‘എനിക്ക് ജയിലിൽ പോകണം’

ബൽജിയത്ത് സിന്റ് ട്രൂഡനടുത്തുള്ള ബ്രസ്റ്റെമിലെ കർഷക കുടുംബത്തിൽ ജനിച്ച ക്രിസ്റ്റീന മിറബിലിസ്(1150-24.7.1224) 15-ാം വയസിൽ അനാഥയാക്കപ്പെട്ടു. പിന്നീടുള്ള ജീവിതത്തിലെ കഠിന ക്ലേശങ്ങൾ 32-ാം വയസിൽ അവളുടെ ജീവനെടുത്തു. ദൈവാലയത്തിൽ മൃതസംസ്‌കാര പ്രാർത്ഥനകൾക്കിടെ, തുറന്നിരുന്ന മൃതപേടകത്തിനുള്ളിൽ അവൾ ജീവനോടെ എഴുന്നേറ്റിരുന്നു. അപ്പോൾ അവൾ പൂർണ ആരോഗ്യവതിയായിരുന്നു. സിന്റ് ട്രൂഡൻ നിവാസികൾ മുഴുവൻ ഈ അത്ഭുതത്തിന് സാക്ഷ്യംവഹിക്കുകയുണ്ടായി. അമ്പരന്നു നില്ക്കുന്ന ജനക്കൂട്ടത്തോട് അവൾ പറഞ്ഞവ കേട്ട് അവർ വീണ്ടും ഞെട്ടി.

”എന്റെ ആത്മാവ് ശരീരത്തിൽനിന്ന് വേർപെട്ടയുടൻ മാലാഖമാർ എന്നെ അന്ധകാരാവൃതമായൊരിടത്തേക്ക് നയിച്ചു. അവിടം ആത്മാക്കളെക്കൊണ്ട് നിറഞ്ഞിരുന്നു. അവർ അവിടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ ഭീകരത വിവരിക്കുക അസാധ്യം. ആ ആത്മാക്കളിൽ പലരും എനിക്ക് പരിചിതരായിരുന്നു. അവരുടെ അവസ്ഥ എന്നെ വല്ലാതെ നോവിച്ചു. ഈ സ്ഥലം നരകമാണോയെന്ന് ഞാൻ ചോദിച്ചു.

അല്ല, അത് ശുദ്ധീകരണസ്ഥലമാണെന്ന് ദൈവദൂതൻ പറഞ്ഞു. മനുഷ്യർ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് അനുതപിച്ചിട്ടുണ്ടെങ്കിലും മരണത്തിനുമുമ്പ് അവയ്ക്ക് വേണ്ടത്ര പരിഹാരവും ശുദ്ധീകരണവും നേടാതെ വന്നാൽ അവയെ ശുദ്ധീകരിക്കുന്ന സ്ഥലമാണിതെന്നും ദൂതൻ വ്യക്തമാക്കി. അതിനുശേഷം ഞാൻ നരകത്തിനടുത്തേക്ക് നയിക്കപ്പെട്ടു. അവിടെയും എനിക്ക് പരിചിതരായിരുന്ന പലരെയും കാണാനിടയായി. പിന്നീട് ദൂതൻ എന്നെ സ്വർഗത്തിലേക്ക് കൊണ്ടുപോയി.”

സ്വർഗത്തിന്റെ പൂർണ ദൃശ്യം ക്രിസ്റ്റീനയ്ക്ക് അനുവദിക്കപ്പെട്ടില്ല. പക്ഷെ സിംഹാസനസ്ഥനായ ദൈവത്തെ ഭാഗികമായി ദർശിച്ചു. അവിടെ അവൾ ആനന്ദനിർവൃതിയിലാണ്ടു. അപ്പോൾ ഒരു സ്വരം അവളോടു സംസാരിക്കുന്നത് അവൾ കേട്ടു. ”എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നീ ഒരു ദിവസം എന്റെയടുക്കൽ നിത്യമായി വന്നുചേരും. എന്നിരുന്നാലും നിനക്ക് ഇപ്പോൾ ഞാനൊരവസരം തരുന്നു: ഒന്നുകിൽ ഇപ്പോൾമുതൽ നിനക്ക് എന്നോടൊപ്പം ഇവിടെ ചിരകാലം വസിക്കാം.

അല്ലെങ്കിൽ ഭൂമിയിലേക്ക് മടങ്ങിപ്പോയി, ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തും നരകത്തിലും വീഴാതെ രക്ഷിച്ച് എന്റെയടുക്കലെത്തിക്കാൻ ഉപവാസത്തിന്റെയും സഹനത്തിന്റെയും മിഷനറിയായി ജീവിക്കാം. ശുദ്ധീകരണാഗ്നിയിൽ ദുരിതമനുഭവിക്കുന്നവരായി നീ ഇപ്പോൾ കണ്ട ആത്മാക്കളെ അവിടെനിന്നും രക്ഷിക്കുവാൻ ഭൂമിയിൽ നീ അവർക്കുവേണ്ടി സഹനങ്ങൾ ഏറ്റെടുക്കണം. അതിന് കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെങ്കിലും അപ്പോൾ നീ മരിക്കുകയില്ല. മരിച്ചവരെ മാത്രമല്ല, ജീവിച്ചിരിക്കുന്നവരെയും നിന്റെ സഹനത്തിലൂടെ രക്ഷയിലേക്ക് ആനയിക്കും. മരണതുല്യമായ സഹനങ്ങളിലൂടെ കടന്നുപോകുമ്പോഴും മരിക്കാതെ ജീവിക്കുന്ന നീ ജീവിക്കുന്നവർക്ക് സ്വർഗത്തിന്റെ അടയാളവും പാപികൾക്ക് മാനസാനന്തരത്തിനു കാരണവുമാകും. അനേക പാപികളെ പാപജീവിതത്തിൽനിന്ന് അകറ്റാനും അതുവഴി നരകത്തിൽ വീഴാതെ രക്ഷിച്ച് നിത്യ സൗഭാഗ്യത്തിന് അർഹരാക്കാനും നിനക്ക് കഴിയും. ഈ പുതിയ ജീവിതത്തിനുശേഷം നിന്നെ ഞാനിവിടെ തിരികെ കൊണ്ടുവരും, നിനക്ക് ചിന്തിക്കാനാകാത്തവിധം അതുല്യ പ്രതിഫലം നല്കുകയും ചെയ്യും.”

ദൈവം സ്വർഗത്തിൽ മനുഷ്യർക്കായി ഒരുക്കിയിരിക്കുന്നവയുടെ ഭാഗിക ദർശനം മാത്രം ലഭിച്ച ക്രിസ്റ്റീനയ്ക്ക്, അവ സ്വന്തമാക്കാൻ മറ്റുള്ളവരെയും സഹായിക്കണം എന്ന് വലിയ ആഗ്രഹമായി. സാധിക്കുന്നത്ര ആത്മാക്കളെ സ്വർഗത്തിൽ ചേർക്കണമെന്ന ദൈവത്തിന്റെ ആഗ്രഹം അവൾ ഹൃദയത്തിൽ സ്വീകരിച്ചു.

ആത്മാക്കളെ രക്ഷിക്കാൻ ഭൂമിയിലേക്ക് തിരികെപ്പോരുവാൻ ക്രിസ്റ്റീന തീരുമാനിച്ചു. അപ്പോൾതന്നെ അവൾ ശവപ്പെട്ടിയിൽ ജീവനോടെ എഴുന്നേറ്റിരിക്കുകയും ചെയ്തു. പണ്ഡിതനും ദൈവശാസ്ത്രഞ്ജനും കർദിനാളും മാർപാപ്പയുടെ ഉപദേഷ്ടാവുമായിരുന്ന വിശുദ്ധ റോബർട്ട് ബല്ലാർമിനും പ്രശസ്ത ഗ്രന്ഥരചയിതാവ് കർദിനാൾ ജയിംസ് ഡി വിട്രിയും ആധികാരികമായി അംഗീകരിച്ച സംഭവമാണ് ക്രിസ്റ്റീനയുടെത്. ”ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ രക്ഷിക്കുക, ഭൂമിയിൽ മനുഷ്യരെ മാനസാന്തരത്തിലേക്ക് നയിച്ച്, സ്വർഗപ്രാപ്തരാക്കുക. ദൈവത്തിന്റെ ഏറ്റവും വലിയ ഈ ആഗ്രഹം സാധ്യമാക്കുക എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടി മാത്രമാണ് ഞാൻ ഭുമിയിലേക്ക് തിരികെ വന്നത്. ഇതുപോലെ ആശ്ചര്യകരമായവ ഞാൻ ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല.” ക്രിസ്റ്റീന ജനത്തോട് പറഞ്ഞു. ശുദ്ധീകരണാത്മാക്കളുടെ രക്ഷയ്ക്കും ഭൂമിയിലെ ആത്മാക്കളെ നരകത്തിലും ശുദ്ധീകരണസ്ഥലത്തും വീഴാതെ രക്ഷിക്കുന്നതിനും മാത്രമായിരുന്നു ക്രിസ്റ്റീനയുടെ ശിഷ്ടജീവിതം. അസാധാരണമായ തന്റെ സഹനങ്ങൾ കണ്ട് അതിശയിക്കേണ്ടതില്ലെന്ന് അവൾ ജനത്തെ ഓർമിപ്പിച്ചു.

തീക്കുണ്ഠത്തിൽ വീഴുന്നു

ആത്മാക്കളുടെ രക്ഷയ്ക്കായി സുഖസന്തോഷങ്ങൾ ഉപേക്ഷിക്കാനും കഠിനദാരിദ്ര്യം സ്വീകരിക്കാനും ക്രിസ്റ്റീന തീരുമാനിച്ചു. അതിശൈത്യത്തിലും ചൂടും വീടും വേണ്ടെന്നുവച്ചു. മാത്രമല്ല, മഞ്ഞുറയുന്ന മ്യൂസ് നദിയിൽ ഇറങ്ങിനിന്ന് മണിക്കൂറുകളോളം ആത്മാക്കൾക്കായി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. മഞ്ഞിൽ മുങ്ങിയുള്ള പ്രാർത്ഥന പത്തും പതിനൊന്നും ദിവസങ്ങളും അനേക ആഴ്ചകളും നീണ്ടുനിന്നിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. കൂടാതെ, രഹസ്യവും പരസ്യവുമായി അനുഭവിക്കേണ്ടിവന്ന എല്ലാ വേദനകളും പരാതികൂടാതെ ക്ഷമയോടെ സഹിച്ച് പാപികളുടെ മാനസാന്തരത്തിന് കാഴ്ചവച്ചു.
ക്രിസ്റ്റീനയുടെ കാലത്തെ ചരിത്രകാരന്മാരിൽ പ്രമുഖരായ കാന്റിമ്പ്രിലെ തോമസ്, ഒരു ദൈവശാസ്ത്ര പണ്ഡിതൻ, കർദിനാൾ ജയിംസ് ഡി വിട്രി എന്നിവരും ക്രിസ്റ്റീനയുടെ അസ്വഭാവിക സഹനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റീന അഗ്നിക്കുണ്ഠത്തിൽ ചാടി അനേകമണിക്കൂറുകൾ അതിൽക്കിടന്ന് അതിഭയാനകമായി പൊള്ളിപ്പിടഞ്ഞ് നിലവിളിക്കുന്നത് കർദിനാൾ ജയിംസ് ഡി വിട്രി നേരിൽ കണ്ടതാണ്. തീക്കുണ്ഠത്തിൽനിന്ന് പുറത്തുവരുമ്പോൾ പൊള്ളലിന്റെ ഒരടയാളംപോലും അവളിൽ അവശേഷിച്ചിരുന്നില്ല. അത്ഭുതകരവും ഭയാനകവുമായ ക്രിസ്റ്റീനയുടെ പരിഹാരപ്രവൃത്തികൾ ജനത്തെ ആഴമായ മാനസാന്തരത്തിലേക്കു നയിച്ചു.
വിശുദ്ധ ബല്ലാർമിൻ എഴുതുന്നു: ”ക്രിസ്റ്റീന മണിക്കൂറുകളോളം അഗ്നിനാളങ്ങൾക്കുള്ളിൽ മുറിവുകളാൽ പൊതിയപ്പെട്ട് ദഹിപ്പിക്കപ്പെടാതെ നില്ക്കുന്നത് എല്ലാവർക്കും കാണാമായിരുന്നു. എന്നാൽ അഗ്നികുണ്ഠത്തിൽനിന്നു പുറത്തുവന്നപ്പോൾ അവളുടെ ശരീരത്തിൽ പൊള്ളലിന്റെയോ മുറിവുകളുടെയോ അടയാളംപോലും ഉണ്ടായിരുന്നില്ല. ശുദ്ധീകരണസ്ഥലത്തെ അഗ്നിക്കെതിരെ, ഭൂമിയിൽ സഹിച്ച്, ആത്മാക്കളെ വിശുദ്ധീകരിക്കുന്നതിന്റെ യഥാർത്ഥചിത്രമായിരുന്നു അത്.” വിശുദ്ധ ബല്ലാർമിൻ തുടരുന്നു: ”ക്രിസ്റ്റീനയിലൂടെ പ്രവർത്തിച്ചത് ദൈവംതന്നെയാണെന്നും മരണാനന്തരജീവിതത്തെക്കുറിച്ച് അവൾ വെളിപ്പെടുത്തിയവ സത്യമാണെന്നും അവളുടെ ജീവിതം തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാരണം ക്രിസ്റ്റീനയുടെ പുണ്യപൂർണമായ ജീവിതവും സഹനങ്ങളും അവളുടെ മരണശേഷം സംഭവിച്ച അത്ഭുതങ്ങളും അവമൂലമുണ്ടായ പ്രകടമായ മാനസാന്തരങ്ങളുമെല്ലാം അതിനു തെളിവാണ്.”

ആട്ടുകല്ലിനൊപ്പം ചുഴിയിൽ

ചില അവസരങ്ങളിൽ അതിശക്തമായ ഒഴുക്കുവെള്ളത്തിൽ ആട്ടുകല്ലോടുകൂടി ചുഴറ്റി എറിയപ്പെടാൻ ക്രിസ്റ്റീന സ്വയം വിട്ടുകൊടുത്തിരുന്നു. ആഴക്കയത്തിൽ ആട്ടുകല്ലിനോടൊപ്പം അവൾ അതിശക്തമായി കറങ്ങിത്തെറിക്കുന്നത് കണ്ടുനില്ക്കാനാവാത്തവിധം ഭീകരമാണ്. എന്നിട്ടും അവളുടെ അസ്ഥികൾ തകരുകയോ ശരീരത്തിന് അംഗഭംഗം സംഭവിക്കുകയോ ചെയ്തിരുന്നില്ല. ഒരിക്കൽ നായ്ക്കൂട്ടം അവളെ ഓടിച്ചിട്ട് കടിച്ചു. നായ്ക്കളുടെ കടിയേറ്റ് രക്തമൊലിക്കുന്ന മുറിവുകളുമായി അവൾ ഓടിവീണത് മുള്ളിൻകൂട്ടത്തിലേക്കാണ്. ശരീരം മുറിവുകളും രക്തവും മാത്രമായി. എന്നാൽ മുൾപടർപ്പിൽനിന്ന് പുറത്തുവരുമ്പോൾ അവളുടെ ശരീരത്തിൽ രക്തമോ മുറിവുകളുടെ പാടോ ഉണ്ടായിരുന്നില്ല. ക്രിസ്റ്റീനയുടെ അനുകരിക്കാനാകാത്ത ശാരീരിക പീഡനങ്ങൾ ജനങ്ങളിൽ നിത്യതയെക്കുറിച്ചുള്ള ബോധ്യം ഉളവാക്കി. അവർ അതിവേഗം അനുതപിച്ച് പുതിയ ജീവിതം ആരംഭിച്ചു.

മരണത്തിൽനിന്നും തിരിച്ചുവന്നതിനുശേഷം, രണ്ടാം മരണംവരെ 42 വർഷം കിസ്റ്റീന ആത്മാക്കളുടെ രക്ഷയ്ക്കായി ഭയാനകമായ സഹനജീവിതം നയിച്ചു. സിന്റ് ട്രൂഡനിലെ വിശുദ്ധ കാതറിന്റെ ഡോമിനിക്കൻ ആശ്രമത്തിൽ 74-ാം വയസിൽ സാഭാവിക മരണംവരിച്ച ക്രിസ്റ്റീനയെക്കുറിച്ച് മഠാധിപയുടെ സാക്ഷ്യവും ലഭ്യമാണ്. ”അവൾ മരണംവരെ അത്യഗാധ എളിമയുടെ നിറവും ഏതുകാര്യവും തത്ക്ഷണം അനുസരിക്കുന്ന വിധേയത്വത്തിന് ഉടമയുമായിരുന്നു.” ക്രിസ്റ്റീനയുടെ ഭൗതികശരീരം സെന്റ് ട്രൂഡനിലുള്ള റിഡംപ്റ്ററിസ്റ്റ് വൈദികരുടെ ദേവാലയത്തിൽ സൂക്ഷിക്കപ്പെടുന്നു.
നാം അവന്റെ ഗുണ്ടകളോ?

‘ഞാനെന്തായാലും ശുദ്ധീകരണസ്ഥലത്തു പോയിട്ടേ സ്വർഗത്തിൽ പോവുകയുള്ളൂ’ എന്നു ചിന്തിക്കുന്നവരാണധികവും. നേരെ സ്വർഗത്തിൽ പോകാനുള്ള വിശുദ്ധിയും യോഗ്യതയുമില്ലെന്ന എളിമയാണതെന്നു തോന്നാം. എന്നാൽ സ്‌നേഹരാഹിത്യത്തിന്റെയും അലസതയുടെയും അശ്രദ്ധയുടെയും അവിശ്വസ്തതയുടെയും ബഹിർസ്ഫുരണമാണത്. ‘വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട'(1 തെസ: 4/7), ‘ദൈവമക്കളെന്നു വിളിക്കപ്പെടുന്ന’ (1യോഹ. 3:1), ‘പിതാവിനെപ്പോലെ പരിപൂർണരാകാനും’ (ലൂക്കാ 6:36), ‘ദൈവത്തെപ്പോലെയാകാനും’ (1 യോഹ. 3:1) സൃഷ്ടിക്കപ്പെട്ട നമുക്ക്, മറ്റൊന്നു തിരഞ്ഞെടുക്കാൻ അനുവാദം തന്നതാര്? ദൈവത്തെ ധിക്കരിക്കുകയും അവിടുത്തേക്ക് നമ്മെക്കുറിച്ചുള്ള പദ്ധതി തകർക്കുകയും-അഥവാ അതിന് തീരുമാനിക്കുകയുമാണ് അത്തരമൊരു തിരഞ്ഞെടുപ്പും തീരുമാനവുംവഴി നാം ചെയ്യുക.

ദൈവികപദ്ധതികൾ തകർക്കുന്നത് സാത്താന്റെ പ്രവൃത്തിയാണ്. നാം അവന്റെ ഗുണ്ടകളോ?
നാം ശുദ്ധീകരണസ്ഥലത്ത് കുറേക്കാലം ശിക്ഷിക്കപ്പെട്ട്, പീഡിപ്പിക്കപ്പെട്ട്, എന്നെങ്കിലും സ്വർഗത്തിൽ, പിതൃസന്നിധിയിലെത്തണമെന്നല്ല ദൈവത്തിന്റെ ആഗ്രഹം. ഭൂമി വിട്ടാൽ നേരെ സ്വർഗപിതാവിന്റെ മടിയിൽ… അതാണ് അപ്പന്റെ കൊതിയും പദ്ധതിയും. ഞാനും നിങ്ങളും ശുദ്ധീകരണസ്ഥലത്തോ നരകത്തിലോ വീഴുന്നത് അവിടുന്ന് സഹിക്കുന്നതെങ്ങനെ? ഈ ഭൂമിയിൽനിന്നും നാം ഓടിച്ചെല്ലുന്നതും കാത്തിരിക്കുകയല്ലേ അവിടുന്ന്, ഇരുകൈകളിലും കോരിയെടുത്ത് മടിയിലണയ്ക്കാൻ… അപ്പോൾ നാം വഴിയിലെവിടെയെങ്കിലും വീണുപോയാൽ, കുടുങ്ങിപ്പോയാൽ, സ്വർഗത്തിലെത്താൻ വൈകിപ്പോയാൽ, സ്‌നേഹിക്കാൻ മാത്രമറിയാവുന്ന ആ അപ്പന്റെ ചങ്കുതകരില്ലേ? അതും നമ്മുടെ കൊള്ളരുതായ്മകൊണ്ട് ശിക്ഷയനുഭവിക്കേണ്ട അവസ്ഥയിലാണ് നാമെന്ന് അറിയുകയും കൂടി ചെയ്യുമ്പോൾ ആ പാവം അപ്പനത് എങ്ങനെ താങ്ങും? ഇനി എത്രനാൾ കാത്തിരുന്നാലാണ് എന്റെ കുഞ്ഞ് എന്റെ അടുക്കലെത്തുക…. ആ നെഞ്ചകത്തുനിന്നും കേൾക്കുന്നില്ലേ മാലാഖമാർ കേൾക്കാതെ അടക്കിപ്പിടിച്ച തേങ്ങൽ?

സ്‌നേഹമില്ലാത്ത നമ്മുടെ ഇത്തരം തീരുമാനങ്ങൾ പിതാവിന്റെ ഹൃദയം കുത്തിപ്പിളർക്കുന്നു. നമുക്കായ് കാത്തിരിക്കുന്ന അക്ഷമനായ അവിടുത്തെ സ്‌നേഹം നിസാരമാക്കുന്നു… അവിടുത്തെ പ്രതീക്ഷയെ അവഹേളിക്കുന്നു… അപ്പൻ കുറേ കാത്തിരുന്നു വിഷമിക്കട്ടെ എന്ന് മനസിൽ പറഞ്ഞ് അവിടുത്തെ മഹത്വവും സ്‌നേഹവും നിന്ദ്യമാക്കുന്നു…. അലസതയും അശ്രദ്ധയും മന്ദോഷ്ണതയും കീഴടക്കി, സാരമില്ല എന്നു പറഞ്ഞ് മടിയില്ലാതെ പാപം ചെയ്തുകൂട്ടാൻ ഈ മനോഭാവം കാരണമാകുന്നു. എനിക്ക് വലിയ കുഴപ്പമില്ല എന്ന അഹങ്കാരവും. ”ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ അല്പാല്പമായി നശിക്കും”(പ്രഭാ:19:1). പിന്നെയവൻ ശുദ്ധീകരണസ്ഥലത്തുതന്നെ എത്തുമെന്ന് എന്തുറപ്പ്?

വിദേശത്തുള്ള മക്കൾ നാട്ടിലേക്കുള്ള യാത്രയിൽ, കേസിലകപ്പെട്ടോ, തെറ്റു ചെയ്തിട്ടോ പാസ്‌പോർട്ട് നഷ്ടമാക്കിയതിനാലോ ജയിലിൽ ശിക്ഷിക്കപ്പെടുന്നത്, അവരെ കാത്ത് നാട്ടിലിരിക്കുന്ന മാതാപിതാക്കൾക്ക് എത്ര ഹൃദയഭേദകമായിരിക്കും. ‘ഞാനെന്തായാലും ശുദ്ധീകരണസ്ഥലത്തു പോയിട്ടേ സ്വർഗത്തിൽ പോവുകയുള്ളൂ’ എന്നു ചിന്തിക്കുകയും അലസമായി ജീവിക്കുകയും ചെയ്യുന്നവൻ, ‘ഞാനെന്തായാലും കുറച്ചുനാൾ ജയിലിൽ കിടന്ന്, ശിക്ഷയനുഭവിച്ചിട്ടേ നാട്ടിലേക്കു പോകുന്നുള്ളൂ, എന്ന് ചിന്തിക്കുന്നവനു തുല്യനാണ്.

