അഹറോന്റെ അഭിഷേകതൈലം

ചെറുപ്പകാലത്ത് മഴക്കാലം ആരംഭിച്ചാൽ ഞങ്ങൾക്ക് പേടിയായിരുന്നു. കാരണം എല്ലാ വർഷവും വീട്ടിൽ വെള്ളം കയറും. സാധനങ്ങൾ നഷ്ടപ്പെടുക മാത്രമല്ല, ഇഴജന്തുക്കൾ കയറുകയും ചെയ്യും. അതുകൊണ്ട് ഞങ്ങൾ അതിനടുത്തായി വേറൊരു കൊച്ചുവീടുണ്ടാക്കി താമസം മാറ്റി. ഈയിടെ ചോർന്നൊലിക്കുന്ന ആ പഴയ വീട്ടിലേക്ക് 22 സെമിനാരി വിദ്യാർത്ഥികൾ അവരുടെ പരിശീലനത്തിന്റെ ഭാഗമായി താമസത്തിനെത്തി.

പിന്നീട് വീട്ടിൽ ചെന്നപ്പോൾ ഈ കപ്പൂച്ചിൻ സഹോദരങ്ങളെയും അവരുടെ ജീവിതവുമൊക്കെ കാണാൻ സാധിച്ചു. യേശുവിനുവേണ്ടി ജീവനും ജീവിതവും സ്വപ്‌നങ്ങളും സർവവും സമർപ്പിച്ച അവർ ആ വീട് ഒരു സ്വപ്‌നഭവനമാക്കി മാറ്റിയിരുന്നു. പിയോ ഭവനമെന്ന് അതിന് പേരുമിട്ടു. സ്‌നേഹത്തിലും ഐക്യത്തിലും കൂട്ടായ്മയിലും അവർ അവിടെ ജീവിക്കുന്നത് കണ്ടു. ഗ്രാമത്തിനും ദേവാലയത്തിനുമെല്ലാം അവർ പുത്തൻ ഉണർവേകി. അവരുടെ ജീവിതം കണ്ടപ്പോൾ 133-ാം സങ്കീർത്തനമാണ് ഓർമവന്നത്. ”സഹോദരർ ഏകമനസായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അഹറോന്റെ തലയിൽനിന്നും താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന അമൂല്യമായ അഭിഷേക തൈലംപോലെയാണ് അത്. സീയോൻ പർവതങ്ങളിൽ പൊഴിയുന്ന ഹെർമോൻ തുഷാരംപോലെയാണത്. അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ. 133:1-3).

വിശിഷ്ടമായ അവസ്ഥ

സഹോദരർ ഏകമനസായി ഒരുമിച്ച് വസിക്കുമ്പോൾ കർത്താവ് തന്റെ അനുഗ്രഹവും ജീവനും പ്രദാനം ചെയ്യുമെന്നാണ് വാഗ്ദാനം. അഭിഷേക തൈലത്തിന്റെ അമൂല്യതയും ഹെർമോൻ തുഷാരത്തിന്റെ കുളിർമയുമൊക്കെ ആസ്വാദ്യകരമാണെങ്കിലും സഹോദരർ സ്‌നേഹത്തോടെയായിരിക്കുന്നത് അതിനെക്കാൾ എത്രയോ വിശിഷ്ടമാണ്. 1 യോഹ. 3:14-ൽ നാം ഇപ്രകാരം വായിക്കുന്നു: ”സഹോദരരെ സ്‌നേഹിക്കുന്നതുകൊണ്ട് നമ്മൾ മരണത്തിൽനിന്നും ജീവനിലേക്ക് കടന്നിരിക്കുന്നു എന്ന് നാമറിയുന്നു. സ്‌നേഹിക്കാത്തവനാകട്ടെ മരണത്തിൽത്തന്നെ നിലകൊള്ളുന്നു.”
സ്‌നേഹം വറ്റിവരണ്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പങ്കാളികൾ തമ്മിൽ സ്‌നേഹമില്ല, മക്കൾക്ക് അന്യോന്യം സ്‌നേഹമില്ല, മക്കളും മാതാപിതാക്കളും തമ്മിൽ സ്‌നേഹമില്ല, അയല്ക്കാർ തമ്മിൽ സ്‌നേഹമില്ല.

സ്‌നേഹത്തിന്റെ അടിസ്ഥാനം പണവും പദവിയും സൗന്ദര്യവും സ്റ്റാറ്റസുമൊക്കെയായി മാറുന്നു. പെൺമക്കൾക്ക് സ്വത്തിന്റെ ചെറിയൊരു ഭാഗം കൊടുത്തതിന്റെ പേരിൽ മാതാപിതാക്കളോട് പിണങ്ങി കഴിയുന്ന ആൺമക്കളെ അറിയാം. വയസുകാലത്ത് മാതാപിതാക്കളെ നോക്കാത്ത മക്കളും മക്കൾക്ക് അർഹതപ്പെട്ടത് കൊടുക്കാത്ത മാതാപിതാക്കളും ധാരാളമുണ്ട്. പണവും കഴിവും കുറഞ്ഞതിന്റെ പേരിൽ കുടുംബത്തിലെ ആഘോഷങ്ങൾക്ക് ആങ്ങളമാരെ വേണ്ടത്ര പരിഗണിക്കാത്ത പെങ്ങന്മാരെയറിയാം. അതുപോലെ തിരിച്ചും. പാവപ്പെട്ടവന്റെ വീട്ടിൽ രോഗമോ മരണമോ അപമാനമോ വന്നാൽ കയറിച്ചെല്ലാത്തവരുമുണ്ട്. ഇതിൽ ഏതു വിഭാഗത്തിലാണ് ഞാനെന്ന് ഓരോരുത്തരും ചിന്തിക്കണം.

പുതിയ കല്പന

യോഹന്നാൻ 13:34-35 ൽ ഇപ്രകാരം വായിക്കുന്നു: ”ഞാൻ പുതിയൊരു കല്പന നിങ്ങൾക്ക് നല്കുന്നു. നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ.” 1 കോറിന്തോസ് പതിമൂന്നാം അധ്യായം മുഴുവൻ സ്‌നേഹത്തെപ്പറ്റിയാണ്. 1 കോറി.14:1-ൽ ”സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം” എന്ന് പറയുന്നു. സ്‌നേഹമാണ് ലക്ഷ്യമെങ്കിൽ നമുക്കെങ്ങനെ രോഗികൾക്കും കടക്കെണിയിലായിരിക്കുന്നവർക്കുംവേണ്ടിയെല്ലാം പ്രാർത്ഥിക്കാതിരിക്കാനാകും. നമ്മുടെ നാടിനും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നില്ലെങ്കിൽ അതിനർത്ഥം നമ്മിൽ സ്‌നേഹമില്ല, സ്വാർത്ഥത മാത്രമേ ഉള്ളൂ എന്നാണ്. നിർബന്ധംമൂലമല്ല നാം പ്രാർത്ഥിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. മറിച്ച് സ്‌നേഹം മൂലമായിരിക്കണം നമ്മിൽനിന്നും പ്രാർത്ഥന ഉയരേണ്ടത്.

എന്റെ ചാച്ചനെ ഡയാലിസിസിന് കൊണ്ടുപോകുന്ന കാര്യം ഞാനിന്നോർക്കുകയാണ്. ഏതു വന്മരവും കിഡ്‌നി രോഗത്തിനുമുൻപിൽ കടപുഴകും. പോക്കറ്റ് കാലിയാവാൻ അധികനാളുകൾ വേണ്ട. ഒരു ഡയാലിസിസ് കഴിയുമ്പോൾ ഓരോ രോഗിയുടെയും ചിന്ത അടുത്ത ഡയാലിസിസിനുള്ള പണം എവിടെനിന്നുണ്ടാക്കും എന്നാണ്. ഈ നിസഹായതയുടെ ഇടയിലും വലുപ്പ-ചെറുപ്പമില്ലാതെ ഓരോരുത്തരും പരസ്പരം ആശ്വസിപ്പിക്കുന്നു, കഴിയുന്ന സഹായം ചെയ്യുന്നു. ആശുപത്രിയിൽവച്ച് കഴിക്കാൻ കൊണ്ടുവന്നത് ഒരു അപ്പക്കഷണമാണെങ്കിലും അത് എല്ലാവരുംകൂടി പങ്കിടുന്നു.

അവരുടെ സഹനം അവരിലെ സ്വാർത്ഥതയെ ഇല്ലാതാക്കി സ്‌നേഹം ജനിപ്പിച്ചിരിക്കുന്നു. ദൈവത്തെ സ്‌നേഹിക്കുന്നവനും ദൈവത്തിൽ ആശ്രയിക്കുന്നവനും മാത്രമേ അപരനെ സ്‌നേഹിക്കാൻ സാധിക്കുകയുള്ളൂ. ”തന്നെ സ്‌നേഹിക്കുന്നവരെ കർത്താവ് പരിപാലിക്കുന്നു” (സങ്കീ. 145:20). അതുപോലെ മറ്റുള്ളവരെ സ്‌നേഹിക്കുന്നവനെയും കർത്താവ് പരിപാലിക്കുന്നു. അവിടെയാണ് കർത്താവിന്റെ അനുഗ്രഹവും ജീവനും. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം.
കർത്താവേ, സ്‌നേഹം തണുത്തുറഞ്ഞുപോയ ഞങ്ങളുടെ ഹൃദയങ്ങളിൽ അവിടുത്തെ സ്‌നേഹാഗ്നി ജ്വലിപ്പിക്കണമേ. അത് ഞങ്ങളിലും ഞങ്ങളുടെ ഭവനങ്ങളിലും അയല്പക്കങ്ങളിലും ഞങ്ങളുടെ ദേശത്തും ലോകം മുഴുവനിലും പടരട്ടെ. അങ്ങനെ ഞങ്ങൾ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും കത്തി ജ്വലിക്കുന്നവരാകട്ടെ.

ശാന്തമ്മ ആന്റണി, പേരാമ്പ്ര

1 Comment

  1. Shivago says:

    nice massage…Amen

Leave a Reply

Your email address will not be published. Required fields are marked *