ഇനി നമുക്ക് പുതിയ ആകാശം

ക്യാൻസർ രോഗിയാണെന്നറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല ജോജോയ്ക്ക്. ശാലോമിനോടുചേർന്ന് ശുശ്രൂഷാജീവിതം നയിക്കുന്ന തനിക്ക് ഈ രോഗമോ?
ശുശ്രൂഷകർ കരംകോർത്തു, കുടുംബത്തിനും ജോജോയ്ക്കുമൊപ്പം. ദൈവസന്നിധിയിൽ നിലവിളി സാധാരണമായി. സ്‌കാനിംഗ് റിസൾട്ട് കൂടുതൽ ഭയമുളവാക്കി. ആയുസ്സിന്റെ ദിനങ്ങൾ എണ്ണാൻ കഴിയും വിധം ചുരുങ്ങിയതുപോലെ. വികസിതരാജ്യമായ അമേരിക്കയിലായതിനാൽ ചികിത്സാസൗകര്യങ്ങൾ ലഭ്യം. പക്ഷേ ആറുമാസത്തിലധികം മുന്നോട്ട് പോകുമോ എന്ന് മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർ സംശയിച്ചു. ചുറുചുറുക്കും ഉന്മേഷവും എങ്ങോ പോയ്മറഞ്ഞു.

എങ്കിലും ജോജോയുടെ ഉള്ളിലെ തീ കെടുത്താൻ സാഹചര്യങ്ങൾക്കോ വൈദ്യശാസ്ത്ര വിധികൾക്കോ ആയില്ല. ആയുസിന്റെ ദിനങ്ങൾ നിശ്ചയിക്കുന്നത് ദൈവമെന്ന് ജോജോ. ചികിത്സയുമായി മാസങ്ങൾ പിന്നിട്ടു. രക്തത്തിന്റെ കൗണ്ട് കുറയുന്നതിനാൽ ക്ഷീണം അധികമായി. ഉടനെ ആശുപത്രിയിലെത്തിക്കണം. ജോജോ പറഞ്ഞു, ഞാൻ പോകില്ല. കർത്താവെന്നെ സുഖപ്പെടുത്തും.

എന്തെങ്കിലും ചെയ്‌തേ മതിയാകൂ. ആശുപത്രിയിൽ പോകാൻ ജോജോയെ നിർബന്ധിക്കണം എന്ന് അദ്ദേഹത്തിന്റെ ഭാര്യ എന്നോട് ആവശ്യപ്പെട്ടു. അച്ചൻ പറഞ്ഞാൽ അനുസരിക്കുമെന്ന വിശ്വാസത്തിൽ. അനുസരണത്തിനുമേൽ ജോജോ ആശുപത്രിയിൽ പോയെങ്കിലും ദിവ്യവൈദ്യനായ യേശുവിൽ മാത്രമാണ് ജോജോയുടെ വിശ്വാസം.
ആരുടെയും ആശ്വാസവാക്ക് അദ്ദേഹത്തിനാവശ്യമില്ല. ദിവ്യകാരുണ്യം മുടങ്ങാതെ കിട്ടണം. വികാരിയച്ചനും സിസ്‌റ്റേഴ്‌സും അതിനു സൗകര്യമൊരുക്കി. ഇതിനിടെ, ഇടവകതിരുനാളിന് ആഘോഷമായി ദേവാലയത്തിൽ പോയി ഈശോയെ സ്വീകരിക്കണം. അതും ചെയ്തു. കീമോയുടെ ശക്തിയെക്കാൾ ദിവ്യകാരുണ്യശക്തി ജോജോയുടെ കോശങ്ങളെ രൂപാന്തരപ്പെടുത്തി. വൈദ്യശാസ്ത്രവിധി ദിവ്യകാരുണ്യം തിരുത്തിയെഴുതി. പുതിയ മെഡിക്കൽ റിപ്പോർട്ട് വന്നു, ക്യാൻസറിന്റെ അംശം പോലും ശരീരത്തിലില്ല! പൂർണസൗഖ്യം! കൊഴിഞ്ഞ മുടികൾ കിളിർത്തു, പ്രത്യാശയുടെ വെട്ടം മുഖത്തെത്തി. ഫോൺ തുമ്പത്ത് പ്രാർത്ഥനയും ശുശ്രൂഷയുമായി ജോജോ മുന്നോട്ടുതന്നെ. അതെ, ”നിങ്ങളുടെ മുമ്പാകെ കർത്താവ് പ്രവർത്തിക്കുന്ന കാര്യങ്ങൾ വിസ്മയത്തോടെ നോക്കുക” (1 സാമു. 12:16). ”ദൈവത്തിന്റെ വഴികൾ നമ്മുടേതുപോലെയല്ല” (ഏശ. 55:8).

