ഒന്നു മുണ്ടീട്ടു പോകുന്നുണ്ടോ?

വർഷങ്ങൾക്കുമുൻപ് നടന്ന ഒരു സംഭവം. അന്നൊരു ഞായറാഴ്ച കുർബാനയ്ക്ക് വൈദികൻ സന്ദേശം നല്കിയത് ”പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽത്തന്നെ നിർജീവമാണ്” (യാക്കോബ് 2:17) എന്ന വചനത്തെ അടിസ്ഥാനമാക്കിയാണ്. ആ സന്ദേശത്തിന്റെ പൊരുൾ ഏതാണ്ടിപ്രകാരമായിരുന്നു.

ഇവിടെയിരിക്കുന്നവരിൽ പലരും വർഷത്തിലൊരിക്കലോ അതിൽക്കൂടുതലോ ധ്യാനം കൂടുന്നവരും പ്രാർത്ഥിക്കുന്നവരുമൊക്കെയായിരിക്കും. എന്നാൽ അതുകൊണ്ടു മാത്രമായില്ല. നിങ്ങളുടെ വിശ്വാസവും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ബോധ്യവുമൊക്കെ ഫലപ്രദമാകണമെങ്കിൽ അത് നിങ്ങളുടെ പ്രവൃത്തികളിൽ പ്രതിഫലിക്കണം. അല്ലെങ്കിൽ നിങ്ങളുടെ പ്രാർത്ഥനകളും വിശ്വാസവുമൊക്കെ നിർജീവമായിരിക്കും. നിങ്ങളുടെ വിശ്വാസം പ്രകടമാക്കാൻ പലവിധത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുവാൻ സാധിക്കും.

അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിങ്ങളുടെ സമ്പത്തിന്റെയും സമയത്തിന്റെയും ഒരു ഭാഗം (ദശാംശം) മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നുള്ളത്. നിങ്ങളുടെ വിശ്വാസത്തെ പ്രവൃത്തികൾ വഴി യാഥാർത്ഥ്യമാക്കാൻ ഈ ഇടവകയിൽത്തന്നെ ധാരാളം അവസരങ്ങളുണ്ട്. ഇവിടുത്തെ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പല കുടുംബങ്ങളെയും വിവിധ തരത്തിൽ സഹായിക്കുന്നു. അടുത്തുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി രോഗികളെ സന്ദർശിച്ച് അവർക്കാവശ്യമായ സഹായങ്ങൾ നല്കുന്നു. അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു.

ദിവ്യപ്രചോദനം

അക്കാലത്ത് നവീകരണ ധ്യാനംകൂടി എന്തെങ്കിലും പ്രവർത്തിക്കണമെന്നാഗ്രഹിച്ചിരുന്ന എനിക്കും വിൻസന്റ് ഡി പോൾ സൊസൈറ്റിയിൽ അംഗമാകുവാനുള്ള പ്രചോദനം ലഭിച്ചത് ഈ ഞായറാഴ്ചപ്രസംഗത്തിൽനിന്നുമാണ്. അക്കാലത്ത് അംഗങ്ങളിൽ പലരും മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കുവാൻ പോവുക പതിവായിരുന്നു. രോഗീസന്ദർശനത്തിന് അവർ എന്നെയും ക്ഷണിച്ചു. ഞങ്ങൾ മൂന്നുപേർ ഒന്നിച്ചാണ് അന്ന് പോയത്. ഓരോ വാർഡിലെയും സഹായം കൂടുതൽ ആവശ്യമുള്ള രോഗികളെ കണ്ടെത്തി അവരുമായി സംസാരിച്ച് ആവശ്യങ്ങൾ മനസിലാക്കി അവർക്കുവേണ്ട സഹായം ചെയ്യുകയായിരുന്നു പതിവ്. കൂടാതെ രോഗികൾക്കുവേണ്ടി ഒന്നിച്ചു പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ താഴത്തെ നിലയിലെ ഏതാനും വാർഡുകൾ സന്ദർശിച്ചതിനുശേഷം മുകളിലത്തെ നിലയിലേക്ക് പോകുമ്പോൾ കണ്ട കാഴ്ച എനിക്ക് ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കുകയില്ല. മെലിഞ്ഞ് എല്ലും തോലും മാത്രമായ ഒരു സ്ത്രീയെ എടുത്തുകൊണ്ട് ഒരു ചെറുപ്പക്കാരൻ താഴത്തെ നിലയിലേക്ക് വരുന്നു. വേറൊരു ചെറുപ്പക്കാരൻ രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളും രണ്ടുമൂന്നു സഞ്ചികളും തൂക്കി പിന്നാലെയും.

പുതുസന്ദേശവുമായി യൗവനങ്ങൾ

എന്റെ കൂടെ വന്നിരുന്നവരുടെ പരിചയക്കാരായിരുന്നതുകൊണ്ട് ഈ ചെറുപ്പക്കാരെ ഞങ്ങളും അനുഗമിച്ചു. അവർ താഴത്തെ നിലയിലെ അഞ്ചാം വാർഡിലെ ഒരു ബെഡിൽ ആ സ്ത്രീയെ കിടത്തി. അവരുടെ പേര് നബീസ എന്നായിരുന്നു. ശരീരം മുഴുവൻ തളർന്നുപോയ ആ സ്ത്രീ, പത്തുവർഷത്തിലധികമായി ആ ആശുപത്രിയിലെ അന്തേവാസിയായിരുന്നു. ഭർത്താവും മക്കളും ഉപേക്ഷിച്ചുപോയ ആരുമില്ലാത്ത ഒരു സ്ത്രീ.

അവർക്ക് തുണയായിരുന്നത് വിൻസന്റ് ഡി പോൾ സൊസൈറ്റിയും നല്ലവരായ ഏതാനും നാട്ടുകാരും ആശുപത്രിയിൽ വന്നുപോയിരുന്ന നല്ല മനസുള്ള രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമായിരുന്നു. ഇവരെ മുകളിലത്തെ നിലയിൽനിന്ന് കൊണ്ടുവന്ന ആ ചെറുപ്പക്കാർ ജീസസ് യൂത്തിൽ ഫുൾ ടൈമേഴ്‌സായി പ്രവർത്തിച്ചിരുന്നവരാണ്. 20 വയസിനോടടുത്ത് പ്രായമുണ്ടായിരുന്നവർ- ബേബിച്ചൻ വളവനാനി, കൂട്ടുകാരൻ ജിൽസ്. അവരുടെ പ്രധാനപ്പെട്ട പ്രവർത്തനം ആശുപത്രിയിലെ നിരാലംബരായ രോഗികളെ ശുശ്രൂഷിക്കലായിരുന്നു.

അന്നത്തെ ആശുപത്രിസന്ദർശനം കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ വീണ്ടും ഈ ചെറുപ്പക്കാരെ കണ്ടു. അവരും അന്നത്തെ ശുശ്രൂഷകളെല്ലാം കഴിഞ്ഞ് അവർ താമസിച്ചിരുന്ന കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ ജിൽസിന്റെ കൈയിൽ ഒരു വലിയ പ്ലാസ്റ്റിക് കവറുണ്ടായിരുന്നു. അതിൽ എന്താണെന്ന് ഞാൻ അന്വേഷിച്ചു.

മുകളിലത്തെ ഒരു വാർഡിൽ ആരോ കൊണ്ടുവന്ന് ഉപേക്ഷിച്ചുപോയ എഴുന്നേൽക്കാനും ഇരിക്കാനും ഒന്നും കഴിയാത്ത ഒരു കിടപ്പുരോഗിയുണ്ടെന്നും ദിവസങ്ങളായി ആരും അയാളെ നോക്കുന്നില്ലെന്നും അവർ പറഞ്ഞു. ആ കവറിലുള്ളത് അയാൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ധരിച്ചിരുന്നതും മലമൂത്രവിസർജനംകൊണ്ട് വൃത്തികേടായതുമായ അയാളുടെ വസ്ത്രമാണത്രേ. അവർ ആ രോഗിയെ വൃത്തിയാക്കി പുതിയ വസ്ത്രങ്ങൾ കൊടുത്തിട്ടുണ്ട്. പഴയത് ഹോസ്റ്റലിൽ കൊണ്ടുപോയി അലക്കി, ഉണക്കി അടുത്ത ദിവസം തിരിച്ചുകൊണ്ടുവന്ന് അയാളെ ധരിപ്പിക്കാനുള്ളതാണെന്നുകൂടി അവർ പറഞ്ഞപ്പോൾ, യഥാർത്ഥത്തിൽ എന്റെ ഹൃദയം അവരോടുള്ള ബഹുമാനവും സ്‌നേഹവുംകൊണ്ട് നിറഞ്ഞു തുളുമ്പുകയായിരുന്നു.
ഈ ചെറുപ്പക്കാർ എന്താണ് ചെയ്യുന്നത്? അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെ വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ട് രസിച്ചിരിക്കേണ്ട സമയത്ത് അവർ ആരോരുമില്ലാത്ത, മലമൂത്രവിസർജനം ചെയ്തുകിടക്കുന്ന രോഗികളെ കഴുകി വൃത്തിയാക്കുക, അതും പോരാഞ്ഞിട്ട് ഏറ്റവും അറപ്പു തോന്നിക്കുന്ന അവരുടെ വസ്ത്രങ്ങൾ പൊതിഞ്ഞെടുത്ത് ഹോസ്റ്റലിൽ കൊണ്ടുപോയി അലക്കി വൃത്തിയാക്കി, ഉണക്കി അടുത്ത ദിവസം ആ രോഗികൾക്ക് കൊണ്ടുപോയി കൊടുക്കുക, അതും ഏറ്റവും ആനന്ദത്തോടെ ഈ പ്രവൃത്തികൾ ചെയ്യുക, അടുത്ത ദിവസങ്ങളിലും ഈ പ്രവൃത്തികൾതന്നെ ആവർത്തിക്കുക…. എനിക്കവരോട് തോന്നിയ വികാരം പറഞ്ഞറിയിക്കാൻ വയ്യ.

