വിജയിക്കുന്ന യോദ്ധാക്കളാകാൻ

ഫ്രാൻസിൽ ഒരു സംഘം വിദ്യാർത്ഥികൾ വിനോദയാത്ര നടത്തുകയായിരുന്നു. അവരോടൊപ്പം തീവണ്ടിയിൽ വൃദ്ധനായ ഒരു യാത്രക്കാരനുമുണ്ടായിരുന്നു. യാത്രയാരംഭിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹം ജപമാലയെടുത്ത് ജപിച്ചുകൊണ്ട് പ്രാർത്ഥനാ നിമഗ്നനായി. നിരീശ്വരവാദികളായ ചില വിദ്യാർത്ഥികൾ ആ വൃദ്ധനെ പരിഹസിച്ചുകൊണ്ട് സംഭാഷണം ആരംഭിച്ചു. ഇതു കേട്ടിട്ടും യാതൊരു ഭാവഭേദവും കൂടാതെ അദ്ദേഹം പ്രാർത്ഥന തുടർന്നുകൊണ്ടേയിരുന്നു.

പ്രാർത്ഥന കഴിഞ്ഞപ്പോൾ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പല കാര്യങ്ങളും വിദ്യാർത്ഥികൾ അദ്ദേഹത്തോട് ചോദിച്ചു. അവയ്‌ക്കെല്ലാം അദ്ദേഹം ശാന്തനായി മറുപടി പറഞ്ഞു. അവരുടെ സംഭാഷണം സാഹിത്യപരമായ കാര്യങ്ങളിലേക്ക് കടന്നപ്പോൾ അന്നത്തെ പ്രശസ്ത നോവലിസ്റ്റും ഫ്രഞ്ച് സാഹിത്യത്തിലെ അനിഷേധ്യ നേതാവുമായ വിക്ടർ ഹ്യൂഗോവിനെപ്പറ്റി പരാമർശിച്ചു.

ഹ്യൂഗോവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താത്പര്യമുണ്ടോ എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആരാഞ്ഞു. അവരാകട്ടെ വിക്ടർ ഹ്യൂഗോയുടെ ഗുണഗണങ്ങൾ സവിസ്തരം പ്രതിപാദിച്ചു. യാത്ര അവസാനിപ്പിച്ചു വിട ചോദിക്കുമ്പോൾ ആ മനുഷ്യൻ അവരോട് പറഞ്ഞു. വിക്ടർ ഹ്യൂഗോയെക്കുറിച്ച് ഒരു കാര്യം മാത്രം നിങ്ങൾ പറഞ്ഞില്ല. ”എന്താണ്?” അവർ ആകാംക്ഷയോടെ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു. ”അദ്ദേഹം ഒരു യഥാർത്ഥ മരിയഭക്തൻ കൂടിയാണ്.”
”നിങ്ങൾക്ക് എങ്ങനെ അറിയാം നിങ്ങളുടെ കൈയിൽ എന്തെങ്കിലും തെളിവുകളുണ്ടോ?” വിദ്യാർത്ഥികൾ ആകാംക്ഷയോടെ അദ്ദേഹത്തോട് ചോദിച്ചു. വൃദ്ധൻ മറുപടി പറഞ്ഞു. ”നിങ്ങൾ പ്രകീർത്തിച്ച വിക്ടർ ഹ്യൂഗോ ഞാൻ തന്നെയാണ്. നിങ്ങളുടെ മുന്നിൽവെച്ച് ജപമാല ജപിച്ച ഞാൻ വേറെ തെളിവ് നൽകണമോ?” ആ വിശ്വസാഹിത്യകാരനോട് ക്ഷമാപണം ചെയ്തതിനു ശേഷമാണ് വിദ്യാർത്ഥികൾ മടങ്ങിയത്.

ലോകത്തിലുള്ള ഒട്ടനവധി മഹാന്മാരും ജപമാലഭക്തരായിരുന്നു. ദൈവവചനത്തിന്റെ ശക്തിയും പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യവും ജപമാല പ്രാർത്ഥനയിൽ നിറഞ്ഞിരിക്കുന്നു. നമുക്ക് ചുറ്റുമുള്ള ലോകത്തിൽ ജപമാലയുടെ അത്ഭുതകരമായ ശക്തിയെക്കുറിച്ചുള്ള ധാരാളം സാക്ഷ്യങ്ങളുണ്ട്. നന്മനിറഞ്ഞ മറിയമേ എന്ന ജപം ഓരോ തവണ ആവർത്തിക്കുമ്പോഴും സാത്താന്റെ കോട്ടയ്ക്കു നേരെ ഓരോ വെടിയുണ്ടകളാണ് പാഞ്ഞുചെന്നു പതിക്കുന്നത്. ജപമാല എന്ന ആയുധം ഉപയോഗിച്ച് അടരാടുന്ന പടയാളികൾ ഭൗതിക ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്യുന്ന യോദ്ധാക്കളെക്കാൾ വിജയശ്രീലാളിതരായിത്തീരും.

പ്രാർത്ഥനാ പടയാളികൾ

യൂറോപ്പിനെ മുഴുവൻ പിടിച്ചു കുലുക്കിയ സംഭവമാണ് കുരിശുയുദ്ധങ്ങൾ. ലോകചരിത്രത്തിന്റെ ഗതിതന്നെ മാറ്റിമറിക്കത്തക്ക വിധത്തിൽ തുർക്കികൾ യൂറോപ്പിലേക്കു നീങ്ങി. യൂറോപ്പു മുഴുവൻ കീഴടക്കുകയായിരുന്നു തുർക്കികളുടെ ലക്ഷ്യം. തുർക്കികൾ ക്രിസ്തീയ യൂറോപ്പിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന ഘട്ടത്തിലെത്തിയപ്പോൾ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ തീക്ഷ്ണതയോടെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ അഞ്ചാം പീയൂസ് മാർപാപ്പാ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ നാവികപ്പട ഭക്തിപൂർവ്വം ജപമാല ചൊല്ലി മാർപാപ്പായുടെ ആശീർവാദവും സ്വീകരിച്ചശേഷമാണ് ലപ്പന്റോ കടലിടുക്കിലേക്ക് തുർക്കികളെ നേരിടാനായി യുദ്ധത്തിൽ നീങ്ങിയത്. ഘോരയുദ്ധം നടക്കുമ്പോൾ തുർക്കിക്കെതിരെ അതിശക്തമായ കൊടുങ്കാറ്റടിക്കുകയും തുർക്കികൾ നിശ്ശേഷം പരാജയപ്പെടുകയും അങ്ങനെ അവരുടെ മെഡിറ്ററേനിയൻ കടൽ വഴിയുള്ള ശക്തി എന്നേക്കുമായി ശിഥിലമാവുകയും ചെയ്തു.

ക്രൈസ്തവ സഭയെത്തന്നെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാൻ അന്ധകാരശക്തികൾ നടത്തിയ പല പരിശ്രമങ്ങളിലും ജപമാല രാജ്ഞിയുടെ മാധ്യസ്ഥ്യം ക്രിസ്ത്യാനികൾക്ക് സംരക്ഷണമായിട്ടുണ്ട്. പരിശുദ്ധ അമ്മയോട് ചേർന്ന് നില്ക്കാനും അമ്മയുടെ സംരക്ഷണം ലഭിക്കാനും നമ്മൾ ശ്രമിക്കുന്നു.

ജപമാല പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും പല സഭാപിതാക്കന്മാരും കാലാകാലങ്ങളിൽ സഭയെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. 11-ാം പീയൂസ് മാർപാപ്പാ ഇപ്രകാരമാണ് പറയുന്നത്. ”വൈദ്രോഹികളെയും മതവിദ്വോഷികളെയും ജയിക്കുന്നതിനുള്ള ശക്തിയേറിയ ഒരു സമരായുധമാണ് ജപമാല. അത് എല്ലാ മനുഷ്യഹൃദയങ്ങളിലും സുവിശേഷ സുകൃതങ്ങൾ തഴച്ചു വളരുന്നതിന് ഉത്തേജനം നല്കുകയും ചെയ്യുന്നു. വിശുദ്ധ രഹസ്യങ്ങളുടെ ധ്യാനം മൂലം അത് വിശ്വാസത്തെ പരിപോഷിപ്പിക്കുകയും ദൈവാവിഷ്‌കൃത സത്യങ്ങളിലേക്ക് മനുഷ്യ മനസ്സുകളെ ഉയർത്തുകയും ചെയ്യുന്നു.”
തിരുസഭയുടെ ചരിത്രത്തിൽ ആൽബിജിയൻ പാഷണ്ഡതയിലൂടെ വിശ്വാസസത്യങ്ങളെ തകർത്തു കളയാൻ സാത്താൻ പരിശ്രമിച്ചപ്പോൾ അതിനെതിരെ പോരാടാൻ ദൈവം തെരഞ്ഞെടുത്തത് മരിയഭക്തനായ ഡൊമിനിക്കിനെയാണ്. ആൽബിജിയൻ പാഷണ്ഡതയെ എതിർക്കുന്നതിന് ഫ്രാൻസിന്റെ മുക്കിലും മൂലയിലും ചുറ്റി സഞ്ചരിച്ച് വിശുദ്ധ ഡൊമിനിക്ക് പ്രസംഗിച്ചെങ്കിലും വലിയ ഫലമുണ്ടായില്ല. ഒടുവിൽ അദ്ദേഹം ഒരു വനത്തിൽ പോയി ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ആ സമയത്ത് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെടുകയും ജപമാല നല്കിക്കൊണ്ട് ആ ആയുധമുപയോഗിച്ച് തിന്മയ്‌ക്കെതിരെ പോരാടാൻ ഡൊമിനിക്കിനോട് ആവശ്യപ്പെടുകയുംചെയ്തു. അങ്ങനെ വിശുദ്ധ ഡോമിനിക്കാണ് ജപമാലഭക്തി പ്രചരിപ്പിച്ചത്. ആ പ്രാർത്ഥനവഴി ആൽബിജിയൻ പാഷണ്ഡത കെട്ടടങ്ങി.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പരിശുദ്ധ മറിയം ഇന്നും നമ്മോടാവശ്യപ്പെടുന്നത് നിത്യരക്ഷയുടെ കാര്യം മാത്രമാണ്. അമ്മയുടെ കണ്ണുനീരിന്റെ അർത്ഥം ഇനിയെങ്കിലും നമ്മൾ ഗ്രഹിച്ചിരുന്നെങ്കിൽ മാതാവിനെക്കുറിച്ച് കൂടുതൽ അറിയുകയും സ്‌നേഹിക്കുകയും മാതൃഭക്തിയിൽ വളരുകയും ചെയ്യാൻ ശ്രമിച്ചേനേ. പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷപ്പെടലുകൾ മാതൃസഹജമായ താത്പര്യത്തിന്റെയും സവിശേഷമായ ശ്രദ്ധയുടെയും അടയാളങ്ങളാണ്. സാത്താന്റെ കോട്ടക്കുനേരെ പരിശുദ്ധ അമ്മയോട് ചേർന്നുനിന്ന് ജപമാലയാകുന്ന ആത്മീയ ആയുധമുപയോഗിച്ച് നമ്മൾ പോരാടണം.

സഹന പ്രാർത്ഥന

കുട്ടികൾക്കുവേണ്ടിയുള്ള ഒരു ധ്യാനമായിരുന്നു അത്. വൈകുന്നേരമായപ്പോൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ജപമാല ചൊല്ലാൻ പുറത്തേക്ക് വിടുന്നതിനുമുൻപ് ഞാനവരോട് പറഞ്ഞു. ഫാത്തിമയിൽ മൂന്ന് കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ റഷ്യയുടെ മാനസാന്തരത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാനും പരിത്യാഗ പ്രവൃത്തികൾ ചെയ്യാനും മാതാവ് അവരോട് ആവശ്യപ്പെട്ടു. അവർ ത്യാഗം അനുഷ്ഠിച്ചു പ്രാർത്ഥിച്ചപ്പോൾ റഷ്യ മാനസാന്തരപ്പെട്ടു. അതിനാൽ നിങ്ങൾ പാപികളുടെ മാനസാന്തരത്തിനായി മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്നത് നല്ലതാണ്. അല്പം കഴിഞ്ഞപ്പോൾ ഒരു ശുശ്രൂഷകൻ വന്ന് എന്നെ പുറത്തേക്കു വിളിച്ചുകൊണ്ടുപോയി. പുറത്തേക്ക് ചെന്നപ്പോൾ ഞാൻ കണ്ടത് ഇപ്രകാരമാണ്. മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്ന കുട്ടികളുടെ ഒരു കൈയിൽ ജപമാലയും മറ്റേ കൈയിൽ ഇഷ്ടികയും. വേദനയോടെ പ്രാർത്ഥിക്കുന്ന കുഞ്ഞുങ്ങൾ. ആ കുഞ്ഞുങ്ങളുടെ സഹനത്തോടെയുള്ള പ്രാർത്ഥനയ്ക്കു സ്വർഗം മറുപടി നല്കി. ആ ധ്യാനത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകമുണ്ടായി. ധ്യാനത്തിൽ പങ്കെടുത്ത അനേകർ തങ്ങളുടെ ജീവിതത്തെ സുവിശേഷത്തിനായി സമർപ്പിച്ചു.