മനുഷ്യന്റെ സ്വപ്‌നങ്ങൾക്ക് പരിമിതിയുണ്ട്. സാഹചര്യങ്ങളെയും അനുഭവങ്ങളെയും മുൻനിറുത്തിയാണ് പലരും ജീവിതസ്വപ്‌നങ്ങൾ മെനയുന്നത്. നമുക്ക് മുമ്പേ യാത്ര ചെയ്തവരോ, ശ്രദ്ധേയരായ വ്യക്തിത്വങ്ങളോ ഒക്കെ നമ്മുടെ ജീവിതത്തിന്റെ ആകാശം നിർണയിക്കാൻ സഹായിച്ചേക്കാം. അത്തരം ശ്രമങ്ങളിലെല്ലാം പരിമിതിയുണ്ട്. എന്നാൽ, ദൈവം നമുക്കായി കാണുന്ന സ്വപ്‌നം വളരെ വിശാലമാണ്. ഒരു വാക്ക് നേരേ ചൊവ്വേ സംസാരിക്കാൻ പ്രാപ്തിയില്ലാത്ത, വിക്കനായിരുന്നു മോശ. എന്നാൽ, ദൈവമവനെ മാനവചരിത്രത്തിലെ ഏറ്റവും വലിയ ജനനേതാവാക്കി മാറ്റി. ഫറവോയുടെ കൊട്ടാരത്തിലുള്ള വാസത്തിനപ്പുറം തന്നെക്കുറിച്ച് സ്വപ്‌നം കാണാൻ മോശയ്ക്കു കഴിയുമായിരുന്നില്ല. എങ്കിലും, ദൈവം അവനെ ഉയർത്തി. അതെ, ദൈവത്തിന് നമ്മെക്കുറിച്ച് വിചാരമുണ്ട്.

പുതിയ ആകാശം സൃഷ്ടിക്കുന്ന ദൈവം

എശയ്യാ പ്രവചനം ശ്രദ്ധേയമാണ്; ”ഇതാ ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂർവ്വകാര്യങ്ങൾ അനുസ്മരിക്കുകയോ അവ മനസിൽ വരുകയോ ഇല്ല. ഞാൻ സൃഷ്ടിക്കുന്നവയിൽ നിങ്ങൾ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിൻ” (ഏശ. 65:17-18). എന്റെ ആകാശം ചെറുതാകാം. എന്നാൽ ആകാശത്തിന്റെ അതിരുകൾ മായിച്ചുകളയാത്ത ക്രിസ്തു എനിക്കായൊരുക്കുന്നത് വിശാലമായ ലോകമാണ്.

എല്ലാ സ്വപ്‌നങ്ങളുടെയും കൂമ്പുകരിഞ്ഞ അവസ്ഥയിലായിരുന്നു അബ്രാഹവും സാറയും. അനുഗ്രഹമായി മാറേണ്ടവർക്ക്, ഭൂമുഖത്തെ വംശം നിലനിറുത്തേണ്ടവർക്ക്, മക്കളില്ല എന്ന അവസ്ഥ. സങ്കടത്തോടെ അവർ പറഞ്ഞു: ‘ഓ, ദൈവമേ, എനിക്കൊരു സന്താനത്തെ നീ തന്നിട്ടില്ലല്ലോ.’ (ഉൽപ. 15:3). ആ സങ്കടക്കണ്ണുകൾ വാനിലേക്കുയർത്താൻ ദൈവം അവരോടാവശ്യപ്പെട്ടു. ആകാശത്തിലെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത നക്ഷത്രങ്ങൾ പോലെ മക്കളെത്തരുമെന്ന് വാഗ്ദാനം നൽകി.

വർഷങ്ങൾ പലതു കഴിഞ്ഞു. പ്രതീക്ഷയുടെ ചിറകൊടിഞ്ഞു: ‘നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?’ (ഉൽപ. 17:18). ദാസിയിൽനിന്നും കുഞ്ഞിനെ ജനിപ്പിക്കാൻ ഭാര്യയുടെ ഉപദേശം. മക്കളെ ലഭിക്കാൻ അബ്രാം ഹാഗാറിനെ അശ്രയിച്ചപ്പോൾ അവൻ സ്വന്തം ആകാശം മെനയുകയായിരുന്നു. ദൈവത്തിന്റെ വാഗ്ദാനത്തെ വിലകുറച്ചു കാണിക്കുന്നു. ലോകം പറയുന്നതും ജീവിതപങ്കാളി പറയുന്നതും വലിയ കാര്യമായി തോന്നി. എന്തിന് ദൈവത്തെപ്പോലും അവൻ ആശ്വസിപ്പിക്കുന്നു, നീ പറഞ്ഞ കാര്യങ്ങൾ വിട്ടുകളഞ്ഞേര്. ആ ഇസ്മയേലിനെ അനുഗ്രഹിച്ചാൽ മതി. (ഉൽപ. 17:19).

