കുറെയേറെ ശുദ്ധീകരണാത്മാക്കളും ഞാനും!

”മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയുണ്ടാകട്ടെ.” ”നിത്യപിതാവേ, ഈശോമിശിഹായുടെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേൽ കൃ പയുണ്ടാകണമേ.”

ശുദ്ധീകരണാത്മാക്കളെക്കുറിച്ചുള്ള എന്റെ ആദ്യത്തെയും അവ്യക്തവുമായ അറിവ് ഈ പ്രാർത്ഥനയിൽ തുടങ്ങുന്നു. സന്ധ്യാപ്രാർത്ഥനയോടനുബന്ധിച്ച് ജപമാലയർപ്പണത്തിന് മുൻപായി ത്രികാലജപത്തിനുശേഷം ചൊല്ലിയിരുന്ന ശുദ്ധീകരണാത്മാക്കൾക്കുവേണ്ടിയുള്ള ഈ മധ്യസ്ഥപ്രാർത്ഥന കുട്ടിക്കാലത്ത് എന്നെ സംബന്ധിച്ചിടത്തോളം വായിലൊതുങ്ങാത്ത ഒന്നായിരുന്നു. അഞ്ച് സ്വർഗസ്ഥനായ പിതാവും അഞ്ച് നന്മനിറഞ്ഞ മറിയവും അഞ്ച് ത്രിത്വസ്തുതിയും ചൊല്ലി, ഓരോ ത്രിത്വസ്തുതിക്കുംശേഷം ചൊല്ലിയിരുന്നു മുൻപറഞ്ഞ ജപം. കുടുംബത്തിൽനിന്ന് മരിച്ചുപോയവർക്കും പൂർവപിതാക്കന്മാർക്കും ബന്ധുമിത്രാദികൾക്കും ആരോരും പ്രാർത്ഥിക്കാനില്ലാതെ ശുദ്ധീകരണസ്ഥലത്തിൽ വേദനയനുഭവിക്കുന്ന ആത്മാക്കൾക്കും കർത്താവിന്റെ പ്രത്യേകസഹായം ആവശ്യമുള്ള ശുദ്ധീകരണാത്മാക്കൾക്കും വേണ്ടിയാണ് ചൊല്ലുന്നതെന്ന് കുറെയേറെ കാലം കഴിഞ്ഞാണ് ഞാൻ മനസിലാക്കുന്നത്.
നവംബർ രണ്ട് സകല മരിച്ചവരുടെയും ഓർമത്തിരുനാളാണെന്നും നവംബർമാസം സകല ശുദ്ധീകരണാത്മാക്കൾക്കും വേണ്ടി പ്രാർത്ഥിക്കാനായി തിരുസഭ നിശ്ചയിച്ചിരിക്കുന്ന പ്രത്യേക മാസമാണെന്നും മനസിലാക്കാൻ പിന്നെയും വൈകി.
മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും ശുദ്ധീകരണ സ്ഥലവുമെല്ലാം പല ക്രൈസ്തവ സഭാസമൂഹങ്ങളിലും ഒരു വിവാദവിഷയവും വിശദീകരിക്കുവാൻ അധികം ആരുംതന്നെ ഇഷ്ടം കാട്ടാത്ത വിഷയവുമാണെന്നത് ഒരു സത്യംതന്നെ.

ശുദ്ധീകരണസ്ഥലം ഉണ്ടോ?

ഉണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരും വിശ്വസിക്കുന്നവരും ഉണ്ട്. ശുദ്ധീകരണസ്ഥലം ഉണ്ടെങ്കിൽ അത് ബൈബിളിൽ കാണുകയില്ലായിരുന്നോ? സുവിശേഷത്തിൽ ഈശോ അങ്ങനെയൊന്നിനെക്കുറിച്ച് പറഞ്ഞിട്ടില്ലല്ലോ എന്നാണ് ചിലരുടെ വാദം. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് ബൈബിൾ പറഞ്ഞിട്ടുണ്ട്. ബൈബിളിൽ പറയാത്ത ഒത്തിരി കാര്യങ്ങൾ പാരമ്പര്യങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും പിൻചെന്ന സഭ പിന്നീട് വിശ്വാസസത്യങ്ങളായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

