പരിചയപ്പെടുത്താം. തല്ക്കാലം അദ്ദേഹത്തെ എബി എന്നു വിളിക്കാം. അദ്ദേഹത്തിന്റെ സൂര്യൻ ഉദിക്കുന്നത് രാവിലെ നാലുമണിക്കാണ്. എഴുന്നേറ്റ ഉടനെ ഭാര്യയുമൊന്നിച്ച് കിടക്കയിൽ ഇരുന്ന് കരുണയുടെ ജപമാല ചൊല്ലും. അതിനുശേഷം ഭാര്യ പ്രാർത്ഥനയോടെ കടുംകാപ്പിയിടും. ആ സമയത്ത് എബി പ്രാർത്ഥനയോടെതന്നെ പല്ല് ബ്രഷ് ചെയ്ത് തിരിച്ചുവരും. ഭാര്യ സ്‌നേഹപൂർവം നല്കുന്ന കടുംകാപ്പിയും റസ്‌കിന്റെ കഷണവും കഴിച്ച് അദ്ദേഹം റബർതോട്ടത്തിലേക്ക് ചെല്ലും. തലയിൽ ഹെഡ്‌ലൈറ്റുംവച്ച് റബർ ടാപ്പ് ചെയ്യാൻ തുടങ്ങുന്ന അദ്ദേഹം ഓരോ റബറും വെട്ടുമ്പോൾ സുവിശേഷവൽക്കരിക്കപ്പെടേണ്ട ഓരോ ആത്മാവിനെയും ദൈവസന്നിധിയിലേക്കുയർത്തും.

ലോകസുവിശേഷീകരണത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കും. തന്നെ വേദനിപ്പിച്ചവർക്ക് റബർമരത്തിന്റെ ചുവട്ടിൽവച്ച് ക്ഷമ കൊടുക്കും. താൻ വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കും. പ്രാർത്ഥന ചോദിച്ചവർക്കുവേണ്ടി മധ്യസ്ഥപ്രാർത്ഥന നടത്തും. ഒരു മരത്തിൽനിന്നും മറ്റൊരു മരത്തിനടുത്തേക്കു പോകുമ്പോൾ ഒരാത്മാവിൽനിന്നും മറ്റൊരാത്മാവിലേക്ക് പോകും. ചിലപ്പോൾ ചിറകുകളില്ലാതെ രാജ്യങ്ങളുടെമേലും ഭൂഖണ്ഡങ്ങളുടെമേലും പ്രാർത്ഥിച്ചുകൊണ്ട് പറക്കും. ചിലപ്പോഴെല്ലാം ജപമാലയും കരുണക്കൊന്തയും ചൊല്ലി ആത്മാക്കളുടെ രക്ഷയ്ക്കും മറ്റു നിയോഗങ്ങൾക്കുമായി കാഴ്ചവയ്ക്കും. അങ്ങനെ പേഴ്‌സണൽ പ്രെയറും മധ്യസ്ഥപ്രാർത്ഥനയും നടത്തി അഞ്ചേമുക്കാൽ മണിക്ക് വീട്ടിലെത്തി കുളിക്കും. കുളിയുടെ സമയത്തും ആരാധനാഗീതങ്ങളും ശുദ്ധീകരണ പ്രാർത്ഥനകളും ചുണ്ടിലുണ്ടാകും. കുളികഴിഞ്ഞ് ഉടൻതന്നെ വസ്ത്രം മാറി ദേവാലയത്തിലേക്ക് പോകും. ദേവാലയത്തിൽനിന്ന് വന്നാലുടൻ കുട്ടികളെ സ്‌കൂളിലയക്കാനുള്ള തിരക്കിൽ ഭാര്യയെ സഹായിക്കും. പിന്നീട് ഭക്ഷണവും കഴിച്ച് ഭാര്യ തരുന്ന പൊതിച്ചോറും മേടിച്ച് ഓഫീസിലേക്ക്. സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതും പ്രാർത്ഥനയിൽ. പോകുന്ന വഴിയിലും കടന്നുപോകുന്ന വഴിക്കുള്ളവർക്കുവേണ്ടിയോ പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾക്കുവേണ്ടിയോ പ്രാർത്ഥിക്കും. ഓഫീസിൽ ഓരോ ഫയലുകളും നീക്കുമ്പോൾ അവ ഓരോന്നിലും കുരിശടയാളം വരച്ച് ആ ഫയലിലെ സഹായാഭ്യർത്ഥികൾക്കുവേണ്ടി പ്രാർത്ഥിക്കും.

