ജീവിതം ആസ്വാദ്യമാക്കാൻ

കരോലിൻ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥയാണ്. അന്നത്തെ ദിവസം അവൾ വീട്ടിലെത്തിയത് വളരെ അസ്വസ്ഥതയോടെയാണ്. മക്കളോടൊപ്പം അല്പസമയം കളിയും ചിരിയുമായിരിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മനസുകൊണ്ട് ഒന്നും ആസ്വദിക്കാനാവുന്നില്ല. ഭർത്താവിനോട് സ്‌നേഹത്തോടെ ഇടപെടണമെന്ന് ആഗ്രഹിച്ചെങ്കിലും അതിനും സാധിക്കുന്നില്ല. ഒടുവിൽ രാത്രി കിടക്കുന്നതിനു മുമ്പ് അവൾ അല്പസമയം ശാന്തമായി കർത്താവിന്റെ മുന്നിൽ ഇരുന്നു.

അപ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞുവന്നത് ഓഫീസിലുണ്ടായ ഒരു സംഭവമാണ്. ഒരു കീഴുദ്യോഗസ്ഥനോട് അന്ന് വളരെ കർക്കശമായി പെരുമാറേണ്ടിവന്നു. ആ സംഭവത്തിലുള്ള കുറ്റബോധമാണ് അന്നത്തെ ദിവസത്തിന്റെ സന്തോഷം അവളിൽനിന്ന് കവർന്നെടുത്തത്. അവൾക്ക് സ്വയം ക്ഷമിക്കാനാവുന്നില്ല.
ഇത് നാമെല്ലാവരും ജീവിതത്തിൽ നേരിടാറുള്ള പ്രശ്‌നമാണ്. സ്വയം ക്ഷമിക്കാനാവാതെ വരുന്ന സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലുണ്ട്, ”എനിക്ക് എന്നെത്തന്നെ ഇഷ്ടപ്പെടുന്നില്ല” എന്ന് വിലപിക്കുന്ന അവസരങ്ങൾ. അത്തരം സന്ദർഭങ്ങളെ അതിജീവിക്കുന്നതെങ്ങനെയാണ്? ക്രിസ്തുവിന്റെ പ്രകാശത്തിൽ നമുക്ക് ഈ പ്രശ്‌നത്തെ നോക്കിക്കാണാം.

ആദ്യമായി വേണ്ടത് അക്രൈസ്തവികമായ നമ്മുടെ പ്രവൃത്തിയെയോ പെരുമാറ്റത്തെയോപ്രതി യഥാർത്ഥ അനുതാപമുണ്ടാകാനായി പ്രാർത്ഥിക്കുക എന്നതാണ്. ആ കൃപ ലഭിച്ചുകഴിഞ്ഞാൽ പിന്നെ കുമ്പസാരക്കൂട്ടിലണയാം. പാപമോചനത്തിന്റെ വചനങ്ങൾ പുരോഹിതനിൽനിന്ന് ഉതിരുമ്പോൾ സ്വയം ക്ഷമിക്കാൻ അത് നമുക്ക് സഹായകമാകും. തന്റെ ഭാഗത്തുനിന്നും സംഭവിച്ച പിഴവുകൾക്കും തെറ്റുകൾക്കും ക്ഷമകൊടുക്കാനാകാതെ നീറുന്ന സമയങ്ങളിലെല്ലാം വിശുദ്ധ കുമ്പസാരത്തിലെ പാപമോചനവചനങ്ങൾ സാന്ത്വനവും സഹായവും നല്കുന്നതായി കണ്ടിട്ടുണ്ട്.
നാം ചെയ്ത തെറ്റ് ഭൗതികവസ്തുക്കളോ പണമോ മോഷ്ടിച്ചു എന്നതാണെങ്കിൽ അത് തിരികെ നല്കുക എന്നതും പ്രധാനമാണ്. തിരികെ നല്കാൻ സാധ്യതകളില്ലെങ്കിൽ പ്രായശ്ചിത്തമായി ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുകയോ അതിനായി സംഭാവന നല്കുകയോ ചെയ്യാം. അത് ദൈവസന്നിധിയിൽ പാപപരിഹാരം നേടാൻ സഹായിക്കും. അതിലൂടെ നമുക്ക് സ്വയം ക്ഷമിക്കാനും സാധിക്കും. നാം പെരുമാറ്റംകൊണ്ടോ പ്രവൃത്തികൊണ്ടോ തെറ്റ് ചെയ്ത വ്യക്തിയോട് ക്ഷമ ചോദിക്കാൻ സാധിക്കുമെങ്കിൽ അത് ചെയ്യുക. ആ വ്യക്തി നമ്മോട് ക്ഷമിക്കാൻ തയാറാകുന്നെങ്കിൽ സ്വയം ക്ഷമിക്കാൻ അത് നമ്മെ വളരെയധികം സഹായിക്കും.

