വിശ്വസിക്കാനാവാത്ത ഒന്ന്

ടൂർസിലെ ബിഷപ്പായിരുന്ന വിശുദ്ധ മാർട്ടിൻ, ബ്യൂസ് നഗരത്തിലൂടെ യാത്രചെയ്യുമ്പോൾ ഒരുകൂട്ടം അക്രൈസ്തവർ എതിരെ വന്നു. അവരെക്കൊണ്ട് ആ പ്രദേശം മുഴുവൻ നിറഞ്ഞിരുന്നു. ജനക്കൂട്ടത്തിനിടയിൽനിന്നൊരു സ്ത്രീ മുന്നോട്ടുവന്ന് തന്റെ കുട്ടിയുടെ മൃതദേഹം മാർട്ടിനുനേരെ നീട്ടിപ്പറഞ്ഞു: ”അങ്ങ് ദൈവത്തിന്റെ സുഹൃത്താണെന്ന് ഞങ്ങൾക്കറിയാം, ഇത് എന്റെ ഏകമകനാണ്, എനിക്കിവനെ തിരികെതരൂ.” അവളുടെ ന്യായമായ വെല്ലുവിളി ജനം മുഴുവൻ കേട്ടു. ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്ന് മാർട്ടിനു തോന്നി. പെട്ടെന്ന് ശരീരത്തിലൂടെ വൈദ്യുതി കടന്നുപോകുന്നതുപോലെ മാർട്ടിന് അനുഭവപ്പെടുകയും പരിശുദ്ധാത്മശക്തിയാൽ നിറയപ്പെടുകയും ചെയ്തു. ‘ഇത്രയും വലിയൊരു കൂട്ടം ആത്മാക്കൾ രക്ഷകനായ ദൈവത്തെ അറിയാതെ പോകുന്നതെങ്ങനെ?’ എന്നൊരു ശബ്ദവും മാർട്ടിൻ കേട്ടു.

ആ പാവപ്പെട്ട ആത്മാക്കളുടെ രക്ഷയെപ്രതി ദൈവം തന്റെ അപേക്ഷ നിരസിക്കുകയില്ലെന്ന് മാർട്ടിന് അറിയാമായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കരങ്ങളിൽ വാങ്ങി മാർട്ടിൻ മുട്ടിന്മേൽനിന്നു പ്രാർത്ഥിച്ചു. ജനം പ്രതീക്ഷയോടെ നിശബ്ദമായി കാത്തു. മാർട്ടിൻ മുട്ടിന്മേൽനിന്നും എഴുന്നേറ്റത് ജീവനുള്ള കുട്ടിയുമായിട്ടായിരുന്നു.
‘യേശുമാത്രം ദൈവം!!’ ജനമൊന്നാകെ ആർത്തുവിളിച്ചു. കൂട്ടംകൂട്ടമായി അവർ മാർട്ടിന്റെ കാല്ക്കൽ വീണ് തങ്ങളെ ക്രിസ്തുമതത്തിൽ ചേർക്കണമെന്ന് അപേക്ഷിച്ചു. മാർട്ടിൻ ഒട്ടും സമയം പാഴാക്കാതെ ആ സ്ഥലത്തുവച്ചുതന്നെ അവരെ യേശുവിൽ ചേർത്തു.

രണ്ടുപേർക്കു പകരം ഒരു രാജ്യം

ഒരേദിനം മരണമടഞ്ഞ ഡബ്ലിനിലെ അൽഫിമസ് രാജാവിന്റെ രണ്ടു മക്കളെയും വിശുദ്ധ പാട്രിക് ഉയിർപ്പിച്ചതും അതുവഴി നേടിയെടുക്കാവുന്ന ആത്മാക്കളെ ഉന്നംവച്ചുതന്നെയാണ്. കാരണം തന്റെ രണ്ടു മക്കൾക്കും ജീവൻ തിരിച്ചുകിട്ടിയാൽ രാജാവും കുടുംബവും എല്ലാ പ്രഭുക്കന്മാരും ആ രാജ്യം മുഴുവനും യേശുവിൽ വിശ്വസിച്ച് മാമോദീസ സ്വീകരിക്കുമെന്ന് രാജാവ് പ്രഖ്യാപിച്ചിരുന്നു. മരിച്ച രണ്ടുപേരെ ഉയിർപ്പിച്ചാൽ നേടിയെടുക്കാവുന്ന ആത്മാക്കളെക്കുറിച്ച് മനസിലായ വിശുദ്ധ പാട്രിക് ഇരുവരെയും ഉയിർപ്പിച്ചു. വിഗ്രഹാരാധനയുടെ അന്ധകാരത്തിൽ വസിച്ചിരുന്ന ഒരു ദേശത്തെ മുഴുവൻ ആത്മീയമായി ഉയിർപ്പിക്കാൻ രാജകുമാരന്റെയും കുമാരിയുടെയും ശാരീരിക ഉയിർപ്പിലൂടെ പാട്രിക്കിന് സാധിച്ചു.
രണ്ടു രാജപുത്രരുടെ ഉയിർപ്പിനു ശേഷം ആ ദേശത്ത് ദേവാലയങ്ങൾ പണികഴിപ്പിക്കപ്പെട്ടു. വിശുദ്ധ പാട്രിക്കിലൂടെയാണ് അയർലൻഡ് മുഴുവൻ മാനസാന്തരപ്പെടുന്നതും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതും. വിജാതീയ വിഗ്രഹങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാടായിരുന്നു അത്. അടിമബാലനായി അയർലൻഡിലെത്തിയ പാട്രിക് രക്ഷപ്പെട്ട് സ്വദേശത്തേക്ക് മടങ്ങുന്നുണ്ടെങ്കിലും വീണ്ടും അയർലൻഡിലേക്ക് തിരികെ പോവുകയാണ്- അടുത്തെത്തുന്നവരെപ്പോലും കത്തിക്കുന്ന സുവിശേഷാഗ്നിയുമായി. അയർലൻഡുമുഴുവൻ യേശുവിനു സ്വന്തമാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നതിനാൽ പാട്രിക് വാശിയോടെ പ്രാർത്ഥിച്ചു, പ്രഘോഷിച്ചു, പ്രവർത്തിച്ചു. യേശുവിനെക്കുറിച്ച് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നതുപോലെ, പാട്രിക് തൊട്ടവരും അദ്ദേഹത്തെ തൊട്ടവരും സൗഖ്യവും അനുഗ്രഹവും നേടി. വിശുദ്ധന്റെ പേരുകേൾക്കുമ്പോൾത്തന്നെ പിശാചുബാധിതർ വിടുതൽ പ്രാപിക്കുമായിരുന്നു. അദ്ദേഹം കടന്നുപോകുന്ന ദേശത്തുള്ള പൈശാചിക ബാധകളും തനിയെ ഒഴിഞ്ഞുപോയി. എത്രയെത്ര മരിച്ചവരെയാണ് അദ്ദേഹം ഉയിർപ്പിച്ചത്.. എണ്ണിത്തിട്ടപ്പെടുത്താനാവാത്തവിധം അത്ഭുതങ്ങൾ…
ഓരോ അത്ഭുതവും ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടി മാത്രമാണ് അദ്ദേഹം പ്രവർത്തിച്ചത്. അത്ഭുതങ്ങളെത്തുടർന്ന് നൂറുകണക്കിന് ആത്മാക്കളാണ് ഒന്നിച്ച് മാനസാന്തരപ്പെടുന്നത്; മനുഷ്യർ കൂട്ടംകൂട്ടമായ് രക്ഷയിലേക്ക് ആനയിക്കപ്പെട്ടു. ദൈവം ജനത്തിനിടയിൽ വിശുദ്ധരെയും പ്രവാചകരെയും സുവിശേഷകരെയും അപ്പസ്‌തോലരെയും അത്ഭുതപ്രവർത്തകരെയും ഉയർത്തുന്നത് തന്റെ മക്കളാരും നഷ്ടപ്പെട്ട്, നശിച്ചുപോകാതിരിക്കുന്നതിനുവേണ്ടിയാണ്.

