റബ്ബിയോ റബ്ബോനിയോ?

ഈ അടുത്ത കാലംവരെ, എന്റെ വ്യക്തിപരമായ ജീവിതത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കായിരുന്നു ‘മാനസാന്തരം.’ അറിവായ

നാൾമുതല്‌ക്കേ വിശുദ്ധ ഗ്രന്ഥത്തിലും വചനവേദികളിലും തുടർച്ചയായി കേട്ടിരുന്ന പദം – ‘മാനസാന്തരം.’ മാനസാന്തരം എന്നാൽ സാധാരണ ഒരു നല്ല വിശ്വാസിക്കുള്ളതല്ല, മറിച്ച് വലിയ പാപികൾക്കും മദ്യപാനംപോലുള്ള ദുഃശീലങ്ങൾക്കിടമപ്പെട്ടവർക്കും വലിയ ആത്മീയ മന്ദതയിൽ ജീവിക്കുന്നവർക്കും വേണ്ടിയുള്ളതാണ് എന്നതായിരുന്നു എന്റെ തെറ്റിദ്ധാരണ. എന്നാൽ സഭാമാതാവ് രണ്ട് വിശുദ്ധരുടെ ദിനങ്ങൾ ആഘോഷിച്ച വേളയിൽ, ആ വിശുദ്ധരുടെ ജീവിതങ്ങളിൽ സംഭവിച്ച മാനസാന്തരം ഈ മേഖലയിൽ ആഴത്തിൽ ചിന്തിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. ‘മാനസാന്തര’ത്തിന്റെ അർത്ഥതലങ്ങളിലുണ്ടായിരുന്ന തെറ്റിദ്ധാരണ മാറാൻ എന്നെ സഹായിച്ച ചെറിയ ചിന്തകൾ ഞാൻ പങ്കുവച്ചുകൊള്ളട്ടെ. വിശുദ്ധ പൗലോസ് ശ്ലീഹായുടെ തിരുനാളും വിശുദ്ധ മഗ്ദലേനമറിയത്തിന്റെ തിരുനാളുമായിരുന്നു മേൽപറഞ്ഞ രണ്ടു തിരുനാളുകൾ. ഇവ യഥാക്രമം ജൂൺ 29-നും ജൂലൈ 22-നുമാണ് തിരുസഭ ആഘോഷിക്കുന്നത്.

ദൈവഭക്തിയിൽ മുന്നിൽ, ഇനിയെന്തിന് മാനസാന്തരം?

ഏതൊരു വ്യക്തിയുടെയും മാനസാന്തര അനുഭവത്തിന്റെ ആഴം മനസിലാക്കണമെങ്കിൽ, മാനസാന്തരപ്പെടുന്നതിനുമുമ്പ് ആ വ്യക്തി നയിച്ചിരുന്ന ജീവിതശൈലിയെക്കുറിച്ച് അറിയേണ്ടത് അത്യന്താപേക്ഷിതമാണ്. വിശുദ്ധ പൗലോസിന്റെ മാനസാന്തര അനുഭവത്തിനുമുൻപുള്ള ജീവിതവഴികളെക്കുറിച്ച് അദ്ദേഹംതന്നെ വിവരിക്കുന്നത് നമുക്ക് കാണാം. വിശുദ്ധ പൗലോസ് ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം 1:14-ൽ അദ്ദേഹം പറയുന്നു: ”എന്റെ വംശത്തിൽപ്പെട്ട സമപ്രായക്കാരായ അനേകരെക്കാൾ യഹൂദമത കാര്യങ്ങളിൽ ഞാൻ മുൻപന്തിയിലായിരുന്നു. എന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളിൽ അത്യധികം തീക്ഷ്ണമതിയുമായിരുന്നു.” വീണ്ടും അപ്പസ്‌തോല പ്രവർത്തനങ്ങൾ 26: 4-5 വാക്യങ്ങളിൽ വിശുദ്ധ പൗലോസ് അഗ്രിപ്പാ രാജാവിനോട് പറയുന്നതായി നാം കാണുന്നു ”എന്റെ ജനത്തിന്റെയിടയിലും ജറുസലെമിലും ചെറുപ്പം മുതൽ ഞാൻ ജീവിച്ചതെങ്ങനെയെന്ന് എല്ലാ യഹൂദർക്കും അറിയാം. ഞാൻ ഞങ്ങളുടെ മതത്തിലെ ഏറ്റവും കർക്കശ വിഭാഗത്തിൽപ്പെട്ട ഫരിസേയനായിട്ടാണ് വളർന്നതും.”

ഈ രണ്ടു വചനഭാഗങ്ങളിൽനിന്ന് നാം എന്താണ് മനസിലാക്കേണ്ടത്? പൗലോസ് അഥവാ സാവൂൾ ജീവിച്ചിരുന്നത് ഒരു പാപിയായിട്ടോ ദൈവസ്‌നേഹമില്ലാത്തവനായിട്ടോ ആത്മീയമന്ദത ഉള്ളവനായിട്ടോ ഒന്നുമല്ല. പകരം, ഇക്കാര്യങ്ങളിലെല്ലാം മുൻപന്തിയിലുമായിരുന്നെന്ന് വചനം പഠിപ്പിക്കുന്നു. ഒരു യഹൂദൻപോലും തന്നെക്കുറിച്ച് കുറ്റം പറയില്ല എന്ന ഉറപ്പ് സാവൂളിന് ഉണ്ടായിരുന്നു. അവന്റെ പ്രായത്തിലുള്ള മറ്റുള്ള സുഹൃത്തുക്കളെക്കാൾ, മതകാര്യങ്ങളിൽ മുൻപനുമായിരുന്നു സാവൂൾ. പിന്നെന്തിനാണ് സാവൂൾ പൗലോസായി മാറിയത്? പിന്നെന്തിനാണ് സാവൂളിന് മാനസാന്തരം ഉണ്ടാകേണ്ടത്?

ഇവിടെയാണ് അധികം നാമാരും ചിന്തിച്ചിട്ടില്ലാത്ത മാനസാന്തരത്തിന്റെ അർത്ഥം ഒളിഞ്ഞു കിടക്കുന്നത്. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ഏക ദൈവത്തിൽ, പിതാവിൽ സാവൂൾ വിശ്വസിച്ചു. എന്നാൽ ആ ആബാപിതാവിന്റെ രക്ഷാകര പ്രവൃത്തികൾ, പുതിയ വെളിപാടുകൾ മനസിലാക്കാൻ സാവൂളിന് കഴിഞ്ഞില്ല. താൻ വിശ്വസിക്കുന്ന പിതാവായ ദൈവത്തിന്റെ ഏകപുത്രൻ ഭൂമിയിൽ അവതരിച്ചിട്ട് അത് മനസിലാക്കാൻ സാധിക്കാതെ, ആ പുത്രന്റെ അനുയായികളെ നശിപ്പിക്കാൻ പോയതാണ് സാവൂളിന് സംഭവിച്ച ഏകതെറ്റ്. വിശുദ്ധ പൗലോസിന്റെ മുൻകാല ജീവിതത്തിലുണ്ടായ ഈ തെറ്റ്, നമുക്ക് നമ്മുടെ ജീവിതവുമായി താരതമ്യപ്പെടുത്തി നോക്കാം.
നാം എല്ലാവരും ജനനംകൊണ്ട് ക്രിസ്ത്യാനികളാകാം. ക്രിസ്തു പഠിപ്പിച്ചവ വിശ്വസിക്കുന്നവരാകാം. സഭാസ്‌നേഹികളും സഭാകല്പനകൾ അണുവിട വ്യതിചലിക്കാതെ പാലിക്കുന്നവരുമാകാം. നമ്മുടെ സുഹൃത്തുക്കളെക്കാൾ,

ബന്ധുജനങ്ങളെക്കാൾ ദൈവഭക്തിയുടെ മേഖലകളിൽ മുൻപന്തിയിലുള്ളവരുമാകാം. ഇതൊക്കെമൂലം ഏറ്റവും നല്ല ഒരു ക്രിസ്ത്യാനിയായിട്ടാണ് ഞാൻ ജീവിക്കുന്നത് എന്നൊരു ചിന്ത നമ്മളിലുമുണ്ടാകാം. ഈ ചിന്തയാണ് സാവൂളിലുമുണ്ടായിരുന്നത്.
സാവൂൾ മനസിലാക്കാതെ പോയ സത്യങ്ങൾ, നാം ഇക്കാലത്ത് മനസിലാക്കാതിരിക്കുന്നുണ്ടോ? ദൈവത്തിന്റെ പുതിയ പുതിയ പദ്ധതികൾ, ചില പ്രത്യേക വ്യക്തികളിലൂടെയുള്ള ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ, ലോക സുവിശേഷവത്ക്കരണം ലക്ഷ്യമിട്ടുള്ള കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ സുവിശേഷവത്കരണപ്രവർത്തനങ്ങൾ എന്നീ കാര്യങ്ങളിൽ നാം നിസംഗത പാലിക്കുന്നവരാണോ? അല്ലെങ്കിൽ ഇതുപോലുള്ള ദൈവത്തിന്റെ പുതിയ പദ്ധതികളെയും ദൈവം തിരഞ്ഞെടുക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വിമർശിക്കുന്നവരാണോ നാം? ആണെങ്കിൽ നമുക്കും മാനസാന്തരം ഉണ്ടാകേണ്ടിയിരിക്കുന്നു.