സാറായുടെ ദാസിയായ ഹാഗാറിൽനിന്നും ജനിച്ചതാണല്ലോ ഇസ്മയേൽ. ദൈവത്തിന്റെ സ്വപ്‌നം വരാനിരിക്കുന്ന ഇസഹാക്കുമായി ബന്ധപ്പെട്ടായിരുന്നെങ്കിൽ അബ്രഹാമിന്റെ സ്വപ്‌നം ഇസ്മയേലിനെക്കൊണ്ട് തൃപ്തിപ്പെടാനായിരുന്നു. ദൈവം ഒരു വാക്കു പറഞ്ഞാൽ, അതവിടുന്ന് മറക്കില്ല, കുറയ്ക്കില്ല, തിരുത്തുകയുമില്ല. അതു നടത്തുകതന്നെ ചെയ്യും. മനുഷ്യരാൽ നിർമിക്കപ്പെടുന്ന പരിമിതികളെ തട്ടിയെറിഞ്ഞ് ദൈവം തരുന്ന പ്രതീക്ഷകളുടെ വചനത്തെ ചേർത്തുപിടിക്കാം.

രക്ഷാകരചരിത്രത്തിൽ നിർണായകസ്ഥാനം വഹിച്ചിട്ടുള്ള എല്ലാവരുടെയും ജീവിതത്തിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് വന്ധ്യത എന്നൊരു പ്രശ്‌നമെടുക്കുക. വിശുദ്ധ ഗ്രന്ഥത്തിലെ പ്രധാന വ്യക്തികളുടെ കുടുംബങ്ങളിലെല്ലാം ഇത് കാണാമായിരുന്നു. അബ്രാഹത്തിന്റെ ഭാര്യ സാറയും ഇസഹാക്കിന്റെ ഭാര്യ റബേക്കായും യാക്കോബിന്റെ ഭാര്യ റാഹേലും വന്ധ്യയായിരുന്നു. സാംസന്റെ അമ്മയും സാമുവേലിന്റെ അമ്മയും പാരമ്പര്യമനുസരിച്ച,് മറിയത്തിന്റെ അമ്മയും വന്ധ്യകളായിരുന്നു. മനുഷ്യരുടെ വിധിവാചകങ്ങൾ അവരെ തളർത്തിക്കളഞ്ഞിരുന്നു. വിധിയായി ചിലർ വ്യാഖ്യാനിച്ചു; മറ്റു ചിലർ ശാപമായും. സഹോദരങ്ങളിടുന്ന വിധിയും സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവും നിയമവ്യവസ്ഥിതികൾ ഒരുക്കുന്ന കുരുക്കുകളും ഭേദിക്കാൻ നമ്മുടെ ദൈവത്തിന് കഴിയില്ലേ? രക്ഷാകരചരിത്രത്തിലെ മുഖ്യകഥാപാത്രങ്ങളാക്കി ഇവരുടെ മക്കളെ ദൈവമുയർത്തി. ശാപകരമെന്നു വിധിയെഴുതപ്പെട്ടവ അനുഗ്രഹത്തിന്റെ അടയാളങ്ങളാകുന്നു.

വേദനയുടെ പുത്രനെന്നറിയപ്പെടുന്ന യാബസ് പ്രാർത്ഥിച്ചു: ”അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ” (1 ദിന. 4:10). ഇസ്രയേലിന്റെ നിലവിളി കേട്ട ദൈവം പറഞ്ഞു: ”നിങ്ങളുടെ അതിരുകൾ ഞാൻ വിപുലമാക്കും” (പുറ. 34:24). നമ്മുടെ ആയുസ്സിന്റെ കാലാവധി നീട്ടാനും സമാധാനത്തിന്റെ നാളുകൾ വിശാലമാക്കാനും ദൈവത്തിനാകും.

നമുക്ക് പ്രാർത്ഥിക്കാം. ഇസ്രായേലിന്റെ അതിർത്തികൾ വിസ്തൃതമാക്കിയവനേ, ഞങ്ങളുടെ ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സൗഖ്യത്തിന്റെയും അതിർവരമ്പുകളെ വിശാലമാക്കണമേ. മനുഷ്യർ ഇടുന്ന വിധികൾ മായിച്ചുകളയാനും ആയുസ്സിന്റെ ദിനങ്ങളെ വർധിപ്പിക്കാനും കുഴിമാടത്തെ തകർത്തു പുറത്തുവന്ന യേശുവേ, കൃപയേകണമേ. ആമ്മേൻ.

റവ. ഡോ. റോയി പാലാട്ടി സി.എം.ഐ

10 Comments

  1. Mini George says:

    Thank you Acha for this article. This article will open the hearts of many people. The world around you and the people around you may not understand you but our God always listen to your cries and he will do miracles who believe in him.

  2. Jisha Mathew says:

    Very inspiring article. Thank you so much.

  3. Saju Thomas says:

    Very inspiring article. Thank you.

  4. LovelyJohns says:

    My Lord my God help me to grow in faith every moment in my life .Thank you Father & my Lord Jesus

  5. Jesmi Mathew says:

    Very inspiring article.Thanks a lot.

  6. K.P.Jose says:

    Worth reading… thanks for sharing..

  7. Anoop Abraham says:

    Inspiring. Amen

  8. manu chandy says:

    amen

  9. sophy says:

    very inspiring, God bless you

Leave a Reply to LovelyJohns Cancel reply

Your email address will not be published. Required fields are marked *