കാരതീവ്രമായ ആ നിമിഷത്തിൽ ബിഷപ് വെർസിഗ്ലിയ തന്റെ കൂടെയുണ്ടായിരുന്ന ഫാ. കലിസ്റ്റസിനുമുന്നിൽ മുട്ടുകുത്തി. മറ്റൊന്നിനുമായിരുന്നില്ല അത്, തന്റെ പവിത്രകുമ്പസാരം
നടത്താൻ. മരണത്തിനൊരുങ്ങാൻ അദ്ദേഹത്തിന് ആവശ്യം അതായിരുന്നു. അവസാനത്തെ കുമ്പസാരമെന്നറിഞ്ഞുകൊണ്ടുതന്നെ അത് പൂർത്തിയാക്കി അദ്ദേഹം എഴുന്നേറ്റപ്പോൾ ഫാ. കലിസ്റ്റസ് അദ്ദേഹത്തിന്റെ പക്കൽ കുമ്പസാരിച്ചു. മരണത്തിന്റെ വാതിൽ കടക്കുംമുൻപ് പരസ്പരം നല്കുന്ന സ്‌നേഹസമ്മാനങ്ങളായിരുന്നു ആ കുമ്പസാരങ്ങൾ. കാരണം സായുധരായ അക്രമിസംഘം അവരെ വളഞ്ഞിരിക്കുകയായിരുന്നു. തങ്ങളുടെ ചുടുനിണം ചിന്താൻ സമയമായി എന്ന് ആ പുണ്യപ്പെട്ട മനുഷ്യർ തിരിച്ചറിഞ്ഞു. നാളുകൾക്കുമുൻപ് വിശുദ്ധ ഡോൺ ബോസ്‌കോയ്ക്കു ലഭിച്ച ദർശനത്തിന്റെ പൂർത്തീകരണംകൂടിയായിരുന്നു അത്.
ചൈനയിലെ സലേഷ്യൻ മിഷനെക്കുറിച്ച് വിശുദ്ധ ഡോൺബോസ്‌കോയ്ക്ക് ലഭിച്ച ദർശനം ഇങ്ങനെയായിരുന്നു: ആകാശത്തോളം ഉയർന്നു നിൽക്കുന്ന രണ്ടു കാസകൾ – ഒന്നിൽ നിറയെ സന്യസ്തരുടെ രക്തം. അടുത്തതിൽ നിറയെ സന്യസ്തരുടെ വിയർപ്പ്. ചൈനീസ് മിഷനാകുന്ന കാസയിൽ രക്തസാക്ഷിത്വം വഴി ചുടുനിണം നിറയ്ക്കാൻ ദൈവം തിരഞ്ഞെടുത്ത സലേഷ്യൻ ബിഷപ്പാണ് ലൂയിസ് വെർസിഗ്ലിയ.
1873 ജൂൺ 5-ാം തിയതി പാവിയായിലാണ് വെർസിഗ്ലിയയുടെ ജനനം. ‘ജയിക്കാനായി ജനിച്ചവൻ’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പ്രകൃതത്തിനുടമയായിരുന്നു ലൂയിസ്. ആരോഗ്യത്തിലും മനഃശക്തിയിലും സൗന്ദര്യത്തിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. ദൈവത്തിനായി സമർപ്പിച്ചപ്പോൾ ആ സിദ്ധികളെല്ലാം ദൈവം ആശിർവദിച്ചനുഗ്രഹിച്ചു. 22-ാമത്തെ വയസിൽ പ്രത്യേക അനുവാദത്തോടെ അദ്ദേഹം സലേഷ്യൻ വൈദികനായി അഭിഷിക്തനായി. 23-ാമത്തെ വയസിൽ അധികൃതരുടെ പ്രത്യേക അനുവാദത്തോടെ റെക്ടറും നോവിസ് മാസ്റ്ററുമായി അദ്ദേഹം നിയമിക്കപ്പെട്ടു.
യുവാവായിരുന്നെങ്കിലും നോവീസുകളോട് വളരെ കർക്കശമായാണ് വെർസിഗ്ലിയ പെരുമാറിയിരുന്നത്. തനിക്ക് ഭരമേൽപ്പിക്കപ്പെട്ടവരോട് എത്ര കർക്കശമായി പെരുമാറിയോ അതിലും കാർക്കശ്യത്തോടെ അദ്ദേഹം തന്റെതന്നെ പെരുമാറ്റങ്ങളെയും നിയന്ത്രിച്ചു. ഈ ആദർശശുദ്ധി അദ്ദേഹത്തെ നോവിസുകളുടെ പ്രിയങ്കരനാക്കി മാറ്റി. റോമിൽ നോവിസ് മാസ്റ്ററായി സേവനം ചെയ്തിരുന്ന 9 വർഷക്കാലവും മിഷൻ പ്രവർത്തനത്തിന് പോകാനുള്ള ആഗ്രഹത്താൽ അദ്ദേഹം ജ്വലിക്കുകയായിരുന്നു. കുതിരസവാരിയിൽ കമ്പമുണ്ടായിരുന്ന വെർസിഗ്ലിയ ചിട്ടയായ വ്യായാമത്തിലൂടെ ശരീരത്തെയും പ്രാർത്ഥനയിലൂടെ ആത്മാവിനെയും മിഷൻ പ്രവർത്തനത്തിനായി ഇക്കാലമൊക്കെയും ഒരുക്കി.
