തലേരാത്രി ശക്തിയായ കാറ്റും മഴയും ഉണ്ടായിരുന്നു. പത്രോസ് രാവിലെ എഴുന്നേറ്റു തോട്ടത്തിൽ പണിതുടങ്ങി. ഈശോ വന്ന് അമ്മയോടു ചോദിക്കുന്നു: ഇന്നലെ വീണ ആലിപ്പഴവും കാറ്റും അമ്മയുടെ പൂക്കളെയെല്ലാം നശിപ്പിച്ചുവോ? മേരി എന്തെങ്കിലും പറയുന്നതിനു മുൻപു പത്രോസു പറയുന്നു: ”കുഴപ്പമൊന്നുമുണ്ടായില്ല, ശിഖരങ്ങളെല്ലാം വളഞ്ഞും തിരിഞ്ഞും പോയി അത്രയേയുള്ളു.”
മേരി പുതിയതായി ചുട്ടെടുത്ത ചെറിയ വട്ടത്തിലുള്ള റൊട്ടികൾ കൊണ്ടുവന്നു. പത്രോസ് കത്തികൊണ്ട് റൊട്ടി മുറിച്ച് അകത്ത് അത്തിപ്പഴം വച്ച് എല്ലാവർക്കും കൊടുക്കുന്നു. അടുക്കളത്തോട്ടത്തിലിരുന്ന് എല്ലാവരും അതു ഭക്ഷിക്കുന്നു.
ഈശോ സാവധാനം സംസാരിച്ചു തുടങ്ങി. ”….. അപ്പസ്‌തോലന്മാരെ പരിശീലിപ്പിക്കുന്നത് മരങ്ങളെ വളച്ചൊടിക്കാൻ പോകുന്ന കൊടുങ്കാറ്റുപോലെയാണ്. ലക്ഷ്യബോധമില്ലാത്ത അക്രമംപോലെ തോന്നും. എന്നാൽ ഇന്നലത്തെ കൊടുങ്കാറ്റ് എന്തുമാത്രം ഉപകാരംചെയ്തു എന്നു നോക്കുവിൻ. വായു കുറേക്കൂടി ശുദ്ധമായി. അന്തരീക്ഷത്തിൽ കുറെക്കൂടി കുളിർമ്മയുണ്ട്.
പൊടി അടങ്ങി; ഉഷ്ണം ശമിച്ചു. ഇന്നലെ പ്രകാശിച്ച സൂര്യൻ തന്നെയാണ് ഇന്നും ആകാശത്തു ജ്വലിച്ചുനിൽക്കുന്നത്. പക്ഷേ, ഇന്നു നമുക്ക് ഇന്നലത്തെ അത്ര ചൂടു തോന്നുന്നില്ല. മനുഷ്യഹൃദയങ്ങളിലും വിഷാദത്തിന്റെയും അസൂയയുടെയും കാർമേഘങ്ങൾ വന്നുകൂടാറില്ലേ? ദൈവകൃപയുടെ കാറ്റു വീശി ഈ മേഘങ്ങൾ ചിതറിപ്പോകുന്നു. അവയിലെ വൈകല്യങ്ങൾ പെയ്തുതീരുന്നു. ആകാശം വീണ്ടും പരിശുദ്ധമാകുന്നു.”
‘ദൈവമനുഷ്യന്റെ സ്‌നേഹഗീത- സംഗ്രഹിച്ച പതിപ്പ്’