അതിലൊന്നാണ് ശുദ്ധീകരണസ്ഥലവും. ‘ശുദ്ധീകരണസ്ഥലം’ കത്തോലിക്കസഭയുടെ ഔദ്യോഗിക വിശ്വാസസത്യമായി പ്രഖ്യാപിച്ചത് പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തോടെയാണ്. പക്ഷേ, സഭയുടെ തുടക്കംമുതലേ മരിച്ചവരുടെ കടങ്ങൾ ക്ഷമിക്കപ്പെടുന്നതിനും അവർക്ക് മോക്ഷപ്രാപ്തി കൈവരിക്കുന്നതിനുള്ള കൃപ ലഭിക്കുന്നതിനും വേണ്ടി സഭാംഗങ്ങൾ തീക്ഷ്ണമായി പ്രാർത്ഥിച്ചിരുന്നു. മാത്രമല്ല, സുവിശേഷം അറിയുന്നതിനുമുമ്പ് മരിച്ച് മൺമറഞ്ഞുപോയവർക്കുവേണ്ടി അവർ ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തുവന്നിരുന്നുവെന്ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ വ്യക്തമാക്കുന്നു.

”അല്ലെങ്കിൽ മരിച്ചവർക്കുവേണ്ടി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്. മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ മരിച്ചവർക്കുവേണ്ടി എന്തിന് ജ്ഞാനസ്‌നാനം സ്വീകരിക്കണം?” (1 കോറി. 15:29).
വിശുദ്ധ പത്രോസ് ശ്ലീഹായും തന്റെ വചനങ്ങളിലൂടെ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ”ആത്മാവോടുംകൂടിചെന്ന് അവൻ ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹയുള്ള കാലത്ത് പെട്ടകം പണിയപ്പെട്ടപ്പോൾ, ക്ഷമാപൂർവം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തിലുണ്ടായിരുന്ന എട്ടുപേർ മാത്രമേ ജലത്തിലൂടെ രക്ഷ പ്രാപിച്ചുള്ളൂ” (1 പത്രോ. 3:19-20).

യേശുവിന്റെ മരണത്തോടെ സംഭവിച്ച പ്രത്യക്ഷമായ ഒരു കാര്യം നിദ്ര പ്രാപിച്ചിരുന്ന വിശുദ്ധന്മാർ ഉയിർപ്പിക്കപ്പെട്ടു എന്നുള്ളതാണ്. ”നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങൾ ഉയിർപ്പിക്കപ്പെട്ടു. അവന്റെ പുനരുത്ഥാനത്തിനുശേഷം അവർ ശവകുടീരങ്ങളിൽനിന്ന് പുറത്തുവന്ന് വിശുദ്ധ നഗരത്തിൽ പ്രവേശിച്ച് പലർക്കും പ്രത്യക്ഷപ്പെട്ടു” (മത്താ. 27:52-53). ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയും സ്വർഗാരോഹണത്തെയുംകുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ”അവൻ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോൾ അസംഖ്യം തടവുകാരെ കൂടെ കൊണ്ടുപോയി.