ചൈനായാത്ര
അവസാനം 1905-ന്റെ അന്ത്യപാദത്തിൽ ചൈനീസ് മിഷനായി വെർസിഗ്ലിയായെ അയക്കാനുള്ള തീരുമാനമായി. മകാവോയിലെ ബിഷപ്പിന്റെ അഭ്യർത്ഥനപ്രകാരം ഫാ.വെർസിഗ്ലിയയുടെ നേതൃത്വത്തിൽ 6 സലേഷ്യൻ വൈദികർ പിറ്റേവർഷം മകാവോയിലെത്തി. ഷിയുംഗ് ച്യൂ എന്ന സ്ഥലത്ത് മിഷൻ ആരംഭിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. വിശുദ്ധ ഡോൺ ബോസ്‌കോയുടെ മിഷൻ ചൈതന്യം മുഴുവനായി ആവാഹിച്ചിരുന്ന ആ വൈദികൻ അനാഥാലയങ്ങളോടൊപ്പം മ്യൂസിക്ക് ബാൻഡും സ്ഥാപിച്ചുകൊണ്ട് മിഷൻ പ്രവർത്തനം ജീവസുറ്റതാക്കി മാറ്റി.
തുടർന്ന് ഷിയുംഗ് ച്യൂ മിഷന്റെ ബിഷപ്പായി വെർസിഗ്ലിയ നിയമിതനായി. തന്റെ അജപാലനത്തിനായി ഭരമേൽപ്പിച്ചിരുന്ന ക്രൈസ്തവരെ അദ്ദേഹം കൂടെക്കൂടെ സന്ദർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബിഷപ് വെർസിഗ്ലിയയുടെ കീഴിൽ വികാരിയേറ്റിന്റെ പ്രവർത്തനങ്ങൾക്കെല്ലാം കൃത്യമായ രൂപഘടനയും അച്ചടക്കവും ഉണ്ടായി. സ്വന്തമായ സെമിനാരിയും ഫോർമേഷൻ ഹൗസുകളും ആശുപത്രികളും ബിഷപ് വെർസിഗ്ലിയയുടെ നേതൃത്വത്തിൽ സ്ഥാപിതമായി. ‘ദൈവത്തോട് ചേർന്ന് നിൽക്കാത്ത മിഷനറി ഉറവിടത്തിൽ നിന്ന് വഴിപിരിഞ്ഞുപോയ തോടുപോലെയാണെന്നും’ ‘ധാരാളം പ്രാർത്ഥിക്കുന്ന മിഷനറി ധാരാളം നേട്ടങ്ങൾ ഉണ്ടാക്കുന്നു’ എന്നുമുള്ള അദ്ദേഹത്തിന്റെ ഡയറിയിലെ കുറിപ്പുകൾ ദൈവവുമായിട്ടുള്ള ബന്ധത്തിന്റെ സാക്ഷ്യമാണ്.
അതേസമയം ചൈനയിലെ മിഷൻ പ്രവർത്തനം കൂടുതൽ ദുർഘടമായി തീർന്നു. റെവല്യൂഷണറി പാർട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായി. 1930 ഫെബ്രുവരി 25-ാം തിയതി മറ്റൊരു ധീരമിഷനറിയായ ഫാ.കലിസ്റ്റസിനൊപ്പം ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന ബിഷപ് വെർസിഗ്ലിയയെയും കൂടെയുണ്ടായിരുന്ന യുവജനങ്ങളെയും ഒരുപറ്റം അക്രമികൾ വളഞ്ഞു. നിറതോക്കുകളുമായി വന്ന ആ അക്രമിസംഘം യാത്രാസംഘത്തിലുണ്ടായിരുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം ബിഷപ്പും ഫാ.കലിസ്റ്റസും ചേർന്ന് തടയാൻ ശ്രമിച്ചു.
സായുധരായ അക്രമികളോട് നടത്തിയ വിഫലമായ ചെറുത്തുനിൽപ്പിനൊടുവിൽ ഇരുവരെയും അവർ വെടിവെച്ച് കൊലപ്പെടുത്തി. അതിനു മുൻപാണ് ഇരുവരും പരസ്പരം കുമ്പസാരിച്ചത്. ചൈനയുടെ സുവിശേഷവൽക്കരണത്തിനായി ജീവൻ ത്യജിച്ച ബിഷപ് വെർസിഗ്ലിയയെ രണ്ടായിരാമാണ്ട് ഒക്‌ടോബർ ഒന്നാം തിയതി ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ഫാ. കലിസ്റ്റസും ഒപ്പം തന്നെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
രഞ്ജിത് ലോറൻസ്
1 Comment
Amennnnnnnnnn