ഹൃദയപൂർവമൊരു പ്രാർത്ഥന

‘കർത്താവേ, ഇവർ ചെയ്യുന്നതിന്റെ പത്തിലൊരംശമെങ്കിലും തീക്ഷ്ണതയോടെ ഈ ശുശ്രൂഷകൾ ചെയ്യാൻ എന്നെയും അനുഗ്രഹിക്കണമേ’ എന്ന് ഞാൻ ഹൃദയപൂർവം പ്രാർത്ഥിച്ചു. ആ ചെറുപ്പക്കാരുടെ ശുശ്രൂഷാ തീക്ഷ്ണതയും എളിമയും പിന്നീട് പലപ്പോഴും ആശുപത്രിയിൽ പോകുവാനും രോഗികളെ കാണുവാനും അവരെ സമാശ്വസിപ്പിക്കുവാനും എനിക്ക് പ്രചോദനമായി. ഈ സംഭവത്തിൽനിന്നാണ് സമയത്തിന്റെ ദശാംശം എങ്ങനെയാണ് കൊടുക്കേണ്ടത് എന്ന വസ്തുത എനിക്ക് മനസിലായത്.

പിന്നീട് പലപ്പോഴും മുകളിൽ പ്രതിപാദിച്ച സ്ത്രീയെ (നബീസയെ) ആശുപത്രിയിലെ അഞ്ചാം വാർഡിൽ പോയി കണ്ടിട്ടുണ്ട്. അവർക്ക് ഭക്ഷണം വാങ്ങുവാനാവശ്യമായ പണം വിൻസന്റ് ഡി പോൾ സൊസൈറ്റിയാണ് നൽകിയിരുന്നത്. അതിനായി രണ്ടുമൂന്നു ദിവസങ്ങൾ കൂടുമ്പോൾ അവരെ സന്ദർശിക്കും, വിശേഷങ്ങൾ ആരായും, ആവശ്യത്തിനുള്ള പൈസ കൊടുക്കും. ശരീരം മുഴുവൻ തളർന്ന അവസ്ഥയിലായിരുന്നെങ്കിലും എപ്പോഴും അവർ സന്തോഷവതിയായിരുന്നു. ധാരാളം സംസാരിക്കുകയും ചെയ്തിരുന്നു.

അവർക്ക് കിട്ടിയിരുന്ന ചില്ലിക്കാശുകൊണ്ട് നിർധനരായ മറ്റു രോഗികളെ സഹായിക്കാനും അവർ മടി കാട്ടിയില്ല; പലപ്പോഴും സ്വന്തം ഭക്ഷണവും ആവശ്യങ്ങളും ഉപേക്ഷിച്ചുകൊണ്ടും. ഒരു ദിവസം ഞാൻ വളരെ തിരക്കിലായിരുന്നു. ആശുപത്രിയിൽ പോയി അവരുടെ കൈയിൽ അത്യാവശ്യത്തിനുള്ള പണം ഏല്പിച്ച് പെട്ടെന്നുതന്നെ തിരിച്ചുനടന്നു. അപ്പോൾ അവർ ഉച്ചത്തിൽ എന്നെ വിളിച്ചു. ‘ഒന്നു നില്ക്കണേ’.