വിവിധസാഹചര്യങ്ങളിൽ

ദൈവവും നാം തെറ്റു ചെയ്ത വ്യക്തിയും ക്ഷമിച്ചെന്നു ബോധ്യപ്പെട്ടാലും നമുക്ക് സ്വയം ക്ഷമിക്കാനാവാതെ വരുമ്പോഴോ? ആ സമയങ്ങളിൽ എന്താണ് ചെയ്യേണ്ടത്? ഉദാഹരണത്തിന്, അധികാരമുള്ള ഗവൺമെന്റ് ഉദ്യോഗത്തിലിരുന്ന ഒരാൾ. അർഹനായ ഒരു വ്യക്തിക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തികാനുകൂല്യങ്ങൾ താൻ ഇടപെടാതിരുന്നതുമൂലം ലഭിക്കാതെപോയി എന്നു കരുതുക. ആ സംഭവം പിന്നീട് പ്രസ്തുത ഉദ്യാഗസ്ഥനെ വളരെയധികം വേദനിപ്പിക്കുന്നു. ആനുകൂല്യം ലഭിക്കേണ്ടിയിരുന്ന വ്യക്തി പിന്നീട് സാമ്പത്തികസുസ്ഥിതിയിലേക്കു വന്നു. ആ വ്യക്തി ഉദ്യോഗസ്ഥനോട് യാതൊരു വിദ്വേഷവും പുലർത്തുന്നുമില്ല. ഉദ്യോഗസ്ഥനാകട്ടെ ദൈവത്തോട് ക്ഷമായാചനം ചെയ്ത് അവിടുന്നിൽനിന്നും ക്ഷമ സ്വീകരിച്ചും കഴിഞ്ഞു. പക്ഷേ സ്വയം ക്ഷമിക്കാനാവുന്നില്ല.

ഇങ്ങനെ വരുമ്പോൾ കൗൺസലിംഗും പ്രാർത്ഥനയുംവഴിയുള്ള സഹായമാണ് ആവശ്യം. നമുക്ക് നല്കപ്പെട്ടിട്ടുള്ള കാരുണ്യം ആന്തരികമായി സ്വന്തമാക്കാൻ ശ്രമിക്കുക എന്നത് പ്രധാനമാണ്. ഞാൻ ചെയ്ത തെറ്റിന്റെ ഫലം അനുഭവിച്ച വ്യക്തിയും കർത്താവും എന്നോട് ക്ഷമിച്ചുകഴിഞ്ഞെങ്കിൽ പിന്നെ എന്നോടുതന്നെ ക്ഷമിക്കാതിരിക്കാൻ ഞാനാര് എന്ന് സ്വയം ചോദിക്കുക. സ്വയം ക്ഷമിക്കാൻ അത് വളരെയധികം സഹായിക്കും.

നാം ചെയ്ത തെറ്റിനെക്കുറിച്ച് യഥാർത്ഥത്തിൽ പശ്ചാത്താപമുണ്ടായിരിക്കുകയും എന്നാൽ ദൈവം ക്ഷമിച്ചുവെന്ന് വിശ്വസിക്കാൻ വിഷമമനുഭവപ്പെടുകയും ചെയ്യുന്ന വേളകളിൽ എന്തു ചെയ്യാനാകും? തിരുവചനത്തിന്റെ സഹായം തേടുന്നത് വളരെ അഭികാമ്യമായിരിക്കും. കർത്താവിന്റെ കരുണയെക്കുറിച്ച് വിശദമാക്കുന്ന വിശുദ്ധവചനഭാഗങ്ങൾ തെരഞ്ഞെടുത്ത് വായിക്കുക.