നമുക്കും വേണ്ടേ അതുപോലുള്ള ജീവിക്കുന്ന വിശുദ്ധരെ? അത്ഭുതപ്രവർത്തകരെ? ദൈവത്തിന്റെ മഹത്വം ഭൂമിയിലിറക്കുന്ന ദൈവമനുഷ്യരെ? അവിടുത്തെ കരബലം പ്രകടമാക്കുന്ന പ്രവാചകരെ? വേണം, ജനത്തിനിടയിൽ ജീവിക്കുന്ന, അവർക്കുവേണ്ടി ദൈവത്തോട് സംസാരിക്കുന്ന, ദൈവത്തിനുവേണ്ടി ജനത്തോട് സംസാരിക്കുന്ന വിശുദ്ധർ. അത്തരം ഒരു വിശുദ്ധനെങ്കിലും നമ്മുടെ രാജ്യത്തുണ്ടായിരുന്നെങ്കിൽ ഈ നാട് എന്നേ ദൈവസ്‌നേഹത്തിൽ നീന്തിത്തുടിക്കുമായിരുന്നു! ഓരോ രാജ്യത്തും ഒരു വിശുദ്ധ അത്ഭുതപ്രവർത്തകനെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഇന്നലെയും ഇന്നും എന്നും ജീവിക്കുന്ന ദൈവത്തിന്റെ മഹത്വവും സ്‌നേഹവും പ്രകടമാകുകയും ലോകം അവിടുത്തെ സ്വന്തമാകുകയും ചെയ്യുമായിരുന്നു.
യൂറോപ്യൻ സഭയുടെ പൂർവമഹത്വത്തിന്റെ കാരണം അവിടെ ജീവിച്ചിരുന്ന അനേകം വിശുദ്ധരായ അത്ഭുതപ്രവർത്തകരാണ്. അവരിലൂടെ ദൈവം പ്രവർത്തിച്ച അത്ഭുതങ്ങളും അതുവഴി സംഭവിച്ച കൂട്ടംകൂട്ടമായ മാനസാന്തരങ്ങളും വിശുദ്ധരുടെ മാതൃകാപൂർവമായ ജീവിതവും യൂറോപ്പിലെ സഭയെ സമ്പുഷ്ടമാക്കുകയും വളർത്തുകയും ചെയ്തു. എന്നാൽ ഇന്ന് പുണ്യത്തിൽ ജീവിക്കുന്നവരുടെ അഭാവം സഭയെയും രാഷ്ട്രത്തെയും ശോഷിപ്പിക്കുന്നു.
സാമുവൽ പ്രവാചകനുമുമ്പ്, ഏലി പുരോഹിതന്റെ കാലത്ത് ഇസ്രായേലിൽ ദൈവത്തിന്റെ വെളിപാടുകളും ദർശനങ്ങളും വിരളമായിരുന്നുവെന്ന് തിരുവചനം സൂചിപ്പിക്കുന്നു (1 സാമു. 3:1). ദൈവത്തെ ശ്രവിക്കാനോ, അവിടുത്തെ വാക്കുകൾ ജനത്തെ അറിയിക്കാനോ, ജനത്തിന്റെ ആവശ്യങ്ങൾ ദൈവസന്നിധിയിലെത്തിക്കാനോ ആരും മനസാകാതിരുന്നതായിരിക്കില്ലേ അന്ന് ദൈവം നിശബ്ദനായതിനു കാരണം? എങ്കിലും അവിടുത്തെ മനസ് പരതിക്കൊണ്ടിരുന്നു, തനിക്കായ്, തന്റെ ജനത്തിനായ് ഒരു പ്രവാചകനെ. ദൈവം ഇന്നും നിശബ്ദനാണോ? അവിടുത്തേക്ക് ഉപയോഗിക്കാൻ ഒരു പ്രവാചകൻ, വിശുദ്ധനായ അത്ഭുതപ്രവർത്തകൻ, സുവിശേഷകനോ അപ്പസ്‌തോലനോ ആകാൻ ആരെങ്കിലുമുണ്ടോയെന്ന് അവിടുന്ന് പരതുന്നുണ്ടോ? ദൈവം തന്റെ അത്ഭുതകരമായ സ്‌നേഹവും മഹത്വവും മനുഷ്യരിൽ പ്രകടമാക്കാൻ വീർപ്പുമുട്ടുകയാണ്. ദൈവത്തെ തേടുന്ന, അവിടുത്തെ ഹിതം നിറവേറ്റാൻ തയാറുള്ള മനുഷ്യമക്കളുണ്ടോയെന്ന് അവിടുന്ന് നോക്കുന്നു. ജീവിക്കുന്ന അത്ഭുതപ്രവർത്തകരാക്കാൻ പറ്റിയ വിശുദ്ധരുണ്ടോയെന്ന് ദൈവം തിരയുന്നു.

