ഹൃദയം തേടുന്ന സത്യം

ഒരു മനുഷ്യന്റെ ജീവിതം അർത്ഥപൂർണമാകുന്നത് അവൻ സത്യത്തെ അന്വേഷിക്കുകയും അത് കണ്ടെത്തുകയും ചെയ്യുമ്പോഴാണ്. ലോകത്തിലെ മഹാത്മാക്കളിൽ പലരും സത്യാന്വേഷണപരീക്ഷണങ്ങൾ നടത്തിയിട്ടുള്ളവരാണ്. സത്യത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കുവാൻ അപൂർവം ചിലർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ‘ഞാനാണ് സത്യം’ എന്ന് ധൈര്യപൂർവം പ്രഖ്യാപിച്ച ഒരാൾമാത്രമേയുള്ളൂ. അത് യേശുക്രിസ്തുവാണ്. സത്യത്തെ ഹൃദയപൂർവം അന്വേഷിക്കുന്നവർ ഇന്നും – അവർ ഏത് മതത്തിലും ജാതിയിലും വിശ്വാസത്തിലും പെട്ടവരാണെങ്കിലും – യേശുവിനെ കണ്ടെത്തുന്നുണ്ട്. അവരിലൊരാളെ നിങ്ങൾക്ക് പരിചയപ്പെടുത്തട്ടെ.

വേറോനിക്ക ലേവി എന്നാണവരുടെ പേര്. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന ഒരു പുരാതന യഹൂദകുടുംബത്തിൽ ജനിച്ച വനിത. അവളുടെ പിതാവ് അവളെക്കുറിച്ച് വളരെ അഭിമാനിച്ചിരുന്നു. ‘നീ ഒരു രാജകുമാരിയാണ്’ എന്ന് കൂടെക്കൂടെ അവളുടെ പിതാവ് അവളോട് പറയാറുണ്ടായിരുന്നു. അതിനൊരു പ്രത്യേക കാരണമുണ്ട്. ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രത്തലവന്മാരിൽ ഒരാളായ ലേവിയുടെ പേരാണ് അവൾ വഹിച്ചിരുന്നത്. അത്രമാത്രം അവളുടെ പിതാവ് അവളുടെ പേരിൽ സന്തോഷം കണ്ടെത്തിയിരുന്നു.

എങ്ങനെയാണ് വേറോനിക്ക ലേവി യേശുവിനെ കണ്ടെത്തുവാൻ ഇടയായത്? സുന്ദരിയായ ഒരു യുവതിയായിരുന്നു ലേവി. എന്നാൽ മതാചാരങ്ങളിൽ അത്ര ശുഷ്‌കാന്തിയുള്ള ഒരാളായിരുന്നില്ല അവൾ. കൂടുതൽ സമയവും ലേവി ചെലവഴിച്ചിരുന്നത് മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരുടെ കൂടെയായിരുന്നു. അവരുടെ കൂടെ ബാറുകളിലൊക്കെ സമയം ചെലവഴിക്കുന്നതിൽ അവൾ സന്തോഷം കണ്ടെത്തിയിരുന്നു.

