ആൽപ്‌സ് പർവ്വതത്തിലെ ഒരു ഉയർന്ന ഭാഗമായിരുന്നു അത്. ഇന്നത്തെ ഫ്രാൻസിൽ ഉൾപ്പെടുന്ന സ്ഥലം. ഒരു ദിവസം ആ പ്രദേശത്തുള്ള ഒരു പുരോഹിതൻ ധ്യാനാത്മകജീവിതം നയിക്കാൻ ആഗ്രഹിച്ചുകൊണ്ട്, അവിടെ ഒരു ഗുഹയിൽ എത്തി. അദ്ദേഹം കണ്ടത് അത്ഭുതകരമായ ഒരു ദർശനമാണ്. കുറച്ചപ്പുറത്തുള്ള ഒരു ഗുഹയിൽനിന്ന് ഒരു സ്ത്രീയെ മാലാഖമാർ വന്ന് സ്വർഗീയ ഗാനാലാപത്തോടെ സംവഹിച്ചുകൊണ്ടുപോകുന്നു, തിരികെയെത്തിക്കുന്നു.
അദ്ദേഹം പ്രാർത്ഥനയോടെ ആ ഗുഹയ്ക്കടുത്തേക്ക് പോകാൻ ശ്രമിച്ചു. പക്ഷേ ഹൃദയത്തിൽ ഭയവും ആശയക്കുഴപ്പവും നിറഞ്ഞതിനാൽ ഗുഹയെ സമീപിക്കാനായില്ല. പല പ്രാവശ്യം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ആ ദൈവമനുഷ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു: ”ഈ ഗുഹയിൽ വസിക്കുന്നയാളോട് അങ്ങയുടെ സ്രഷ്ടാവിന്റെ നാമത്തിൽ ഞാനപേക്ഷിക്കുന്നു. ദയവായി എന്നോട് സംസാരിക്കുകയും സത്യം വെളിപ്പെടുത്തുകയും ചെയ്യണമേ.” അപ്പോൾ ഗുഹക്കുള്ളിൽനിന്ന് ഒരു സ്വരം അദ്ദേഹം കേട്ടു: ”അടുത്തേക്ക് വരിക.”
പകുതിദൂരം മുന്നോട്ടു നടന്ന അദ്ദേഹം വീണ്ടും ആ സ്വരം കേട്ടു. പാപിനി എന്ന അവസ്ഥയിൽനിന്ന് ഉത്ഥിതനായ യേശുവിനെ കണ്ടവളെന്ന ഭാഗ്യത്തിലേക്ക് ഉയർത്തപ്പെട്ട മറിയം മഗ്ദലേനയാണ് താനെന്ന് സ്വരം വെളിപ്പെടുത്തി.
”വർഷങ്ങളായി ആരുമറിയാതെ ഞാനീ ഗുഹയിൽ താമസിക്കുന്നു. ഓരോ യാമപ്രാർത്ഥനയുടെ സമയത്തും വാനദൂതസംഘത്തിന്റെ മധുരകീർത്തനങ്ങൾ കേട്ടാനന്ദിക്കുവാൻ എന്നെ മാലാഖമാർ സംവഹിക്കുന്നു.”
മുന്നോട്ടു നടന്ന് ഗുഹയിലെത്തിയ ആ പുരോഹിതൻ വിശുദ്ധ മറിയം മഗ്ദലേനയെ കണ്ടു. പാപിനിയെ മഹാവിശുദ്ധയാക്കുന്ന കർത്താവിന്റെ സ്‌നേഹത്തിനുമുന്നിൽ അദ്ദേഹം വിസ്മയത്തോടെ നിന്നു.
1 Comment
i want your phone no. i tried so many times to call you but no not picked;