ഏറ്റവും നല്ല ബർത്ത്‌ഡേ

അടുത്ത മാസം വരാൻ പോകുന്ന തന്റെ ബർത്ത്‌ഡേ ആഘോഷത്തെക്കുറിച്ച് ചിന്തിച്ചാണ് സനു പാർക്കിൽ ഇരുന്നത്. ഇത്തവണ എല്ലാവർക്കും എന്തെങ്കിലും സർപ്രൈസ് കൊടുക്കണമെന്ന് അവന് ആഗ്രഹം തോന്നി. അങ്ങനെ പലതും ആലോചിച്ചിരുന്നപ്പോഴേക്കും കൂട്ടുകാർ എത്തി. പിന്നെ കൂട്ടുകാർക്കൊപ്പം കളിച്ചു. കളിയൊക്കെ കഴിഞ്ഞ് തിരികെ വീട്ടിലെത്തി.

കുളിയെല്ലാം കഴിഞ്ഞ് ഫ്രഷായി ടി.വി കാണാനിരുന്നു. ചാനൽ മാറ്റുന്നതിനിടക്ക് ഒരു ദൃശ്യം കണ്ടു. ഒരു അനാഥമന്ദിരത്തിൽ കുട്ടികളോടൊപ്പം കളിക്കുന്ന കുറച്ച് ചേട്ടൻമാർ. അവരെ കണ്ടാൽ വലിയ ഉദ്യോഗസ്ഥൻമാരാണെന്നു തോന്നുന്നുമുണ്ട്.

സനു അതുതന്നെ ശ്രദ്ധിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ അവരെ പരിചയപ്പെടുത്തിക്കൊണ്ട് അവതാരക എത്തി. അവർ കംപ്യൂട്ടർ എൻജിനീയർമാരാണത്രേ, വലിയ കമ്പനിയിൽ ജോലി ചെയ്യുന്നവർ. അവധി ദിവസങ്ങളിൽ ഈ കുട്ടികൾക്കൊപ്പം സമയം ചെലവിടുകയും അവരെ പഠിപ്പിക്കുകയും സമ്മാനങ്ങൾ നല്കുകയുമൊക്കെ ചെയ്യും. അതവർക്ക് വളരെ സന്തോഷം നല്കുന്നുവെന്നും അവർ പറഞ്ഞു.

ആ പരിപാടി കഴിഞ്ഞപ്പോൾ സനു ടി.വി. ഓഫാക്കി. അവന്റെ ചിന്ത മുഴുവൻ ആ പാവം കുട്ടികളെയും അവരെ സഹായിക്കുന്ന ആ ചേട്ടൻമാരെയും കുറിച്ചായിരുന്നു. കുറേ നേരം ആലോചിച്ചപ്പോൾ അവനും അങ്ങനെ എന്തെങ്കിലും ചെയ്യണമെന്നു തോന്നി. ഒടുവിൽ ഒരു തീരുമാനത്തിലെത്തി. ഇത്തവണ ബർത്ത്‌ഡേ പാർട്ടി വേണ്ട. അതിനുവേണ്ടി ചെലവാക്കാറുള്ള പണം മുഴുവൻ അടുത്തുള്ള അനാഥമന്ദിരത്തിനു കൊടുക്കാം. നാളെത്തന്നെ പപ്പയോടു പറഞ്ഞ് അവിടത്തെ സിസ്റ്റേഴ്‌സിനെ പോയി കാണണം.

ഇനി എല്ലാ ദിവസവും കുറച്ചുനേരം അവരോടൊപ്പം കളിക്കാൻ അനുവാദവും ചോദിക്കണം. പപ്പയും മമ്മിയും സമ്മതിക്കാതിരിക്കില്ല. തന്റെ ലാപ്‌ടോപ് കൊണ്ടുപോയി അവർക്ക് പുതിയ കാര്യങ്ങളൊക്കെ കാണിച്ചുകൊടുക്കാം. അവരെയും കൂട്ടുകാരാക്കണം. ഓർത്തുകൊണ്ടിരുന്നപ്പോൾ സനുവിന് വളരെ സന്തോഷം തോന്നി. അങ്ങനെയിരുന്ന് അവൻ ഉറങ്ങിപ്പോയി.

”സനൂ സനൂ, ഇതെന്താ ഈ സന്ധ്യാസമയത്ത് ഇരുന്ന് ഉറങ്ങുന്നത്. പഠിക്കണ്ടേ?” മമ്മിയുടെ സ്വരം കേട്ടാണ് അവൻ കണ്ണു തുറന്നത്. അപ്പോൾത്തന്നെ അവൻ മമ്മിയോട് കാര്യം പറഞ്ഞു. മമ്മിക്ക് സന്തോഷമായി. പപ്പ വന്നപ്പോൾ പപ്പയും സനുവിന്റെ ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം നല്കി. അന്നുമുതൽ സനു അനാഥരായ കൂട്ടുകാർക്കായി ഈശോയോട് പ്രാർത്ഥിക്കാനും തുടങ്ങി. അങ്ങനെ അത്തവണത്തെ സനുവിന്റെ ബർത്ത്‌ഡേ ഏറ്റവും നല്ല ബർത്ത്‌ഡേ ആയി.

Leave a Reply

Your email address will not be published. Required fields are marked *