ഓരോരുത്തരെയും ദൈവം വളരെ ശ്രദ്ധാപൂർവം, ആശങ്കയോടെ നോക്കുന്നു. എന്റെ പൊന്നുമോൻ/ൾ അലസമായാണോ ജീവിക്കുന്നത്, ശുദ്ധീകരണസ്ഥലത്തുപോയാലും കുഴപ്പമില്ല, എങ്ങനെയെങ്കിലും എപ്പോഴെങ്കിലും സ്വർഗത്തിലെത്തിയാൽമതി എന്ന ഉഴപ്പൻ ചിന്തയിലാണോ. അല്ല, വേണം നേരെ സ്വർഗപ്രവേശം. അതിനുവേണ്ടിയാണ് നാം അദ്ധ്വാനിക്കേണ്ടത്. ‘ബലവാൻമാരാണ് സ്വർഗരാജ്യം പിടിച്ചടക്കുന്നത്’ (മത്തായി 11/12) എന്നാണല്ലോ ഈശോ ഓർമിപ്പിക്കുന്നത്. അലസന്മാരോ…? ഉദാസീനത വെടിയാം, നമുക്കായ് സ്‌നേഹത്തിന്റെ മടിത്തട്ടൊരുക്കി നമ്മെ ഉറ്റുനോക്കിയിരിക്കുന്ന സ്‌നേഹരാജാവിന്റെ കൈകളിലണയാൻ തിടുക്കമുള്ളവരാകാം. ഞാൻ എന്തായാലും ശുദ്ധീകരണസ്ഥലത്തു പോകില്ല, ഭൂമിയിൽ നിന്നും സ്വർഗത്തിൽ, പിതാവിന്റെ അടുക്കലേക്കു നേരെപോകും, അതിനു തക്കവിധം എന്തു വിലകൊടുത്തും, എന്തൊക്കെ സഹിക്കേണ്ടിവന്നാലും എന്തൊക്കെ ഉപേക്ഷിക്കേണ്ടിവന്നാലും വിശുദ്ധിയിൽ എന്നെത്തന്നെ ഞാൻ കാത്തുസൂക്ഷിക്കും. സ്വർഗപ്രവേശം തടയാൻ, താമസിപ്പിക്കാൻ യാതൊന്നിനെയും ആരെയും ഞാൻ അനുവദിക്കില്ല, ചെറുതോ വലുതോ ആയ യാതൊന്നിനോടും കൂട്ടുചേരില്ല, ഒത്തുതീർപ്പിനുമില്ല എന്നു തീരുമാനിക്കാം. മാറ്റമില്ലാത്ത ഈ തീരുമാനമെടുക്കാൻ ഒട്ടും വൈകിപ്പിക്കരുതേ… പ്രവൃത്തിയിൽ കൊണ്ടുവരാനും. ഇനി എന്റെ ഏകലക്ഷ്യം എന്റെ ദൈവം മാത്രം.

ഭൂമിയിലേക്ക് ചായുന്ന സ്വർഗം

ഞാൻ മാത്രമല്ല, ദൈവപിതാവിന്റെ മക്കളെല്ലാം ശുദ്ധീകരണസ്ഥലത്തോ, നരകത്തിലോ വീഴാതെ നേരെ അപ്പന്റെ മടിയിലെത്താൻ, അവിടുന്ന് കൊതിയോടെ കാത്തിരിക്കുന്നു. അല്ലെങ്കിൽ ക്രിസ്റ്റീനയോട് ദൈവം അത്രയും കെഞ്ചില്ലായിരുന്നു. എന്റെ മക്കൾ നരകത്തിൽ വീഴാതെ, ശുദ്ധീകരണസ്ഥലത്ത് കുടുങ്ങാതെ അവരെ വേഗം എന്റെയടുത്ത് എത്തിക്കാൻ സഹായിക്കാമോ എന്ന് ഒരു മനുഷ്യാത്മാവിന്റെ മുമ്പിൽ സർവശക്തനായ ദൈവം യാചിക്കണമെങ്കിൽ മനുഷ്യമക്കളെക്കുറിച്ചുള്ള അവിടുത്തെ ഹൃദയത്തിന്റെ വെമ്പൽ, തിക്കുമുട്ടൽ, ഉത്കണ്ഠ, നൊമ്പരം, തിടുക്കം, വീർപ്പുമുട്ടൽ എത്രയധികമായിരിക്കും???

‘ഒന്നു സഹായിക്കാമോ? എന്നെ ഒന്നു സഹായിക്കാമോ? ആത്മാക്കളെ സ്വർഗത്തിലെത്തിക്കാൻ…’ ക്രിസ്റ്റീനയോടെന്നപോലെ അവിടുന്ന് നമ്മോടും ചോദിക്കുന്നു. എത്ര ദയനീയമായ, നെഞ്ചുപൊട്ടുന്ന ചോദ്യം… സ്വർഗത്തിലെ അപ്പന്റെ ഉള്ളുവിങ്ങുന്നു, വിശുദ്ധജീവിതം നയിക്കാത്ത ഓരോരുത്തർക്കുംവേണ്ടി. ശുദ്ധീകരണാഗ്നിയിൽ വെന്തുനീറുന്ന മക്കൾ അപ്പന്റെ നെഞ്ചു നീറ്റിക്കുന്നു. അവിടുത്തേക്ക് ഇത്തിരി ആശ്വാസമേകാൻ നിന്റെ തീരുമാനത്തിന്, സമർപ്പണത്തിന് സാധിക്കും, അതിനേ സാധിക്കൂ. ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ളവരെ സ്വർഗത്തിലെത്തിക്കാൻ പ്രാർത്ഥിക്കാനും പരിഹാരമനുഷ്ഠിക്കാനും സ്വയം സമർപ്പിക്കുന്നത് ആരൊക്കെയായിരിക്കും? ഇതാ കർത്താവേ, ഞാൻ റെഡി …. എന്ന സമർപ്പണഗാനം ഭൂമിയുടെ വിവിധഭാഗങ്ങളിൽനിന്നും കേൾക്കാൻ സ്വർഗം ഭൂമിയിലേക്ക് ചായുന്നു. പ്രതീക്ഷയോടെ കാക്കുന്നു… ശുദ്ധീകരണാത്മാക്കളും.

ശുദ്ധീകരണാത്മാക്കൾക്കായി കഠിന പ്രായശ്ചിത്തംചെയ്ത് പ്രാർത്ഥിച്ചിരുന്ന വിശുദ്ധ ജെമ്മ ഗൽഗാനിക്ക് ചില ആത്മാക്കളുടെ പേരുപറഞ്ഞ്, അവർക്കുവേണ്ടി കൂടുതൽ സഹനമേറ്റെടുത്തു പ്രാർത്ഥിക്കുവാൻ സ്വർഗത്തിൽനിന്നും നിർദേശം ലഭിച്ചിരുന്നു. അവർ തന്റെ അടുക്കലെത്താൻ ഈശോ വളരെയധികം ആഗ്രഹിച്ചിരുന്നതായും വിശുദ്ധ വെളിപ്പെടുത്തുന്നു. വിശുദ്ധരെന്ന് ലോകം കരുതുകയും ശുദ്ധീകരണസ്ഥലത്ത് പതിക്കാനിടയുള്ളവരുമായ ചില വ്യക്തികളെയും വിശുദ്ധ ജെമ്മയ്ക്ക് വെളിപ്പെടുത്തിയിരുന്നു. അവർക്കുവേണ്ടി സഹിച്ചുപ്രാർത്ഥിക്കുവാനും ശുദ്ധീകരണസ്ഥലത്തെത്തിപ്പെടാതെ രക്ഷിക്കാനും കാവൽദൂതൻ വിശുദ്ധയോട് ആവശ്യപ്പെട്ടു.

നാം ശുദ്ധീകരണസ്ഥലത്തോ നരകത്തിലോ പതിക്കുന്നത് പരിശുദ്ധ ദൈവമാതാവിന് സഹിക്കാനാകില്ല. അതുകൊണ്ടാണ് അമ്മ ഓടി നടന്ന് പലയിടത്തും പ്രത്യക്ഷപ്പെടുന്നതും മാനസാന്തരത്തിനും അനുതാപത്തിനും ആഹ്വാനം ചെയ്യുന്നതും. നല്ല ജീവിതത്തിനും നല്ല മരണത്തിനുമുള്ള മാർഗങ്ങൾ പ്രത്യക്ഷീകരണങ്ങളിലെല്ലാം അമ്മ ഓർമപ്പെടുത്തുന്നു. മാതൃഭക്തരായ ശുദ്ധീകരണാത്മാക്കളെ അമ്മ വളരെ വേഗം സ്വർഗത്തിലേക്ക് ആനയിക്കുകയും ചെയ്യും. ‘നന്മനിറഞ്ഞ മറിയമേ’ എന്ന് പ്രാർത്ഥിക്കുമ്പോഴെല്ലാം ശുദ്ധീകരണാത്മാക്കളുടെമേൽ തണുത്തവെള്ളം തളിക്കപ്പെടുന്ന ദർശനം വിശുദ്ധ ജെമ്മയ്ക്ക് ലഭിക്കുകയുണ്ടായി. പരിശുദ്ധ മറിയത്തിന് ഏതു ശുദ്ധീകരണാത്മാവിനെ വേണമെങ്കിലും രക്ഷിക്കാനുള്ള ശക്തിയുണ്ട് എന്നാണ് സിയന്നയിലെ വിശുദ്ധ ബർണാർദിൻ പറയുന്നത്. ”ഞാൻ ശുദ്ധീകരണാത്മാക്കളുടെ അമ്മയാണ്. എന്നിലാശ്രയിക്കുന്നവരുടെ വേദനകൾ ഓരോ മണിക്കൂറിലും ലഘൂകരിക്കപ്പെടും” എന്ന് മാതാവ് വാഴ്ത്തപ്പെട്ട അലന് വെളിപ്പെടുത്തി. പരിശുദ്ധ അമ്മ കൂടെക്കൂടെ ശുദ്ധീകരണസ്ഥലം സന്ദർശിച്ച് ആശ്വസിപ്പിക്കുന്നതായി വിശുദ്ധ ഫൗസ്റ്റീന കണ്ടു. നാം രക്ഷിച്ച ആത്മാക്കൾ നമുക്കുവേണ്ടിയും പ്രാർത്ഥിക്കും എന്നും പരിശുദ്ധ അമ്മ പറയുന്നു; ശുദ്ധീകരണാത്മാക്കളുടെ മാധ്യസ്ഥ്യം വഴി സമർപ്പിച്ച യാതൊരു നിയോഗവും ലഭിക്കാതിരുന്നിട്ടില്ലെന്ന് ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ.