മനുഷ്യർക്ക് അവൻ ദാനങ്ങൾ നല്കി. അവൻ ആരോഹണം ചെയ്തു എന്നതിന്റെ അർത്ഥം എന്താണ്? അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ?” (എഫേസോസ് 4:8-9). അവിടുന്ന് കൂടെ കൊണ്ടുപോയ അസംഖ്യം തടവുകാർ എന്നു പറയുന്നത് അതുവരെ ശുദ്ധീകരണസ്ഥലത്തിൽ സൂക്ഷിക്കപ്പെട്ടിരുന്ന ആത്മാക്കളാണ്. ഈ വചനത്തിൽ പറഞ്ഞിരിക്കുന്നത് അസംഖ്യം തടവുകാരെ എന്നാണ്. അസംഖ്യം എന്നതിന്റെ അർത്ഥം സംഖ്യാതീതം എന്നാണ്. ഒന്നോ രണ്ടോ അല്ലെങ്കിൽ ആയിരമോ പതിനായിരമോ ലക്ഷമോ കോടിയോ ഒന്നുമല്ല. സംഖ്യകൾക്ക് അതീതമായ ആത്മാക്കളെ അവിടുന്ന് തന്റെ സ്വർഗാരോഹണ സമയത്ത് കൂടെ കൊണ്ടുപോയി. ആ സമയംവരെയും അവർ എവിടെയായിരുന്നു? ഇനി പറയുക ശുദ്ധീകരണസ്ഥലം എന്ന ഒന്നില്ലേ?
ജ്ഞാനത്തിന്റെ പുസ്തകത്തിൽ ശുദ്ധീകരിക്കപ്പെട്ട ശുദ്ധീകരണാത്മാക്കളെക്കുറിച്ച് ഇപ്രകാരം പറയുന്നു: ”ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയിൽ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണ് അവർ. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്ന് കാണുകയും ചെയ്തു. അല്പകാലത്തെ ശിക്ഷണത്തിനുശേഷം അവർക്ക് വലിയ നന്മ കൈവരും. ഉലയിൽ സ്വർണമെന്നതുപോലെ അവിടുന്ന് അവരെ ശോധന ചെയ്തു. ദഹനബലിയായി സ്വീകരിച്ചു. അവിടുത്തെ സന്ദർശനത്തിൽ അവർ പ്രശോഭിക്കും” (ജ്ഞാനം 3:4-7).

ശുദ്ധീകരണസ്ഥലം വിശുദ്ധരുടെ വാക്കുകളിൽ

വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു: ”കർത്താവിൽ ശരണപ്പെടാത്ത, വിശ്വസിക്കാത്ത, ദൈവത്തെ സ്‌നേഹിക്കാത്ത ആത്മാക്കൾക്ക് ശുദ്ധീകരണസ്ഥലം ഉറപ്പാണ്.” ഈ അറിവ് നമ്മെ ഭയപ്പെടുത്തേണ്ട ഒന്നല്ല. പിന്നെയോ, നമ്മെ പ്രത്യാശയിലേക്ക് നയിക്കേണ്ട ഒന്നാണ്. കാരണം ദൈവത്തെ നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുന്നതിൽനിന്ന് ശുദ്ധീകരണസ്ഥലം നമ്മെ രക്ഷിക്കുന്നു.

”ഈ ഭൂമിയിലെ പീഡകളിലൂടെയും പരീക്ഷണങ്ങളിലൂടെയും മരണത്തിനുശേഷം നേരെ ദൈവത്തിലേക്ക് ചെല്ലാനുള്ള കൃപകൾ നമുക്ക് സ്വീകരിക്കുവാൻ കഴിയും. എന്നാൽ അപ്രകാരം ലഭിക്കാത്ത വ്യക്തികൾ സമയം പാഴാക്കി എന്നുവേണം പറയാൻ. യാതനയും സഹനവും കഷ്ടപ്പാടുമെല്ലാം പാഴാക്കിക്കളഞ്ഞവർ, ശുദ്ധീകരണസ്ഥലത്തിലൂടെ കടക്കേണ്ടി വരുന്നു. ശുദ്ധീകരണ സ്ഥലമെന്നത് സമയം പാഴാക്കിയവർക്ക് സ്വർഗത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു അടിയന്തര പ്രവേശനകവാടമാണ്.”

ഈയൊരർത്ഥത്തിൽ കാണുമ്പോൾ ശുദ്ധീകരണസ്ഥലം ഒരു ശിക്ഷയല്ല; രക്ഷയുടെ കവാടമാണ്. എന്നന്നേക്കുമായി നമുക്ക് നഷ്ടമായേക്കാവുന്ന നമ്മുടെ ആത്മാവിനെ അഗ്നിയിലൂടെ ശോധന ചെയ്ത് ദൈവത്തിന്റെ പരിശുദ്ധിയും മഹത്വവും ദർശിക്കുവാൻ തക്ക പ്രാപ്തിയിലേക്ക് ഉയർത്തുന്ന ദൈവകൃപയുടെ കുടീരമാണ് ശുദ്ധീകരണസ്ഥലം!
വിശുദ്ധ കാതറിൻ ശുദ്ധീകരണസ്ഥലത്തെ അനുഗ്രഹങ്ങളുടെ കൂടാരമായി വിവരിക്കുന്നു.

അവൾ പറയുന്നു: ”പാപമെന്ന തുരുമ്പാണ് സ്വർഗീയ ആനന്ദത്തിന് തടസമായി നില്ക്കുന്നത്. ഈ തുരുമ്പ് അഗ്നിയിലെന്നതുപോലെ കത്തി നശിക്കണം. അതിനുള്ള സ്ഥലമാണ് ശുദ്ധീകരണസ്ഥലം. പൊതിയപ്പെട്ട ഒരു വസ്തുവിന്റെമേൽ സൂര്യപ്രകാശം പതിക്കുന്നില്ല. എപ്പോഴും പ്രകാശിക്കുന്ന സൂര്യന്റെ പ്രകാശത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, ഈ വസ്തുവിനെ പൊതിഞ്ഞിരിക്കുന്ന അവസ്ഥയാണ് സൂര്യപ്രകാശം അതിന്മേൽ പതിക്കാനുള്ള തടസം. ആ വസ്തുവിന്റെ പൊതിച്ചിൽ കത്തിച്ചുകളഞ്ഞാൽ ആ വസ്തു സൂര്യപ്രകാശത്തിനുമുമ്പിൽ തുറന്നിരിക്കും. ഇതുപോലെ പാപമെന്ന തുരുമ്പ് ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന അവസ്ഥയോടെ ശുദ്ധീകരണ സ്ഥലത്തായിരിക്കുന്ന ആത്മാക്കൾ, അഗ്നിയിൽ ഈ തുരുമ്പിനെ കത്തിച്ചുകളഞ്ഞ് ദൈവത്തെ കാണാനും അനുഭവിക്കാനും സ്വീകരിക്കാനും തക്കവിധത്തിൽ കൂടുതൽ തുറവിയുള്ളവരായിക്കൊണ്ടിരിക്കുന്നു!”

ഇങ്ങനെയൊക്കെ ആണെന്നിരിക്കിലും ശുദ്ധീകരണസ്ഥലം കടുത്ത വേദനയുടെയും ശോധനയുടെയും സ്ഥലംതന്നെ. വിശുദ്ധ പാദ്രേപിയോ ഇതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ”ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് അവിടുത്തെ അഗ്നി ഉപേക്ഷിച്ച് ഭൂമിയിലെ ഏറ്റം വലിയ അഗ്നിയിലേക്ക് പോകാൻ കർത്താവ് അനുവാദം കൊടുത്താൽ ചൂടുവെള്ളത്തിൽനിന്ന് തണുത്ത വെള്ളത്തിലേക്ക് പോകുന്നതുപോലെ ആയിരിക്കും അത്.” അദ്ദേഹം വീണ്ടുമൊരിക്കൽ തന്റെയൊരു പ്രിയശിഷ്യയോട് ഇപ്രകാരം പറഞ്ഞു: ”എന്റെ മകളേ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ ഈ ഭൂമിയിലെ അഗ്നിയുടെ കിണറ്റിലേക്ക് തങ്ങളെത്തന്നെ എറിയാൻ ആഗ്രഹിക്കുന്നു. കാരണം, അതവർക്ക് തണുത്ത വെള്ളമുള്ള കിണറായിരിക്കും.” ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിക്കുന്ന ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥനകളും പ്രായശ്ചിത്തങ്ങളും എത്രയേറെ അനിവാര്യമാണെന്ന് വിശുദ്ധ പാദ്രേ പിയോയുടെ മുൻപറഞ്ഞ വാക്കുകൾ വ്യക്തമാക്കുന്നു.

