ആറ്റിൽ ചാടും മുൻപ് ഉയർന്ന പ്രാർത്ഥന

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. വീട്ടിലെ അത്യാവശ്യ ജോലികൾ ചെയ്തിട്ടുവേണമായിരുന്നു സ്‌കൂളിൽ പോകാൻ. ഒമ്പതുമണിക്ക് സ്‌പെഷ്യൽ ക്ലാസ്. സമയത്തിന് ക്ലാസിൽ എത്തിച്ചേരണമെന്ന ലക്ഷ്യത്തോടെ വളരെ വേഗത്തിൽ പോകുന്ന സമയം. സ്‌കൂൾ അടുക്കാറായപ്പോൾ വളരെ പരിചയമുള്ള ഒരു ചേട്ടൻ വലിയ സങ്കടത്തോടെ എനിക്ക് മുൻപേ വരുന്നു. ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു ”ചേട്ടാ സമയം എന്തായി?” ചേട്ടൻ വാച്ചുനോക്കി പറഞ്ഞു ”എട്ടേമുക്കാൽ.” എനിക്ക് സമാധാനമായി, ഒമ്പതുമണിക്കാണല്ലോ ക്ലാസ്. ഞാൻ മെല്ലെ നടക്കാൻ ഭാവിച്ചപ്പോൾ ആ ചേട്ടൻ പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ”മോളേ, ചാച്ചൻ (പിതാവ്) വീട്ടിലുണ്ടോ?” ഞാൻ പറഞ്ഞു: ”ഉണ്ട്.” ”എനിക്ക് ചാച്ചനെ ഒന്നു കാണണം.” അദ്ദേഹം മുന്നോട്ടുപോയി. ഞാൻ സ്‌കൂളിലേക്കും പോയി.

വല്യമ്മച്ചി ഞങ്ങളെ പഠിപ്പിച്ചിരുന്ന കാര്യം എനിക്ക് പെട്ടെന്ന് ഓർമ്മ വന്നു – ആരെങ്കിലും സങ്കടപ്പെടുന്നത് കണ്ടാൽ മൂന്ന് ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ചൊല്ലി അവർക്കുവേണ്ടി കാഴ്ചവയ്ക്കണമെന്നും ഉറങ്ങാൻ സമയം ഇതേ പ്രാർത്ഥന ചൊല്ലി മാതാവിനെ ഓർമപ്പെടുത്തണമെന്നും. അതിനാൽ ആ ചേട്ടനുവേണ്ടിയും അപ്രകാരം ദൈവമാതാവിനോട് മാധ്യസ്ഥ്യം പ്രാർത്ഥിച്ചു. എന്റെ ക്ലാസിലോ സ്‌കൂളിലോ ആരുടെയെങ്കിലും മുഖം സന്തോഷമില്ലാതെ കണ്ടാൽ ഈ മരുന്ന് അവർക്കുവേണ്ടി ചെയ്യുക എന്നതും നിത്യപതിവായിരുന്നു.

വെറുതെയാവാത്ത പ്രാർത്ഥന

വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിൽചെന്നപ്പോൾ രാവിലെ കണ്ട ചേട്ടനും ചാച്ചനും കപ്പയും കട്ടൻചായയും കഴിച്ച് സന്തോഷത്തോടെ ഇരിക്കുന്നു. അതു കണ്ടപ്പോൾ ഞാൻ ചോദിച്ചു ”രാവിലെ ചേട്ടൻ എന്തിനാണ് കരഞ്ഞത്?” ആ ചോദ്യം കേട്ടയുടനെ അദ്ദേഹം എന്റെ കൈപിടിച്ച് അവരുടെ നടുവിലേക്ക് നിർത്തി. എന്നിട്ട് എന്റെ ശിരസിൽ ചുംബിച്ചുകൊണ്ട് എന്റെ പിതാവിനോടു പറഞ്ഞു. ”ചേട്ടാ, ഇന്ന് ഈ കുഞ്ഞിന്റെ നിഷ്‌കളങ്കമായ പുഞ്ചിരിയും സ്‌നേഹവുമാണ് എന്നെ ജീവിക്കാൻ സഹായിച്ചതും ഈ വീട്ടിലേക്ക് വരാൻ പ്രേരിപ്പിച്ചതും.” അദ്ദേഹത്തിന്റെ ആ സന്തോഷപ്രകടനം ഇന്നും ഞാൻ ഓർത്തിരിക്കുന്നു.