ദൈവത്തെ അന്വേഷിക്കുന്നവർ

പാർശ്വവത്കരിക്കപ്പെട്ട അവരെക്കുറിച്ച്, പാപികളെന്ന് മുദ്രകുത്തി സമൂഹം പുച്ഛത്തോടെ കാണുന്ന അവരെക്കുറിച്ച് ലേവി അർത്ഥഗർഭമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ‘യഥാർത്ഥത്തിൽ ദൈവത്തെ ശരിയായ വിധത്തിൽ അന്വേഷിക്കുന്നവർ അവരാണ്.’ ഒന്നോർത്തുനോക്കിയാൽ അത് വളരെ ശരിയാണുതാനും. വിശുദ്ധജീവിതം നയിക്കുന്നവർക്ക് തങ്ങൾ നല്ലവരാണെന്ന ഒരു അഹംഭാവം ഉണ്ടാകുവാനുള്ള അപകടസാധ്യത എപ്പോഴുമുണ്ടല്ലോ. അതിനാൽ അവർ ദൈവത്തിലും ദൈവകൃപയിലും ആശ്രയംവയ്ക്കുവാൻ പലപ്പോഴും മറന്നുപോകാറുണ്ട്. ആരുടെകൂടെ തങ്ങൾ ജീവിക്കുന്നുവെന്ന് അഭിമാനിക്കുന്നുവോ ആ ദൈവത്തിൽനിന്ന് വളരെ അകലെയായിരിക്കും യഥാർത്ഥത്തിൽ അവരുടെ ജീവിതം. എന്നാൽ പാപികളെന്ന് സമൂഹം മുദ്ര കുത്തിയവരുടെ അവസ്ഥ അതല്ല. തങ്ങൾ എത്രയോ കുറവുള്ളവരാണെന്ന് അവർക്കറിയാം. അതിനാൽ അവർ ദൈവത്തിന്റെ മുമ്പിൽ എളിമയോടെയേ വ്യാപരിക്കുകയുള്ളൂ. അതിനാൽത്തന്നെ സത്യത്തിന്റെ നീർച്ചാലുകൾ അവരിലേക്ക് ഒഴുകിയിറങ്ങുക എളുപ്പമാണ്.

തനിക്ക് കുറവുണ്ടെന്ന് ബോധ്യമുണ്ടായിരുന്ന ലേവി ‘നിറവ്’ അല്ലെങ്കിൽ സത്യം എന്താണെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെയൊരുനാൾ ഒരു കത്തോലിക്കാ ദേവാലയത്തിൽ കയറുവാൻ അവൾക്കിടയായി. അവിടെ നിറഞ്ഞുനിന്ന പരിശുദ്ധിയും ശാന്തതയും അവളെ ആകർഷിച്ചു. ഇവിടെ എന്തോ ഒരു വ്യത്യാസമുണ്ടല്ലോ എന്ന് അവൾ ആശ്ചര്യത്തോടെ ചിന്തിച്ചു. മുറിവേറ്റ തന്റെ ആത്മാവിന് ആ ദേവാലയത്തിന്റെ പരിശുദ്ധി സൗഖ്യം നല്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. പില്ക്കാലത്ത് അവൾ അതിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: ”മുറിവേറ്റ ആത്മാക്കൾക്ക് സൗഖ്യം നല്കുന്ന ആശുപത്രിയാണ് കത്തോലിക്കാസഭ. മുറിവേറ്റ മനുഷ്യർക്ക് സൗഖ്യം നല്കുവാൻ ഇന്ന് ലോകം മറന്നുപോയിരിക്കുന്നു. എന്നാൽ സഭ അത് ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു.”
അവളുടെ ആത്മാവിൽ മൊട്ടിട്ട ആ വിശ്വാസം പതുക്കെ വളരുവാൻ തുടങ്ങി. അത് വർധിക്കുവാനിടയായ മറ്റൊരു സംഭവവും ഉണ്ടായി. അവളുടെ സഹോദരൻ ഫിലിപ്പ് മാരകമായ ഒരു അപകടത്തിൽപെട്ടു. മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരുന്ന സഹോദരന്റെ കിടക്കയ്ക്കരികെ അവൾ രാത്രി മുഴുവൻ പ്രാർത്ഥനയിൽ ചെലവഴിച്ചു. മഹാവൈദ്യനായ യേശുവിനോട് അവൾ കരഞ്ഞ് പ്രാർത്ഥിച്ചു: ”എന്റെ പ്രിയപ്പെട്ട സഹോദരന്റെ ജീവൻ മടക്കിത്തരണമേ” എന്ന്. അത്ഭുതകരമായ വിധത്തിൽ അവളുടെ സഹോദരൻ സൗഖ്യപ്പെട്ടു.

സത്യം ആരാണെന്ന് ക്രമേണ അവൾക്ക് വെളിപ്പെടുകയായിരുന്നു. ആ സത്യത്തെ പുല്കുവാൻ അവൾ തീവ്രമായി അഭിലഷിച്ചു. യേശുവിനോടുള്ള സ്‌നേഹത്താൽ അവളുടെ ഉള്ളം നിറയുവാൻ തുടങ്ങി. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയ്ക്ക് ഉണ്ടായിരുന്ന അലൗകികമായ സ്‌നേഹം അവൾക്ക് അനുഭവപ്പെട്ടു.