വൈകുന്നേരം വീട്ടിൽ വന്ന് കാപ്പികുടി കഴിഞ്ഞാൽ പിന്നീട് കുട്ടികളുടെ കൂടെയാണ്. അവരുടെ സ്‌കൂൾ വിശേഷങ്ങൾ ചോദിച്ചറിയും. അവർക്ക് പറയാനുള്ളത് കേൾക്കും. അവരെ പഠനത്തിൽ സഹായിക്കും. എട്ടുമണിക്ക് കുടുംബപ്രാർത്ഥന. അതിന് നേതൃത്വം കൊടുക്കുന്നതും എബിതന്നെ. എട്ടരക്ക് അത്താഴം. അത്താഴമൂണുകഴിഞ്ഞ് പാത്രം കഴുകിവയ്ക്കുന്ന ഭാര്യയുടെ അടുത്തുചെന്ന് ചോദിക്കും, ‘ഞാൻ വല്ലതിനും കൂടണമോടി?’ മിക്കവാറും ദിവസങ്ങളിൽ ഭാര്യ ഒന്നുംതന്നെ ചെയ്യിക്കില്ല. എന്നാൽ ഭാര്യയ്ക്ക് സുഖമില്ലാത്ത ദിവസങ്ങളിൽ പാത്രം കഴുകൽ എബിയുടെ പണിയാണ്. തുടർന്ന് പ്രാർത്ഥനയോടെതന്നെ ഉറങ്ങാൻ കിടക്കും.

എന്താ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? ഇത്തരം എബിമാരും നമുക്കിടയിലുണ്ട്. പക്ഷേ, വളരെ വിരളമാണെന്നുമാത്രം. ഇവർ തീർച്ചയായും സമ്മാനമർഹിക്കുന്നവർതന്നെ. ഇതുപോലുള്ള സമ്മാനാർഹർ സന്യസ്തരിലും മറ്റു സമർപ്പിതരിലും ഉണ്ട്. എല്ലായ്‌പ്പോഴും ആത്മാവിൽ പ്രാർത്ഥനാ നിരതരായിരിക്കുവാൻ നമ്മെ പഠിപ്പിക്കുന്നതും അതു നിവർത്തിക്കാൻ നമ്മെ സഹായിക്കുന്നതും പരിശുദ്ധാത്മാവായ ദൈവമാണ്. അവിടുത്തെ കൂടാതെ നിരന്തരമായ പ്രാർത്ഥന അസാധ്യമാണ്. പ്രാർത്ഥനാജീവിതത്തിൽ ഓരോ വ്യത്യസ്ത വ്യക്തികളെയും പരിശുദ്ധാത്മാവ് നയിക്കുന്നത് വ്യത്യസ്തമായ തരത്തിലായിരിക്കും. അതുകൊണ്ട് നിങ്ങൾക്കുവേണ്ടി ഇതു കുറിച്ച എന്നെയോ ഞാൻ ചൂണ്ടിക്കാട്ടിയ സെലിനെയോ എബിയെയോ അതേപടി കോപ്പിയടിക്കേണ്ട. അതെല്ലാം ചില ചൂണ്ടുപലകകൾമാത്രം. ഓരോരുത്തരെയും നയിക്കേണ്ട വഴികളിലൂടെ നയിക്കണമേയെന്ന് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചാൽ മതി. ”നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവണ്ണം പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്” (റോമാ 8:26-27).

”എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം” (1 തെസ. 5:17). ഇടവിടാതെയുള്ള പ്രാർത്ഥന ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിൽ അനുദിനവും നടക്കേണ്ട ഒന്നാണ്. പൗലോസ് ശ്ലീഹ എഫേസോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: ”നിങ്ങൾ അപേക്ഷകളോടും യാചനകളോടുംകൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർത്ഥനാനിരതരായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കുംവേണ്ടി പ്രാർത്ഥിക്കുവിൻ. ഞാൻ വായ തുറക്കുമ്പോൾ എനിക്ക് വചനം ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം ധൈര്യപൂർവം പ്രഘോഷിക്കാനും നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” (എഫേ. 6:18-19). വിശ്വാസം സ്വീകരിച്ചവരുടെ നിലനില്പിനും വളർച്ചയ്ക്കും അവിശ്വാസികളായവരുടെ സുവിശേഷവൽക്കരണത്തിനും നിരന്തരമായ പ്രാർത്ഥന ആവശ്യമുണ്ട്. പക്ഷേ, പ്രശ്‌നമതല്ല ആരിത് ചെയ്യും? നമ്മുടെ അനുദിന ജീവിതത്തിൽ നമ്മൾ നിർവഹിക്കുന്ന നിരവധി ധർമാനുഷ്ഠാനങ്ങൾ, നിരവധി സഹനങ്ങൾ, നിരവധി സമർപ്പണങ്ങൾ ഈശോയോടുള്ള സ്‌നേഹത്തെപ്രതി അനേകം ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി സമർപ്പിക്കുവാൻ വീട്ടമ്മമാർക്ക് കഴിയില്ലേ. അതിന് തയാറെങ്കിൽ പരിശുദ്ധാത്മാവ് നമ്മെ നയിക്കും.

നമുക്ക് പ്രാർത്ഥിക്കാം

ഓ പരിശുദ്ധാത്മാവേ, ലോകസുവിശേഷീകരണത്തിനുവേണ്ടി നിരന്തരം മധ്യസ്ഥപ്രാർത്ഥന നടത്തുവാൻ സന്നദ്ധതയുള്ള ഒരു മനസും സുവിശേഷതീക്ഷ്ണതയും എനിക്ക് നല്കണമേ. സുവിശേഷം ലോകത്തിന്റെ അതിർത്തികൾവരെ എത്തിക്കുവാൻ ഞങ്ങളുടെ ബലഹീനകരങ്ങൾക്ക് ശക്തി നല്കണമേ ആമ്മേൻ.

സ്റ്റെല്ല ബെന്നി

7 Comments

 1. suny says:

  Very Helpful message. Thanks Stella Chechi & Praise the Lord Jesus

 2. Lotus Raji says:

  Great message, Praise The Lord. Thank you.

 3. BINU says:

  POWERFUL MESSAGE. ,REALLY INSPIRATIONAL

 4. raji says:

  Praise The Lord. stella aunty,powerful it give answer to my questions and tell how to prayer Thank a lot.
  GOD SHOWER ALL BLESSINGS TO YOU

 5. DAISON A.P says:

  TOO MUCH USEFULL AND APPLICANLE IN DAILY LIFE. THANK YOU VERY MUCH SISTER STELLA BENNY FOR YOUR PRECIOUS ARTICLE, MY GOD BLESS YOU.

 6. betty says:

  thank u verymuch heart touching message

 7. claramma joseph says:

  Praise the Lord !

  I would like to appreciate your lovely article. It is really and inspiring and guiding article for Mothers who has to struggle a lot. Sometimes nobody understands the pain of a mother or a wife in the family only our Dear Lord and Saviour can. Yes through prayer and submitting our struggle at the Cross of our Dear Jesus can overcome the pain and can lead a happy life.

  Thanks a lot for your article. Through your article lot of people especially mothers can lead a happy and peaceful life like Celin you narrated in your above article.

  with love and prayers. Holy spirit may guide and lead you to write more and more powerful and inspiring articles in future also.

  Claramma

Leave a Reply

Your email address will not be published. Required fields are marked *