സമാധാനം എങ്ങനെ നേടാം?

വൈകാരികതലങ്ങളിലെ പ്രശ്‌നങ്ങളോട് മനുഷ്യൻ പ്രതികരിക്കുന്ന രീതിയനുസരിച്ചാണ് കുടുംബത്തിലെയും തുടർന്ന് സമൂഹത്തിലെയുമെല്ലാം ആരോഗ്യവും അനാരോഗ്യവും നിലകൊള്ളുന്നത്. യേശു ജനിച്ചതും വളർന്നതും ഒരു കുടുംബത്തിലാണ്, തിരുക്കുടുംബത്തിൽ. സമാധാനം നിറഞ്ഞ കുടുംബത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് നസറത്തിലെ തിരുക്കുടുംബം. അവിടെ നിറഞ്ഞ സമാധാനം നമുക്കും സ്വന്തമാക്കാൻ എങ്ങനെ സാധിക്കും? യോഹ. 14:27 ഞാൻ നിങ്ങൾക്ക് സമാധാനം നൽകുന്നു. യേശു ഇവിടെ സമാധാനം വാഗ്ദാനം ചെയ്യുന്നു. അത് സാധാരണ മനുഷ്യൻ നൽകുന്ന സമാധാനമല്ല, ദൈവികസമാധാനമാണ്. അപ്പോൾ എന്താണ് സമാധാനം?
ഒരു കഥ ഇപ്രകാരം പറയുന്നു. ഒരു രാജാവ് തന്റെ പ്രജാസന്ദർശനത്തിനായി വേഷപ്രച്ഛന്നനായി പുറപ്പെട്ടു. ഒരു ഭവനത്തിൽ അപ്പനും മകനും ദുഃഖിതരായിരിക്കുന്നതുകണ്ട് വിവരമന്വേഷിച്ചപ്പോൾ അപ്പൻ പറഞ്ഞു, ഞങ്ങളുടെ അടുത്ത വീടുകളിലെല്ലാം ചുമടെടുക്കാൻ കഴുതയുണ്ട്. എന്നാൽ ഞങ്ങൾക്കില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ഇവിടുത്തെ രാജാവാണ്, അതുകൊണ്ട് ഞാൻ നിങ്ങൾക്ക് കഴുതയെയല്ല, കുതിരയെ തരാം. അവർക്ക് വളരെ സന്തോഷവും സമാധാനവും. ഒരാഴ്ച കഴിഞ്ഞു. മകൻ കുതിരപ്പുറത്തുനിന്ന് വീണ് കയ്യും കാലുമൊടിഞ്ഞു. അവരുടെ സന്തോഷവും സമാധാനവുമെല്ലാം പോയി.

അപ്പോൾ ഒരു വിളംബരം. അയൽരാജ്യത്തെ രാജാവ് നമ്മെ ആക്രമിക്കാൻ പോകുന്നു. എല്ലാ യുവജനങ്ങൾക്കും നിർബ്ബന്ധിത സൈനിക സേവനം. എല്ലാ വീട്ടിലും കൂട്ടക്കരച്ചിൽ. ഈ വീട്ടിൽമാത്രം മകൻ കാലും കൈയും ഒടിഞ്ഞുകിടക്കുന്നതിനാൽ യുദ്ധത്തിനു പോകേണ്ട. അവിടെ വളരെ സന്തോഷവും സമാധാനവും. യുദ്ധം വിജയിച്ചു. അപ്പോൾ രാജാവ് പറഞ്ഞു: യുദ്ധത്തിൽ പങ്കെടുത്ത എല്ലാ യുവജനങ്ങൾക്കും അഞ്ചേക്കർ പുരയിടം സൗജന്യമായിക്കൊടുക്കുന്നു. അവർക്ക് വീണ്ടും സമാധാനം പോയി.

സമാധാനം എന്നാലെന്ത്?

