നല്ലവരാക്കുന്ന പുസ്തകം

പണ്ടുകാലത്ത്, എന്ന് പറഞ്ഞാൽ കുടുംബത്തിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്ന കാലത്ത്, മാതാപിതാക്കൾക്ക് മക്കളെക്കുറിച്ച്, അവരുടെ ഭാവിയെ സംബന്ധിച്ച വലിയ ഉത്ക്കണ്ഠയൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് എണ്ണം കുറവാണ്, എന്നാൽ ഉത്ക്കണ്ഠ ഏറെയാണ്. മക്കളെ എങ്ങനെ ഉപദേശിച്ച് നന്നാക്കാം എന്നാണ് ഇന്ന് മാതാപിതാക്കളുടെ മുഖ്യചിന്ത. എന്നാൽ കൂടുതൽ ഉപദേശിക്കുന്തോറും കുട്ടികൾ തങ്ങളുടെ കൈയിൽനിന്ന് വഴുതിപ്പോകുന്ന കാഴ്ചയാണ് മിക്കവരും കാണുന്നത്. എന്താണിതിന് കാരണം?

വീടിന് പുറത്തു ള്ള സൗഹൃദങ്ങളും അവ സ്ഥാപിക്കുവാനുള്ള ആധുനിക സാങ്കേതിക വിദ്യയും വളരെ ശക്തമാണ്. അവയെ മറികടക്കുവാൻ മാതാപിതാക്കളുടെ സാധാരണ ഉപദേശങ്ങൾക്കാവില്ല. കുട്ടികളുടെ നിഷ്‌കളങ്കമായ മനസിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള കൂടുതൽ ശക്തമായ ജീവിതമാതൃകകൾ നല്കുവാൻ മാതാപിതാക്കൾക്ക് സാധിച്ചാൽ അവർ വിജയിച്ചു. ആ സദ്മാതൃകകളുടെ ഓർമകൾ ഒരു പ്രകാശഗോപുരംപോലെ ജീവിതകാലം മുഴുവൻ അവരെ നയിക്കുകതന്നെ ചെയ്യും. അത്തരത്തിൽ തന്റെ കുട്ടിയുടെ ജീവിതത്തെ സ്വാധീനിച്ച ഒരു പിതാവിന്റെ ജീവിതകഥ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.

ഒരു അത്താഴം പഠിപ്പിച്ചത്

ഒരു സാധാരണ കുടുംബമാണ് അവരുടേത്. ആ കുട്ടിയുടെ പിതാവ് അന്ന് പതിവിലേറെ ക്ഷീണിതനായിരുന്നു. വളരെ ആഗ്രഹത്തോടെ നല്ലൊരു അത്താഴം കഴിക്കുവാനായി അദ്ദേഹം ഭക്ഷണമേശയ്ക്കരികെ ഇരുന്നു. ഭാര്യയാകട്ടെ പകൽ മുഴുവൻ നീണ്ടുനിന്ന അദ്ധ്വാനത്തിലൂടെ കൂടുതൽ ക്ഷീണിതയായിരുന്നു. തന്മൂലം അത്താഴം ലഘുവാക്കാമെന്ന് വിചാരിച്ചു. അന്ന് അത്താഴത്തിന് റൊട്ടി പൊരിച്ച് നല്കാമെന്ന് വിചാരിച്ചു. എന്നാൽ ക്ഷീണിച്ച് തളർന്ന അവർ അന്ന് പൊരിച്ച റൊട്ടി രുചി നഷ്ടപ്പെടുന്ന വിധത്തിൽ കരിഞ്ഞുപോയി. വളരെ ഭയത്തോടും ഭർത്താവ് എങ്ങനെ പെരുമാറുമെന്ന ഉത്ക്കണ്ഠയോടും കൂടിയാണ് അവർ അത്താഴം വിളമ്പിയത്.