ദൈവത്തിന്റെ രക്ഷാകര പദ്ധതികൾ ഒരിക്കൽ മാത്രമായിട്ട് അവിടുന്ന് വെളിപ്പെടുത്തുകയില്ല. കാലഘട്ടത്തിനനുസരിച്ച് പല സമയങ്ങളിലാണ് ദൈവം ഇവ വെളിപ്പെടുത്തുന്നത്. എന്നാൽ നാമെല്ലാവരും ചെയ്യുന്നതോ; പുതിയ പുതിയ പദ്ധതികളോട് നിസംഗത പുലർത്തുന്നു; അതിനെ എതിർക്കുന്നു. അവ നേരിട്ട് ദൈവം വെളിപ്പെടുത്തുന്നതാകാം; സഭ പുതുതായി നിഷ്‌കർഷിക്കുന്നതാകാം; പുരോഹിതരിലൂടെയും കൃപ ലഭിച്ച അല്മായരിലൂടെയും വെളിപ്പെടുത്തുന്നതാകാം.
ആയതിനാൽ പൗലോസിന്റെ ജീവിതത്തിൽ സംഭവിച്ച തെറ്റ് നമുക്കും ഉണ്ടായിട്ടുണ്ടെങ്കിൽ നമുക്ക് പശ്ചാത്തപിക്കാം. മാനസാന്തരപ്പെടാം. ദൈവത്തിന്റെയും സഭയുടെയും മറ്റ് പലരുടെയും പുതിയ പുതിയ ദൈവിക വെളിപ്പെടുത്തലുകൾ കിട്ടിയിട്ടും യാഥാസ്ഥിതിക മനോഭാവത്തിൽ, വാശിപിടിച്ച് കഴിഞ്ഞ നിമിഷങ്ങളെയോർത്ത് മനസ്തപിക്കാം. ഈ അവസ്ഥയിൽ നാം തുടർന്നാൽ, നാം വേദനിപ്പിക്കുക നമ്മുടെ ഈശോയെത്തന്നെയാണ്. അവൻ നമ്മളോട് ചോദിക്കും; ”മകനേ, മകനേ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?” ആത്മീയ മേഖലയിലെ നവസാധ്യതകൾ അറിഞ്ഞിട്ടും നാം അവഗണിക്കുമ്പോൾ, അവൻ നമ്മോട് പറയും ”ഇരുമ്പാണികളിൽ തൊഴിക്കുന്നത് നിനക്ക് അപകടമാണ്.” അപ്പസ്‌തോല പ്രവർത്തനങ്ങൾ 26:14-ൽ സാവൂളിനോട് ഈശോ പറഞ്ഞ അതേ വാചകം…

റബ്ബിയിൽനിന്നും റബ്ബോനിയിലേക്കുള്ള യാത്ര

വിശ്വാസതലങ്ങളിലും ആചാര-മതാനുഷ്ഠാനങ്ങളുടെ തലങ്ങളിലുമുള്ള മാനസാന്തരമാണ് വിശുദ്ധ പൗലോസിന് ഉണ്ടായതെങ്കിൽ, വിശുദ്ധിയുടെ, ദൈവകല്പനകളുടെ പാലനത്തിന്റെ, ദൈവസ്‌നേഹത്തിന്റെ തലങ്ങളിലൊക്കെയാണ് മഗ്ദലേനാ മറിയത്തിന് മാനസാന്തരമുണ്ടായത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 7:36-37-ൽ നാം കാണുന്നു. യേശു, ഭക്ഷണം കഴിക്കാനായി ഫരിസേയരിൽ ഒരുവന്റെ വീട്ടിൽ പോകുന്നു. തദവസരത്തിൽ, ‘പട്ടണത്തിലെ പാപിനിയായ ഒരുവൾ’ അവിടേക്ക് കടന്നുചെല്ലുന്നു എന്നാണ് വചനം മഗ്ദലേന മറിയത്തിന്റെ പൂർവകാല ജീവിതത്തെക്കുറിച്ചുള്ള അറിവ് നമുക്ക് തരുന്നത്.