വീണ്ടും ചോദ്യം ഉയരുന്നു. എന്താണ് സമാധാനം? സമാധാനമെന്തെന്ന് പറഞ്ഞുതന്നത് യേശുവിന്റെ ജനനവാർത്ത ഇടയൻമാരെ അറിയിച്ച കർത്താവിന്റെ ദൂതനും ദൂതനോടൊപ്പം പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ച സ്വർഗ്ഗീയസൈന്യത്തിന്റെ ഒരു വ്യൂഹവുമാണ്. അവർ ഉദ്‌ഘോഷിച്ചു: ”അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!” (ലൂക്കാ 2:14).
ദൈവികമായ ആ സമാധാനം സ്വീകരിച്ച കന്യകയെ ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായത്തിൽ നാം കാണുന്നു. ”ഗബ്രിയേൽദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താൽ അയക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ!” (ലൂക്കാ 1: 26-28). ആ അഭിവാദനത്തിന്റെ അർത്ഥം മനസിലാവാതെ അസ്വസ്ഥയായ മറിയത്തോട് വീണ്ടും ദൂതൻ പറയുന്നതിങ്ങനെയാണ്, ”മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1:30)
അതോടെ മറിയം സമാധാനം കൊണ്ട് നിറഞ്ഞു. പക്ഷെ, അന്നു മുതൽ അവളുടെ സമാധാനം നഷ്ടപ്പെട്ടുവെന്ന് നമുക്കു തോന്നാം. ഭർത്താവില്ലാതെ ഗർഭിണിയായാൽ കല്ലെറിഞ്ഞു കൊല്ലപ്പെടും. ഇവിടെ അവൾ വിവാഹിതയാകുംമുൻപ് ഗർഭിണിയാകുകയാണ്. എന്നിട്ടും അവൾക്ക് സമാധാനം. ഭർത്താവ് അവളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നിട്ടും അവൾക്ക് സമാധാനം. പിന്നീട് ദൈവസ്വരം മനസിലാക്കിയ ജോസഫ് അവളെ സ്വീകരിക്കുന്നു. പക്ഷേ നാളുകൾ കഴിഞ്ഞ് പ്രസവിക്കാൻ സമയമായപ്പോൾ സുരക്ഷിതമായ ഒരിടം ലഭിക്കുന്നില്ല. പ്രസവിക്കാൻ സ്വകാര്യമായ ഒരിടം എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതു ലഭിക്കാതിരുന്നപ്പോഴും മറിയത്തിന്റെ സമാധാനം നഷ്ടപ്പെടുന്നില്ല. പ്രസവം കഴിഞ്ഞ് അധിക നാളുകളാകുന്നതിനുമുൻപുതന്നെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ഈജിപ്തിലേക്ക് ഓടേണ്ടി വരുന്നു. എന്നാലും അവൾക്ക് സമാധാനം. വീണ്ടും കുഞ്ഞിനെയുംകൊണ്ട് നസ്രസ്സിലേക്ക്. ഈ കുഞ്ഞു നിമിത്തം ആ നാട്ടിലുള്ള രണ്ടു വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. ഇതു കേട്ടപ്പോഴും മറിയത്തിന് സമാധാനം.

കുഞ്ഞിനെ ദേവാലയത്തിൽ സമർപ്പിച്ചപ്പോൾ ശിമയോൻ കുഞ്ഞിനെ കൈകളിലെടുത്തു പറഞ്ഞു. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും. എങ്കിലും അവളുടെ സമാധാനം നഷ്ടപ്പെടുന്നില്ല. മകനെ കാൽവരിയിൽ കുരിശിൽ തറച്ചുകൊന്നപ്പോഴും അവനെ അടിച്ചു ശരീരം തകർത്തപ്പോഴും അവൾക്ക് സമാധാനം നഷ്ടപ്പെട്ടില്ല. അപ്പോൾ എന്താണ് സമാധാനം?
ദൈവകൃപയാൽ ലഭിക്കുന്ന ഒരു ആശീർവ്വാദമാണ് സമാധാനം. പ്രതിസന്ധികളും പ്രയാസങ്ങളും ഇല്ലാത്ത അവസ്ഥയുടെ പേരല്ല സമാധാനം. ദൈവകൃപയാൽ ലഭിക്കുന്ന ഒരു അനുഭവമാണത്. അപ്പോൾ നമ്മുടെ കുടുംബ ജീവിതത്തിന് വേണ്ടത് കൃപയാണ്. തളർച്ചയുടെയും തകർച്ചയുടെയും നടുവിൽ ഒരു ദൈവിക ആശീർവാദം.

സമാധാനം തകരുമ്പോൾ

സ്‌നേഹംതന്നെയായ ദൈവം താൻ സ്ഥാപിച്ച കുടുംബത്തിന് അത് നല്കാതിരിക്കുമോ? ഇല്ല. അവിടുന്ന് അത് തരികതന്നെ ചെയ്യും. ആരെങ്കിലും തന്റെ കുടുംബം ശരിയല്ലാത്തതിനാലാണ് സമാധാനമില്ലാത്തത് എന്നു ചിന്തിക്കുന്നുണ്ടെങ്കിൽ അറിയുക, അതുകൊണ്ടല്ല സമാധാനമില്ലാത്തത്. അതിനുത്തരം വിശുദ്ധ വചനംതന്നെ തരും. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവനെ താമസിപ്പിക്കാൻ ഏദൻതോട്ടമുണ്ടാക്കി. ആ ഏദൻതോട്ടത്തിൽ അവന് ചേർന്ന ഇണയായി സ്ത്രീയെയും നല്കി. അതായത് ആദാമിനുവേണ്ടി ഏദൻതോട്ടം ഉണ്ടാക്കി. ആദത്തിന് സ്‌നേഹം പങ്കിടാൻ വേണ്ടി ഹവ്വായെയും സൃഷ്ടിച്ചു.
അതായത് നാമായിരിക്കുന്ന കുടുംബം ദൈവം നമുക്കുവേണ്ടി സൃഷ്ടിച്ചതാണ്. അവിടുത്തേക്ക് തെറ്റു പറ്റുകയില്ല. എന്നാൽ അവിടെയുണ്ടാവുന്ന കുറവുകളോർത്ത് അവിടുന്ന് വേദനിക്കുന്നു. ആ കുറവുകൾ പരിഹരിക്കാനാകട്ടെ പരിഹരിക്കാൻ കഴിവുള്ള അവിടുത്തെ മുൻപിൽ കൊടുത്താൽ മതി. നമ്മുടെ ബുദ്ധിയിൽ പരിഹരിക്കാതിരുന്നാൽ മതി. പലപ്പോഴും പ്രശ്‌നങ്ങൾ നമ്മുടേതായ രീതിയിൽ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ അത് വിജയിക്കാതെ വരുന്നു.