അപ്പന് അമ്മ വിളമ്പിയ കരിഞ്ഞ റൊട്ടി കുട്ടി കണ്ടു. അപ്പന്റെ പ്രതികരണം എന്താണെന്ന് അവനും നോക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണ ഗതിയിൽ വലിയൊരു കോളിളക്കം ഉണ്ടാക്കേണ്ട ഒരു കാര്യമാണിത്. കാര്യം നിസാരം എന്നാൽ പ്രശ്‌നം ഗുരുതരം എന്ന മട്ടിലാണല്ലോ പല ഭവനങ്ങളിലും സംഭവങ്ങൾ നടക്കുന്നത്. ഭർത്താക്കന്മാർ പലവിധത്തിൽ ഈ സാഹചര്യത്തിൽ പ്രതികരിക്കാം. ‘ഞാൻ ഇന്ന് വളരെ ക്ഷീണിച്ചാണ് വന്നത്. ഇങ്ങനെ അശ്രദ്ധമായി നീ അത്താഴം ഉണ്ടാക്കിയത് എന്നോട് സ്‌നേഹമില്ലാഞ്ഞിട്ടാണ്. ഇപ്പോഴാണ് നിന്റെ തനിനിറം വെളിവായത്’ എന്ന് ഭർത്താവ് രോഷാകുലനായി വിളിച്ചു പറയുമ്പോൾ ഭാര്യയും വിട്ടുകൊടുക്കുകയില്ല. ‘ഞാൻ നിങ്ങളുടെ അടിമയൊന്നുമല്ല. വേണമെങ്കിൽ കഴിച്ചാൽ മതി.’

ഈ സംസാരം വലിയൊരു പൊട്ടിത്തെറിയിലേക്ക് നയിക്കാം. ഇന്നത്തെ കാലത്ത് വിവാഹമോചനത്തിന് നിസാരകാരണം മതിയല്ലോ. ചില ഭർത്താക്കന്മാർ തങ്ങളുടെ ഉള്ളിലെ രോഷം പ്രവൃത്തിയിലൂടെ പ്രകടമാക്കും. അങ്ങനെയാണ് കരിഞ്ഞ റൊട്ടി വച്ചിരിക്കുന്ന പാത്രം ഒരു പറക്കുംതളികയായി രൂപാന്തരപ്പെടുന്നത്. ഇനിയും ചിലർ ആ പാത്രം എടുത്ത് മേശമേൽ അടിച്ച് തങ്ങളുടെ രോഷം പ്രകടിപ്പിക്കും. എന്നിട്ട് പ്രതിഷേധം കാണിക്കുവാൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോകും. ജീവിതപങ്കാളിയുമായുള്ള ബന്ധത്തെ വഷളാക്കുന്ന പ്രതികരണങ്ങളാണ് ഇവയെല്ലാം എന്ന് പറയേണ്ടതില്ലല്ലോ.
എന്നാൽ, ജീവിതപങ്കാളിയെ ആദരിക്കുന്ന ഒരു ഭർത്താവിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരിക്കും. ‘അവൾ ഇപ്പോൾത്തന്നെ കുടുംബത്തിനുവേണ്ടി വളരെയധികം കഷ്ടപ്പെടുന്നുണ്ട്. എന്റെ പ്രവൃത്തികൊണ്ട് അവളെ കൂടുതൽ വേദനിപ്പിക്കരുത്’ – ഇങ്ങനെയാണ് അദ്ദേഹം ചിന്തിക്കുന്നത്. നമ്മുടെ കഥാപുരുഷന്റെ പ്രതികരണവും ഇപ്രകാരമായിരുന്നു. റൊട്ടി കരിഞ്ഞതാണെന്ന് താൻ ശ്രദ്ധിക്കുന്നില്ല എന്ന് അദ്ദേഹം നടിച്ചു. അതിന് ഒരു വഴി അദ്ദേഹം കണ്ടെത്തി. പഠനത്തിൽ സമർത്ഥനായ തന്റെ മകനെ അടുത്ത് വിളിച്ചിരുത്തി. അവന്റെ സ്‌കൂളിലെ വിശേഷങ്ങളെല്ലാം ചോദിച്ചു. ഇതിനിടയിൽ അദ്ദേഹം ആ റൊട്ടി അല്പാല്പമായി തിന്നു തീർത്തു.

പിതാവ് അവനോട് ചോദിച്ച ചോദ്യങ്ങളും അവൻ നല്കിയ ഉത്തരങ്ങളും ആ കുട്ടി കാലങ്ങൾ കഴിഞ്ഞപ്പോൾ മറന്നു. പക്ഷേ, അവന്റെ മനസിൽ ഒന്ന് നഷ്ടപ്പെടാതെ സൂക്ഷിക്കപ്പെട്ടിരുന്നു: അവന്റെ പിതാവിന്റെ സ്‌നേഹം നിറഞ്ഞ പെരുമാറ്റം. അമ്മയെ വാക്കുകൊണ്ടുപോലും വേദനിപ്പിക്കാത്ത ആ പിതാവിനെ അവന് എങ്ങനെയാണ് മറക്കുവാൻ സാധിക്കുക?
ഭർത്താവിന്റെ ഈ സ്‌നേഹം നിറഞ്ഞ പ്രതികരണം ഭാര്യയെ സ്വാധീനിച്ചു. അവർ ഭർത്താവിനോട് മാപ്പ് ചോദിച്ചു, കരിഞ്ഞ റൊട്ടി അത്താഴത്തിന് നല്കിയതിന്. അപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം കൂടുതൽ അതിശയമുളവാക്കുന്നതായിരുന്നു. അദ്ദേഹം ഭാര്യയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘പ്രിയപ്പെട്ടവളേ, കരിഞ്ഞ റൊട്ടി എനിക്ക് ഇഷ്ടമാണ്.’ അപ്പുറത്തെ മുറിയിലിരുന്ന് ഗൃഹപാഠം ചെയ്യുന്ന കുട്ടി ഇത് കേൾക്കുന്നുണ്ടായിരുന്നു.