പുതിയൊരു തിരിച്ചറിവിലേക്ക്

ഞാൻ തിരിച്ച് അവരുടെ അടുത്തെത്തിയപ്പോൾ ഞാൻ കൊടുത്ത പണം എന്നെ തിരിച്ചേല്പിച്ചുകൊണ്ട് പറഞ്ഞു ”എനിക്ക് നിങ്ങടെ പൈസേം വേണ്ട, പണോം വേണ്ട. രണ്ടുമിനിട്ട് ഒന്നു മുണ്ടാൻ പറ്റാത്തോരെടെ പണം എനിക്ക് വേണ്ട…. നിങ്ങൾ എന്തെങ്കിലും ഒന്ന് മുണ്ടീട്ടു പോകുന്നുണ്ടോ?” പ്രിയപ്പെട്ടവരാൽ ഉപേക്ഷിക്കപ്പെട്ട് ഏകാന്തതയിലേക്ക് തള്ളപ്പെട്ട ഒരു വ്യക്തിയുടെ ഹൃദയത്തിൽനിന്നുള്ള ഒരു ദീനരോദനമായിരുന്നു അത്.

അവർക്ക് വേണ്ടിയിരുന്നത് പണമല്ല, അവരോട് അല്പസമയം സംസാരിക്കാനും അവരെ കേൾക്കാനുമുള്ള സമയമായിരുന്നു. ഹൃദയംതുറന്ന് ഒന്നു സംസാരിക്കാൻ, അവരെ ക്ഷമയോടെ ശ്രവിക്കുവാൻ സാധിക്കുന്ന ഒരു വ്യക്തിയെയായിരുന്നു അവർക്കാവശ്യം. സമയത്തിന്റെ വിലയെന്താണെന്ന് തിരിച്ചറിവ് ലഭിച്ച നിമിഷമായിരുന്നു എനിക്കത്. വിഷമിക്കുന്ന ഒരു വ്യക്തിക്ക് പണം കൊടുത്താൽ എല്ലാമായി എന്ന വ്യർത്ഥചിന്ത എന്നിൽനിന്ന് നീക്കുവാൻ എന്റെ കർത്താവ് എന്റെ ജീവിതത്തിൽ ഇടപെട്ട ഒരു സംഭവം.

പലപ്പോഴും പണത്തെക്കാൾ അവരെ സന്തോഷിപ്പിക്കുന്നത് സ്‌നേഹത്തോടെ, സഹാനുഭൂതിയോടെ അവരെ ശ്രവിക്കുന്നതാണ്. ”നിങ്ങൾ കേൾക്കുന്നതിൽ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതിൽ മന്ദഗതിക്കാരും ആയിരിക്കണം” (യാക്കോ.1:19).

കർത്താവായ ഈശോയേ, അവിടുന്ന് ഞങ്ങൾക്ക് ദാനമായി നല്കിയിരിക്കുന്ന സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും സമയത്തിന്റെയും ഒരു ഭാഗം അതാവശ്യമുള്ളവരുമായി പങ്കുവയ്ക്കാനും അതിലൂടെ അവർക്ക് സന്തോഷം പകർന്നു കൊടുക്കുവാനുമുള്ള കൃപ അവിടുന്ന് ഞങ്ങൾക്ക് നല്കണമേ. ഞങ്ങൾ ഇതു ചെയ്യുമ്പോഴെല്ലാം അങ്ങേക്കുതന്നെയാണ് ചെയ്യുന്നതെന്നുള്ള ഉറച്ച ബോധ്യവും വിശ്വാസവും ഞങ്ങൾക്ക് നല്കണമേ. ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഒരാശ്വാസമാകുവാനായി ഞങ്ങളുടെ സമയം വിനിയോഗിക്കുവാനുള്ള സന്മനസും അനുഗ്രഹവും ഞങ്ങൾക്ക് നല്കണമേ- ആമ്മേൻ.

ജേക്കബ് തോമസ്‌

6 Comments

  1. Sanju Prakash says:

    God Bless you

  2. Mini George says:

    Lord please give us the grace to share our talents ,time and money for you and give us the grace to see others as you see us.

  3. Smitha says:

    Inspirating article

  4. johnson tj says:

    valarey hridhaya sparsiyaya article valare adhikam projodhanthmam koodi anu so ingene oru moment njan form cheyyan agrehiqunnu dheyvahidhamankil nadakatey

  5. Sr. Cicily says:

    Dear Lord , help all of us to do the same

  6. claramma joseph says:

    Praise the Lord !

    I appreciate and thank God for the wonderful article. It is a great blessing you can spent your money time and ability for the poor. May the Loving Lord inspire and guide lot of people to do the wonderful service for our saviour. I am praying to give the blessing to all christians to do something for our saviour through service or through prayer for the needy.

    claramma

Leave a Reply

Your email address will not be published. Required fields are marked *