മലമ്പ്രദേശത്തുള്ള ഒരു കൊച്ചുദേവാലയത്തിൽ മൂന്നു ദിവസത്തെ ധ്യാനം നടത്തുകയായിരുന്നു. വഴിസൗകര്യമോ വൈദ്യുതിയോ ഒന്നുമില്ലാത്ത ഒരു ഉൾപ്രദേശം. ചുറ്റിലും വനം. ആദ്യദിവസം ധ്യാനത്തിൽ സംബന്ധിക്കാൻ വന്നവർ രാത്രി ധ്യാനശുശ്രൂഷകൾ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങി.
ആ കൊച്ചുദേവാലയത്തിന്റെ ഇടുങ്ങിയ സങ്കീർത്തിയിൽ ഞാൻ ഒറ്റക്കായി. ഒട്ടും പരിചയമില്ലാത്ത കാട്ടുപ്രദേശം. ചുറ്റിലും കൂരിരുട്ട്. അത്താഴം കഴിച്ച് ഞാൻ ദേവാലയത്തിനു മുൻപിലെ ചെറിയ വരാന്തയിൽ ഇരിക്കുകയാണ്. ഏകാന്തതയും ഇരുട്ടും കൂടിയായപ്പോൾ ആകെയൊരസ്വസ്ഥത എന്റെ മനസ്സിൽ നിറഞ്ഞു. അപ്പോഴതാ അതിമനോഹരമായ ഒരു കാഴ്ച!
മുറ്റത്തോട് ചേർന്നുനില്ക്കുന്ന ഒരു മരം. ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ ആ മരത്തെ പൊതിഞ്ഞിരിക്കുന്നു. അത്രയും മിന്നാമിനുങ്ങുകൾ ആ കൂരിരുട്ടിൽ ഒരുമിച്ച് പ്രകാശിക്കുന്നത് എത്ര മനോഹരമാണ്? തീർന്നില്ല; ഞാൻ ശ്രദ്ധിച്ചപ്പോൾ മനസിലാകുന്നു, അവ മിന്നുന്നതും കെടുന്നതും ഒരേ സമയത്ത്. വൈദ്യുതിയുടെയോ വഴിവിളക്കിന്റെയോ പ്രകാശമില്ലാതെ ആ കൂരിരുട്ടിൽ ഞാൻ ഒറ്റപ്പെട്ടപ്പോൾ എന്റെ സ്വർഗീയ അപ്പച്ചൻ എനിക്ക് ഒരുക്കിത്തന്ന നയനമനോഹരമായ അത്ഭുതം.
ആ ദൃശ്യവിസ്മയത്തിലൂടെ സ്വർഗീയ അപ്പച്ചൻ എന്നെ ഓർമിപ്പിക്കുകയായിരുന്നു, ”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്താ. 5:16). ദൈവതിരുമുൻപിലും ലോകത്തിന്റെ മുൻപിലും നമ്മൾ ഓരോരുത്തരും ചെറിയ മിന്നാമിനുങ്ങുകൾ. എങ്കിലും ദുഃഖനിരാശകളുടെയും സാമ്പത്തിക തകർച്ചകളുടെയും രോഗവേദനകളുടെയും കൂരിരുട്ടിൽ സത്പ്രവൃത്തികളുടെ ഒരു നുറുങ്ങുവെട്ടമെങ്കിലും നമ്മൾ സമൂഹത്തിലേക്ക് പകരണമെന്ന് തമ്പുരാൻ ആഗ്രഹിക്കുന്നു.
”നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്” (മത്താ. 5:14)
ഫാ. പോൾ അടമ്പുകുളം