”വിതക്കാൻ ഉഴുന്നവൻ എപ്പോഴും ഉഴുതുകൊണ്ടിരിക്കുമോ?”ഏശയ്യാ 28:24

ചില കോമൺസെൻസ് ചോദ്യങ്ങൾ ദൈവം ചോദിക്കുകയാണ്: വിതക്കാനായി ഉഴുന്നവൻ എപ്പോഴും ഉഴുതുകൊണ്ടിരിക്കുമോ? അവൻ എപ്പോഴും നിലം ഇളക്കി, കട്ട ഉടച്ചുകൊണ്ടിരിക്കുമോ? നിലം ഒരുക്കിക്കഴിയുമ്പോൾ അവൻ ചതകുപ്പ വിതറുകയും ജീരകം വിതക്കുകയും ഗോതമ്പ് വരിയായി നടുകയും ബാർലി യഥാസ്ഥാനം വിതക്കുകയും ചെറുഗോതമ്പ് അതിനുള്ളിൽ ഇടുകയും ചെയ്യുന്നില്ലേ? കർത്താവ് ചോദിച്ച ഓരോ ചോദ്യത്തിലേക്കും കടന്നുപോകാം. വിതക്കാനായി ഉഴുന്നവൻ എപ്പോഴും ഉഴുതുകൊണ്ടിരിക്കുമോ? ഇല്ല, കാരണം എപ്പോഴും ഉഴുതുകൊണ്ടിരുന്നാൽ വിതക്കാനും നടാനും പറ്റില്ല.

ഇനി വിളവെടുക്കുന്ന സാഹചര്യത്തെപ്പറ്റി കർത്താവ് ചോദിക്കുകയാണ്: ധാന്യം മെതിക്കുമ്പോൾ അത് ചതച്ചുകളയുമോ? ഇല്ല എന്നാണല്ലോ ഉത്തരം. മെതിക്കുമ്പോൾ കച്ചിയിൽനിന്ന് ധാന്യം വേർപെടുത്തി കഴിഞ്ഞാൽ പിന്നെയും മെതിക്കേണ്ട കാര്യമില്ല. ഇതെല്ലാം പറഞ്ഞിട്ട് ഇത്തരത്തിലുള്ള അറിവുകൾ മനുഷ്യർക്ക് എവിടെനിന്ന് ലഭിച്ചു എന്ന് കർത്താവ് നമ്മോട് ചോദിക്കുന്നു. അവിടുന്ന് മറുപടിയും നല്കുന്നു. സൈന്യങ്ങളുടെ കർത്താവിൽനിന്നാണ് ഈ അറിവ് ലഭിക്കുന്നത്. എന്നിട്ട്, തന്റെ അറിവിന്റെ ശ്രേഷ്ഠതയെപ്പറ്റി കർത്താവ് ഇപ്രകാരം പറഞ്ഞു: അവിടുത്തെ ഉപദേശം വിസ്മയനീയവും ജ്ഞാനം മഹോന്നതവുമാണ് (ഏശയ്യാ 28:29).

അത്യുന്നതന്റെ ഉപദേശം കേൾക്കുന്നവനും ദൈവത്തിന്റെ വഴിയേ നടക്കുന്നവനും ഭാഗ്യവാനാണ് എന്ന് നമ്മൾ കേട്ടിട്ടില്ലേ? നമ്മെ ഉപദേശിക്കുവാൻ പലരുണ്ട്. നമ്മുടെതന്നെ അറിവ്, ബുദ്ധി, പരിചയം, തോന്നൽ എന്നിവ നമ്മെ ഉപദേശിക്കും. മറ്റ് മനുഷ്യർ ഉപദേശിക്കും. പിശാചും നമ്മെ ഉപദേശിക്കും. ദൈവവും തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മെ ഉപദേശിക്കും. ഇവരിൽ ആരുടെ ഉപദേശം നാം കേൾക്കുന്നു, അനുസരിക്കുന്നു എന്നത് അനുസരിച്ചായിരിക്കും നമ്മുടെ വിജയ-പരാജയങ്ങൾ.

ദൈവത്തിന്റെ ഉപദേശത്തിന്റെ പ്രത്യേകത ഇതാണ്: ദൈവത്തിന്റെ ജ്ഞാനം മഹോന്നതമാണ്. അതുകൊണ്ട് ദൈവത്തിന്റെ ഉപദേശം എപ്പോഴും ഏറ്റവും നല്ല ഉപദേശമായിരിക്കും. പിശാചിന്റെ ഉപദേശമാകട്ടെ നശിപ്പിക്കാനാണ്. പക്ഷേ അത് മനസിലാകുന്ന വിധത്തിൽ ആയിരിക്കണമെന്നില്ലതാനും. സ്വന്തം അറിവും ബുദ്ധിയും പരിചയവുംവച്ച് സ്വയം തീരുമാനിച്ച് നടപ്പാക്കിയ എത്രയോ കാര്യങ്ങൾ പരാജയപ്പെട്ടതിന്റെ അനുഭവങ്ങൾ നമുക്കുണ്ട്. മനുഷ്യരുടെ ഉപദേശം മാത്രം കേട്ടതിനാൽ വഞ്ചിക്കപ്പെട്ട, പരാജയപ്പെട്ട അനുഭവങ്ങളും വിരളമല്ലല്ലോ. അതിനാൽ, കർഷകന് ഏറ്റവും ഫലപ്രദമായ രീതിയിൽ കൃഷി ചെയ്യാനുള്ള ജ്ഞാനവും ഉപദേശവും നൽകുന്ന ദൈവം, നമുക്ക് ഓരോരുത്തർക്കും ആവശ്യമായ ജ്ഞാനവും ഉപദേശവും തരാൻ കഴിവുള്ളവനും മനസുള്ളവനുമാണെന്ന് ഓർക്കാം. ദൈവമേ, അങ്ങയുടെ മഹോന്നതമായ ജ്ഞാനംകൊണ്ട് എന്നെ ജ്ഞാനിയാക്കണമേ എന്ന് ദിവസവും പ്രാർത്ഥിക്കാം.

ഫാ. ജോസഫ് വയലിൽ സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *