ആനന്ദവും ആഹ്ലാദവും ഇഷ്ടപ്പെടുന്നവർക്കായി…

ഭൂമിയിൽ നമ്മുടെ സന്തോഷങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി വരുന്നു. സന്തോഷവും ഇന്നലെ നമുക്കു ലഭിച്ച അനുഭവങ്ങളും ഇന്ന് ലഭിക്കുമ്പോൾ അവയെല്ലാം വ്യത്യസ്തമാണ്. സന്തോഷം തുള്ളിതുള്ളിയായി മാത്രം ലഭിക്കുന്നു. ഒരു ദിവസത്തെ സന്തോഷം ക്ഷണനേരം കൊണ്ട് ആർക്കും നൽകപ്പെടുന്നില്ല. ഒരു ജീവിതകാലം ലഭിക്കേണ്ട സന്തോഷവും അൽപ്പാൽപ്പമായി മാത്രം നൽകപ്പെടുന്നു. എന്നാൽ സ്വർഗത്തിൽ അങ്ങനെയല്ല. മാറ്റമില്ലാത്ത, വിഭജിക്കാനാവാത്ത അവിടുത്തെ സത്തയുടെ ലാളിത്യത്തിൽ ദൈവം തന്നെത്തന്നെ മുഴുവനായി നൽകുന്നു.

ദൈവികജീവനിൽ ഉൾച്ചേരുന്ന ആദ്യനിമിഷത്തിൽത്തന്നെ വിശുദ്ധരുടെ സന്തോഷം പൂർണവും സംതൃപ്തവുമാണ്. ഭാവികാലം അതിനെ ഒരു തരത്തിലും കുറയ്ക്കുന്നില്ലാത്തതുകൊണ്ട് അവർ ഭൂതകാലത്തിലെ യാതൊന്നും ആഗ്രഹിക്കുന്നുമില്ല. ദൈവവചനത്തിന്റെ വ്യക്തതയാൽ പ്രകാശിതരായി അവർ ആയിരം വർഷങ്ങൾക്കകം നടക്കാനിരിക്കുന്ന കാര്യങ്ങളും ആയിരം വർഷം മുൻപ് നടന്ന കാര്യങ്ങളും കാണുന്നു, അറിയുന്നു. വിശുദ്ധ അഗസ്തിനോസ് പറയുന്നതുപോലെ ”അവർ അനന്തമായ ആനന്ദം അനുഭവിക്കുന്നു. ഓരോ നിമിഷവും സൃഷ്ടികൾക്ക് അനുവദിച്ചിരിക്കുന്ന ദൈവിക പുണ്യങ്ങളുടെ ശക്തി ആഗിരണം ചെയ്യുന്നു. ഓരോ നിമിഷവും നിത്യതയുടെ, ശ്രേഷ്ഠതയുടെ, ആനന്ദത്തിന്റെ, മഹത്വത്തിന്റെ ലഹരി നൽകുന്ന ഉദാത്തമായ ഭാരം അറിയുന്നു”.

ഒരു ദിവസം വിശുദ്ധ അഗസ്തിനോസ് ഹിപ്പോയിലെ തന്റെ ജനങ്ങളോട് ദൈവനഗരത്തിലെ അത്ഭുതങ്ങളെപ്പറ്റി പറയുകയുണ്ടായി. സുവർണനാവാൽ ദൈവവചനം ഉദ്ധരിച്ച് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, ഒരു ഭൂവാസിയെപ്പോലെയല്ല, സ്വർഗത്തിൽ നിന്നൊരു മാലാഖ വന്ന് സംസാരിക്കുന്നതുപോലെ കാണപ്പെട്ടു. അവിടെ കൂടിയിരുന്ന ജനം അത്ഭുതസ്തബ്ധരായി. സ്വർഗീയ വിരുന്നിലേക്ക് ആനയിക്കപ്പെട്ടതായി അവർക്ക് അനുഭവപ്പെട്ടു. അവരെ ഏറ്റവും അധികം വിസ്മയിപ്പിച്ചത് ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട വിശ്വസ്തർക്ക് ആ ദിവസം നൽകാനിരിക്കുന്ന നശിച്ചുപോകാത്ത നിത്യകിരീടത്തെക്കുറിച്ചുള്ള ദർശനമാണ്. സകലരും കണ്ണീർ പൊഴിച്ചു, അവരുടെ വികാരാവേശം അത്രയ്ക്ക് തീവ്രമായിരുന്നതിനാൽ ആ കരച്ചിലും അത്ഭുതം ദർശിച്ചതിന്റെ നിലവിളികളുംകൊണ്ട് അവിടമാകെ മുഖരിതമായി.
വിശുദ്ധമായ ദേവാലയസമുച്ചയത്തിനകത്തെ നിശ്ശബ്ദതക്കായുള്ള പ്രാസംഗികന്റെ അപേക്ഷകളൊക്കെ മറികടന്ന്, ഓരോരുത്തരും തങ്ങൾ എപ്പോഴാണ് ജീവന്റെ ഉറവയിൽനിന്ന് പാനം ചെയ്യുക എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഓരോരുത്തരും ഭയത്തോടും വിറയലോടുംകൂടെ തങ്ങളുടെ ബലഹീനതകൾ തിരിച്ചറിഞ്ഞ് വഴിതെറ്റിപ്പോയ നിമിഷങ്ങളോർത്ത് അനുതപിച്ച് ഈ സ്വർഗീയദർശനം നഷ്ടപ്പെടുത്തരുതേ എന്ന് യാചിച്ചു. വിശുദ്ധമായ ആ ദേവാലയത്തിനുള്ളിൽ എല്ലാ ദിശകളിൽനിന്നും ഈ വാക്കുകൾ ഉയർന്നു ”വിശുദ്ധ സ്വർഗമേ, നിന്റെ സൗന്ദര്യം ഞങ്ങൾ എപ്പോൾ കാണും, ഒരു ദിവസത്തേക്കുള്ള സമ്പത്തും സന്തോഷവും നിന്നെക്കാൾ ഞങ്ങൾക്കു പ്രിയപ്പെട്ടതാകാൻമാത്രം വിഡ്ഢികളാണോ ഞങ്ങൾ. കഠിനാദ്ധ്വാനംകൊണ്ടും ഭാരപ്പെട്ട ത്യാഗങ്ങൾകൊണ്ടും നിന്നെ നേടാൻ ആരാണ് തയ്യാറാകാത്തത്?”