ശുദ്ധീകരണാത്മാക്കൾക്കുവേണ്ടിയുള്ള എന്റെ പ്രാർത്ഥന

ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി ഞാനെന്നും ഒരു പ്രത്യേക ജപമാല സമർപ്പിക്കാറുണ്ട്. അതിപ്രകാരമാണ്: സാധാരണ കൊന്ത ചൊല്ലുന്നതുപോലെ ചൊല്ലിത്തുടങ്ങി, ദുഃഖത്തിന്റെ രഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ ഓരോ രഹസ്യവും ഓരോ നിയോഗങ്ങൾക്കുവേണ്ടി കാഴ്ചവയ്ക്കുന്നു.

ദുഃഖത്തിന്റെ ഒന്നാം രഹസ്യം ഞങ്ങളുടെയും ഞങ്ങളുടെ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും പൂർവികരുടെയും ആത്മാക്കൾ ശുദ്ധീകരണസ്ഥലത്തുണ്ടെങ്കിൽ ഈശോയുടെ പാടുപീഡകളുടെയും അവിടുത്തെ തിരുരക്തത്തിന്റെയും യോഗ്യതകൾ ഏറ്റുപറഞ്ഞ് അവരുടെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു.
രണ്ടാം രഹസ്യത്തിൽ ഈശോയുടെ ചമ്മട്ടിയടികളുടെയും അവിടുത്തെ തിരുരക്തത്തിന്റെയും യോഗ്യതകളെപ്രതി ആരോരും പ്രാർത്ഥിക്കാനില്ലാത്ത പാവപ്പെട്ട ആത്മാക്കൾക്കുവേണ്ടിയും കർത്താവിന്റെ കരുണ ഏറ്റവും കൂടുതൽ ആവശ്യമായിരിക്കുന്നവർക്കുവേണ്ടിയും ഈശോയുടെ ചമ്മട്ടിയടികളും അതിൽനിന്ന് ഇറ്റുവീണ തിരുരക്തവും കാഴ്ചവച്ച് പ്രാർത്ഥിക്കുന്നു.

മൂന്നാം ദിവ്യരഹസ്യം ജീവിതത്തിലൊരിക്കലും യേശുവിനെക്കുറിച്ച് കേൾക്കുകപോലും ചെയ്യാതെ മൺമറഞ്ഞുപോയ പാപികൾക്കും വിജാതീയർക്കുംവേണ്ടി ഈശോയുടെ മുൾമുടി ധാരണവും അതിൽനിന്ന് ഇറ്റുവീണ തിരുരക്തവും കാഴ്ചവച്ച് പ്രാർത്ഥിക്കുന്നു.

നാലാം രഹസ്യം കത്തോലിക്കാസഭയിൽനിന്നും ഇതര ക്രൈസ്തവ സഭകളിൽനിന്നും മരിച്ചു വേർപിരിഞ്ഞുപോയ അല്മായർക്കും സമർപ്പിതർക്കുംവേണ്ടി ഈശോയുടെ കുരിശു വഹിച്ചുകൊണ്ടുള്ള യാത്ര സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.
അഞ്ചാം ദിവ്യരഹസ്യം മനുഷ്യവംശത്തിന്റെ ഉത്ഭവം മുതൽ ഇന്നേവരെ ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോയിട്ടുള്ളവർക്കും ഇന്ന് ശുദ്ധീകരണ സ്ഥലത്തിലുള്ളവർക്കും മരണാസന്നർക്കും വേണ്ടി ഈശോയുടെ കുരിശാരോഹണവും തിരുരക്തവും കാഴ്ചവച്ച് പ്രാർത്ഥിക്കുന്നു.