സ്വന്തം ഭാര്യയും മക്കളും അദ്ദേഹവും തമ്മിൽ സാമ്പത്തികമായ പ്രശ്‌നത്തിൽ വാക്കുതർക്കമായി. അതു നിമിത്തമുണ്ടായ സംഘർഷത്തിൽ, ആറ്റിൽ ചാടി മരിക്കാൻ പോകുകയായിരുന്നു അദ്ദേഹം. ചാച്ചന്റെ സ്‌നേഹിതനാണ്. ഞാൻ സമയം ചോദിച്ചപ്പോൾ അദ്ദേഹം കേൾക്കുന്നതും കാണുന്നതും സ്വന്തം മകളുടെ ശബ്ദവും ഛായയും. അങ്ങനെ നേരെ സുഹൃത്തായ ചാച്ചന്റെ അടുത്ത് ചെന്നു. വിഷമം പങ്കുവച്ചു. എന്റെ ചാച്ചൻ അദ്ദേഹത്തിന് ഒരു നല്ല അയൽക്കാരനായി. വേദനകൾ സഹാനുഭൂതിയോടെ കേട്ടു. ആശ്വസിപ്പിച്ചു. തന്റെ വീട്ടിൽ തങ്ങാൻ ക്ഷണിച്ചു.

പരിഹരിക്കപ്പെടുന്ന പ്രശ്‌നങ്ങൾ

പിറ്റേന്നു മുതൽ രാവിലെ ചാച്ചന്റെകൂടെ പറമ്പിൽ ജോലിയ്ക്കിറങ്ങും. ഒന്നിച്ച് പ്രാർത്ഥിച്ചും ഭക്ഷിച്ചും സ്‌നേഹത്തോടെ ഒരാഴ്ചക്കാലം വീട്ടിൽത്തന്നെ താമസിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഭാര്യയും മക്കളും വീട്ടിൽ വന്നു. പ്രശ്‌നം പരിഹരിച്ചു. സന്തോഷമായി തിരിച്ചുപോയി. പിന്നീടും ആത്മാർത്ഥതയോടെ ജോലി ചെയ്ത് ലഭിക്കുന്ന വേതനംകൊണ്ട് ശാന്തനായി ജീവിക്കാൻ തുടങ്ങി. ആ കുടുംബം സ്‌നേഹത്തിൽ ഉത്തരോത്തരം അഭിവൃദ്ധിപ്പെടാൻ ആരംഭിച്ചു. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധാലുക്കളായി. സ്വന്തം കൈകൊണ്ട് അധ്വാനിക്കാൻ മക്കൾക്കും മക്കളുടെ മക്കൾക്കും പരിശീലനം സ്വന്തം മാതാപിതാക്കളിൽനിന്ന് ലഭ്യമായി.

ഇന്നും ദൈവം മനുഷ്യരക്ഷ സാധ്യമാക്കുന്നത് ദൈവത്തിന്റെ സൃഷ്ടികളിലൂടെയും മനുഷ്യരിലൂടെയും ആണ്. കാരണം, ദൈവത്തിന്റെ അത്ഭുതസൃഷ്ടി മനുഷ്യൻതന്നെ. അതിലൊരാൾ തളരുമ്പോൾ താങ്ങാകാൻ നമുക്കോരോരുത്തർക്കും വിളിയുണ്ട്. അത് പല തരത്തിലാകാം. അതിലൊരു വഴിയാണ് അവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നത്. ആരെങ്കിലും വിഷമിക്കുന്നെന്നു കാണുമ്പോൾ അഥവാ അറിയുമ്പോൾ അവർക്കായി കർത്താവിനോടൊന്നു സംസാരിക്കാൻ നമുക്കാവുകയില്ലേ? അവരുടെ പ്രശ്‌നം നമുക്കറിയാമെങ്കിലും ഇല്ലെങ്കിലും പ്രാർത്ഥിക്കാൻ നമുക്ക് സാധിക്കും. നമ്മുടെ പ്രാർത്ഥനകൾക്ക് വലിയ വിലയുണ്ട്. അവർക്കുവേണ്ടി കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിക്കാൻ കഴിവുള്ള പരിശുദ്ധ ദൈവമാതാവിനെ പ്രാർത്ഥനാവശ്യം ഏല്പിക്കുകയുമാവാം. എന്തായാലും അവരെ ദൈവസന്നിധിയിൽ ഉയർത്തുകയാണ് പ്രധാനം.

മറ്റൊരു വഴി അവരെ കേൾക്കാൻ തയാറാവുക എന്നതാണ്. കേൾക്കാൻ മനസുള്ളയാളോടുമാത്രമേ ഒരു വ്യക്തി തന്റെ ദുഃഖം പങ്കുവയ്ക്കുകയുള്ളൂ. അതിനാൽ സഹാനുഭൂതി നിറഞ്ഞ ഒരു മുഖഭാവം നമുക്കുണ്ടായിരിക്കണമെന്ന് ഈ സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. കേൾക്കാൻ തയാറുള്ള ഒരാളെന്നു തോന്നിയതുകൊണ്ടാണല്ലോ എന്റെ പിതാവിനോട് അദ്ദേഹം തന്റെ വിഷമങ്ങൾ പങ്കുവച്ചത്. കേൾക്കാനും ആശ്വസിപ്പിക്കാനും വിവേകപൂർവം അപ്പോഴാവശ്യമായ സഹായങ്ങൾ ചെയ്യാനും പിതാവ് മനസു കാണിച്ചതോടെ അദ്ദേഹത്തിന് തന്റെ പ്രശ്‌നങ്ങളുടെ പരിഹാരം കണ്ടെത്താൻ വഴികളൊരുങ്ങി.