എന്നാൽ ഈ അത്ഭുതപ്രവർത്തകനായ വിശുദ്ധനെ എങ്ങനെ ലഭിക്കും? ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി നിലവിളിച്ച് പ്രാർത്ഥിക്കുകയും വിശ്രമരഹിതമായി അധ്വാനിക്കുകയും വിലകൊടുക്കുകയും ചെയ്യുന്നവരെയാണ് ആത്മാക്കളുടെ നാഥൻ അത്ഭുതപ്രവർത്തകരാക്കുക. വെറുതെയിരിക്കുന്ന ഒരാളും ദൈവത്തിന്റെ അത്ഭുതപ്രവർത്തകനാകില്ല!
സ്‌നേഹവും മധ്യസ്ഥപ്രാർത്ഥനയുമാണ് അത്ഭുതപ്രവർത്തകനുണ്ടാകേണ്ട അടിസ്ഥാനയോഗ്യതകൾ. ദൈവത്തോടും മനുഷ്യരോടും സ്‌നേഹമുള്ളൊരാൾ ആരും നിർബന്ധിക്കാതെതന്നെ ദൈവതിരുമുൻപിൽ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിച്ചിരിക്കും. മറ്റുള്ളവരുടെ വേദനകളിലും ദുരിതങ്ങളിലും അനുകമ്പാർദ്രമാകുന്ന ഹൃദയം പ്രാർത്ഥനവഴി അവർ ദൈവസന്നിധിയിൽ ഉയർത്തിയിരിക്കും. യേശുവിന് ജനത്തോട് അനുകമ്പ തോന്നിയപ്പോഴാണല്ലോ അവിടുന്ന് അവർക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിച്ചത്. അതുപോലെ മനുഷ്യന്റെ ക്ലേശങ്ങളും രോഗങ്ങളും പരിഹരിക്കാൻ തീവ്രമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുമ്പോഴാണ് ദൈവം അവരിലൂടെ അത്ഭുതം പ്രവർത്തിക്കുക. വിശുദ്ധരുടെയെല്ലാം ജീവിതത്തിൽ സംഭവിച്ചത് അപ്രകാരമാണ്. അത്ഭുതങ്ങളിലൂടെയെല്ലാം ദൈവം മഹത്വപ്പെടും, അതു കണ്ടും കേട്ടും അറിയുന്നവരെല്ലാം ദൈവത്തിന്റെ മഹത്വം ദർശിക്കുകയും രക്ഷയിലേക്ക് ആനയിക്കപ്പെടുകയും ചെയ്യും. നോക്കൂ, ഒറ്റ ദൈവികപ്രവൃത്തികൊണ്ട് എന്തെല്ലാം കാര്യങ്ങളാണ് ഒരേസമയം സംഭവിക്കുക!

അപൂർവ അത്ഭുതങ്ങൾ

ലിമാ നഗരം അത്ഭുതങ്ങളുടെ – അല്ല വിശുദ്ധരുടെ നഗരമെന്നാണ് അറിയപ്പെടുക. ഒരേ സമയം അഞ്ചു പുണ്യാത്മാക്കളാണ് അവിടെ ജീവിച്ചിരുന്നത്. വിശുദ്ധ റോസ്, വിശുദ്ധ മാർട്ടിൻ ഡി പോറസ്, പെറുവിലെ ആർച്ചുബിഷപ്പായിരുന്ന വിശുദ്ധ ടുറിബിയസ്, വിശുദ്ധ ഫ്രാൻസിസ് സൊളാനസ്, വാഴ്ത്തപ്പെട്ട ജോൺ മാസിയസ്. ഇവരെല്ലാം വലിയ അത്ഭുതപ്രവർത്തകരും എണ്ണിത്തിട്ടപ്പെടുത്താനാകാത്തവിധം ആത്മാക്കളെ നേടിയവരുമാണ്. വിശുദ്ധ റോസിന്റെ പത്തുവർഷം പഴക്കമുള്ള വസ്ത്രത്തുണ്ടിലൂടെപ്പോലും ദൈവം മരിച്ചവരെ ഉയിർപ്പിച്ചിട്ടുണ്ട്.