അവസാനം സകല ശുദ്ധീകരണാത്മാക്കളുടെയും മാധ്യസ്ഥ്യം യാചിച്ച് ജപമാല നിർത്തുന്നു. ശുദ്ധീകരണാത്മാക്കളുടെ മാധ്യസ്ഥ്യത്തിന് വലിയ വിലയുണ്ട്. നമ്മളെക്കാളും ഒത്തിരി വിശുദ്ധിയുള്ളവരാണ് അവർ. ഈ ലേഖനം എഴുതുന്നതിനുമുമ്പ് ഒത്തിരിയേറെ തടസങ്ങളും ശാരീരിക അസ്വസ്ഥതകളും ഞാൻ അനുഭവിക്കേണ്ടിവന്നു. അവസാനം ശുദ്ധീകരണാത്മാക്കളുടെ മാധ്യസ്ഥ്യം യാചിച്ച് പ്രാർത്ഥിച്ചപ്പോഴാണ് എഴുത്ത് നടന്നത്.

പ്രിയപ്പെട്ടവരേ നമുക്ക് ശുദ്ധീകരണാത്മാക്കളെ സ്‌നേഹിക്കാം. അവർക്കുവേണ്ടി പ്രാർത്ഥിക്കാം. നാളെ ഒരുപക്ഷേ നമ്മളും ഈ അവസ്ഥകളിലൂടെ കടന്നുപോകേണ്ടവരായിരിക്കും. അപ്പോൾ അവർ നമ്മളെ സഹായിക്കും. ഇനിമുതൽ അർത്ഥശൂന്യമായ ഒരാവർത്തനംപോലെ താഴെ വരുന്ന ജപം ചൊല്ലാതിരിക്കട്ടെ. ഒത്തിരി സ്‌നേഹത്തോടും ഒത്തിരി ഭക്തിയോടുംകൂടി നമുക്കീ ജപം ചൊല്ലാം.

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകുമാറാകട്ടെ.
നിത്യപിതാവേ ഈശോമിശിഹാ തമ്പുരാന്റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേൽ കരുണയായിരിക്കണമേ, ആമ്മേൻ.

സ്റ്റെല്ല ബെന്നി

6 Comments

 1. gisha sibi says:

  thank u Jesus for ur message to this month of prayer through teacher.

 2. Vinoy Wilson says:

  നവംബർ രണ്ട് സകല മരിച്ചവരുടെയും ഓർമത്തിരുനാളാണെന്നും നവംബർമാസം സകല ശുദ്ധീകരണാത്മാക്കൾക്കും വേണ്ടി പ്രാർത്ഥിക്കാനായി തിരുസഭ നിശ്ചയിച്ചിരിക്കുന്ന പ്രത്യേക മാസമാണെന്നും മനസിലാക്കാൻ പിന്നെയും വൈകി. onnu koodey manassil aakkuka lattin parambaryan anusarichu aagola catholica sabha nov 2 sakala marichavarudeyum thirunal aacharichirunnu. ennal syro malabar sabha celebratetting Remembrance of all Departed Faithful Last Friday of Denha. thanks

 3. Matt says:

  Thank you Mrs.Benny for the awesome message.
  All Glory to Lord Jesus !
  I heard about St. Gertrude’s prayer (only) in 2010. Now we pray it in our family prayer after the” 5 times Our Father ,hail Mary and Glory be” for the holy souls in purgatory.

  Our Lord told St. Gertrude that the following prayer would release 1000 souls from purgatory each time it is said. The prayer was extended to include living sinners as well.
  PRAYER OF ST. GERTRUDE THE GREAT:
  Eternal Father, I offer you the Body and Blood, Soul and Divinity of Your Dearly Beloved Son, Our Lord, Jesus Christ, in
  union with the Holy Masses offered throughout the world today, for all the Holy Souls in Purgatory, for sinners everywhere, for sinners in the universal church, for those in my own home and in my family. Amen.

  Praise the Lord Jesus Christ. Amen!

 4. Shivago says:

  Very Good Massage Amennnnnnnnnn

 5. Anitha kurian says:

  Thanks for your message, praise the Lord.

Leave a Reply

Your email address will not be published. Required fields are marked *