അവന് കൂടുതൽ അതിശയമായി. അപ്പന് കരിഞ്ഞ റൊട്ടി ഇഷ്ടമാണെന്നല്ലേ പറഞ്ഞത്. അത് ശരിയാണോ? അമ്മ മാറിക്കഴിഞ്ഞപ്പോൾ അവൻ അപ്പന്റെ അടുത്തുചെന്ന് സ്‌നേഹപൂർവം കഴുത്തിൽ കെട്ടിപ്പിടിച്ച് കാതിൽ ചോദിച്ചു: ‘അപ്പന് ശരിക്കും കരിഞ്ഞ റൊട്ടി ഇഷ്ടമാണോ?’ അപ്പോൾ അവന്റെ അപ്പൻ നല്കിയ മറുപടി അവൻ ഒരുനാളും മറന്നില്ല. ‘മകനേ, നിന്റെ അമ്മ ഒത്തിരി കഷ്ടപ്പെടുന്നുണ്ട്. ശരീരത്തിന്റെ ക്ഷീണം കൊണ്ടാണ് റൊട്ടി കരിഞ്ഞുപോയത്. മകനേ, കരിഞ്ഞ റൊട്ടിക്ക് ആരെയും വേദനിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നാൽ പരുഷമായ വാക്കുകൾക്ക് സാധിക്കും. മനുഷ്യജീവിതം അപൂർണതകൾ നിറഞ്ഞതാണ്. അതിനാൽ നാം എപ്പോഴും മറ്റുള്ളവരോട് സഹാനുഭൂതിയോടെതന്നെ പെരുമാറണം.’

പ്രകാശം നല്കാനുള്ള വഴികൾ

ഈ വാക്കുകൾ ആ കുഞ്ഞിന്റെ മനസിന് എന്തെന്നില്ലാത്ത പ്രകാശം നല്കി. മറ്റുള്ളവർക്കുവേണ്ടി ജീവിക്കണം എന്ന ആഗ്രഹം അവനിൽ രൂഢമൂലമായി. ആ തീക്ഷ്ണതകൊണ്ട് അവൻ പില്ക്കാലത്ത് വിവാഹം കഴിക്കുവാൻപോലും മറന്നുപോയി. അവൻ വളർന്ന് ലോകപ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രസിഡന്റുമായി. ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ബാല്യകാലാനുഭവമാണിത്.

മാതാപിതാക്കളുടെ ജീവിതമാണ് മക്കൾ എന്നും വായിക്കുന്ന പുസ്തകം. അതിലെ അക്ഷരത്തെറ്റുകൾ അവർ വേഗം ശ്രദ്ധിക്കും. ഒരിക്കൽ പഠനത്തിൽ ശ്രദ്ധയില്ലാത്ത ഒരു കുട്ടിയെ ഒരു കൗൺസിലറുടെ അടുത്ത് കൊണ്ടുചെന്നു. അവന് പഠിക്കുവാൻ എല്ലാ സൗകര്യങ്ങളും അവന്റെ അപ്പൻ ഒരുക്കിയിട്ടുണ്ട്. സ്‌കൂളിൽ അവന് പോകുവാൻ പ്രത്യേക കാറും ഡ്രൈവറും, സ്‌കൂൾ കഴിഞ്ഞാൽ സ്‌പെഷ്യൽ ട്യൂഷൻ. പക്ഷേ, അവന് പഠനത്തിൽ താല്പര്യമില്ല. അവനെ ഡോക്ടർ ആക്കണമെന്നാണ് അപ്പന്റെ ആഗ്രഹം. എങ്ങനെയെങ്കിലും പ്ലസ്ടു പാസായാൽ മതി, അവനെ ഏത് സ്വകാര്യ മെഡിക്കൽ കോളജിൽ ചേർത്തും പഠിപ്പിക്കാൻ അപ്പൻ ലക്ഷങ്ങൾ കരുതിവച്ചിട്ടുണ്ട്. അവൻ കൗൺസിലറോട് പറഞ്ഞു: ‘ഉപദേശം നല്‌കേണ്ടത് എനിക്കല്ല, എന്റെ അപ്പനാണ്. രാത്രിയിൽ അപ്പൻ വരുന്ന കാഴ്ച ഒന്നു കാണേണ്ടതാണ്. കാറിൽനിന്ന് രണ്ടുപേർ താങ്ങിപ്പിടിച്ചാണ് അപ്പനെ വീട്ടിനകത്തേക്ക് കൊണ്ടുവരുന്നത്.’ ആ മകൻ പഠനത്തിൽ പിറകിലായില്ലെങ്കിലേ അത്ഭുതമുള്ളൂ.