ഇത്തരം നെടുവീർപ്പുകളാലും നിലവിളികളാലും വിസ്മയം നിറഞ്ഞ വാക്കുകളാലും ജനം വാവിട്ടു നിലവിളിച്ചപ്പോൾ തന്റെ വാക്കുകൾ ഉളവാക്കിയ ഫലമോർത്ത് ജനക്കൂട്ടത്തെപ്പോലെ വികാരാവേശിതനായ വിശുദ്ധ അഗസ്തിനോസ്, തന്റെ പ്രസംഗം മുഴുമിക്കാനാശിച്ചു സ്വർഗീയ ജറുസലെമിനെക്കുറിച്ചു പറയാനാരംഭിച്ചു. എന്നാൽ കേൾവിക്കാരുടെ തേങ്ങലുകളും നിലവിളികളും തന്റെതന്നെ കണ്ണീരും അദ്ദേഹത്തിന്റെ ശബ്ദം മരവിപ്പിച്ചു. അദ്ദേഹവും ജനക്കൂട്ടവും ഒന്നിച്ചൊഴുക്കിയ തരളവും അഗാധവുമായ കണ്ണീർ വിദൂരസ്ഥമായ പ്രിയപ്പെട്ട സ്വന്തം ജന്മനാടിനെക്കുറിച്ചുള്ള പ്രവാസികളായ മനുഷ്യവംശത്തിന്റെ വിലാപമായി മാറി. ഓ പരിശുദ്ധപിതാവേ, എന്റെ ശബ്ദത്തിന് അങ്ങയുടെ ശബ്ദത്തിന്റെ ആർദ്രഭാവം ഉണ്ടായിരുന്നെങ്കിൽ!

അദൃശ്യമായവയുടെ വശീകരണവും ഭാവിയുടെ വാഗ്ദാനവും അത്രയേറെ ജീവസ്സുറ്റ അടയാളങ്ങൾ ആത്മാക്കളിൽ പതിപ്പിക്കാനായ ആദിമ സഭയുടെ സുവർണകാലം മടങ്ങിവരുമോ? ഞങ്ങളുടെ വാക്കുകൾക്കു കണ്ണീരിന്റെ ഉറവ തുറക്കാനുള്ള ശക്തിയില്ലെങ്കിലും, ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചുള്ള ഓർമയും പ്രത്യാശയും ഞങ്ങളുടെ ആഗ്രഹങ്ങളെ ഉണർത്തട്ടെ. ഞങ്ങളുടെ അന്തമില്ലാത്ത ഭൗതിക ആഗ്രഹങ്ങളെ അവ തടഞ്ഞു നിർത്തട്ടെ. ഞങ്ങളെ നാശത്തിലേക്കു നയിക്കുന്ന ആയിരമായിരം അധമവികാരങ്ങളെ നിയന്ത്രിച്ചു നിർത്തുന്ന ഒരു നങ്കൂരമായി അത് ഭവിക്കട്ടെ.

ആനന്ദവും ആഹ്ലാദവും ഇഷ്ടപ്പെടുന്നവർ

നാം മഹത്വവും ശക്തിയും ഇഷ്ടപ്പെടുന്നു. എവിടെയും നമ്മുടെ സാന്നിധ്യം ഉറപ്പാക്കാനും കൽപ്പനകൾ കൊടുക്കാനും നമുക്ക് ഇഷ്ടവുമാണ്. പിന്നെ എന്തുകൊണ്ട് ദൈവം നമുക്കായി ഒരുക്കുന്ന അന്തസ്സുറ്റ വിധിയെഴുത്തിൽനിന്നും നിത്യസാമ്രാജ്യത്തിൽനിന്നും ഒഴിഞ്ഞു മാറണം? നാം ആനന്ദവും ആഹ്ലാദവും ഇഷ്ടപ്പെടുന്നവരാണ്. ജീവിതത്തിന്റെ ദൗർഭാഗ്യങ്ങളും കയ്‌പേറിയ അനുഭവങ്ങളും മാറി സന്തോഷവും സമാധാനവും കൈവന്നില്ലെങ്കിൽ അത് അസഹനീയമാണ്. അപ്പോൾ എന്തുകൊണ്ട് എന്നേക്കുമുള്ള സന്തോഷം ഒഴിവാക്കണം? ഈ ജീവിതത്തിലെ സന്തോഷങ്ങളുടെ ഉറവ നഷ്ടപ്പെടുമെന്ന് നമുക്ക് അറിഞ്ഞുകൂടേ?
ഭൂമിയിൽനിന്ന് താൻ ആശിക്കുന്ന സകലതും പരിധിയില്ലാത്തവിധം നേടിയെടുക്കാമെന്നു കരുതുന്ന മനുഷ്യൻ അവന്റെ ശ്രദ്ധ മുഴുവനും ഈ ഭൂമിയിലെ ഭൗതിക വസ്തുക്കൾ നേടുന്നതിനായും പരിപൂർണമാക്കുന്നതിനായും ചെലവഴിച്ചുകൊള്ളട്ടെ. അവരെ സഹായിക്കാനായി ആയിരക്കണക്കിനു കരങ്ങളുണ്ടെന്നും ആശ്വസിച്ചോട്ടെ. അവരുടെ ആശയങ്ങളും സങ്കൽപ്പങ്ങളും സാക്ഷാത്കരിക്കുന്നതിനായി ആയിരക്കണക്കിന് യന്ത്രങ്ങളും ഉപകരണങ്ങളും ശാസ്ത്രസാങ്കേതിക അറിവുകളും ഉണ്ടെന്നും ചിന്തിച്ചുകൊള്ളട്ടെ.

മഹാനായ ഗ്രിഗറി പറയുന്നു ”ഇവയെല്ലാം നശിച്ചു പോകും. നമുക്ക് നൽകപ്പെട്ടിരിക്കുന്ന സമ്മാനത്തിന്റെ മഹത്വവും സ്വഭാവവും എത്ര മഹത്തരമാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ മായയെല്ലാം നഷ്ടപ്പെട്ട് വെറുത്തുപേക്ഷിക്കപ്പെടും. സ്വർഗത്തിലെ ഹർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയിലെ വസ്തുക്കൾ അധീശത്വമാണ്. നിത്യജീവിതത്തോടു തുലനം ചെയ്യുമ്പോൾ ഭൂമിയിലെ ജീവിതം ജീവിതമെന്നു വിളിക്കാനർഹമല്ല, മരണം എന്നാണ് അതിനെക്കുറിച്ച് പറയേണ്ടത്. സ്വർഗീയ നഗരത്തിൽ ജീവിക്കുക എന്ന് പറഞ്ഞാൽ മാലാഖമാരുടെ സംഗീതത്തോടൊപ്പം, നമ്മെ പൊതിയുന്ന പ്രകാശത്തിൽ മുങ്ങി, രോഗങ്ങളില്ലാതെ, നശിച്ചുപോകാതെ ആത്മീയ ശരീരം നേടി ജീവന്റെ സമൃദ്ധിയിലും രാജകീയതയിലും കഴിയുക എന്നതാണ്.