വസ്ത്രംപോലും നഷ്ടപ്പെട്ട വിശുദ്ധനാണ് ഡോമിനിക്. ദൈവത്തിന്റെ ഉറ്റ സുഹൃത്തും അത്ഭുതപ്രവർത്തകനുമായി ഡോമിനിക്കിനെ വാഴ്ത്തിയ റോമൻ ജനത അദ്ദേഹം നടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ സന്യാസവസ്ത്രം തിരുശേഷിപ്പായി കീറിയെടുക്കാനും ഉരിഞ്ഞെടുക്കാനുംവരെ ധൈര്യം കാട്ടി.

മറ്റു വിശുദ്ധരിൽനിന്നും വ്യത്യസ്തനായിരുന്നു ഫ്രാൻസിസ് പവോള. ഊമരെയും ബധിരരെയും അന്ധരെയും തളർവാതക്കാരെയും സുഖപ്പെടുത്തുകയും പിശാചുക്കളെ ഒഴിപ്പിക്കുകയും ചെയ്തതിലുപരി മരിച്ചവരെ ഉയിർപ്പിക്കുകയും പർ വതശൃംഗത്തിൽനിന്നുരുണ്ടുവന്ന വലിയ പാറകൾ തടഞ്ഞു നിർത്തുകയും പ്രകൃതിശക്തികളെപ്പോലും നിയന്ത്രിക്കുകയും ചെയ്തു അദ്ദേഹം. മരംവീണ് മരിച്ച്, ശരീരംമുഴുവൻ ചിന്നിച്ചിതറി പല കഷണങ്ങളായി തെറിച്ചുപോയവരെപ്പോലും ഒരു തലോടൽകൊണ്ട് വിശുദ്ധർ ഉയിർപ്പിച്ചു. ശരീരത്തിന്റെ പകുതി, ചെന്നായ കടിച്ചുതിന്ന കുട്ടിക്ക് വിശുദ്ധ ഫിലിപ് ബെനിസി ജീവൻ നല്കി. അങ്ങനെ എത്രയെത്ര അപൂർവ അത്ഭുതങ്ങൾ. അത്ഭുതങ്ങളെല്ലാം അനേകം ആത്മാക്കളെ രക്ഷയിലേക്ക് നയിച്ചുകൊണ്ടിരുന്നു. വിശുദ്ധ വിൻസെന്റ് ഫെററിലൂടെ മാത്രം 3000 അത്ഭുതങ്ങൾ (രേഖപ്പെടുത്തപ്പെട്ടവ അത്രയും. രേഖപ്പെടുത്താത്തവ വേറെയേറെ) ദൈവം പ്രവർത്തിച്ചെങ്കിൽ ലക്ഷക്കണക്കിന് വ്യക്തികളാണ് അദ്ദേഹത്തിലൂടെ കത്തോലിക്കാവിശ്വാസം സ്വീകരിച്ചത്.

ഇത്തരത്തിൽ വിശുദ്ധരായ അത്ഭുതപ്രവർത്തകർ ഇന്ന് അത്യാവശ്യമാണ്. സഭയെ വളർത്താൻ, ലോകം മുഴുവൻ ദൈവത്തിനുവേണ്ടി നേടാൻ, ദൈവത്തിന്റെ ശക്തിയും കരുത്തും പ്രകടമാക്കുന്ന വിശുദ്ധാത്മാക്കൾ നമുക്കിടയിൽ ഉയർത്തപ്പെടാൻ പ്രാർത്ഥിക്കണം.

‘ലോകത്തെ രൂപാന്തരപ്പെടുത്താനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്’-ഫ്രാൻസിസ് മാർപാപ്പ ഓർമപ്പെടുത്തുന്നു.
”ഞാനും കർത്താവ് എനിക്ക് നല്കിയ സന്താനങ്ങളും സീയോൻ ഭവനത്തിൽ വസിക്കുന്ന സൈന്യങ്ങളുടെ കർത്താവിൽ നിന്നുള്ള ഇസ്രായേലിലെ അത്ഭുതങ്ങളും അടയാളങ്ങളുമായിരിക്കും” (ഏശ. 8:18).

ഓരോ ധ്യാനടീമിലും ഓരോ സുവിശേഷശുശ്രൂഷയിലും അത്ഭുതപ്രവർത്തനവരമുള്ള ഒരാളെങ്കിലും ഉണ്ടാവട്ടെ, ഓരോ സുവിശേഷ ശുശ്രൂഷകനും പ്രാർത്ഥിക്കണം അത്ഭുതപ്രവർത്തന വരത്തിനായി. വെറുതെ വചനം പ്രഘോഷിച്ചു കടന്നുപോയാൽ പോരാ… അപ്പോൾത്തന്നെ ദൈവത്തിന്റെ മഹത്വം അവിടെ ഇറങ്ങണം. ഇതുവരെ കേട്ടിട്ടില്ലാത്ത അസാധാരണ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന, മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്യാൻ തക്ക പരിശുദ്ധാത്മശക്തികൊണ്ട് നിറയപ്പെടാൻ ഓരോ സുവിശേഷകനും സ്വയം വിശുദ്ധീകരിക്കണം, അതിനായ് ഒരുങ്ങുകയും സമർപ്പിക്കുകയും വേണം.
”ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയിക്കുവിൻ. പറഞ്ഞാൽ വിശ്വസിക്കാനാകാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യാൻ പോകുന്നു” (ഹബ.1:5).

ലോകത്ത്, വിവിധ രാജ്യങ്ങളിൽ, ദേശങ്ങളിൽ ദൈവരാജ്യത്തിനുവേണ്ടി, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അനേകം വിശുദ്ധരെ ഉണർത്തണമേ, ഉയർത്തണമേയെന്ന് സുവിശേഷപ്രഘോഷണ മധ്യസ്ഥയായ പരിശുദ്ധ അമ്മ വഴി പ്രാർത്ഥിക്കാം. മക്കൾ നശിക്കുന്നതിൽ ഏറ്റവുമധികം വേദനിക്കുകയും രക്തക്കണ്ണീർ പൊഴിക്കുകയും ചെയ്യുന്ന പരിശുദ്ധ അമ്മ നമ്മെ സഹായിക്കാൻ എത്തിക്കഴിഞ്ഞു.

എഴുന്നേല്ക്കട്ടെ പുണ്യാത്മാക്കൾ
എഴുന്നേല്ക്കട്ടെ പ്രവാചകർ
എഴുന്നേല്ക്കട്ടെ അപ്പസ്‌തോലർ
എഴുന്നേല്ക്കട്ടെ സുവിശേഷകർ
എഴുന്നേല്ക്കട്ടെ രക്തസാക്ഷികൾ
എഴുന്നേല്ക്കട്ടെ അത്ഭുതപ്രവർത്തകർ
ലോകംമുഴുവൻ യേശുവിലായ്ത്തീരാൻ ….

ആൻസിമോൾ ജോസഫ്‌

14 Comments

 1. Babu says:

  Great. Really inspiring.

 2. Louis says:

  Very good!!

 3. kavya rajan says:

  India needs such holy people

 4. george kurian says:

  Praise the lord. the world need such saints now. Lets pray with faith.

 5. Pius Thomas says:

  Great! Let us resurrect in the Lord to resurrect those who around us and the partly dead Church!

 6. Saramma Mathew says:

  Very inspiring! May Holy Spirit fill His Graces and work Wonders through committed warriors of His Kingdom!Alleluia!

 7. SOME ONE says:

  All are waiting for some one else, no one is ready

 8. Thomas KM says:

  Let us Praise and Worship Almighty God to raise such Holy people

 9. Theresa Jacob says:

  Great Article

 10. sunil john says:

  Really great

 11. Thomas says:

  Praise you jesus…..thank you jesus…..

 12. Sr. Cicily says:

  Mary our Mother lead us. we want to line up behind you with our Holy people……

 13. rigiraju says:

  praise you jesus thank you jesus

Leave a Reply

Your email address will not be published. Required fields are marked *