ഇനി താമസിക്കേണ്ട എന്ന് അവൾ തീരുമാനിച്ചു. അങ്ങനെ അവൾ യേശുവിനെ നാഥനായും ക്രിസ്തുവായും അംഗീകരിച്ച് വിശ്വസിച്ചു. ഫ്രാൻസിലെ പ്രസിദ്ധമായ നോട്ടർഡാം കത്തീഡ്രലിൽവച്ച് ജ്ഞാനസ്‌നാനം സ്വീകരിച്ച് വേറോനിക്ക ലേവി കത്തോലിക്കാസഭയിൽ അംഗമായി. അവളുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അമ്പരപ്പിച്ച ഒരു തീരുമാനമായിരുന്നു അത്. കാരണം ലേവി വളരെ പരമ്പരാഗതമായ ഒരു യഹൂദകുടുംബത്തിലെ അംഗമാണെന്ന് പറഞ്ഞിരുന്നുവല്ലോ. പക്ഷേ, അവൾ പിറകോട്ട് നോക്കുവാൻ തയാറായിരുന്നില്ല. ഇന്ന് ഫ്രാൻസിൽ ജീവിച്ചിരിക്കുന്ന തത്വചിന്തകരിൽ ഏറ്റവും പ്രശസ്തൻ അവളുടെ സ്വന്തം സഹോദരനാണ്. പേര് ബെർനാഡ് ഹെൻറി ലേവി. തന്റെ കുഞ്ഞുപെങ്ങളുടെ പുതിയ തീരുമാനത്തെ അദ്ദേഹവും പിന്തുണച്ചു.

‘മുഖം വെളിപ്പെടുത്തിത്തരണേ’

തന്റെ സത്യാന്വേഷണ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വേറോനിക്ക ലേവി ഫ്രഞ്ചുഭാഷയിൽ ഒരു പുസ്തകമെഴുതി. 2015 മാർച്ച് മാസത്തിലാണ് അത് പ്രസിദ്ധീകൃതമായത്. സത്യമായ യേശുക്രിസ്തുവിനെ എപ്രകാരമാണ് അവൾ കണ്ടെത്താനിടയായതെന്ന് ആ പുസ്തകത്തിൽ മനോഹരമായി വിവരിക്കുന്നുണ്ട്. അതിന്റെ ശീർഷകംതന്നെ ശ്രദ്ധേയമത്രേ. അതൊരു പ്രാർത്ഥനപോലെ തോന്നും വായിക്കുമ്പോൾ; ‘അങ്ങയുടെ മുഖം എനിക്ക് വെളിപ്പെടുത്തിത്തരണമേ’ (ഷോ മി യുവർ ഫെയ്‌സ്) എന്നാണ് അതിന്റെ ശീർഷകം.

ഇത് ചിന്തോദ്ദീപകമാണ്. യേശുവിനെ അറിയുക എന്നത് അനുസ്യൂതം തുടരുന്ന ഒരു പ്രക്രിയയാണ്. യേശുവിന്റെ മുഖത്തെ നോക്കി ധ്യാനിക്കുക എന്നത് ഏറ്റവും നല്ലൊരു പ്രാർത്ഥനാരീതിയാണ്. അപ്പോൾ നമ്മിലുള്ള അന്ധകാരവും അജ്ഞതയുമൊക്കെ ക്രമേണ കുറയും. നാമും പ്രകാശത്തിലേക്ക് കടന്നുവരും. ‘അവിടുത്തെ നോക്കിയവർ പ്രകാശിതരായി’ എന്നാണല്ലോ സങ്കീർത്തകൻ എഴുതിയിരിക്കുന്നത്. നമ്മുടെയൊക്കെ ഒരു വലിയ പ്രശ്‌നം നമുക്ക് യേശുവിന്റെ മുഖത്തേക്ക് നോക്കിയിരിക്കുവാൻ സമയം കുറവാണ് എന്നതാണ്. നാം പലപ്പോഴും നമ്മുടെ പ്രശ്‌നങ്ങളിലേക്കും അത് പരിഹരിക്കുവാൻ മറ്റുള്ളവരിലേക്കും നോക്കുന്നു. ഫലമോ, നാം ഭയചകിതരും ലജ്ജിതരുമാകും. എന്നാൽ, യേശുവിന്റെ മുഖത്തെ ധ്യാനിക്കുന്നവർക്ക് വലിയ പ്രചോദനം ലഭിക്കും, വലിയ കാര്യങ്ങൾ ചെയ്യുവാൻ അവിടുന്ന് അവരെ നിയോഗിക്കും. ബഹുമാനപ്പെട്ട മോൺസിഞ്ഞോർ വർക്കിയച്ചൻ ഇപ്രകാരം ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്ന യേശുവിന്റെ മുഖത്തേക്ക് നോക്കിയിരുന്ന് അനേകമണിക്കൂറുകൾ പ്രാർത്ഥിച്ചിരുന്നതായി അദ്ദേഹവുമായി അടുത്ത് ഇടപഴകിയവർ സാക്ഷ്യപ്പെടുത്തിയത് ഇപ്പോൾ ഓർത്തുപോകുന്നു.