വീണ്ടും ത്യാഗങ്ങളാവശ്യമില്ല

അത്ര വലിയ മഹത്വത്തെയും ശ്രേഷ്ഠതയെയും കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സ് തുടിക്കുന്നെങ്കിൽ, പരിധിയില്ലാത്ത ആനന്ദത്തിന്റെ നാട്ടിലേക്കു പറന്നുചെല്ലാൻ വെമ്പൽ കൊള്ളുന്നെങ്കിൽ, അത് വലിയ മത്സരങ്ങൾ, പരീക്ഷണങ്ങൾ, നേട്ടങ്ങൾ വഴിയാണ് ലഭിക്കുക എന്നോർക്കുക. നല്ല യുദ്ധം ചെയ്യാതെ കിരീടം ലഭിക്കില്ല എന്ന് മനസ്സിലാക്കുക. ”ഞാൻ നന്നായി പൊരുതി. എന്റെ ഓട്ടം പൂർത്തിയാക്കി. വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു” (2 തിമോ 2:7). നമ്മോടു പ്രവാചകൻ പറഞ്ഞിരിക്കുന്ന കാര്യമോർത്ത് നമുക്ക് സന്തോഷിക്കാം. ”കർത്താവിന്റെ ആലയത്തിലേക്കു പോകാമെന്നവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു”(സങ്കീ. 122:1). നമ്മുടെ ഹൃദയങ്ങൾ നശിച്ചുപോകുന്ന വസ്തുക്കളുടെ പിടിയിൽ അകപ്പെടാതിരിക്കട്ടെ. അവിടുത്തെ സ്വർഗീയ സഭയിലേക്കു പുറപ്പെടാനുള്ള പ്രതീക്ഷയിൽ പാദങ്ങൾ ചരിക്കട്ടെ. ”ഓ ജറുസലെം, ജറുസലെം ഒരു നഗരമായ നിന്നിൽ രാജകീയ ചടങ്ങുകൾ ഞങ്ങൾ എപ്പോൾ ദർശിക്കും? ഞങ്ങളുടെ ഭവനത്തിന്റെ അടിസ്ഥാനവും ശക്തിയും സർവസ്വവുമായ മൂലക്കല്ലുമായി എപ്പോൾ സംയോജിക്കപ്പെടും?

ഇതിനകം എണ്ണമില്ലാത്തത്ര ഗോത്രങ്ങൾ, അപ്പസ്‌തോലന്മാർ, പ്രവാചകർ, രക്തസാക്ഷികൾ, കന്യകമാർ, നീതിമാന്മാർ, സകല കുലത്തിലും വംശത്തിലുംപെട്ടവർ, അവിടുത്തെ സാമ്രാജ്യത്തിലെത്തിക്കഴിഞ്ഞു. അവർ പ്രലോഭനങ്ങൡനിന്ന,് ദുരിതങ്ങളിൽനിന്ന്, പ്രയാസങ്ങളിൽനിന്ന് രക്ഷനേടി. സത്യവും നീതിയും കൊണ്ട് പടുത്തുയർത്തിയ ഉന്നതമായ ഇരിപ്പിടങ്ങളിലിരുന്ന് അവർ അന്ത്യമില്ലാത്ത വിധം തങ്ങളുടെ യജമാനനോട് വിശ്വസ്തരും വിധേയരുമായിക്കഴിയുന്നു. അവർ ജീവിതത്തിലും അങ്ങനെയായിരുന്നു. ദാവീദിന്റെ ഭവനം അവിടുത്തോടൊത്ത് പങ്കുവെക്കാനാഗ്രഹിച്ചു. ഇതാണ് നമുക്കും ഉണ്ടായിരിക്കേണ്ട ഏക അഭിലാഷം. അത് നൽകുന്ന നന്മയും ശാന്തിയും മാത്രം നമുക്ക് ആഗ്രഹിക്കാം, യാചിക്കാം. നമുക്ക് സ്വർഗത്തെപ്പറ്റി മാത്രം ചിന്തിക്കാം, സ്വർഗം മാത്രം അന്വേഷിക്കാം. സ്വർഗത്തിനായി ശേഖരിക്കാം, സ്വർഗത്തിനായി ജീവിക്കാം. (സങ്കീ. 122).

കുറച്ചു സമയം കൂടി മാത്രം. അവസാനിക്കേണ്ടതെല്ലാം അവസാനിക്കുകതന്നെ ചെയ്യും. അൽപ്പം പ്രയത്‌നം കൂടി മാത്രം. അന്ത്യം അടുത്തെത്തിക്കഴിഞ്ഞു. കുറച്ച് മത്സരങ്ങൾ കൂടി, നാം കിരീടം നേടും, കുറച്ച് ത്യാഗങ്ങൾ കൂടി, നാം സ്വർഗീയ ജറുസലെമിലെത്തും. അവിടെ സ്‌നേഹം എന്നും പുതിയതായിരിക്കും. അവിടെ വീണ്ടും ത്യാഗങ്ങളാവശ്യമില്ല. അവിടെ സ്തുതിയും ആനന്ദവും മാത്രം. ആമേൻ

(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘യുഗാന്ത്യവും
ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും’ എന്ന പുസ്തകത്തിൽനിന്ന്)

ഫാ. ചാൾസ് അർമിനോ

Leave a Reply

Your email address will not be published. Required fields are marked *