ആ പട്ടണത്തിൽ ഏവരും അറിയുന്ന, പാപിനിയായിരു ന്നു മഗ്ദലേനാ മറിയം. ഇതിൽ കൂടുതൽ എന്തു തെളിവാണ് അവളുടെ പഴയകാല ജീവിതത്തെക്കുറിച്ച് നമുക്ക് വേണ്ടത്. ഒരു സ്ത്രീക്ക് അധഃപതിക്കാവുന്നതിന്റെ എല്ലാ തലങ്ങളിലും അധഃപതിച്ച ജീവിതമാണ് ഇവൾക്കുണ്ടായിരുന്നത്. വീണ്ടും വിശുദ്ധ മർക്കോസ് 16:9 പറയുന്നു ”ഉയിർത്തെഴുന്നേറ്റശേഷം ഈശോ ആദ്യം മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെട്ടു. ഇവളിൽനിന്നാണ് അവൻ ഏഴു പിശാചുക്കളെ പുറത്താക്കിയത്.” ഏഴു പിശാചുക്കൾ എന്നാൽ, ഏഴു മൂലപാപങ്ങൾ എന്നും എല്ലാ തരത്തിലുമുള്ള അശുദ്ധിയും അപൂർണതയും എന്നും ദൈവശാസ്ത്രജ്ഞർ പഠിപ്പിക്കുന്നു.

ഇത്തരം പാപത്തിന്റെ, അശുദ്ധിയുടെ നീർച്ചുഴികളുടെ അടിത്തട്ടിൽനിന്നാണ് മഗ്ദലേനാ മറിയത്തിന് മാനസാന്തരം ഉണ്ടായത്. നമുക്കും നമ്മളിലേക്ക് തിരിഞ്ഞുനോക്കാം. മറിയത്തിന്റെ ജീവിതത്തിലുണ്ടായിരുന്ന ഏഴ് അശുദ്ധാത്മാക്കളിൽ, ഏഴു മൂലപാപങ്ങളിൽ, ഏതെങ്കിലുമൊന്നെങ്കിലും നമ്മളിലുണ്ടോ? നാമെല്ലാവരും അപൂർണരാണ്. പാപത്തിന്റെ അടിത്തട്ടിലാകാം നാം. ചിലപ്പോൾ പാപനദിയുടെ മധ്യത്തിലാകാം. ഓളപ്പരപ്പിന്റെ തീരത്തുമാകാം. ഏതവസ്ഥയിലായാലും മാനസാന്തരം വേണ്ടതുതന്നെ. സ്വന്തം തെറ്റ് മനസിലാക്കാം. അവന്റെ പാദാന്തികത്തിൽ വീണ് കരഞ്ഞ് മാപ്പപേക്ഷിക്കാം. കണ്ണുനീരുകൊണ്ട് നമ്മുടെ നാഥന്റെ പാദങ്ങൾ കഴുകാം. നാം ഏതവസ്ഥയിലാണെങ്കിലും മാനസാന്തരം നമുക്ക് അനുദിനം ആവശ്യമാണ്. ഇംഗ്ലീഷിൽ ഉള്ള ഒരു ചൊല്ലുപോലെതന്നെ – ഏറ്റവും മികച്ചതാണെങ്കിലും ഇനിയും മെച്ചമാക്കാൻ സാധിക്കും.

മഗ്ദലേനാ മറിയത്തിന്റെ ജീവിതത്തിൽ നടന്ന അത്ഭുതകരമായ ഈ മാനസാന്തരം നമുക്ക് പാഠമാകട്ടെ. ഏറ്റവും വലിയ പാപിയാകട്ടെ, കുറവുകൾ ഉണ്ടായിക്കൊള്ളട്ടെ. ആത്മാർത്ഥമായ മനസ്താപം ഉണ്ടെങ്കിൽ, വലിയൊരു മാനസാന്തരം നമ്മിലുണ്ടാകും. വിശുദ്ധ ഫൗസ്റ്റീനയിലൂടെ ഈശോ പറഞ്ഞ വരികൾ നമുക്ക് എന്നും ഓർക്കാം ”ഏറ്റവും വലിയ പാപിക്കാണ് എന്റെ കരുണ ഏറ്റവും ലഭിക്കുന്നത്. ഒരു വ്യക്തിയുടെ പാപം എത്ര വലുതും അസംഖ്യവുമായിക്കൊള്ളട്ടെ; അതെല്ലാം എന്റെ അഗാധമായ കരുണയുടെ ഗർത്തത്തിൽ കുഴിച്ചു മൂടാവുന്നതാണ്.”