ഉദാഹരണത്തിന് പറയാം. നാളുകൾക്കു മുമ്പ് ഒരു പരിചയക്കാരൻ അദ്ദേഹത്തിന്റെ ആവശ്യത്തിനായി പോകാൻ എന്നെയും സുഹൃത്തിനെയും ഏല്പിച്ചു. അദ്ദേഹത്തിന്റെ ബൈക്കും തന്നു. ഞാനും സുഹൃത്തും ആ ബൈക്കിൽ യാത്രയാരംഭിച്ചു. എന്നാൽ അല്പദൂരം യാത്ര ചെയ്തപ്പോഴേ ബൈക്ക് നിന്നുപോയി. ഓടിച്ചുകൊണ്ടിരുന്ന സുഹൃത്ത് തനിക്കറിയാവുന്നതുപോലെ അത് വീണ്ടും സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. എനിക്കും ബൈക്ക് ഓടിക്കാൻ അറിയാമല്ലോ എന്ന ആത്മവിശ്വാസത്തോടെ ഞാനും ചെന്ന് ആവുന്നത് ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. ഒടുവിൽ ഞങ്ങൾ രണ്ടുപേരും കൂടി ബൈക്ക് തള്ളി അര കിലോമീറ്ററോളം ദൂരത്തുള്ള വർക്ക്‌ഷോപ്പിൽ എത്തിച്ചു.

അവിടത്തെ വിദഗ്ധനായ മെക്കാനിക്ക് അല്പസമയത്തിനകം ആ ബൈക്ക് ശരിയാക്കി ഞങ്ങൾക്ക് തിരികെ തന്നു. ഒന്നോർത്തുനോക്കിയാൽ ഇതുതന്നെയാണ് നമ്മുടെ കുടുംബങ്ങളിലും സംഭവിക്കാറുള്ളത്. അപ്പനും അമ്മയും മക്കളുമെല്ലാം മാറിമാറി പരിശ്രമിക്കും. എന്നാൽ അതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല. എന്നാൽ അത് കർത്താവിന്റെ കരങ്ങളിൽ ഏല്പിച്ച് അവിടുന്ന് പ്രചോദിപ്പിച്ചു നല്കുന്ന വഴികളിലൂടെ ചെയ്യുമ്പോൾ ദൈവികസമാധാനം പുലരും.
അവിടുന്ന് തൊട്ടാൽ എല്ലാം ശരിയായി. ആ ഗുരുവിന്റെ സ്പർശം, അതോടെ പ്രശ്‌നം പരിഹരിക്കപ്പെടും. ജറെ. 33:3 ”എന്നെ വിളിക്കുക, ഞാൻ മറുപടി നല്കും. നിന്റെ ബുദ്ധിക്കതീതവും മഹത്തും നിഗൂഢവുമായ കാര്യങ്ങൾ നിനക്കു ഞാൻ വെളിപ്പെടുത്തും.” അതെ, നാം വിളിക്കുമ്പോൾ വിളി കേൾക്കാനും നമ്മുടെ ബുദ്ധിക്കതീതമായ സമാധാനം വെളിപ്പെടുത്താനും അവിടുന്ന് തയാറാണ്.

”ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും” (ഫിലി. 4: 6-7) എന്ന് വിശുദ്ധ പൗലോസും പറയുന്നുണ്ടല്ലോ. അതിനാൽ കുടുംബത്തെപ്രതിയും കുടുംബാംഗങ്ങളെപ്രതിയും കുടുംബത്തിലെ സകലതിനെപ്രതിയും ദൈവത്തിന് നന്ദി പറയണം. പ്രതിസന്ധികൾ അവിടുത്തേക്ക് സമർപ്പിക്കണം. അപ്പോൾ ദൈവികസമാധാനം നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും.

(ശാലോം ടി.വിയിൽ സംപ്രേഷണം
ചെയ്ത ‘സാന്ത്വന’ത്തിൽനിന്ന്)

ഫാ. റെജി ചവർപ്പണേൽ

3 Comments

  1. TITO says:

    Praise the Lord – Nice thought Father

  2. Sangeeth Joy says:

    Praise d lord …….Nice thought father..god blesss for your words

  3. Johny K V says:

    Praise the lord its amazing thought.I can also understood the meaning of peace given by God… Johny Arakkunnam

Leave a Reply

Your email address will not be published. Required fields are marked *