നല്ല അയൽക്കാരൻ

യേശു പഠിപ്പിക്കുന്ന നല്ല അയൽക്കാരന്റെ ഉപമ ഈ മനോഭാവം പുലർത്തുന്നതിനെക്കുറിച്ച് നല്ലൊരു ചിത്രം വരച്ചിടുന്നുണ്ട്. വഴിയിൽ വീണു കിടന്നിരുന്ന യാത്രക്കാരന്റെ പ്രശ്‌നമെന്തെന്ന് അറിയാനും (അവനെ കേൾക്കാനും) വേണ്ട സഹായങ്ങൾ ചെയ്യാനും നല്ല സമരിയാക്കാരൻ തയാറാവുന്നു. സുരക്ഷിതമായ സ്ഥലത്ത് അവനെ ഏല്പിച്ചിട്ട് പോകുമ്പോൾ അത് ദൈവകരങ്ങളിൽ ഏല്പിക്കുന്നതിന്റെ പ്രതീകമായിക്കൂടി കാണാമെന്നു തോന്നുന്നു.
വെറുതെ ഏല്പിക്കുകമാത്രമല്ല. കൂടുതൽ ചെലവാകുന്നത് താൻ നല്കിക്കൊള്ളാമെന്ന് വാക്കു നല്കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ നമ്മുടെ അവസ്ഥകളിൽ അത് നമ്മുടെ പ്രാർത്ഥനകൾതന്നെയെന്ന് കരുതാം. വേദനിക്കുന്നവരും മുറിവേറ്റവരുമായ സഹോദരങ്ങൾക്കായി നല്കാനാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. കാരണം സാത്താനാകുന്ന കവർച്ചക്കാരൻ അവന്റെ ആനന്ദം കവർന്നിരിക്കുന്നു. അതിനാൽ തിരക്കുകളേറുന്ന ഈ കാലഘട്ടത്തിലും നല്ല സമരിയാക്കാരനാകാനുള്ള വിളി നമുക്ക് ശ്രവിക്കാം.

ലൂക്കായുടെ സുവിശേഷം 10-ാം അധ്യായത്തിൽ ”നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന ഒരു നിയമജ്ഞന്റെ ചോദ്യത്തിനുത്തരമായാണ് യേശു സമരിയാക്കാരന്റെ ഉപമ പറയുന്നത്. ”നീ നിന്റെ ദൈവമായ കർത്താവിനെ, പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും.” എന്ന ദൈവകല്പനക്ക് വിശദീകരണമായി ആരാണ് അയൽക്കാരൻ എന്ന് അവിടുന്ന് ഈ ഉപമയിലൂടെ വ്യക്തമാക്കുന്നു
.
അതിനാൽ നിത്യജീവനിലേക്കുള്ള പാത തുറന്നു കിട്ടാനായി നമുക്കും നല്ല അയൽക്കാരായി വർത്തിക്കാം. കാരണം ലൂക്കാ 10:36-37ൽ നാം ഇങ്ങനെ വായിക്കുന്നു, ”കവർച്ചക്കാരുടെ കൈയിൽപ്പെട്ട ആ മനുഷ്യന് ആരാണ് അയൽക്കാരനായി വർത്തിച്ചത്? അവനോട് കരുണ കാണിച്ചവൻ എന്ന് ആ നിയമജ്ഞൻ പറഞ്ഞു. യേശു പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.”

സിസ്റ്റർ പ്രസന്ന എസ്.വി.എം.

11 Comments

 1. Robin Sebastian says:

  Really inspiring article.

  Helping our neighbor is not an optional choice or favour from our side; it is Lord’s important commandment.

  Lets love our neighbors.Lord give us the grace to pray always.

 2. Sangeeth Joy says:

  Amen

 3. sruthy davis says:

  its has been nice

 4. sheeba Anson says:

  Really inspiring article Sr.Prasanna. Our church need great person like you. May God bless you always

 5. sheirkvargh says:

  ആമേൻ

 6. benny sebastian says:

  We can try this prayer when we faceing similar situvation.realy intrestive.may God bless you.

 7. Shelvy Joju says:

  This experience is an inspiring one to others. Let us all teach our children to pray for needy ones…..Thank you and May God bless you. Amen

 8. Juny Thomas says:

  Inspiring article..At times if we are not able to help others through a physical activity a small prayer for them can bring about miracles..

 9. victor says:

  Inspiring and motivating

 10. claramma joseph says:

  Praise the Lord !

  I would like to appreciate your article. Yes even small prayers and our smile can make wonders in others life. Hearing others problem and give some good and pleasing suggestions may change their life. May the good God bless you to write more and more powerful articles in future.

  Claramma

Leave a Reply

Your email address will not be published. Required fields are marked *