1 ജപത്തിന് 10 ആത്മാക്കൾ

നവംബറിൽ, ‘നന്മനിറഞ്ഞ മറിയമേ’ എന്ന ജപം 3 തവണ പ്രാർത്ഥിക്കുമ്പോൾ 10 ശുദ്ധീകരണാത്മാക്കൾ സ്വർഗം പൂകുന്നു. ‘എന്റെ സ്‌നേഹജ്വാലയിൽ കഠിന ഹൃദയരായ പാപികളും മാനസാന്തരപ്പെടും. ഒരാത്മാവുപോലും നഷ്ടമാകരുതെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു…’ അമ്മയോടൊപ്പം ആത്മാക്കളുടെ രക്ഷയ്ക്ക് പരിഹാരമനുഷ്ഠിച്ച് പ്രാർത്ഥിക്കാൻ അമ്മ നമ്മെയും കാത്തിരിക്കുന്നു.

നമ്മുടെ ആടോ പശുവോ കുഴിയിൽ വീണാൽ ഉടൻ പിടിച്ചുകയറ്റാത്തവരാര്? മക്കളോ സഹോദരങ്ങളോ ജീവിതപങ്കാളിയോ മാതാപിതാക്കളോ സുഹൃത്തുക്കളോ വീണാലോ? എങ്ങനെയെങ്കിലും നാമവരെ രക്ഷപ്പെടുത്താതിരിക്കില്ല. നമ്മുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, ജീവിതപങ്കാളി, മക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മേലധികാരികൾ, അയൽക്കാർ, ദേശവാസികളിലും ഇടവകക്കാരിലും ചിലർ ശുദ്ധീകരണസ്ഥലമെന്ന സഹനക്കുഴിയിലാണോ? മറ്റു ചിലർ വീഴാറായിരിക്കുന്ന അവസ്ഥയിലാണോ? നരകമെന്ന അഗ്നിത്തടാകത്തിൽ വീഴാനടുത്തുകൊണ്ടിരിക്കുന്നവരെത്ര? അവർ നമ്മുടെ പ്രിയപ്പെട്ടവരല്ലേ? എന്നിട്ടും അവരെ രക്ഷിക്കാൻ നാം ഒന്നും ചെയ്യാത്തതെന്തേ? വീണവരെ പിടിച്ചുകയറ്റാൻ, വീഴാനടുത്തുകൊണ്ടിരിക്കുന്നവരെ വലിച്ചകറ്റാൻ പ്രാർത്ഥനയുടെ കരങ്ങൾ നീട്ടാം. അതിന് ഏറ്റം പറ്റിയ മാർഗങ്ങൾ ദിവ്യബലി, ജപമാലയർപ്പണം, പ്രായശ്ചിത്തപ്രവൃത്തികൾ.

”എനിക്കു ലോകത്തെ രക്ഷിക്കണം; അതിന് നിങ്ങൾ എന്റെ കൂടെ ഉണ്ടാകണം,” പരിശുദ്ധ അമ്മ ഫാത്തിമായിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടു.

വരുവിൻ നമുക്കു ശുദ്ധീകരണസ്ഥലം ശൂന്യമാക്കി ഇല്ലാതാക്കാം, നരകവാതിലടയ്ക്കാം.

ആൻസിമോൾ ജോസഫ്

2 Comments

  1. Shivago says:

    Amen new vision for life…

  2. Jerry says:

    Hail Mary,full of grace,the lord is with thee:blessed art thou among women,and blessed is the fruit of thy womb,JESUS. Holy Mary,Mother of GOD,pray for us sinners,now and at the hour of our death. Amen

Leave a Reply

Your email address will not be published. Required fields are marked *