വിശുദ്ധ പൗലോസിന്റെയും വിശുദ്ധ മഗ്ദലേന മറിയത്തിന്റെയും ജീവിതത്തിൽ ഉണ്ടായ മാനസാന്തരങ്ങൾ നാം കണ്ടുകഴിഞ്ഞു. മാനസാന്തരം സംഭവിച്ചശേഷം ഇവർ നടന്ന നീങ്ങിയ വഴികൾ, എന്തുമാത്രം അനുകരണീയമാണ്. ക്രിസ്ത്യാനികളെ കൊല്ലാൻ നടന്ന സാവൂൾ, അവസാനം ക്രിസ്തുവിനുവേണ്ടി മരിക്കുന്നത് നേട്ടമാണെന്ന് പറയുന്നു; മരിക്കുന്നു. അശുദ്ധിയുടെ വഴിയിൽ കിടന്ന മഗ്ദലേന മറിയം യഥാർത്ഥ വഴിയിലെത്തി, യേശുവിനോട് ചേർന്നു നടക്കുന്നു. പാപത്തിന്റെ വഴികളിൽനിന്ന് മാറി, പാപം ചെയ്യാതിരിക്കുന്ന അവസ്ഥയിൽ മാത്രമാണ് മാനസാന്തരം സംഭവിക്കുന്നതെന്ന ധാരണ നമുക്ക് വെടിയാം.
പകരം, ദൈവസ്‌നേഹത്തിന്റെ കുറവിൽനിന്നും അവനുവേണ്ടി എന്തും വെടിയാനുള്ള സ്‌നേഹത്തിന്റെ സന്നദ്ധതയിലേക്കുള്ള യാത്രയാണ് മാനസാന്തരം. ഈ മാനസാന്തരം മഗ്ദലേന മറിയത്തിൽ നടന്നതുകൊണ്ടാണ് ശിഷ്യന്മാർ കിടന്നുറങ്ങിയപ്പോൾപ്പോലും, അതിരാവിലെ ഇരുട്ടായിരുന്നിട്ടും, അവൾ ഈശോയുടെ കല്ലറയിലേക്ക് തീക്ഷ്ണതയോടെ ഓടിയത്. നമ്മിൽ യഥാർത്ഥ മാനസാന്തരം സംഭവിച്ചാൽ, നാം നിസംഗത വെടിയും. വിശുദ്ധ പൗലോസിനെപ്പോൽ, യേശുവിനുവേണ്ടി ലോകം മുഴുവൻ സുവിശേഷവുമായി ഓടി നടക്കും. വിശുദ്ധ മഗ്ദലേനയെപ്പോൽ യേശുവിനെ കാണാനും ഓടും.

ഈ മാനസാന്തരത്തിലാണ് ഈശോ സംപ്രീതനാകുന്നത്. ഉത്ഥാനത്തിനുശേഷം ആദ്യമായി അവൻ പ്രത്യക്ഷപ്പെടാൻ തിരുമാനസായതും മറിയത്തിന്റെ തീക്ഷ്ണമായ സ്‌നേഹത്തിന് മുമ്പിലാണ്. ഈ ദർശനം നമുക്കും ലഭിക്കട്ടെ. അപ്പോൾ നാം നമ്മുടെ നാഥനെ സ്‌നേഹത്തോടെ വിളിക്കും – ‘റബ്ബോനി…’ റബ്ബോനി എന്നാൽ ‘എന്റെ ഗുരു’ എന്നർത്ഥം. ‘റബ്ബി’ എന്നാൽ ‘ഗുരു’ മാത്രം. റബ്ബിയിൽനിന്ന് റബ്ബോനിയിലേക്കുള്ള നമ്മുടെ സഞ്ചാരമാണ് മാനസാന്തരം. നമ്മുടെ സ്വന്തമാകട്ടെ നമ്മുടെ ഗുരു.

രഞ്ചു എസ്. വർഗീസ്

Leave a Reply

Your email address will not be published. Required fields are marked *