അമ്മ ചെയ്യുന്നത്

നാളുകൾക്കുമുൻപ് ഒരു യുവതി വളരെ ദുഃഖിതയായി കടന്നുവന്നു- ലളിത. അവൾ തന്റെ ഹൃദയവേദന പങ്കുവച്ചതിങ്ങനെയാണ്: ”എനിക്ക് ധാരാളം വിവാഹാലോചനകൾ വരുന്നുണ്ട്. എന്നാൽ, ഒന്നും എനിക്കിഷ്ടമില്ല. അതുകൊണ്ട് എന്റെ മാതാപിതാക്കളും വീട്ടുകാരും എന്നെ വഴക്ക് പറയുകയാണ്. എനിക്കവരോട് ഒരുത്തരവും പറയുവാനില്ല.” ഇത്രയും പറഞ്ഞിട്ടവൾ മൗനമായിരുന്നു.

”വിവാഹജീവിതത്തോട് ഇഷ്ടമില്ലേ?” എന്നു ചോദിച്ചപ്പോൾ ”ഇഷ്ടമില്ല” എന്നവൾ മറുപടി നല്കി.
കുറച്ചുസമയം ആ മകൾക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ അവളുടെ അപ്പച്ചനോട് എന്തോ വിഷമമുള്ളതായി തോന്നി. ആ കാര്യം ചോദിച്ചപ്പോൾ, ലളിത വാചാലയായി. ”ഞങ്ങളുടെ അപ്പച്ചൻ മുക്കുടിയനാണ്. കുടിച്ചുവന്നാൽ പിന്നെ അമ്മയെയും ഞങ്ങളെയും ചീത്ത വിളിക്കും. എപ്പോഴും തെറിയും ബഹളവുമായിരിക്കും. യാതൊരു ഉത്തരവാദിത്വവുമില്ലാത്ത വ്യക്തിയാണ് ഞങ്ങളുടെ അപ്പച്ചൻ. അമ്മ വല്ലപ്പോഴും കൂലിപ്പണിക്കുപോകും. ഞങ്ങളുടെ ജീവിതം വളരെ കഷ്ടത്തിലാ… ചില രാത്രികളിൽ തെങ്ങിൻചുവട്ടിലിരുന്നാണ് ഞങ്ങൾ നേരം വെളുപ്പിക്കുന്നത്. ഇങ്ങനെയുള്ള ഒരപ്പച്ചനെ എങ്ങനെ സ്‌നേഹിക്കാൻ കഴിയും? എനിക്ക് അപ്പച്ചനെ ഒട്ടും ഇഷ്ടമില്ല. ആൺവർഗത്തെ എനിക്ക് കണ്ടുകൂടാ. എനിക്കവരോട് വെറുപ്പാ…”

ഇത്രയും കേട്ടപ്പോൾ ആ മകളുടെ വിവാഹത്തോടുള്ള താല്പര്യക്കുറവിന്റെ കാര്യം മനസിലായി. കാർക്കശ്യക്കാരനാണെങ്കിലും അപ്പച്ചനെ സ്‌നേഹിക്കുന്നതിനെക്കുറിച്ചും അപ്പച്ചനോടു ക്ഷമിക്കുന്നതിനെക്കുറിച്ചുമെല്ലാം ലളിതയ്ക്ക് പറഞ്ഞുകൊടുത്തു. ധ്യാനത്തിൽ സംബന്ധിക്കുവാൻ ക്ഷണിച്ചു. അപ്പച്ചനോട് പൂർണമായി ക്ഷമിച്ച്, വിവാഹം നടക്കുന്നതിനായി എല്ലാ ദിവസവും മൂന്ന് പരിശുദ്ധ രാജ്ഞി എന്ന ജപവും മുപ്പത്തിമൂന്ന് എത്രയും ദയയുള്ള മാതാവേ എന്ന ജപവും ചൊല്ലുവാൻ അവളോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാമെന്ന് സമ്മതിച്ചുകൊണ്ടവൾ വീട്ടിലേക്ക് പോയി.

ശക്തിയുള്ള പ്രാർത്ഥനകൾ

അത്ഭുതമെന്ന് പറയട്ടെ, ഒരു മാസം കഴിഞ്ഞപ്പോൾ ലളിതയും അമ്മയും ധ്യാനത്തിന് വന്നു. എന്നെ കണ്ടതേ, ലളിത ഓടിവന്ന് പറഞ്ഞു: ”അപ്പച്ചനോട് ക്ഷമിക്കുവാൻ എനിക്ക് കൃപ ലഭിച്ചു. എന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നല്ല ചെറുക്കനാ, എനിക്കിഷ്ടപ്പെട്ടു. രാജൻ എന്നാണ് പേര്. 35 വയസുണ്ട്; എനിക്ക് മുപ്പതും. മാതാവിനോടുള്ള ആ ജപങ്ങൾ വളരെ ശക്തിയുള്ളതാണ്. സിസ്റ്റർ പറഞ്ഞുതന്നതെല്ലാം ഇപ്പോഴും ചെയ്യുന്നുണ്ട്. മാതാവ് എന്റെ പ്രാർത്ഥന കേട്ടു. ഇനി വിവാഹംകൂടി ഒന്നു നടക്കാൻ സിസ്റ്റർ പ്രത്യേകം പ്രാർത്ഥിക്കണേ.”