യേശുവിന്റെ മുഖം നാം ധ്യാനിക്കുമ്പോൾ അവിടുത്തെ ദിവ്യമായ സ്‌നേഹം നമ്മിൽ കൂടുതൽ നിറയും. ആ സ്‌നേഹത്തെക്കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ എഴുതുന്നത് അത് മനുഷ്യന്റെ അറിവിനെ അതിശയിക്കുന്ന സ്‌നേഹമാണ് എന്നാണ്. ശ്ലീഹാ ഇപ്രകാരം പറയുന്നു: ”എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങൾ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സമ്പൂർണതയാൽ നിങ്ങൾ പൂരിതരാകാനും ഇടയാകട്ടെ” (എഫേ. 3:18).
ഒരു മനുഷ്യന്റെ ജീവിതകാലം മുഴുവൻ ധ്യാനിച്ചാലും യേശുവിന്റെ സ്‌നേഹത്തെ പൂർണമായും നമുക്ക് ഗ്രഹിക്കുവാൻ സാധിക്കുകയില്ല. അത്രമാത്രം ആഴമായി അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു. അതുകൊണ്ടാണല്ലോ വിശുദ്ധ പൗലോസ് ശ്ലീഹാ ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ”ഇത് എനിക്ക് കിട്ടിക്കഴിഞ്ഞെന്നോ ഞാൻ പരിപൂർണനായെന്നോ അർത്ഥമില്ല. ഇത് സ്വന്തമാക്കുവാൻവേണ്ടി ഞാൻ തീവ്രമായി പരിശ്രമിക്കുകയാണ്” (ഫിലി. 3:12).

അതിനാൽ യഥാർത്ഥത്തിൽ നാം പ്രാർത്ഥിക്കേണ്ടത് ഒരു കാര്യത്തിനുവേണ്ടി മാത്രമാണ്. ബുദ്ധിമാന്മാരെന്ന് അഭിമാനിക്കുന്ന നാം എത്രയോ വിലകുറഞ്ഞ കാര്യങ്ങൾക്കുവേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. ജറീക്കോയുടെ തെരുവീഥിയിൽ ഭിക്ഷ യാചിച്ചിരുന്ന ആ അന്ധയാചകന്മാർ നമ്മെ ലജ്ജിപ്പിക്കുന്നില്ലേ? വേണമെങ്കിൽ പല കാര്യങ്ങൾ അവർക്ക് ചോദിക്കാമായിരുന്നു. എന്നാൽ അവർ ഒരു കാര്യത്തിനുവേണ്ടി മാത്രമേ ചോദിച്ചുള്ളൂ: ”കർത്താവേ, ഞങ്ങൾക്ക് കണ്ണുകൾ തുറന്നു കിട്ടണം.” യേശുവിന്റെ ഉള്ളലിയിക്കുന്ന ഒരു പ്രാർത്ഥനയാണിത്. അത് ഉടനെ നല്കപ്പെടുകയും ചെയ്തു. അവർക്ക് ലഭിച്ചത് ഒരു ഉൾക്കാഴ്ചകൂടിയായിരുന്നു എന്നത് അവരുടെ പിന്നീടുള്ള പ്രതികരണം വെളിവാക്കുന്നു. ”അവരും അവനെ അനുഗമിച്ചു” എന്നാണ് സുവിശേഷത്തിൽ എഴുതിയിരിക്കുന്നത്. എന്നുപറഞ്ഞാൽ മറ്റുള്ളതെല്ലാം ഉച്ഛിഷ്ടംപോലെ തോന്നിക്കുന്ന ഒരു അനുഭവം. അത്രമാത്രം യേശുവിന്റെ മുഖം അവരെ പ്രകാശിപ്പിച്ചു. ആദ്യനോട്ടത്തിൽതന്നെ ആ ദിവ്യമായ, അനന്തസ്‌നേഹം അവരെ കീഴടക്കിക്കളഞ്ഞു. അല്ലായിരുന്നുവെങ്കിൽ അവർ അവരുടെ പ്രിയപ്പെട്ടവരെ കാണുവാനല്ലേ പോകേണ്ടിയിരുന്നത്? അല്ലെങ്കിൽ ഇപ്പോൾ ലഭിച്ച കാഴ്ചശക്തികൊണ്ട് കുറച്ചുകൂടി സുഖമായി ജീവിക്കുവാനുള്ള ഒരു ജീവിതമാർഗം അവർ നേടുമായിരുന്നില്ലേ? നമ്മളൊക്കെ അതാണ് ചെയ്യുന്നത്.

എന്നാൽ യഥാർത്ഥത്തിൽ യേശുവിന്റെ മുഖം ധ്യാനിക്കുന്നവർക്ക് അവിടുത്തെ പിൻചെല്ലാതിരിക്കുവാൻ സാധിക്കുകയില്ല. ഒരിക്കലും യേശുവിനെ ഉപേക്ഷിച്ച് പോകുവാൻ അവർക്ക് സാധിക്കുകയില്ല. അതിനാൽ വേറോനിക്ക ലേവിയുടെ പുസ്തകത്തിന്റെ തലവാചകം നമ്മുടെ അനുദിന പ്രാർത്ഥനയുടെ വിഷയമാകട്ടെ, ‘യേശുവേ, അങ്ങയുടെ മുഖം എനിക്ക് കാണിച്ചുതരണമേ, വെളിപ്പെടുത്തി തരണമേ.’ അത് ദൈവത്തിന്റെ കൃപയാകയാൽ നമുക്ക് ഇപ്പോൾ പ്രാർത്ഥിക്കാം:

കർത്താവായ യേശുവേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. അങ്ങയുടെ അനന്തസ്‌നേഹത്തെ എനിക്ക് വെളിപ്പെടുത്തുവാൻ തിരുമനസാകണമേ. അതിനായി അങ്ങയുടെ മുഖം ധ്യാനിക്കുവാൻ എന്നെ അനുഗ്രഹിച്ചാലും. ആ സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് എന്നെ നയിക്കണമേ. ലോകത്തിലെ എല്ലാം വിലകെട്ടതാണെന്ന് എന്നെ പഠിപ്പിച്ചാലും. നിലനില്ക്കുന്ന, മാറ്റമില്ലാത്ത, അഗാധമായ ആ സ്‌നേഹത്താൽ ഓരോ ദിവസവും എന്റെ മനസിനെ നിറയ്ക്കണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കർത്താവായ യേശുവിന്റെ സ്‌നേഹം ഓരോ ദിവസവും കൂടുതൽ ആഴത്തിൽ അനുഭവിച്ചറിയുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ. മാത്യു

8 Comments

 1. Shaji Andrady says:

  great thought

 2. Sangeeth Joy says:

  Amen……

 3. Annie Thomas says:

  Heart touching message.Thanks.

 4. sebastian Vadayattuseril says:

  Amen..

 5. Sangeeth Stephen says:

  Amen..

 6. Regi says:

  Oh my Jesus SHOW ME YOUR FACE. Amen

 7. sheirkvargh says:

  ആമേൻ ഹല്ലേലൂയ

Leave a Reply

Your email address will not be published. Required fields are marked *