ഈ കാലഘട്ടത്തിൽ വിശ്വാസ തകർച്ചയ്ക്കും മതതീവ്രവാദത്തിനുമെതിരെ ത്യാഗങ്ങൾ സഹിച്ചുകൊണ്ട് ജപമാല കൈകളിലേന്താം. ഒരിക്കൽ ഒരു യുവജന ധ്യാനത്തിൽ പങ്കെടുത്ത നന്നായി ഉഴപ്പുന്ന ചെറുപ്പക്കാർക്ക് മാനസാന്തരമുണ്ടായത് ജപമാല ചൊല്ലിക്കൊണ്ടിരിക്കുമ്പോഴാണ്. ദൈവശക്തി അവരിൽ വ്യാപരിച്ചു. അവർ വാവിട്ടു കരയാനും തുടങ്ങി.

അടിപതറാത്ത വിശ്വാസത്തിന്റെയും അസ്തമിക്കാത്ത പ്രത്യാശയുടെയും പ്രതീകമാണ് പരിശുദ്ധ മറിയം. ആദിമാതാവിന്റെ അവിശ്വാസവും അനുസരണക്കേടുംമൂലം മനുഷ്യവർഗത്തിന് നേരിട്ട ദുരന്തങ്ങൾക്ക് പരിഹാരമെന്നോണം തന്റെ വിശ്വാസവും ഹൃദയത്തിലൂടെ വാൾ കടന്നുപോകുന്ന കഠിന വേദനയും സമർപ്പിച്ച മറിയം സഹനത്തിന്റെ മൂശയിൽ മാറ്റു തെളിയിച്ചവളാണ്. കാലിത്തൊഴുത്തിലെ കടുത്ത ദാരിദ്ര്യത്തിലും കാൽവരിയിലെ ശൂന്യവത്ക്കരണത്തിലും യേശുവിന്റെ കൂടെ നിന്നുകൊണ്ട് മകന്റെ സഹനത്തിൽ മറിയം ആദ്യാവസാനം പങ്കുചേർന്നു.

അമ്മ എന്ന രണ്ടക്ഷരത്തിന് അർത്ഥം നല്കിയ പരിശുദ്ധ മറിയത്തിന് സ്ത്രീത്വത്തിന്റെ പൂർണതയും മാതൃത്വത്തിന്റെ ശക്തിയും മനുഷ്യവർഗത്തിന്റെ വിമോചനവും പ്രത്യക്ഷമാകുന്നതായി കാണാം. പരിശുദ്ധ മറിയം അമലോത്ഭവയാണെന്നും നിത്യകന്യകയാണെന്നും ദൈവമാതാവാണെന്നും സഹരക്ഷകയാണെന്നും സ്വർഗീയ മധ്യസ്ഥയാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് നമുക്ക് അമ്മയോടൊപ്പം സഞ്ചരിക്കാം.

ഷാജൻ ജെ. അറക്കൽ

2 Comments

  1. ancy says:

    നന്മ നിറഞ്ഞ അമ്മേ സ്വസ്തി കര്‍ത്താവ് അങ്ങയോടു കൂടെ സ്ത്രീകളിലങ്ങ് അനുഗ്രഹിക്കപ്പെട്ടവള്‍ അങ്ങയുടെ ഉദരഫലമായ ഈശോ അനുഗ്രഹീതന്‍ പരിശുദ്ധ അമ്മേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട്‌ അപേക്ഷിക്കണമേ ആമേന്‍

  2. BENCY POULOSE says:

    ante amme ante asrayam

Leave a Reply

Your email address will not be published. Required fields are marked *