വ്യഭിചാരവും കൊലപാതകവും ചെയ്ത ദാവീദ് പിന്നീട് പശ്ചാത്തപിച്ചതിനുശേഷം ചെയ്ത സങ്കീർത്തനമാണ് 51-ാം സങ്കീർത്തനം. അത് ദൈവത്തിന്റെ കരുണയെക്കുറിച്ചാണ് പറയുന്നത്. ലൂക്കായുടെ സുവിശേഷത്തിലെ 7: 36-48 തിരുവചനങ്ങൾ പാപിനിയോട് യേശു ക്ഷമിച്ചതിനെപ്പറ്റി വ്യക്തമാക്കുന്നു. ലൂക്കാ 15-ാം അധ്യായം ദൈവികകരുണയെക്കുറിച്ചുള്ള മൂന്ന് ഉപമകൾ ഉൾക്കൊള്ളുന്നു. ലൂക്കാ 23:34- തന്റെ ക്രൂരമായ വേദനകൾക്ക് കാരണമായവരോട് യേശു ക്ഷമിക്കുന്നു. ലൂക്കാ 23: 39-43 നല്ല കള്ളന് പറുദീസാ വാഗ്ദാനം ചെയ്യുന്ന യേശു. മേൽപ്പറഞ്ഞ വചനഭാഗങ്ങൾ പ്രാർത്ഥനാപൂർവ്വം വായിക്കുന്നത് ദൈവകരുണയിൽ വിശ്വസിക്കാനും ഏറ്റവും മോശമായി പാപം ചെയ്തുപോയെങ്കിൽപ്പോലും ദൈവകരുണ സ്വീകരിക്കാനും നമ്മെ സഹായിക്കും.

ഇനി നാം തെറ്റ് ചെയ്ത വ്യക്തി നമ്മോട് ക്ഷമിക്കാൻ തയാറാകാത്ത അവസ്ഥ പരിഗണിക്കാം. അങ്ങനെയൊരു സ്ഥിതിയിൽ നമുക്കെന്തു ചെയ്യാം. ഒന്നോർക്കുക, നാം യഥാർത്ഥത്തിൽ പശ്ചാത്തപിച്ചിട്ടുണ്ടെങ്കിൽ ദൈവം നമ്മോട് ക്ഷമിച്ചുകഴിഞ്ഞു. അതിനാൽ നാം തെറ്റ് ചെയ്ത വ്യക്തി നമ്മോട് ക്ഷമിക്കാൻ തയാറായില്ലെങ്കിലും നമുക്ക് സ്വയം ക്ഷമിക്കാം. നല്ല കള്ളന്റെ കാര്യം നല്ലൊരു ഉദാഹരണമല്ലേ? അയാൾ ഉപദ്രവിച്ചവരാരും അയാളോട് ക്ഷമിച്ചുകാണില്ല. പക്ഷേ യേശു അയാളോട് ക്ഷമിച്ചു. അതാണ് കാര്യങ്ങൾ വ്യത്യസ്തമാക്കിയത്. അതിനാൽ അങ്ങനെയൊരു സാഹചര്യത്തിൽ നാം സ്വയം ക്ഷമ നല്കാതിരിക്കേണ്ട ആവശ്യമില്ല.

നമ്മുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളോ പരാജയങ്ങളോ ക്ഷമിക്കാനാവാതെ വരുന്നതിന്റെ ഒരു പ്രധാനകാരണം പൂർണതാവാദമനോഭാവ(Perfectionist Spirit)േ മാണ്. എന്നാൽ ”നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ” (മത്താ 5:48) എന്ന തിരുവചനത്തിന്റെ അർത്ഥം ദൈവശാസ്ത്രജ്ഞൻമാർ വ്യക്തമാക്കുന്നത് എപ്രകാരമാണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ദൈ വം ദൈവികമായ പരിപൂർണതയിൽ ആയിരിക്കുന്നതുപോലെ നാം നമ്മുടെ പൂർണ്ണതയിൽ ആയിരിക്കണമെന്നാണ് ആ വചനത്തിലൂടെ അർത്ഥമാക്കുന്നത്. അതിനാ ൽ നമ്മോടുതന്നെ ക്ഷമിച്ച് ജീവിതം ആസ്വാദ്യമാക്കാം.

ഫാ. ഈമൺ ടോബിൻ

2 Comments

  1. abin says:

    a good article

  2. joby says:

    thanks for sharing this article, the message is touching, but I felt that the transition from the story to the message was not that smooth.

Leave a Reply

Your email address will not be published. Required fields are marked *