അമ്മയും മകളും നന്നായി ധ്യാനിച്ചു. ദൈവാനുഗ്രഹത്താൽ ഒരു തടസവുമില്ലാതെ ആ മകളുടെ വിവാഹം നടന്നു. ഇന്ന് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. മാതാവിന് നമുക്ക് നന്ദി പറയാം.
”അവർക്ക് വീഞ്ഞില്ല” (യോഹ. 2:3). ആർക്ക് എവിടെയാണ് കുറവെന്നു നോക്കി നടക്കുന്ന വ്യക്തിയാണ് പരിശുദ്ധ അമ്മ. കുറവ് കണ്ടുപിടിക്കുക മാത്രമല്ല, അതു പരിഹരിക്കാനുള്ള മാർഗവും അമ്മയ്ക്കറിയാം. കാനായിലെ വിവാഹവിരുന്നിൽ അതാണല്ലോ സംഭവിച്ചത് (യോഹ. 2:1-11). അമ്മയ്ക്ക് വേണമെങ്കിൽ ആ ഭവനത്തിലെ കാര്യത്തിൽ ഇടപെടാതിരിക്കാമായിരുന്നു. എന്നാൽ, അതിന് അമ്മയുടെ മനസനുവദിച്ചില്ല. ആ കുടുംബത്തെ അപമാനത്തിൽനിന്ന് രക്ഷിക്കേണ്ട ചുമതല അമ്മതന്നെ ഏറ്റെടുത്തു. വെള്ളം വീഞ്ഞാക്കി മാറ്റി ആ ഭവനത്തെ അപമാനത്തിൽനിന്ന് രക്ഷിക്കുവാൻ മാതാവ് യേശുവിനോട് ആവശ്യപ്പെടുകയും അപ്രകാരം ചെയ്യുവാൻ യേശു തിരുമനസാവുകയും ചെയ്തു (യോഹ. 2:7-9). അങ്ങനെ അന്നത്തെ വിവാഹവിരുന്നിൽ സംബന്ധിച്ചവരെല്ലാം മേല്ത്തരം വീഞ്ഞു കുടിച്ച് സംതൃപ്തരാവുകയും മണവാളനെ അഭിനന്ദിക്കുകയും ചെയ്തു. ഇതാണ് ദൈവമാതാവിന്റെ സ്വഭാവത്തിന്റെ മഹനീയത. കുറവു നികത്താനുള്ള അമ്മയുടെ കഴിവൊന്നു വേറെതന്നെ. മക്കളായ നമുക്കും ഈ സ്വഭാവസവിശേഷത സ്വന്തമാക്കാം.

”രക്ഷാചരിത്രത്തിൽ മറിയം ആഴത്തിൽ നിലകൊള്ളുന്നു… അവളെ വണങ്ങുകയും അവളെപ്പറ്റി പ്രസംഗിക്കുകയും ചെയ്യുമ്പോൾ, വിശ്വാസികളെ അവൾ തന്റെ പുത്രനിലേക്കും അവിടുത്തെ ത്യാഗത്തിലേക്കും പിതാവിനോടുള്ള സ്‌നേഹത്തിലേക്കും ക്ഷണിക്കുന്നു…” (രക്ഷകന്റെ അമ്മ, പേജ് 47, ഖണ്ഡിക 28).

യേശുവിന്റെ ജീവിതത്തിലുടനീളം കൂടെയുണ്ടായിരുന്ന പരിശുദ്ധ അമ്മ, മക്കളായ നമ്മോടൊപ്പവും സദാ സന്നിഹിതയാണ്. കുരിശിൻചുവട്ടിലും നമുക്ക് മാതാവിനെ കാണാം (യോഹ. 19:25-27). തന്റെ നിറസാന്നിധ്യം വഴി അമ്മ, നമുക്ക് ശക്തിയും ധൈര്യവും നന്മയും അനുഗ്രഹവും പകർന്നുതന്ന് നമ്മെ യേശുവിലേക്ക് നയിക്കുന്നു. മനസ് പതറാതെ, പാദങ്ങൾ ഇടറാതെ ക്രൈസ്തവ ജീവിതത്തിൽ മുന്നേറാൻ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് തേടാം.

”അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ” (യോഹ. 2:5) എന്നു മാത്രമാണ് മാതാവിന് എപ്പോഴും നമ്മോട് പറയുവാനുള്ളത്. അമ്മയുടെ സ്‌നേഹമസൃണമായ ഈ വചസുകൾ ശ്രവിച്ച്, അവ ജീവിതത്തിൽ പ്രാവർത്തികമാക്കി, അമ്മയുടെ മേലങ്കിയുടെ കീഴിൽ സുരക്ഷിതത്വം തേടി ജീവിതയാത്ര നയിച്ച്, ‘മറിയം വഴി യേശുവിൽ’ എത്തിച്ചേരുവാനുള്ള ദൈവാനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം. പരിശുദ്ധ അമ്മയെ സ്‌നേഹിക്കുകയും വണങ്ങുകയും ചെയ്തുകൊണ്ട് നമുക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും അമ്മവഴി യേശുവിൽനിന്ന് നേടിയെടുക്കുകയും ചെയ്യാം.

സിസ്റ്റർ ജോയ്‌സ് എം.എസ്.എം.ഐ

3 Comments

 1. abin says:

  good article , thanks

 2. claramma joseph says:

  Praise the Lord !

  I would like to appreciate your article. Yes if we tell our needs to our Mother she will surely interceede for us. She is always ready to help us. She is loving and caring us in every moment of our life. Never failing love.

  Thanks to Jesus for giving us a loving mother.

  Claramma

Leave a Reply

Your email address will not be published. Required fields are marked *