ദൈവത്തിന്റെ കത്ത്

”പിതാവേ, പിതാവേ, വേഗം വരൂ” യുവാവായ സന്യാസി തിടുക്കത്തിൽ വിളിച്ചു. വിളി കേട്ട് ആശ്രമശ്രേഷ്ഠനായ താപസൻ ആന്റണി വേഗം വന്നു. ”കോൺസ്റ്റന്റൈൻ ചക്രവർത്തി പിതാവിന് അയച്ച ഒരു കത്തുമായി സേവകൻ നമ്മുടെ ആശ്രമത്തിലെത്തിയിരിക്കുന്നു.” ശിഷ്യൻ വെപ്രാളത്തിൽ പറഞ്ഞു. ആശ്രമശ്രേഷ്ഠനായ ആന്റണിയെ ആദരിക്കാനായി ചക്രവർത്തി അയച്ച കത്തായിരുന്നു അത്.

സംഭവമറിഞ്ഞ എല്ലാ സന്യാസികൾക്കും ആശ്ചര്യം തോന്നി. അപ്പോൾ താപസനായ ആന്റണി പറഞ്ഞു ”ചക്രവർത്തി ഒരു പ്രജയ്ക്ക് കത്തെഴുതിയതിൽ ഇത്ര ആശ്ചര്യപ്പെടാൻ എന്തിരിക്കുന്നു? സകലത്തിന്റെയും സ്രഷ്ടാവായ ദൈവം മർത്യനായ മനുഷ്യനുവേണ്ടി തന്റെ സ്‌നേഹത്തിന്റെ നിയമം എഴുതിത്തന്നിരിക്കുന്നതിനെയോർത്ത് ആശ്ചര്യപ്പെടുവിൻ. മാത്രമല്ല അത് അവരോടു പറയാൻ സ്വന്തം പുത്രനെത്തന്നെ അയച്ചു എന്നത് അതിലും എത്രയോ ആശ്ചര്യകരം!”
ആശ്രമാധിപനായ ആ താപസസനാണ് സഭയിൽ മരുഭൂമിയിലെ വിശുദ്ധ അന്തോണിയായി അറിയപ്പെട്ടത്.

”അവനിൽ വിശ്വസിക്കുന്ന ഏവനും
നശിച്ചുപോകാതെ നിത്യജീവൻ
പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ
അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16)

Leave a Reply

Your email address will not be published. Required fields are marked *