വലിയ സമ്മാനം

മദർ തെരേസയ്ക്ക് യുണൈസ്‌ക്കോ പുരസ്‌കാരം ലഭിച്ചതിനുശേഷം ഡൽഹിയിൽവച്ച് ഒരു ഹൈന്ദവസംഘടന അനുമോദനചടങ്ങ് നടത്തി. പല കേന്ദ്രമന്ത്രിമാരും പ്രധാനനേതാക്കന്മാരും അതിൽ സന്നിഹിതരായിരുന്നു. മദർ ആ സമ്മേളനത്തിൽ തന്റെ മറുപടി പ്രസംഗത്തിൽ, ഒരു സംഭവം പങ്കുവച്ചു.

ഒരു ദിവസം വൈകുന്നേരം എന്റെ മുറിയുടെ വാതിൽക്കലുള്ള മണിയടിച്ചു. ഞാൻ വാതിൽക്കൽ ചെന്നുനോക്കി, അതാ ഒരു കുഷ്ഠരോഗി തണുത്ത് വിറച്ചു നിൽക്കുന്നു. അയാൾക്ക് വേണ്ട ഭക്ഷണവും ഒരു പുതപ്പും എടുത്തുകൊണ്ട് ഞാൻ ചെന്നു. അപ്പോൾ ആ കുഷ്ഠരോഗി പറഞ്ഞു: ”അമ്മേ, അതിനുവേണ്ടിയല്ല ഞാൻ വന്നത്. ആളുകൾ പറയുന്നു, അമ്മയ്ക്ക് ഏതോ വലിയ ബഹുമതി കിട്ടിയെന്ന്. അമ്മയെ കണ്ട് സന്തോഷം അറിയിക്കാനും ഒരു സമ്മാനം തരാനും വന്നതാണ് ഞാൻ. ഇന്ന് ഭിക്ഷാടനം നടത്തിക്കിട്ടിയ തുക മുഴുവൻ അമ്മയ്ക്ക് തരാമെന്ന് ഞാൻ കരുതി. ഇതാ ഈ പാത്രത്തിലുള്ളത് മുഴുവൻ അമ്മയ്ക്കുള്ളതാണ്.”

ഞാൻ കുഷ്ഠരോഗിയായ യാചകന്റെ ഭിക്ഷപ്പാത്രം സ്വീകരിച്ച് പണം വാങ്ങി, ആകെ 75 പൈസ! നോബൽ സമ്മാനത്തിന്റെ പിന്നിലെ സ്‌നേഹമോ അതോ ഈ കുഷ്ഠരോഗിയുടെ സമ്മാനത്തിന് പിന്നിലെ സ്‌നേഹമോ ഏതാണ് വലുത്? ദൈവം പരിഗണിക്കുന്നത് സ്‌നേഹമതൊന്നുമാത്രമാണ്.

1 Comment

Leave a Reply

Your email address will not be published. Required fields are marked *