2040-ൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാഷ്ട്രം ചൈന

ബെയ്ജിംഗ്: 2040-ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാഷ്ട്രം ഏതായിരിക്കുമെന്ന് ചോദിച്ചാൽ ചൈന എന്നാണുത്തരം. കമ്മ്യൂണിസ്റ്റ് നിരീശ്വരവാദ രാജ്യമായി അറിയപ്പെടുന്ന ചൈനയിൽ ക്രിസ്ത്യാനികളുടെ എണ്ണം വർധിക്കുന്നു. 1980-ലെ കണക്കനുസരിച്ച് 10 ദശലക്ഷം ക്രിസ്ത്യാനികളാണ് അവിടെ ഉണ്ടായിരുന്നത്. 2007-ൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ ഔദ്യോഗിക കണക്കനുസരിച്ച് അത് 60 ദശലക്ഷമായി. ഓരോ വർഷവും ഏഴുശതമാനം െ്രെകസ്തവ വിശ്വാസികളുടെ വർധനവുള്ള രാജ്യമാണ് ചൈന എന്ന് ഇതിൽനിന്ന് മനസിലാക്കാം.

റോഡ്‌നി സ്റ്റാർക് എന്ന പ്രശസ്തനായ എഴുത്തുകാരൻ ‘എ സ്റ്റാർ ഇൻ ദ ഈസ്റ്റ്, ദ റൈസ് ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ചൈന’ എന്ന പുസ്തകമാണ് വളരെ ശാസ്ത്രീയമായി ചൈനയിലെ ക്രിസ്തീയ വിശ്വാസത്തിന്റെ വളർച്ച എടുത്തുകാട്ടുന്നതും അതിന്റെ കാരണങ്ങൾ വിശദീകരിക്കുന്നതും. ബെയ്‌ലർ യൂണിവേഴ്‌സിറ്റിയിൽനിന്ന് മതങ്ങളെക്കുറിച്ച് പഠിക്കുകയും ചരിത്രവിഷയത്തിൽ ആഴമായ അറിവ് സ്വന്തമാക്കുകയും ചെയ്ത സ്റ്റാർക്കിന്റെ ചില നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണ്.
‘അതിവേഗം മുന്നോട്ട് പോകാൻ കൊതിക്കുന്ന ചൈനയ്ക്ക് മുന്നോട്ട് നോക്കുന്ന ഒരു മതം വേണം.

അതിന് പുരോഗതിക്കും മുന്നോട്ടുള്ള യാത്രയ്ക്കും സഹായം നൽകുന്ന വിശ്വാസജീവിതമാണ് ആവശ്യം. ക്രിസ്തീയതയ്ക്ക് അതു നൽകാൻ സാധിക്കുന്നുണ്ടെന്ന് ജനം കരുതിത്തുടങ്ങി. മാത്രമല്ല, ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്ന ചൈനീസ് വംശജർ നല്ല വിദ്യാഭ്യാസമുള്ളവരും സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ളവരുമാണ്. വിശ്വാസം ക്രിയാത്മകമായി പങ്കുവയ്ക്കുവാൻ അവർക്കു സാധിക്കുന്നുണ്ട്.’

1949-ൽ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ആധിപത്യത്തിൽ വന്നപ്പോൾ മിഷനറിമാരെ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നു. അന്ന് ഔദ്യോഗികമായി ക്രൈസ്തവവിശ്വാസത്തെ അംഗീകരിച്ചുകൊണ്ടും എന്നാൽ രാജ്യസ്‌നേഹത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടും അവർ ‘ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷൻ’ ആരംഭിച്ചു. ഇതിനെ അംഗീകരിക്കാതെ ഒളിവുസഭയും രൂപപ്പെട്ടു. ഒളിവുസഭയുടെ മെത്രാന്മാരെ ഗവൺമെന്റ് അംഗീകരിച്ചില്ല. എന്നാൽ ആദ്യമായി ഗവൺമെന്റിന്റെയും വത്തിക്കാന്റെയും അംഗീകാരത്തോടെ 2015 ആഗസ്റ്റിൽ ഫാ. ജോസഫ് ഴാങ് യിൻലിൻ മെത്രാനായി ഉയർത്തപ്പെട്ടത് ചരിത്രസംഭവമായി. ചൈനയിലെ കത്തോലിക്കരുടെ പീഡനകാരണമായിരുന്ന ഒരു വലിയ ആശയത്തിനാണ് ഇതുവഴി പരിഹാരമായത്.

ഈ വളർച്ച തുടർന്നാൽ 2040 ആകുമ്പോഴേക്കും 600 ദശലക്ഷം വിശ്വാസികൾ ചൈനയിലുണ്ടാവും. ചിലപ്പോൾ, അതിനെക്കാളേറെയും. ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം 25 ദശലക്ഷം മാത്രമാണെന്നോർക്കണം. ലോകത്തിൽ ഏറ്റവുമധികം ക്രൈസ്തവരുള്ള അമേരിക്കയിൽപ്പോലും ഇപ്പോൾ 250 ദശലക്ഷം വിശ്വാസികളാണുള്ളത്. അപ്പോൾ ചൈനയുടെ ഭാവി ഊഹിക്കാവുന്നതേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *