കിരീടം ചൂടിയ അമ്മമനസ് വിശുദ്ധ മാർത്താ വാംഗ് ലുവോ മാന്റെ

ചൈനയിലെ യവൊജിയാ ഗുയാൻ പ്രദേശത്തുള്ള സെമിനാരിയിൽ പാചകജോലി ചെയ്തിരുന്ന യുവതിയായിരുന്നു മാർത്ത. ക്രൈസ്തവപീഡനത്തിന്റെ ഭാഗമായി 1861-ൽ ഈ സെമിനാരിയിൽനിന്ന് മൂന്ന് വിദ്യാർത്ഥികളെ ചൈനീസ് പട്ടാളക്കാർ പിടിച്ചുകൊണ്ടുപോയി. ക്രിസ്തുവിന്റെ പുരോഹിതരാകുവാനുള്ള ശിക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ആ വിദ്യാർത്ഥികൾക്ക് അധികാരികൾ മരണശിക്ഷയാണ് വിധിച്ചത്. ശിക്ഷ നടപ്പാക്കാനായി ജയിലിൽനിന്ന് പുറത്ത് കൊണ്ടുവന്ന വിദ്യാർത്ഥികളെ കാത്ത് മാർത്താ പുറത്ത് നിന്നിരുന്നു.

മാതൃസഹജമായ സ്‌നേഹത്തോടെ അവൾ അവരെ ധൈര്യപ്പെടുത്തി. പട്ടാളക്കാരുടെ ഭീഷണികൾക്കും ആ ധീരവനിതയുടെ സ്‌നേഹവായ്പുകളെ തടയാനായില്ല. സ്വന്തം ജീവൻ തൃണവൽക്കരിച്ചുകൊണ്ട് മാർത്തായും അവരോടൊപ്പം വധശിക്ഷ നടപ്പാക്കേണ്ട സ്ഥലത്തേക്ക് നടന്നു. കാൽവരിയാത്രയിൽ മാതാവിന് യേശുവിനെ ഉപേക്ഷിക്കാൻ സാധിക്കാത്തതുപോലെ താൻ എന്നും ഭക്ഷണം വെച്ചുവിളമ്പിക്കൊടുത്തിരുന്ന വൈദികാർത്ഥികൾക്ക് സ്വർഗീയ കിരീടം ഉറപ്പാക്കാതെ പിന്തിരിയാൻ ആ ക്രിസ്തുശിഷ്യയ്ക്കും സാധിച്ചിരിക്കില്ല.

വിശുദ്ധയായ ആ യുവതിയുടെ വിശ്വാസവും സ്‌നേഹവും ധിക്കാരമായി പട്ടാളക്കാർ തെറ്റിദ്ധരിച്ചു. അവളെയും അവർ അറസ്റ്റു ചെയ്തു. മാർത്തയ്ക്കും മരണശിക്ഷ തന്നെയാണ് വിധിക്കപ്പെട്ടത്. രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിലേക്കുള്ള യാത്രയിൽ ശാന്തതയും ആനന്ദവും ആ നാൽവർ സംഘത്തിന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. 1861 ജൂലൈ 29-ാം തിയതി മാർത്തയെയും മൂന്ന് സെമിനാരി വിദ്യാർത്ഥികളെയും ശിരസ് ഛേദിച്ച് പട്ടാളക്കാർ കൊലപ്പെടുത്തി.
1812-ൽ സുൻജി നഗരത്തിലാണ് മാർത്തയുടെ ജനനം. വിവാഹം കഴിച്ചെങ്കിലും മക്കളില്ലാതിരുന്നതുമൂലം രണ്ടു കുട്ടികളെ ദത്തെടുത്ത് വളർത്തി. എന്നാൽ ഭർത്താവിന്റെ മരണശേഷം ഈ കുട്ടികളും ഭവനം വിട്ട് പോയി. തുടർന്ന് നഗരത്തിലെത്തിയ ഒരു സുവിശേഷപ്രഘോഷകനിലൂടെയാണ് ക്രിസ്തുവിനെക്കുറിച്ച് മാർത്ത അറിയുന്നത്. ആ അറിവ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചു.

1852 ക്രിസ്മസ് ദിനത്തിൽ മാർത്ത കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. തുടർന്ന് ബിഷപ് ഹൂ സെമിനാരി തുടങ്ങിയപ്പോൾ മാർത്തയെ അവിടെ ജോലിക്കായി നിയമിക്കുകയായിരുന്നു. ക്രിസ്തുസ്‌നേഹത്തെപ്രതിയും ക്രിസ്തുശിഷ്യരോടുള്ള സ്‌നേഹത്തെ പ്രതിയും ജീവൻ ത്യജിച്ച മാർത്തയെ 2000-ത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. •

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *