ആ സന്ധ്യാസമയത്ത് ദേവാലയത്തിൽ ഇരുന്നപ്പോൾ അഖിലിന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പുകയായിരുന്നു. അന്നു രാവിലെ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ സംഭവമാണ് അവനെ വേദനിപ്പിക്കുന്നത്. പെട്ടെന്ന് ഒരു വളവ് തിരിയുമ്പോൾ മുന്നിൽ ഒരു കൊച്ചുപെൺകുട്ടി നടന്നുപോകുന്നത് കണ്ടു. അതുകൊണ്ട് ബെല്ലടിച്ചു. ആ കുട്ടി ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ മുന്നിൽ കിടന്ന കല്ലിൽ അവളുടെ കാൽ തട്ടി. അവൾ കരയാൻ തുടങ്ങി.
അതുകണ്ട് അഖിൽ സൈക്കിളിലിരുന്നുകൊണ്ട് ആ കുട്ടിയെ ആശ്വസിപ്പിച്ചു. അല്പം മുന്നിൽ നടന്നിരുന്ന ആ കുട്ടിയുടെ ചേട്ടൻ സ്വരം കേട്ടാണ് തിരിഞ്ഞുനോക്കിയത്. അപ്പോൾ കണ്ടതാകട്ടെ കരയുന്ന അനിയത്തിക്കുട്ടിയെയും സൈക്കിളിലിരുന്ന് അവളോട് സംസാരിക്കുന്ന അഖിലിനെയുമാണ്. അഖിലിന്റെ സൈക്കിൾ തട്ടിയതുകൊണ്ടാണ് അനിയത്തിക്കുട്ടി കരയുന്നതെന്നോർത്ത് ചേട്ടൻ അഖിലിനെ വഴക്കു പറഞ്ഞു. അഖിലിന് വളരെ സങ്കടമായി.
സൈക്കിളുമായി മുന്നോട്ടുപോയപ്പോൾ അവന്റെ കണ്ണിൽനിന്ന് കണ്ണീർത്തുള്ളികൾ താഴേക്ക് വീണു. വീട്ടിലെത്തിയിട്ടും സങ്കടം തീർന്നിരുന്നില്ല. പപ്പയും മമ്മിയും വരാൻ രാത്രിയാകും. വന്നാലും തന്റെ വിഷമമൊന്നും കേൾക്കാൻ സമയമുണ്ടാവുകയുമില്ല. ഓർത്തപ്പോൾ അഖിലിന് സങ്കടമേറി.
ഉള്ളിലുള്ള വിഷമമെല്ലാം ഈശോയോട് പറഞ്ഞു. അപ്പോൾ അവന് ഇത്തിരി ആശ്വാസമായതുപോലെ തോന്നി. പക്ഷേ ഈശോ തിരിച്ചൊന്നും പറഞ്ഞതായി തോന്നിയില്ല. അവൻ പതുക്കെ വരാന്തയിലിറങ്ങി. അവിടത്തെ ബെഞ്ചിൽ കിടന്നിരുന്ന ഒരു ബാലമാസിക വെറുതെ മറിച്ചുനോക്കി. അതിലതാ ഒരു കുഞ്ഞിക്കഥ.
കൊച്ചുത്രേസ്യാ പുണ്യവതിയെക്കുറിച്ചാണ്. കൊച്ചുത്രേസ്യ കുട്ടിയായിരുന്നപ്പോൾ ഒരു ദിവസം വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അങ്ങോട്ടു വന്ന അമ്മ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ടു. കാര്യമെന്താണെന്നന്വേഷിച്ച അമ്മയ്ക്ക് അവൾ മുറ്റത്ത് നടക്കുന്ന കോഴിക്കുഞ്ഞുങ്ങളെയും തള്ളക്കോഴിയെയും കാണിച്ചുകൊടുത്തു. അല്പം മുൻപ് എന്തോ അപകടം മണത്തപ്പോൾ കോഴിക്കുഞ്ഞുങ്ങളെ മുഴുവൻ തള്ളക്കോഴി ചിറകിൻകീഴിൽ ചേർത്തുപിടിച്ചു.
അതു കണ്ടപ്പോൾ ദൈവം തന്നെ കരുതുന്നത് അങ്ങനെയാണെന്നോർമ്മ വന്നു. അതുകൊണ്ടാണത്രേ കൊച്ചുത്രേസ്യായുടെ കണ്ണുകൾ നിറഞ്ഞുപോയത്. കാര്യം കേട്ടപ്പോൾ അമ്മയ്ക്ക് ആശ്വാസമായിക്കാണും. കൊച്ചുത്രേസ്യാ പുണ്യവതിയുടെ അപ്പനും അമ്മയും നല്ല മനുഷ്യരായിരുന്നെന്ന് കേട്ടിട്ടുണ്ട്. തള്ളക്കോഴി കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്നതുപോലെ ദൈവം സംരക്ഷിക്കുന്നു എന്നൊക്കെ പറഞ്ഞുകൊടുത്തിട്ടുള്ളതും അവർതന്നെയായിരിക്കും.
അങ്ങനെയൊക്കെ ഓർത്തുകൊണ്ടിരുന്നപ്പോൾ അഖിലിന് മനസ്സിലായി ഈശോ അവനെയും അതുപോലെ സ്‌നേഹിക്കുന്നുണ്ടെന്ന്. അവന് സന്തോഷം തോന്നി. അപ്പോഴേക്കും ഇരുട്ടായിത്തുടങ്ങിരുന്നു. അതിനാൽ അഖിൽ വേഗം സൈക്കിളോടിച്ച് വീട്ടിലേക്കു പോയി. അന്ന് പപ്പയും മമ്മിയുമാകട്ടെ അവനോട് സംസാരിക്കാൻ സമയം കണ്ടെത്തുകയും ചെയ്തു.
അന്ന് സങ്കടമുണ്ടായതും അത് ഈശോയോട് പറഞ്ഞപ്പോൾ ആശ്വാസമായതുമെല്ലാം അവരോട് വിവരിച്ചപ്പോൾ അവരും സന്തോഷത്തോടെ കേട്ടിരുന്നു. പിന്നെ എല്ലാ ദിവസവും അല്പസമയം അവന്റെ വിശേഷങ്ങൾ കേൾക്കാൻ തയാറാവുകയും ചെയ്തു. എല്ലാത്തിനും അഖിൽ ഈശോയോട് നന്ദി പറഞ്ഞുകൊണ്ടിരുന്നു.
അന്ന