മക്കൾ, അവരുടെ തലമുറകൾ അനുഗ്രഹിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരാണുള്ളത്? അവർ ഭൂമിയിൽ പ്രബലമാകണമെന്നു തന്നെയാണ് ദൈവം ആഗ്രഹിക്കുന്നത്. പക്ഷേ, അതിന് മാതാപിതാക്കൾ ഒരു വില നല്‌കേണ്ടതുണ്ട്. വിശുദ്ധ ഗ്രന്ഥം അതിനെക്കുറിച്ച് ഇപ്രകാരം നമ്മെ ഓർമിപ്പിക്കുന്നു: ”കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്പനകളിൽ ആനന്ദിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും” (സങ്കീ. 112:1-2).

യേശുവിന്റെ കരുണയും സ്‌നേഹവും ജീവിതത്തിൽ പകർത്തി കുഞ്ഞുങ്ങൾക്ക് നല്ല മാതൃകകൾ നല്കുന്നവരായി രൂപാന്തരപ്പെടുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. അതുവഴി ഈ ലോകവും വരുംതലമുറകളും അനുഗ്രഹിക്കപ്പെടട്ടെ.
സ്‌നേഹനിധിയായ പിതാവേ, അങ്ങയുടെ വാത്സല്യം നിറഞ്ഞ സ്‌നേഹം എന്നിലേക്ക് ഒഴുക്കണമേ. അങ്ങ് സ്‌നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്‌നേഹിക്കുവാനും അവരെ കരുതുവാനും എന്നെ അനുഗ്രഹിക്കണമേ. ഞാനുമായി അടുത്ത് ഇടപഴകുന്നവരുടെ ബലഹീനതകൾ മനസിലാക്കുവാനും മറ്റുള്ളവരുടെ മുൻപിൽ അവരുടെ അഭിമാനവും സല്‌പ്പേരും സംരക്ഷിക്കുന്ന വിധത്തിൽ പെരുമാറുവാനും സംസാരിക്കുവാനും എന്നെ അനുഗ്രഹിച്ചാലും. അങ്ങനെ അങ്ങയെ അവരുടെ മുൻപിൽ ഞാൻ പ്രകാശിപ്പിക്കുവാൻ ഇടയാകട്ടെ. ഈ മേഖലയിൽ എനിക്ക് വന്ന വീഴ്ചകളെ അവിടുന്ന് പൊറുക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, യേശുവിന്റെ മാർഗത്തിൽ മാത്രം എന്നും എന്നെ നടത്തുവാൻ പ്രാർത്ഥിക്കണമേ, ആമ്മേൻ.

കെ.ജെ. മാത്യു

5 Comments

  1. Babu says:

    Great
    Really touching.
    All parents should read

  2. Matt says:

    Thank you for the article.
    We parents should take the children to our priests coming after holy mass for a blessing for amazing results.
    It is100 times effective than 1000 advices.We should start this practice in all of our catholic schools. We can see the spiritual, intellectual and healthwise improvements in a week istelf.
    All glory Lord Jesus, Amen!

  3. K C Thomas says:

    A very nice story. If at all we understand the esence of the story and reform ourselves !

  4. Keven Dsilva says:

    Amazing Article and really Happy to know about Dr.A.P.J.Abdul Kalam ,Our Former President. This is a very good article for all the Parents,a Must read..Praise the Lord. I am sharing this article in my Face Book. Keven Dsilva

  5. Anoop Abraham says:

    Super

Leave a Reply to Keven Dsilva Cancel reply

Your email address will not be published. Required fields are marked *